മാറ്റത്തിലൂടെ പൊരുതാന്‍ കോണ്‍ഗ്രസ്; ഇനിയും മാറാത്ത നേതാക്കളുടെ ഭാരം

congresspva-22
SHARE

കേരള രാഷ്ട്രീയം അതിപ്രധാനമായ ഒരു സന്ദർഭത്തെ അഭിമുഖീകരിക്കുന്നു. ദിവസങ്ങള്‍ നീണ്ട ആഭ്യന്തരതര്‍ക്കങ്ങള്‍ക്കു ശേഷം പ്രതിപക്ഷം നേതാവിനെ കണ്ടെത്തി. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഏറ്റവും ഊര്‍ജം നല്‍കാനാകുന്ന നേതാവാണ് വി.ഡി.സതീശന്‍. പക്ഷേ പ്രതിപക്ഷനേതാവിന് പൂര്‍ണ പിന്തുണ നല്‍കുന്ന സംഘടനാസംവിധാനമായി കോണ്‍ഗ്രസ് പാര്‍ട്ടിക്കും മാറ്റമുണ്ടാകണം. എന്തുകൊണ്ട് പരാജയപ്പെട്ടു എന്നു കോൺഗ്രസിനും പ്രതിപക്ഷത്തിനും ഇനിയും  സ്വയം തിരിച്ചറിയാനാകുന്നില്ലെങ്കിൽ ആർക്കാണ്  അതു ബോധ്യപ്പെടുത്താനാകുക? ഇനിയെന്തു ചെയ്യണം എന്ന് ഈ സന്നിഗ്‌ധാവസ്ഥയിലും കോൺഗ്രസിന് സ്വയം തീരുമാനിക്കാനാകുന്നില്ലെങ്കില്‍ ആര്‍ക്കാണത് പറഞ്ഞുകൊടുക്കാനാകുക? 

കോൺഗ്രസ് ഈ ചരിത്ര സന്ദർഭത്തെ നേരിടുന്നതിൽ പരാജയപ്പെട്ടാൽ നഷ്ടം പാർട്ടിക്കല്ല, കേരളരാഷ്ട്രീയത്തിനു തന്നെയാണ്. 

ഭൂരിഭാഗവും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 20 മന്ത്രിമാരെ തിരഞ്ഞെടുക്കാൻ ഇടതുമുന്നണിക്ക് മണിക്കൂറുകൾ വേണ്ടി വന്നില്ല. ഇപ്പുറത്ത്, ചരിത്രപരമായ തിരിച്ചടി നേരിട്ട   പ്രതിപക്ഷത്തിനാകട്ടെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ പരസ്യ യുദ്ധം തന്നെ വേണ്ടി വന്നു.

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒന്നിച്ചു നിന്നെതിര്‍ത്തിട്ടും മാറ്റം അനിവാര്യമാണെന്ന് ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചു. വി.ഡി.സതീശന്‍ പ്രതിപക്ഷനേതാവാകണമെന്ന് ആവശ്യപ്പെട്ടവര്‍ മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്ന് തിരിച്ചറിഞ്ഞവര്‍. യാഥാര്‍ഥ്യം അംഗീകരിക്കുന്നവര്‍. മുന്നോട്ടു പോകണമെങ്കില്‍ മാറ്റമല്ലാതെ മറ്റു വഴിയില്ലെന്ന് മനസിലാകാത്തവര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ടെന്നത് അല്‍ഭുതമാണ്. കനത്ത പരാജയം കൊണ്ടു മാത്രം കോണ്‍ഗ്രസില്‍ തലമുറമാറ്റമുണ്ടാകുന്നു. വന്‍വിജയത്തിലും പുതുതലമുറയെ കൊണ്ടുവരാന്‍ ഇടതുമുന്നണി തീരുമാനിക്കുന്നിടത്താണ് മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കഷ്ടപ്പെട്ട് ശരിയായൊരു തീരുമാനത്തിലേക്ക് പ്രതിപക്ഷം എത്തിയിരിക്കുന്നത്.  

എന്തായാലും പ്രതിപക്ഷത്തിനാകെ ഉണർവും പ്രതീക്ഷയും നൽകുന്ന നേതൃത്വത്തെയാണ് ഒടുവിലെങ്കിലും തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ അതു മതിയാകുമോ? വെറും പരാജയമല്ല ഇത്തവണ യു.ഡി.എഫ് നേരിട്ടത്. ഭാവി അപകടത്തിൽ എന്ന വലിയ അപായ സൂചന യു.ഡി.എഫിനു മുന്നിലുണ്ട്.  ഇടത് തരംഗത്തെ പുണര്‍ന്ന കേരളത്തില്‍ പ്രതിപക്ഷമുന്നണിയുടെ പ്രസക്തി വീണ്ടെടുക്കുക എന്നതു തന്നെ ഭാരിച്ച ഉത്തരവാദിത്തമാണ്. അതാകട്ടെ പ്രതിപക്ഷനേതാവിന്  വ്യക്തിപരമായി നിർവഹിക്കാവുന്ന അത്ര ലളിതമല്ല. മുന്നണിയും കോൺഗ്രസ് പാർട്ടിയും അത്രമേൽ ആത്മാർത്ഥമായി തീരുമാനിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ. മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും ജീവന്‍മരണപോരാട്ടമാണ് എന്നു തന്നെ കണ്ടു മുന്നോട്ടു പോയാലേ ആ പോരാട്ടം ഫലപ്രദമാകൂ.  

ഒന്നോര്‍ത്തു നോക്കൂ. കോണ്‍ഗ്രസിലെ എത്ര നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ പൊതുതാല്‍പര്യം ആദ്യ പരിഗണനയാണ്? സ്വന്തം രാഷ്ട്രീയഭാവി, ഗ്രൂപ്പിന്റെ താല്‍പര്യം, അനുയായികളുടെ സ്ഥാനലബ്ധി ഇതൊക്കെ കഴിഞ്ഞല്ലാതെ പാര്‍ട്ടിയുടെ ഭാവി ഒന്നാം പരിഗണനയാകുന്ന എത്ര നേതാക്കളെ കെ.പി.സി.സിയില്‍ നമുക്ക് ചൂണ്ടിക്കാണിക്കാനാകും. കോണ്‍ഗ്രസ് ഇങ്ങനെയൊക്കെയാണ് എന്ന പതിവു ന്യായം അവിടെ നില്‍ക്കട്ടെ. കോണ്‍ഗ്രസ് എന്നും ഇങ്ങനെയൊക്കെയായിരുന്നിരിക്കാം. പക്ഷേ കേരളം പഴയ കേരളമല്ല. ആദ്യം സംഘടന. സംഘടനയുടെ രാഷ്ട്രീയം.  ആ സംഘടനയെ നയിക്കാനുള്ള നേതാക്കൾ എന്ന അടിസ്ഥാന ക്രമത്തിലേക്ക് കോൺഗ്രസ് തിരിച്ചു പോകണം. 

കോൺഗ്രസിനെ ഒരു പാർട്ടിയായി കാണാൻ കഴിയുന്ന നേതൃത്വം ഉണ്ടാവുക എന്നതാണ് ഈ ഘട്ടത്തിൽ ഏറ്റവും പ്രധാനം. കോണ്‍ഗ്രസ് എന്നാല്‍ വ്യക്തിഗതനേട്ടത്തിനോ ഗ്രൂപ്പു ബലാബലത്തിനോ കൊണ്ടുനടക്കുന്ന ഒരു ചട്ടക്കൂട് എന്നു കരുതുന്നവര്‍ ഇനിയും നേതൃത്വത്തില്‍ തുടര്‍ന്നതുകൊണ്ടു പ്രയോജനമില്ല. ഈ പാര്‍ട്ടി ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന തോന്നല്‍ തിരികെ കൊണ്ടുവരാന്‍ കഴിയണം. തിരുത്തല്‍ തുടങ്ങേണ്ടത് അടിത്തട്ടില്‍ നിന്നു മാത്രമല്ല താനും. എതിര്‍പക്ഷം എവിടെ നില്‍ക്കുന്നു എന്നറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പ്രതിപക്ഷനേതാവ് ആരാകണം എന്നൊരു തര്‍ക്കം പോലും കോണ്‍ഗ്രസില്‍ ഉണ്ടാകുമായിരുന്നില്ല.  

കെ.പി.സി.സി. പ്രസിഡന്റ് ആരാകണം എന്ന തര്‍ക്കം ഇനിയുണ്ടാകാനും സാധ്യതയില്ലായിരുന്നു. എനിക്കും എനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കും എന്തു ഗുണം  എന്നു ചിന്തിക്കുന്ന ഒരു നേതൃത്വത്തിന് ഇനി കേരളത്തിൽ കോൺഗ്രസിനെ രക്ഷിച്ചെടുക്കാൻ ആകില്ല. കൈക്കൊള്ളുന്ന ഓരോ തീരുമാനവും പാർട്ടിക്കും പാർട്ടിയെ  വിശ്വസിക്കുന്ന ജനങ്ങൾക്കും വേണ്ടിയുള്ളതാകണം. പറയുമ്പോൾ നിസാരമായി തോന്നുമെങ്കിലും കോൺഗ്രസിൽ അങ്ങനെയൊരു തീരുമാനം സംഭവിച്ചിട്ടു എത്രകാലമായിട്ടുണ്ടാകണം ? 

അതുകൊണ്ട് പ്രതിപക്ഷനേതാവ് മാത്രം മാറുന്നതുകൊണ്ട് കോണ്‍ഗ്രസും പ്രതിപക്ഷവും രക്ഷപ്പെടില്ല. ‌കേരളത്തിലെ രാഷ്ട്രീയ സംസ്കാരം തന്നെ മാറിയിരിക്കുന്നു. എവിടെയും പിന്നോട്ടു പോകാന്‍ തയാറല്ലെന്നു തീരുമാനിച്ചുറപ്പിച്ച ഒരു നേതാവ് മറുപക്ഷത്തിനു നേതൃത്വം നല്‍കുന്നു. പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവിനോടു യോജിച്ചാലും വിയോജിച്ചാലും ജയിച്ചുകൊണ്ടേയിരിക്കുക എന്ന പ്രക്രിയയ്ക്കു തടസമുണ്ടാക്കുന്ന ഒരു നടപടിയും ഇനി ഭരണപക്ഷത്തു നിന്നുണ്ടാകില്ലെന്നു കരുതണം. സാഹചര്യങ്ങളുടെ ആനുകൂല്യങ്ങള്‍ക്കു കാത്തുനില്‍ക്കാതെ മികവ് മുന്‍നിര്‍ത്തി ജനങ്ങളെ അഭിമുഖീകരിക്കുക എന്ന പുതിയ രാഷ്ട്രീയസംസ്കാരം കേരളം കാണുന്നു. പ്രതിപക്ഷം കരുത്തോടെ മുന്നോട്ടു പോകുക എന്നത് തല്‍ക്കാലം പ്രതിപക്ഷത്തിന്റെ മാത്രം ആവശ്യമാണെന്ന് അവരെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.  

കേരളത്തിന്റെ രാഷ്ട്രീയപരിസരം അടിസ്ഥാനമാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഭരണപരമായും രാഷ്ട്രീയമായും ശരിയായ തീരുമാനങ്ങൾ കൈക്കൊണ്ടു തന്നെ ജനാധിപത്യത്തിൽ ഇടപെടാൻ ഭരണപക്ഷം ശ്രമിക്കുന്നു എന്നത് കേരളത്തിന് പുതിയ രാഷ്ട്രീയ സംസ്കാരമാണ്. അവിടെ വീണു കിട്ടാൻ ഇടയുള്ള പഴുതുകൾ തേടി കാത്തിരിക്കുന്ന പ്രതിപക്ഷത്തിന് കാര്യമായ പങ്കാളിത്തം നിർവഹിക്കാൻ ഉണ്ടാകില്ല. മികവിന്റെ ബലത്തിലാണ് എതിരാളി മത്സരിക്കുന്നതെങ്കിൽ അതിനേക്കാൾ മികവും പ്രതീക്ഷയും മുന്നോട്ടുവയ്ക്കാൻ ഉണ്ടെങ്കിൽ മാത്രമേ പ്രതിപക്ഷത്തിന് ഈ ജനാധിപത്യവേദിയില്‍ പ്രസക്തി വീണ്ടെടുക്കാനാകൂ. ഇതിനിടയില്‍ വലിയൊരു വിമര്‍ശനവുമായി മുസ്‍ലിംലീഗ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ കോണ്‍ഗ്രസ് നേതൃനിരയില്‍ പുതുനിര വേണമെന്നാണ് ലീഗ് മുഖപത്രം നിര്‍ദേശിച്ചിരിക്കുന്നത്. ഈ പറയുന്ന മുസ്‍ലിംലീഗ് ഇത്തവണ മുന്നണിയോടു ചെയ്തതെന്താണ്? പി.കെ.കു‍ഞ്ഞാലിക്കുട്ടിക്ക് നിയമസഭയിലേക്കു തിരിച്ചുവരാന്‍ വേണ്ടി മാത്രം പാര്‍ലമെന്ററി പ്രവര്‍ത്തനം കുട്ടിക്കളിയാക്കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ മാറിനിന്ന് കോണ്‍ഗ്രസിനോടു തിരുത്താന്‍ ആവശ്യപ്പെടുന്നത്. സംഘടനയിലും പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ ലീഗ് തയാറാണോ?  കോണ്‍ഗ്രസിനോടു കാണിക്കാന്‍ ആവശ്യപ്പെടുന്ന മാതൃക സ്വയം ഒരു തവണയെങ്കിലും ഒന്നു കാണിച്ചു കൊടുക്കാന‍്‍ മുസ്‍ലിംലീഗ് തയാറാകണം. 

അവനവന്‍ പ്രസ്ഥാനങ്ങളായി നിലനില്‍ക്കുന്ന എല്ലാ ഘടകക്ഷികളും രാഷ്ട്രീയപ്രവര്‍ത്തനത്തിനു തയാറാകണം. 

ജനാധിപത്യത്തിൽ അധികാരത്തിലേക്ക് തിരിച്ചു വരുക എന്നത് പ്രധാനമാണെങ്കില്‍  പോസിറ്റീവ് പൊളിറ്റിക്സുമായി മത്സരിക്കാൻ തന്നെ പ്രതിപക്ഷം തയ്യാറാകണം.  

അതിന് ആദ്യം പ്രതിപക്ഷം പോസിറ്റീവ് ആകണം. തമ്മിൽ തല്ലും കുതികാൽവെട്ടും ഗ്രൂപ്പുകളിയും കേരളത്തിലെ വാർത്താ മാധ്യമങ്ങൾക്കു പോലും താല്പര്യമുള്ള വിഷയങ്ങൾ അല്ലാതായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചറിയണം. ജനങ്ങളെ ഇനിയും കബളിപ്പിക്കാമെന്നു കരുതരുത്. നേതാക്കള്‍ക്കു വേണ്ടിയല്ല പാര്‍ട്ടി. അണികള്‍ക്കും ജനങ്ങള്‍ക്കും വേണ്ടിയാണ്. കനത്ത പരാജയത്തിന്റെ മാത്രം പശ്ചാത്തലത്തിലല്ല. കാലത്തിനും കാലാവസ്ഥയ്ക്കും യോജിക്കാത്ത രാഷ്ട്രീയരൂപമായി കോണ്‍ഗ്രസ് തകര്‍ന്നു പോകരുത്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും സുധാകരനും വേണ്ടി വാദിക്കാനാളുണ്ട്. കോണ്‍ഗ്രസിനു വേണ്ടി വാദിക്കാന്‍ ആരെങ്കിലുമൊക്കെ കോണ്‍ഗ്രസിലെങ്കിലും ഉണ്ടാകണം. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...