കോവിഡ് ആര്‍ക്കും ഇളവ് നല്‍കില്ല; സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്ന കേരളം

Parayathe-Vayya
SHARE

ഈ ഘട്ടത്തിലും,  കേരളത്തില്‍ ജീവിക്കുന്നുവെന്നതു കൊണ്ടു മാത്രം ഇത്രമാത്രം ഭീതിയില്ലാതെ ജീവിക്കാവുന്ന അവസ്ഥ ഇപ്പോഴും നമുക്കു മുന്നിലുണ്ട്. അതിതീവ്രവ്യാപനം കൈവിട്ടു പോയേക്കാമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കുമ്പോഴും കേരളത്തിലാണ് എന്നതുമാത്രം ധൈര്യമാകുന്നവരുണ്ട്. എന്നാല്‍ അമിത ആത്മവിശ്വാസം പാടില്ലെന്നും കേരളത്തിനും അമാനുഷികമായ ഒരു സാധ്യതയും മുന്നിലില്ലെന്നും തിരിച്ചറിയണം. കേരളത്തിലും മരണമടയുന്നവരുടെ എണ്ണം അതിവേഗം ഉയരുകയാണ്. മുഖ്യമന്ത്രിയുടെ തന്നെ വാക്കുകള്‍ നമ്മള്‍ മുന്നറിയിപ്പായി എടുക്കേണ്ടതുണ്ട്. കേരളത്തില്‍ ഇതുവരെയും ചിട്ടയായ, ഏകോപിതമായ ഭരണസംവിധാനം മുന്നിലുണ്ട്. മികച്ച അടിത്തറയായി പൊതുജനാരോഗ്യസംവിധാനങ്ങളുണ്ട്. പക്ഷേ ഏതു സംവിധാനത്തിനും താങ്ങാവുന്ന ഭാരത്തിനുമപ്പുറത്തേക്കു കുതിക്കുകയാണ് കോവിഡ് വ്യാപനമെന്ന്  നമ്മളറിയണം.  വൈറസ് വ്യാപനം പിടിച്ചുനിര്‍ത്തുകയല്ലാതെ നമുക്കു മുന്നില്‍ മറ്റൊരു വഴിയുമില്ല.  

മുഖ്യമന്ത്രി ഓരോ ദിവസവും മുന്നറിയിപ്പ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തിന് അത്ര വലിയ കുലുക്കമൊന്നുമില്ല. അങ്ങനെ പേടിക്കാന്‍ മാത്രം പ്രശ്നമായിട്ടില്ലെന്നൊരു പ്രതീതി ഇപ്പോഴും പ്രകടം. 

നിസാരകാര്യങ്ങള്‍ക്കു പോലും യാത്രാനുമതി തേടുന്ന ലക്ഷക്കണക്കിന് അപേക്ഷകള്‍ തന്നെ ഉദാഹരണം. ലോക്ക്ഡൗണ്‍ രണ്ടാമത്തെ ആഴ്ചയിലേക്കു നീട്ടിയതെന്തിന് എന്നു മനസിലാക്കാന്‍ പോലും ശ്രമിക്കാത്ത ലാഘവഭാവം ഇപ്പോഴും നമുക്കിടയിലുണ്ട്. തീവ്രപ്രതിസന്ധിയുടെ വക്കിലാണ് കേരളം. ഡല്‍ഹിയുടെയോ മഹാരാഷ്ട്രയുടെയേോ അനുഭവത്തിലെത്താന്‍ ദിവസങ്ങള്‍ മതിയാകും. ഒരല്‍പം അശ്രദ്ധ മതിയാകും. ഇപ്പോള്‍ കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലും നിയന്ത്രണത്തിലുമാണ്. പക്ഷേ ആരോഗ്യസംവിധാനങ്ങള്‍ക്ക് ഒരു പരിധിയുണ്ടെന്ന് മറ്റു തീവ്രബാധിത മേഖലകളിലേക്കു നോക്കിയാല്‍ നമുക്കു കണ്ടറിയാവുന്നതേയുള്ളൂ. ഇതിനിടെ കേരളത്തിലും ചില സ്വകാര്യആശുപത്രികളില്‍ കോവിഡിന്റെ പേരില്‍ പകല്‍ക്കൊള്ള നടന്നത് നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ കര്‍ശനമായ ഇടപെടലുണ്ടായപ്പോഴാണ് സംസ്ഥാന സര്‍ക്കാരിനു പോലും ഇക്കാര്യത്തില്‍ ഇടപെട്ടു കര്‍ക്കശനിലപാെടടുക്കാനായത്. കോവിഡ് പ്രതിരോധ സാമഗ്രികള്‍ക്കും  പരമാവധി വില പ്രഖ്യാപിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടുണ്ട്.   

ബ്രേക്ക് ദ് ചെയ്ന്‍  എന്നത് ഇപ്പോഴാണ് ശരിക്കും നമ്മള്‍ പ്രാവര്‍ത്തികമാക്കേണ്ടത്. അത്രയും വലിയ ഒരു ശൃംഖലയായി വൈറസ് വ്യാപിക്കുന്നു. ഇടയില്‍ നമുക്ക്, ഒരൊറ്റയാള്‍ക്കു പോലും ആ വ്യാപനശൃംഖല മുറിക്കാനാകും. മാസ്ക് ഉപയോഗത്തിലെ കണിശതയും ശാരീരിക അകലവും തന്നെയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ ആയുധം. രോഗസ്ഥിരീകരണ നിരക്ക് ഓരോ ദിവസമായി കുറച്ചു കൊണ്ടുവരാനുള്ള ക്ഷമയും ജാഗ്രതയും നമ്മള്‍ കാണിക്കണം. ഗ്രാമങ്ങളിലാണ് രണ്ടാം ഘട്ടം കൂടുതല്‍ ദുരിതം തീര്‍ക്കുന്നതെന്ന കരുതല്‍ നമുക്കുണ്ടാകണം.  ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ നാലു ജില്ലകളിലെ ഓരോ മനുഷ്യനും സ്വയം അകലം പാലിച്ചു തന്നെ വൈറസിനെ ഒറ്റപ്പെടുത്തണം. അപായം അടുത്താണ് എന്ന മുന്നറിയിപ്പ് ശരിയായി കേള്‍ക്കം.

രണ്ടാംതരംഗത്തില്‍ സംസ്ഥാനത്തെ തീവ്രവ്യാപനത്തിന്റെ പ്രധാന കാരണം വൈറസിന്റെ വകഭേദം തന്നെയാണ്. ഡബിള്‍ മാസ്കും ഇരട്ടി അകലവും വേണം പ്രതിരോധിക്കാന്‍. ജാഗ്രതയിലും അതേ ഇരട്ടിപ്പു വേണമെന്ന് ലോക്ഡൗണിലും ഉയരുന്ന രോഗബാധിതരുടെ എണ്ണം വിളിച്ചു പറയുന്നു. എത്രയും വേഗം വാക്സീനേഷന്‍ പൂര്‍ത്തിയാക്കുകയാണ് കേരളത്തിനും മുന്നിലുള്ള ശാശ്വതപരിഹാരമാര്‍ഗം. കേരളം നേരിട്ടു വാങ്ങിയ വാക്സീന്‍ വിവിധ ജില്ലകളിലേക്കു വിതരണം ചെയ്തു തുടങ്ങി. നാലേമുക്കാല്‍ ലക്ഷം ‍ഡോസ് വാക്സീനാണ് കേരളം നേരിട്ടു വാങ്ങിയത്. അടുത്ത ദിവസം മുതല്‍ ഈ വാക്സീന്‍ 18–45 പ്രായപരിധിയിലുള്ളവര്‍ക്ക് വിതരണം ചെയ്തു തുടങ്ങും. പക്ഷേ 18 വയസിനു മുകളിലുള്ളവര്‍ക്കെല്ലാം വാക്സീന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ ഇനിയും എത്ര നാള്‍ വേണ്ടിവരുമെന്ന് ഇപ്പോഴൊരു ഊഹം പോലും മുന്നിലില്ല. അത്രയും നാള്‍ അതിജാഗ്രതയോടെ അകലം പാലിച്ചു തന്നെ ജീവിക്കേണ്ടതുണ്ട് കേരളം.  

കോവിഡിനൊപ്പം കാലാവസ്ഥാദുരിതങ്ങള്‍ കൂടി വര്‍ധിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ  കരുതല്‍ നടപടികള്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെടേണ്ടതാണ്. കോവിഡ് രണ്ടാം തരംഗത്തിലും സംസ്ഥാനസര്‍ക്കാരിന്റെ കാര്യക്ഷമമായ ഏകോപനവും നേതൃത്വവും കേരളത്തിന് പ്രത്യാശയാണ്. പക്ഷേ അതേ സര്‍ക്കാര്‍ തന്നെ സ്വന്തം കാര്യം വരുമ്പോള്‍ സാഹചര്യം മറക്കുന്നത് തീര്‍ത്തും തെറ്റായ നടപടിയാണ്. പ്രമുഖ വ്യക്തികളുടെ മരണത്തിനും  

സ്വന്തം മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കും ഇളവുകള്‍ പ്രഖ്യാപിക്കുന്നത് തീര്‍ത്തും തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. സര്‍ക്കാര്‍ ഇളവു നല്‍കിയാലും കോവിഡ് ആര്‍ക്കൊക്കെ ഇളവു നല്‍കുമെന്ന് നമുക്കുറപ്പില്ല. രോഗപ്രതിരോധത്തില്‍ മാത്രമല്ല, തുല്യസാമൂഹ്യനീതിയെന്ന അവകാശത്തിലും സര്‍ക്കാര്‍ നടപടി വെള്ളം ചേര്‍ക്കുന്നു.  

സ്വന്തം വീടിനകത്തും സ്വന്തം കാറില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോഴും മാസ്ക് ഉപയോഗിക്കേണ്ടത്ര തീവ്രവ്യാപനമാണ് കേരളം നേരിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സാമൂഹ്യബോധത്തോടെ അനുസരിച്ച ജനതയ്ക്കു മുന്നിലാണ് സര്‍ക്കാര്‍ തന്നെ ഇളവുകള്‍ പ്രഖ്യാപിച്ച് അനീതിയും അശാസ്ത്രീയതയും പ്രകടിപ്പിക്കുന്നത്. ലോക്ഡൗണിനിടെ അന്തരിച്ച പ്രമുഖ വ്യക്തികള്‍ കേരളത്തിന്റെയും വേദനയാണ്. പതിനായിരങ്ങളുടെ അന്ത്യാഞ്ജലിയും  ആദരവും അര്‍ഹിച്ചിരുന്ന അന്ത്യയാത്രകള്‍ കൂടിയാണ് കോവിഡ് കാലത്ത് കുറച്ചു പേരിലേക്കു ചുരുങ്ങിയത്. പക്ഷേ സമൂഹം അതിജീവനത്തിനായി പൊരുതുകയാണ്. പ്രിയപ്പെട്ടവരുടെ മുഖം പോലും അവസാനമായി കാണാനാവാതെ വിങ്ങിപ്പൊട്ടുന്ന ആയിരങ്ങള്‍ക്കിടയിലാണ് അന്തരിച്ച പ്രമുഖ വ്യക്തികളുടെ സംസ്കാരചടങ്ങുകള്‍ക്കു മാത്രമായി സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നത്. പൊതുദര്‍ശനത്തിനായി പ്രത്യേക ഉത്തരവുകള്‍ ഇറക്കുന്നത്. 

മുഖ്യമന്ത്രി പഴി മാധ്യമങ്ങളുടെ തലയില്‍ വച്ചൊഴിയരുത്. മാധ്യമങ്ങളുടെ വിമര്‍ശനം ഭയന്ന് കോവിഡ് പ്രോട്ടോക്കോളില്‍ ഇളവു നല്‍കിയെന്ന ദുര്‍ബലമായ പ്രതിരോധം മതിയാവില്ല. കാരണം കോവിഡ് വ്യാപനത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകരും. ജനക്കൂട്ടമുണ്ടായാല്‍  അതും റിപ്പോര്‍ട്ട് ചെയ്യാന്‍ ഇറങ്ങേണ്ടവര്‍. എല്ലാവരുടെയും ജീവന് ഒരേ കരുതലും മൂല്യവുമുണ്ടാകണം. ആരുടെയും ജീവനും ആരോഗ്യത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഇളവുകളിലൂടെയുണ്ടാകരുത്.  

തിരഞ്ഞെടുപ്പു കാലത്തും കോവിഡ് പ്രോട്ടോക്കോള്‍ ആദ്യം മറന്നു കളഞ്ഞത് സര്‍ക്കാരാണ്. സര്‍ക്കാര്‍ മറന്നു പോയ കോവിഡ് നിയന്ത്രണങ്ങള്‍ മറ്റാരും ഓര്‍ക്കാന്‍ ശ്രമിക്കില്ലെന്ന് കേരളം കണ്ടു. അനുഭവിക്കുകയും ചെയ്തു. പ്രമുഖവ്യക്തികളുടെ സംസ്കാരചടങ്ങുകളില്‍ ഇളവു നല്‍കുന്നത്  വൈകാരികപ്രശ്നം മുന്‍നിര്‍ത്തിയാണെന്ന് സര്‍ക്കാര‍് പറയുന്നു. അപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങോ? നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അവിശ്വസനീയമാണ്. അതിതീവ്രകോവിഡ് വ്യാപനത്തിനിടെ സത്യപ്രതിജ്ഞാചടങ്ങ് ജനക്കൂട്ടത്തിനുള്ള അവസരമാകില്ലെന്ന് കേരളം വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു. അഥവാ അഭ്യര്‍ഥിക്കുന്നു.   

കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലെല്ലാം നിലവിലെ സാഹചര്യം കൂടി പരിഗണിച്ച് അതിവേഗം സത്യപ്രതിജ്ഞയും കഴിഞ്ഞു. പുതിയ മന്ത്രിസഭ അതിവേഗം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സാഹചര്യമാണെങ്കിലും തുടര്‍ഭരണപശ്ചാത്തലത്തില്‍ പരാതികളില്ലാതെ തന്നെ മുഖ്യമന്ത്രി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ട്. എന്നാല്‍ സാവകാശം അധികാരമേല്‍ക്കാന്‍ തീരുമാനിച്ച അവധാനത സത്യപ്രതിജ്ഞാചടങ്ങിലുമുണ്ടാകുമോ എന്നത് ഒരു പ്രധാന ചോദ്യമാണ്.  

രാജ്ഭവനില്‍ സ്വകാര്യ ചടങ്ങായി ലളിതമായി നടത്തേണ്ടിയിരുന്ന സത്യപ്രതിജ്ഞാചടങ്ങിന് ഇപ്പോള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് വേദിയൊരുങ്ങുന്നത്. 750 പേര്‍ക്കുള്ള സൗകര്യങ്ങളാണ് പന്തലില്‍ ഒരുങ്ങുന്നത്. നിലവിലെ അതിതീവ്രകോവിഡ് വ്യാപനസാഹചര്യത്തില്‍ സര്‍ക്കാര്‍ അത്രയും വലിയ ഒരു ചടങ്ങ് സംഘടിപ്പിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ അങ്ങനെ നടന്നാല്‍ ജനതയ്ക്കു മുന്നില്‍ വയ്ക്കുന്ന സന്ദേശം ഒട്ടും ക്രിയാത്മകല്ല എന്നു പറയാതെ വയ്യ.  ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തലസ്ഥാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങും നടക്കാന്‍ പോകുന്നത്. ജില്ലയിലാകട്ടെ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ളത് കോര്‍പറേഷന്‍ പരിധിയിലാണ്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ മാതൃകാപരമായി പെരുമാറണം.  

അസാധാരണമായ സാഹചര്യങ്ങളില്‍ അസാധാരണ നടപടികള്‍ വേണ്ടി വരും. മുഖ്യമന്ത്രി  തന്നെ എപ്പോഴും ജനങ്ങളെ ഓര്‍മിപ്പിക്കുന്ന ഈ വാചകം തിരിച്ചും ഓര്‍മിപ്പിക്കുന്നു. എത്രയും വേഗം കേരളത്തിനാകെ  ആഘോഷങ്ങളിലേക്കു മടങ്ങാന‍ാവുന്ന അകലമില്ലാതെ. ഒരുമിച്ചിരിക്കാനാകുന്ന ഒരു കാലത്തേക്കു മടങ്ങാന്‍ ഏതു തിരുത്തലും അനിവാര്യമാണ്. കോവിഡിനൊപ്പം കാറ്റും കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. ഏതു പ്രതിസന്ധിയിലും തളര്‍ന്നു പോകില്ലെന്ന പ്രത്യാശയുടെ ബലത്തില്‍ നമുക്ക് ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...