'കലാപകാരികൾ'; സമരങ്ങളോട് ബിജെപി പറയുംപോലെ; സിപിഎമ്മിന്റെ ഇരട്ടത്താപ്പ്

parayathepsc
SHARE

സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് കേന്ദ്രത്തിലായാലും കേരളത്തിലായാലും സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. ഗൂഢാലോചനയാണ്. കലാപശ്രമമാണ്. രാഷ്ട്രീയപ്രേരിതമാണ്.ഇത്തരം ആരോപണങ്ങള്‍ബി.ജെ.പി.  ഉയര്‍ത്തുമ്പോള്‍ അത് ജനാധിപത്യവിരുദ്ധമാണ്. പക്ഷേ സി.പി.എം പറഞ്ഞാല്‍ ന്യായമാണ്. ഉദ്യോഗാര്‍ഥികളുടെ സമരത്തിലെ ന്യായാന്യായങ്ങളേക്കാള്‍ അതിശയിപ്പിക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പാണ്.  ഉദ്യോഗാര്‍ഥികളുടെ സമരം ന്യായമാണോ അല്ലയോ എന്ന ചോദ്യത്തിന് മറുപടിയില്ല. പകരം സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവരെല്ലാം കലാപകാരികള്‍ എന്ന കേന്ദ്രരാഷ്ട്രീയം കേരളത്തില്‍ ഒരു മടിയുമില്ലാതെ പ്രയോഗിക്കുകയാണ് സി.പി.എം. 

ഒരു സമരം ഉത്തമമാകാന്‍ ചില നിബന്ധനകളുണ്ട്. ഏതൊക്കെയെന്ന്  അതത് ഭരണകൂടം തീരുമാനിക്കും. ഉത്തമവും ലക്ഷണമൊത്തതുമായ സമരങ്ങളെ മാത്രമേ ഭരണകൂടം പരിഗണിക്കൂ.  സമരം തന്നെ ജീവിതം എന്നു നിലപാടെടുക്കുന്ന ഇടതുപക്ഷഭരണമാണെങ്കിലും  പക്ഷം പ്രഖ്യാപിക്കാത്തവര്‍ നടത്തുന്ന സമരത്തിന് നിബന്ധനകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. 

ഏറ്റവും പ്രധാന നിബന്ധന സമരം ചെയ്യുന്നവര്‍ നിര്‍ബന്ധമായും സമരകാരണങ്ങള്‍ ബാധിക്കുന്നവര്‍ മാത്രമായിരിക്കണം. ഉദാഹരണത്തിന് മോദി സര്‍ക്കാര്‍ പറയുന്നതു പോലെ കര്‍ഷകസമരത്തില്‍ കര്‍ഷകര്‍ മാത്രമേ പങ്കെടുക്കാവൂ. അതുപോലെ തൊഴില്‍സമരത്തില്‍ ഉദ്യോഗാര്‍ഥികള്‍ മാത്രമേ പങ്കെടുക്കാവൂ. ഉദ്യോഗാര്‍ഥികളുടെ കുടുംബാംഗങ്ങളോ ബന്ധുക്കളോ പങ്കെടുക്കാന്‍ പാടില്ല.  ബാഹ്യപിന്തുണയോ പ്രേരണയോ സ്വീകരിക്കാന്‍ പാടുള്ളതല്ല. പ്രതിപക്ഷനേതാക്കളെ കാണുകയോ മിണ്ടുകയോ ചെയ്യരുത്. 

സമരത്തിനുണ്ടാകേണ്ട ഏറ്റവും പ്രധാനപ്പെട്ട യോഗ്യത തിരഞ്ഞെടുപ്പു കാലത്ത് സമരം ചെയ്യരുത് എന്നാണ്. ഇടതുപക്ഷമാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നത് പ്രത്യേകം ഓര്‍ക്കണം. തിരഞ്ഞെടുപ്പു കാലത്ത് ഇടതുസര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കാനോ അലോസരമുണ്ടാക്കാനോ ഒരു സമരക്കാരും തുനിയരുത്. ആവശ്യം ന്യായമാണോ എന്നത് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ എന്നാണ് സി.പി.എം പറയുന്നത്. വസ്തുതാപരമായി വിലയിരുത്തിയാല്‍ ഉദ്യോഗാര്‍ഥികളുടെ സമരം ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ പ്രായോഗികമായി ചില പ്രശ്നങ്ങളുണ്ട്. എന്നാല്‍ സമരക്കാരെ അവഹേളിക്കുന്നതിനും ആക്ഷേപിക്കുന്നതിനും ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുന്നതിനും ഒരു ന്യായവുമില്ല. 

ഗൂഢാലോചനസിദ്ധാന്തങ്ങളുടെ പല വകഭേദങ്ങള്‍ ഇനിയും സി.പി.എം നേതാക്കള്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ ചെറിയൊരു പ്രശ്നം, ഈ സമരത്തെത്തുടര്‍ന്നു മാത്രം ചില തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി എന്നതാണ്. പി.എസ്.സി. റാങ്ക് പട്ടികയിലുള്ള പരമാവധി പേര്‍ക്ക് നിയമനം ലഭിക്കാന്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍വീഴ്ച വരുത്തുന്ന

 നിയമനാധികാരികള്‍ക്കെതിരെ കര്‍ശനടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

നിയമനങ്ങള്‍ പരമാവധി വേഗത്തിലാക്കും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വരുന്ന ഒഴിവുകളിലും കൃത്യമായ നിയമനം ഉറപ്പുവരുത്താന്‍ നടപടിയെടുക്കും. എന്നുവച്ചാല്‍ ഈ സമരം ന്യായമാണെന്നും അതിലെ ആവശ്യങ്ങളില്‍ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ തന്നെ സമ്മതിച്ചു നടപടിയെടുക്കുന്നു. ഇനിയും നടപടികളെടുക്കാനാകുമെന്നും രേഖാമൂലം തന്നെ ഉറപ്പുകള്‍ നല്‍കാനുമാകുമെന്നും പാതിരാചര്‍ച്ചയില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നെ സമ്മതിക്കുന്നു.  കര്‍ഷകസമരത്തില്‍ പ്രധാനമന്ത്രി നേരിട്ടു ചര്‍ച്ച നടത്താത്തതിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭം നയിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തുന്നതിലെ സുതാര്യത പ്രത്യേകം എടുത്തു പറയേണ്ടതാണ്. അര്‍ധരാത്രിയില്‍ DYFI മധ്യസ്ഥതയിലാണ് ചര്‍ച്ച. മുഖ്യമന്ത്രിയുടെ ഓഫിസുമായി ചര്‍ച്ച എന്നാണ് അറിയിപ്പ്. മന്ത്രിമാര്‍ പോലുമല്ല, മുഖ്യമന്ത്രിയുടെ ഓഫിസിലെ രാഷ്ട്രീയനിയമനം നേടിയ നേതാക്കളാണ് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം സിവില്‍ പൊലീസ് ഓഫിസര്‍ പട്ടികയില്‍ പെട്ട ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ആരും ഇടപെടുന്നുമില്ല. 

എന്തായാലും രാഷ്ട്രീയഗൂഢാലോചനയെന്ന് മന്ത്രിമാര്‍ ആരോപിക്കുന്ന സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഉറപ്പുകള്‍ നല്‍കുന്നുണ്ട്. പ്രായോഗികമായി റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും നിയമനം നല്‍കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. പക്ഷേ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമനം നടത്തുന്നതിലും കാലതാമസം വന്നുവെന്ന് സര്‍ക്കാരിന്റെ തന്നെ കുറ്റസമ്മതമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തിരുത്തല്‍ നടപടികള്‍. നിയമനത്തില്‍ റെക്കോര്‍ഡ് വേഗം എന്ന് അവകാശപ്പെടുമ്പോഴും ഉദ്യോഗാര്‍ഥികള്‍ ഓരോ ഓഫിസിലും കയറിയിറങ്ങി ഒഴിവുകള്‍ കണ്ടെത്തേണ്ട അവസ്ഥ എങ്ങനെയുണ്ടായി എന്നും സര്‍ക്കാര്‍ തന്നെ പറയണം. ഈ പ്രശ്നങ്ങളൊക്കെ നിലനില്‍ക്കുമ്പോഴും ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്താല്‍ അത് ഗൂഢാലോചനയാണെന്ന് പറയാനും മാത്രം മനക്കട്ടി ഭരണപക്ഷത്തിരിക്കുമ്പോള്‍ സ്വാഭാവികമായി ആര്‍ജിക്കുന്നതാണോയെന്ന് സി.പി.എമ്മും പറയണം. 

ഉദ്യോഗാര്‍ഥികളുടെ സമരം പ്രതിപക്ഷത്തിന് രാഷ്ട്രീയഅവസരമാണ്. സംശയമില്ല. പക്ഷേ അതുകൊണ്ടു മാത്രം സമരം ന്യായമല്ല എന്നു പറയാന്‍ ഭരണപക്ഷത്തിനു കഴിയുന്നുണ്ടോ? ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്നതില്‍ ന്യായമായ ആവശ്യങ്ങളുണ്ടെന്ന് ഗൂഢാലോചനസിദ്ധാന്തക്കാര്‍ക്ക് നന്നായറിയാം. തൊഴില്‍ ഒരു വൈകാരിക,ജീവിതപ്രശ്നമാണെന്ന് തൊഴിലിനു വേണ്ടി സമരം നടത്തിയ ഇടതുപക്ഷനേതാക്കള്‍ക്കറിയാം. എല്‍.ജി.എസ്. പട്ടികയില്‍ കഴിഞ്ഞ സര‍്ക്കാരിന്റെ കാലത്തെ അത്ര നിയമനം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്. അതില്‍ പ്രായോഗികമായ മറ്റു കാരണങ്ങള്‍ ഏറെയുണ്ടെന്നതും വസ്തുത. അപേക്ഷിക്കാനുള്ള യോഗ്യത കര്‍ശനമാക്കിയതോടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ മറ്റു ജോലികളിലേക്കു പോകുന്നില്ല എന്നതടക്കം, കേരളത്തില്‍ പൊതുവേ ലാസ്റ്റ് ഗ്രേഡ്  തസ്തികകള്‍ കുറഞ്ഞുവരികയാണ് എന്നതടക്കം കാരണങ്ങളുണ്ട്. അപ്പോള്‍ സമരക്കാരോട് സുതാര്യമായി സംസാരിക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത്. എത്ര നിയമനം കൂടി ഈ പട്ടികയില്‍ പ്രതീക്ഷിക്കാം എന്ന് ഒരു കണക്കെടുത്ത് ഉദ്യോഗാര്‍ഥികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ വാസ്തവത്തില്‍ വലിയ പ്രയാസമൊന്നുമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കണക്കുകളെല്ലാം വിരല്‍ത്തുമ്പില്‍ കൊണ്ടുനടക്കുമ്പോഴും ഈ സര്‍ക്കാരിന്റെ കാലത്തെ കണക്കുകള്‍ ചോദിക്കുമ്പോള്‍ ശേഖരിക്കാം എന്ന അനന്തമായ മറുപടിയാണ് ഉദ്യോഗാര്‍ഥികള്‍ക്കു മുന്നിലെത്തുന്നത്. 

പ്രായോഗികമായ കണക്കുകളും സാധ്യമായ സുതാര്യതാനടപടികളും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നില്ലെന്നതാണ് സമരക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നത്. അതേസമയം പിന്‍വാതിലിലൂടെയെത്തിയ താല്‍ക്കാലികനിയമനങ്ങള്‍ കടുംവെട്ട് നിരക്കില്‍ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സര്‍ക്കാര്‍. താല്‍ക്കാലികനിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് ഒരു സമൂഹത്തോടുള്ള അനീതിയാണ്. ആരു െചയ്താലും ആരു ന്യായീകരിച്ചാലും അനീതി അനീതി തന്നെയാണ്. അതു തിരുത്താന്‍ ആരു മുന്‍കൈയെടുക്കും എന്നതാണ് ചോദ്യം. ഞങ്ങള്‍ മുന്‍കൈയെടുക്കാം എന്നു പറയാന്‍ ഇടതുസര്‍ക്കാരിന് കഴിയാത്തതെന്താണ്?

സര്‍ക്കാര്‍ ജോലി മാത്രമാണ് തൊഴില്‍ തേടുന്ന തലമുറയ്ക്ക് ആശ്രയം എന്നു വരുന്നത് ഒരു സമൂഹത്തിനും ഭൂഷണമല്ല. പക്ഷേ സര്‍ക്കാര്‍ ജോലിക്കാരെയാകെ ഒരു വോട്ടുബാങ്കായി കണ്ട് സര‍്ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളും ഈ പ്രവണത വളര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട് എന്നത് മറക്കാനാകില്ല. അതുകൊണ്ട് സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വം ആഗ്രഹിച്ച് കഠിനമായി പ്രയത്നിക്കുന്ന തലമുറയ്ക്കു മുന്നിലൂടെ പിന്‍വാതില്‍ നിയമനങ്ങള്‍ നേടിയവര്‍ രാഷ്ട്രീയബന്ധത്തിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ ജോലിയില്‍ സ്ഥിരനിയമനം നേടുന്നത് എല്ലാ തരത്തിലും അനീതിയാണ്. പത്തുവര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നവരോടുള്ള മനുഷ്യത്വപരിഗണനയെന്ന അവകാശവാദം ശരിയാകുന്നത് ചുരുക്കം ചില തസ്തികകളില്‍ മാത്രമാണ്. മറ്റെല്ലായിടത്തും ഈ പത്തുവര്‍ഷത്തിലേറെയായുള്ള താല്‍ക്കാലികജോലിയെന്നത് സൂക്ഷ്മമായി സൃഷ്ടിക്കപ്പെടുന്ന ഒരു സാധ്യത തന്നെയാണ്. ഇത്തരത്തിലുള്ള നിയമനം പി.എസ്.സി. പട്ടികകളെ ബാധിക്കുകകയേയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. 

മുഖ്യമന്ത്രി പറയുന്നത് ശരിയാണ്. ഇതെല്ലാ സര്‍ക്കാരുകളും ചെയ്യുന്നുണ്ട്. ഈ സര്‍ക്ാര്‍ 10 വര്‍ഷമെന്ന ഒരു മാനദണ്ഡം വച്ചു. പക്ഷേ ആ തീരുമാനത്തില്‍ ഒരു രാഷ്ട്രീയപരിഗണനയുമില്ലെന്ന് ദയവായി പറയരുത്. അത് കേരളത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യത്തെ കൊഞ്ഞനം കുത്തലാണ്. സ്ഥിരനിയമനത്തില്‍ രാഷ്ട്രീയപരിഗണനകളില്ലെന്ന് മുഖ്യമന്ത്രിക്കു പറയാം. പക്ഷേ ആ സ്ഥിരനിയമനം ലഭിക്കുന്നവര്‍ താല്‍ക്കാലികതസ്തികകളില്‍ എത്തുന്നത് രാഷ്ട്രീയപരിഗണനകള്‍ കൊണ്ടു മാത്രമാണെന്ന് കേരളത്തിനറിയാവുന്ന യാഥാര്‍ഥ്യമാണ്. പത്തു വര്‍ഷത്ിലേറെ ആ തസ്തികകള്‍ പി.എസ്.സിക്കു വിടാതെ നീട്ടിക്കൊണ്ടുപോയി ഒടുവില്‍ സ്ഥിരനിയമനത്തിന് മാനുഷികപരിഗണനയെന്ന് ന്യായം പറയുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നത് തുല്യഅവസരം അര്‍ഹിക്കുന്ന എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കുമാണ്. ഇപ്പോള്‍ ഇത്രയും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഒരു മാറ്റം കൊണ്ടുവരുമോയെന്നു ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി എത്ര സമര്‍ഥമായാണ് ഒഴിഞ്ഞു മാറിയതെന്നു കാണുക. 

എന്നുവച്ചാല്‍ താല്‍ക്കാലികനിയമനത്തിനുള്ള സാധ്യതകള്‍ അങ്ങനെ കൈവിടാന്‍ ഇടതുസര്‍ക്കാരും തയാറല്ല. യു.ഡി.എഫും ഇക്കാര്യത്തില്‍ ശക്തമായ നിലപാടിനില്ല. കാരണം ഭരണത്തിലെത്തുമ്പോള്‍ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനും കൂടുതല്‍ പേരെ രാഷ്ട്രീയമായി കടപ്പാടുള്ളവരായി നിലനിര്‍ത്താനും ഏതു മുന്നണിക്കും താല്‍ക്കാലികതസ്തികകള്‍ വേണം. ബന്ധുക്കളെയും അനുയായികളെയും സന്തോഷിപ്പിക്കാന്‍ മുന്നണികള്‍ അനീതിയുടെ തസ്തികകള്‍ നിലനിര്‍ത്തുന്നത് നമ്മുടെ നികുതിപ്പണം ഉപയോഗിച്ചാണ്. അര്‍ഹരായ ഓരോ ഉദ്യോഗാര്‍ഥിക്കുമുള്ള അവസരമാണ് വേണ്ടപ്പെട്ടവര്‍ക്കായി മാറ്റിവയ്ക്കുന്നത്. ഇത് നിര്‍ത്തലാക്കുന്നതിനു കൂടി മുദ്രാവാക്യങ്ങള്‍ ശക്തമായി ഉയരണം. ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ മാറ്റിവച്ച് ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ സര്ക്കാര്‍ സുതാര്യമായി ഇടപെടണം. സര്‍ക്കാര്‍ ജോലികളുടെ എണ്ണം, നിയമനരീതി, താല്‍ക്കാലിക തസ്തികളില്‍ തുല്യാവസരം ഇവ ഉറപ്പാക്കാന്‍ സുതാര്യമായ ഒരു ഓഡിറ്റ് കേരളത്തിനു മുന്നില്‍ വയ്ക്കാന്‍ ഏതു മുന്നണി തയാറാകും? 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...