ഈ വിജയം ഇടതുമുന്നണി അര്‍ഹിച്ചത്; ഈ തിരിച്ചടി പ്രതിപക്ഷവും

Parayathe-Vayya-New
SHARE

കേരളത്തിലെ തദ്ദേശവിധി സുതാര്യമായ രാഷ്ട്രീയബോധ്യത്തിന്റെ സാക്ഷ്യമായി. ഈ വിജയം ഇടതുമുന്നണി അര്‍ഹിച്ചിരുന്നതാണ്. ഈ തിരിച്ചടി കേരളത്തിലെ പ്രതിപക്ഷവും അര്‍ഹിച്ചിരുന്നതാണ്. രാജ്യമെങ്ങും പടര്‍ന്നു വളരുന്ന ബി.ജെ.പിയെയും പരമാവധി ഒതുക്കി നിര്‍ത്തിയ ജനവിധി പുരോഗമനജനാധിപത്യരാഷ്ട്രീയത്തിന് അപൂര്‍വമായ പ്രത്യാശ പകരുന്നു. 

ക്ഷേമപദ്ധതികളിലും ഭക്ഷ്യക്കിറ്റുകളിലും ഒതുക്കിനിര്‍ത്താനാകുന്ന വിജയമല്ല ഇടതുമുന്നണി തദ്ദേശതിരഞ്ഞെടുപ്പില്‍ നേടിയത്.  മതനിരപേക്ഷ രാഷ്ട്രീയത്തോട് കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത കൂടി പ്രഖ്യാപിക്കപ്പെട്ട തിരഞ്ഞെടുപ്പാണിത്. ലോക്സഭാതിര‍ഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നിന്നാണ് ഇടതുമുന്നണിക്ക് ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് എന്നത് ഏറ്റവും പ്രധാനമാണ്. തെറ്റുകള്‍ സ്വയം വിലയിരുത്താനും തിരുത്താനും തിരിച്ചു മുന്നേറാനും ഇന്നത്തെ ഇന്ത്യയില്‍ ഒരു പ്രതിപക്ഷപാര്‍ട്ടിക്കു കഴിയുന്നു എന്നതിന് ദേശീയപ്രാധാന്യവുമുണ്ട്. തെറ്റ് എന്നു പറയുമ്പോള്‍ ശബരിമല പോലെ വിശ്വാസികളുടെ ഒരു പ്രശ്നം രാഷ്ട്രീയബാധ്യതയായി ഏറ്റെടുത്ത തരത്തിലുള്ള സമീപനം തിരുത്തിയതും അകലം പാലിച്ചതും അടക്കമാണ് ചൂണ്ടിക്കാട്ടാവുന്നത്. വിവാദമായ പൊലീസ് ഭേദഗതി നിയമം അതിവേഗം പിന്‍വലിക്കാനുള്ള രാഷ്ട്രീയബുദ്ധി കാണിച്ചതും ഇടതുമുന്നണി സര്‍ക്കാര്‍ തെറ്റു പറ്റിയാലും തിരുത്തുമെന്ന വിശ്വാസം ജനങ്ങള്‍ക്കിടയിലുണ്ടാക്കി. 

സംസ്ഥാനത്ത് ഭരണവിരുദ്ധവികാരവുമില്ലെന്ന് തദ്ദേശതിരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇടതുമുന്നണിക്ക് ആത്മവിശ്വാസം നല്‍കും. അതോടൊപ്പം പ്രതിപക്ഷത്തിന്റെ മോശം പ്രകടനവും ഭരണമുന്നണിയെ തുണച്ചു. ഒരു തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാവുന്ന ഘടകങ്ങള്‍ ഓരോന്നായി പരിശോധിച്ചാല്‍ തദ്ദേശവിധിയുടെ കാരണങ്ങള്‍ വളരെ ലളിതമാണ്, ശുഭകരവുമാണ്. ഒരു തിരഞ്ഞെടുപ്പില്‍ വോട്ടര്‍ നിലപാട് തീരുമാനിക്കുന്ന പ്രധാന വിഷയങ്ങളില്‍ കേരളത്തില്‍ ആര്‍ക്കായിരുന്നു മുന്‍തൂക്കം. ഉദാഹരണത്തിന് മെച്ചപ്പെട്ട ഭരണം, രാഷ്ട്രീയനയസമീപനം, അഴിമതി, മതനിരപേക്ഷ നിലപാടുകള്‍  ഇങ്ങനെ ഓരോന്നായി പരിശോധിച്ചാല്‍ ഇടതുമുന്നണിയോട് ആരാണ് മല്‍സരിച്ചത്?  

പ്രബുദ്ധമായ രാഷ്ട്രീയാന്തരീക്ഷം എന്ന് കേരളത്തെ പൊതുവായി വിശേഷിപ്പിക്കാറുണ്ടെങ്കിലും പൂര്‍ണമായും പ്രായോഗികരാഷ്ട്രീയമാണ് കേരളം ഓരോ തിരഞ്ഞെടുപ്പിലും പുറത്തെടുത്തിട്ടുള്ളത് എന്നു കാണാം. എപ്പോഴും മൂല്യങ്ങളോടു കടുത്ത നിര്‍ബന്ധബുദ്ധി പുലര്‍ത്തിയെന്നു വിലയിരുത്താനാകില്ല. പക്ഷേ മലയാളികള്‍ ഒരു തരത്തിലും അരക്ഷിതാവസ്ഥ ആഗ്രഹിക്കുന്നില്ല. ഒരു മൗലികവാദത്തെയും  അംഗീകരിക്കില്ല. സമാധാനപരമായ ജീവിതത്തെ  സ്വാധീനിക്കാവുന്ന, ജീവിതസുരക്ഷിതത്വത്തെ ബാധിക്കുന്ന നിലനില്പിനെ ചോദ്യം ചെയ്യുന്ന ഒന്നും  അനുവദിക്കില്ല. പരിമിതമായ ജീവിതസാഹചര്യത്തെയും സാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പരീക്ഷണത്തിനും തയാറല്ല.  സംഘടിത സുരക്ഷിതബോധത്തിനുള്ളില്‍ നില്‍ക്കാനാണ് മലയാളി താല്‍പര്യപ്പെടുന്നത്. അതുകൊണ്ടാണ് ഇരുമുന്നണികളെയും മാറിമാറി തിരഞ്ഞെടുക്കുന്നതില്‍ ഒരു പ്രശ്നവും കേരളത്തിനു തോന്നാതിരുന്നത്. പക്ഷേ അടിസ്ഥാനപരമായി ചില കാര്യങ്ങളില്‍ സൂക്ഷ്മതയും മിനിമം നിര്‍ബന്ധവും കേരളത്തിനുണ്ടെന്നത് വ്യക്തവുമാണ്. ആ ഘടകങ്ങള്‍ ഓരോന്നായി എടുത്തു പരിശോധിച്ചാല്‍ ഇത്തവണ ഇടതുമുന്നണിക്കായിരുന്നു കൂടുതല്‍ സാധ്യതയെന്നു കാണാം. 

1.ഭരണനിര്‍വഹണം. 

ഈ സര്‍ക്കാരിന്റെ ഭരണനിര്‍വഹണം മെച്ചപ്പെട്ട രീതിയിലാണ് അവസാനവര‍്ഷങ്ങളില്‍ പോലും മുന്നോട്ടുപോകുന്നതെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കും. പൊലീസ് ഭരണത്തിലുണ്ടായ വീഴ്ചകളും രാഷ്ട്രീയനയവ്യതിയാനങ്ങളുമൊക്കെ ചര്‍ച്ചയായെങ്കിലും അത് സാമാന്യജനസമൂഹത്തെ നേരിട്ടു ബാധിക്കുന്ന തരത്തിലേക്ക് എത്തിയില്ല. പ്രളയ–കോവിഡ് കാലങ്ങളില്‍ മികവുറ്റ ഭരണനേതൃത്വമാണ് ദൃശ്യമായത്. പ്രതിസന്ധികളെ അതിജീവിക്കാന്‍ കെല്‍പുള്ള ഭരണം എന്നും ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു.  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃശേഷിയും അംഗീകരിക്കപ്പെട്ടു. 

ഈ ഘടകത്തില്‍ കാര്യമായ  വെല്ലുവിളി ഉയര്‍ത്താന്‍  പ്രതിപക്ഷത്തിനായില്ല. പ്രതിപക്ഷനേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളിലും സര്‍ക്കാരിന് പിന്നോട്ടു പോകേണ്ടി വന്നെങ്കിലും നേതാവാര് എന്ന ചോദ്യത്തിന് ഒരുമിച്ചൊരുത്തരം മുന്നോട്ടു വയ്ക്കുന്നതില്‍ പ്രതിപക്ഷം വിജയിച്ചില്ല. പ്രതിപക്ഷത്തിന്റെ ഇടപെടല്‍ കൊണ്ടാണെങ്കിലും തെറ്റ് തിരിച്ചറിഞ്ഞാല്‍ തിരുത്താന്‍ തയാറാണെന്നൊരു സന്ദേശം നല്‍കാന്‍ സര്‍ക്കാരിനായി. 

2. ക്ഷേമപദ്ധതികള്‍ 

സാമൂഹ്യസുരക്ഷാപെന്‍ഷന്‍, ഭക്ഷ്യക്കിറ്റ് വിതരണപ്രഖ്യാപനങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലും മധ്യനിരയിലും കഴിയുന്ന ജനങ്ങളെ സുരക്ഷിതരാക്കി.  ഓരങ്ങളില്‍ ഒതുങ്ങുന്ന ജീവിതങ്ങളോടുള്ള പ്രത്യേക പരിഗണന  പ്രതിസന്ധിക്കാലത്ത് പ്രകടമായി. ലൈഫ് പദ്ധതിയിലൂടെ ഭവനസുരക്ഷ തിരിച്ചറി​ഞ്ഞ രണ്ടരലക്ഷത്തോളം കുടുംബങ്ങള്‍ സാക്ഷ്യപ്പെടുത്താനുണ്ടായി. പെന്‍ഷനെയും ഭക്ഷ്യക്കിറ്റിനെയും പുച്ഛിക്കുകയും ലൈഫ് പദ്ധതി ആകെ പ്രശ്നമാണ് എന്ന പ്രതീതിയുണ്ടാക്കുകയും ചെയ്ത പ്രതിപക്ഷം നെഗറ്റീവ് രാഷ്ട്രീയത്തില്‍ മാത്രം ഊന്നുന്നുവെന്ന അവിശ്വാസമുണ്ടാക്കി. സര്‍ക്കാരും സി.പി.എമ്മും ആസൂത്രിതമായ ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി നേടിയെടുത്ത വിശ്വാസത്തിനു പകരം വയ്ക്കാവുന്ന വാഗ്ദാനങ്ങളൊന്നും 

 പ്രതിപക്ഷത്തിന് മുന്നോട്ടു വയ്ക്കാനുണ്ടായിരുന്നില്ല. നല്ല പൊതുസമ്പര്‍ക്ക പ്രചാരണം കൂടിയായതോടെ ഇതൊക്കെയെന്ത് എന്ന പ്രതിപക്ഷചോദ്യം പലപ്പോഴും പരിഹാസ്യമായി അവസാനിച്ചു. 

3. വികസനപദ്ധതികള്‍

ആസൂത്രണവും പ്രതിബദ്ധതയുമില്ലാത്തതുകൊണ്ടു മാത്രം വര്‍ഷങ്ങള്‍ പിന്നില്‍ പോയ അടിസ്ഥാനസൗകര്യവികസനത്തില്‍ ഇടതുസര്‍ക്കാര്‍ ഊന്നല്‍ നല്‍കി. എന്നോ നിര്‍മിക്കേണ്ടിയിരുന്ന പാലങ്ങളും മേല്‍പ്പാലങ്ങളും സ്കൂള്‍ കെട്ടിടങ്ങളും സമയബന്ധിതമായി നടപ്പാക്കിക്കാണിക്കാന്‍ ഇടതുസര്‍ക്കാരിന് കഴിഞ്ഞു. ഗെയില്‍ പദ്ധതി, ദേശീയപാതാവികസനകാര്യങ്ങളില്‍ പ്രതിസന്ധി മറികടക്കാന്‍ ശേഷിയുണ്ടെന്നു തെളിയിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിനായി. വികസനത്തിന് വേഗം പോരെന്നു വിമര്‍ശിക്കാനല്ലാതെ, കേരളത്തിനെന്തു വേണം, എവിടെയാണ് ഊന്നല്‍ ഇല്ലാത്തത് എന്നു വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കാനോ ചോദ്യമുയര്‍ത്താനോ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. സത്യത്തില്‍ വികസനപദ്ധതികളില്‍ യു.ഡി.എഫ് സര്‍ക്കാരുകളും അത്ര മോശമായിരുന്നില്ല. പക്ഷേ പോസിറ്റീവ് സമീപനം പ്രതിപക്ഷത്തുനിന്നുയര്‍ത്താന്‍ കഴിഞ്ഞില്ല. 

4. അഴിമതി 

അഴിമതി രഹിതഭരണത്തിന് കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ നിലവിലുള്ള ഉള്ള ഏറ്റവും  നല്ല സാധ്യത ഏതാണ് എന്ന ചോദ്യമുയര്‍ന്നാല്‍ ഞങ്ങളാണ് മുന്നില്‍ എന്ന് അവകാശപ്പെടാന്‍ ഇടതുമുന്നണിക്കായി. സ്വർണക്കടത്ത് കേസ്,  ലൈഫ്മിഷൻ അഴിമതി  ഇതൊക്കെ ചോദ്യമായെങ്കിലും   കേരളത്തിലെ ജനങ്ങൾ വിശാലമായ ക്യാൻവാസിൽ തന്നെ വിലയിരുത്തി. അഴിമതി എങ്ങനെയാണ് സാധാരണ ജനങ്ങളെ ബാധിക്കുക? ഏറ്റവും വലിയ ഉദാഹരണമായി  പാലാരിവട്ടം പാലം കേരളത്തിലെ ജനങ്ങളുടെ മുന്നിലുണ്ടായിരുന്നു. അഴിമതി ദൈനംദിന ജീവിതത്തെ ബാധിക്കുന്നതെങ്ങനെയെന്ന് ഓരോ ദിവസവും ഇന്ധനവിലയിലൂടെയും പാചകവാതകവിലയിലൂടെയും  തിരിച്ചറിയുന്ന മനുഷ്യര്‍ക്ക് സ്വര്‍ണക്കടത്തുകേസില്‍ നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. അത് പ്രതിപക്ഷം തിരിച്ചറിഞ്ഞില്ല.

5. മതനിരപേക്ഷ രാഷ്ട്രീയനിലപാട്

 ഭീഷണിയാകുന്ന മതേതരത്വം എന്ന ചോദ്യം ലോക്സഭാതിരഞ്ഞെടുപ്പില്‍ കേരളം എങ്ങനെയാണ് പരിഗണിച്ചതെന്ന് നമ്മള്‍ കണ്ടതാണ്. പ്രായോഗികബുദ്ധിയുള്ള മലയാളി ഈ ഭീഷണിയെ  നോക്കിക്കാണുന്നത്   മതത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയം എന്നു മാത്രമായിരിക്കില്ല. മതധ്രുവീകരണരാഷ്ട്രീയം  അതിഭയങ്കരമായ കാപട്യമാണ്.  ഞങ്ങൾക്ക് ഒരു ജനതയുടെ ശരിയായ ജീവൽ പ്രശ്നങ്ങളെ മുൻനിർത്തി നിർത്തി കഠിനാധ്വാനം ചെയ്യാനോ അവരുടെ ജീവിതത്തിന് വേണ്ട വികസനപദ്ധതികൾക്ക് തലപുകയ്ക്കാനോ താല്പര്യമില്ല എന്ന കുററ്സമ്മതം കൂടിയാണത്. മതേതരത്വത്തിൽ വെള്ളം ചേർക്കുന്ന രാഷ്ട്രീയപാർട്ടികളെ തിരിച്ചറിയാൻ മാത്രമുള്ള ബുദ്ധി മലയാളികൾക്ക് ഇല്ല എന്ന് തെറ്റിദ്ധരിച്ചുവെന്നതാണ് പ്രതിപക്ഷത്തിന്റെ വെല്‍ഫെയര്‍സഖ്യത്തിലെ ആദ്യത്തെ പ്രശ്നം. ശബരിമലയില്‍ യുഡിഎഫ് സ്വീകരിച്ച രാഷ്ട്രീയസമീപനം കേരളത്തിന് സ്വീകാര്യമാണ് എന്ന് സത്യത്തില്‍ ഇപ്പോഴും അവര്‍ വിശ്വസിക്കുന്നുണ്ടോ എന്നതൊരു ചോദ്യമാണ്. 

സ്വര്‍ണക്കടത്തുകേസിലെ വിവാദങ്ങള്‍ മാത്രം ഫലം കൊണ്ടുവരുമെന്നു കാത്തിരുന്ന പ്രതിപക്ഷം മേലനങ്ങാതെ അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കുന്ന അലസത കാണിക്കുകയും ചെയ്തു. പ്രതിലോമകരമായ ആക്രമണോല്‍സുകതയില്‍ അഭിരമിക്കുകയും ചെയ്തു. പക്ഷേ എന്നിട്ടും  കേരളത്തിലെ ജനങ്ങള്‍ യു.ഡി.എഫിനെ പൂര്‍ണമായി തള്ളിക്കളഞ്ഞില്ല എന്നതിലാണ് അതിശയിക്കേണ്ടത്. വേണവേണമെങ്കില്‍ തിരുത്താന്‍ അവസരം ബാക്കിവയ്ക്കുന്നുണ്ട് കേരളത്തിലെ വോട്ടര്‍മാര്‍. പക്ഷേ ഇനി രണ്ടാമതൊരു അവസരം കൂടിയുണ്ടാകുമെന്ന് കോണ്‍ഗ്രസും പ്രതിപക്ഷവും പ്രതീക്ഷിക്കരുത്. 

ഒന്നേമുക്കാല്‍ വര്‍ഷം മുന്‍പ് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 ലക്ഷം വോട്ടിന്റെ മുന്‍തൂക്കമുണ്ടായിരുന്ന യു.ഡി.എഫാണ് ഇന്ന് ഇങ്ങനെ നില്‍ക്കുന്നത്.  അന്ന് 127 

നിയമസഭാമണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. ഇത്തവണ 101 മണ്ഡലങ്ങളിലേക്ക് എല്‍.ഡി.എഫിന് ഭൂരിപക്ഷം തിരിച്ചുപിടിക്കാനായി. കിട്ടാവുന്ന ഏറ്റവും വലിയ താക്കീത് ഈ തദ്ദേശത്ത് കേരളം യു.ഡി.എഫിന് നല്‍കിയിട്ടുണ്ട്. കേരളം കോണ്‍ഗ്രസിന് മാത്രം കൊടുക്കുന്ന നിരവധി ആനുകൂല്യങ്ങളുണ്ട്. അടിമുടി അഴിമതിയില്‍ ഉലഞ്ഞുനിന്നാലും ആരോപണപ്രത്യാരോപണങ്ങളില്‍ കുളിച്ചു നിന്നാലും കേരളം കോണ്‍ഗ്രസുകാരോടു ക്ഷമിക്കും. കര്‍ശനരാഷ്ട്രീയമൂല്യങ്ങളുടെ വിചാരണ കോണ്‍ഗ്രസിന് ബാധകമല്ല. ഇത്തരം ആനുകൂല്യങ്ങളുടെ ലാളനയില്‍ പെട്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് ഇത്രയും വഷളായിപ്പോയത്. ആഭ്യന്തരപരിശോധനയും ബാധകമല്ല, സാമൂഹിക ഓഡിറ്റും ബാധകമല്ല. വിശ്വാസ്യതയോ മതനിരപേക്ഷ മൂല്യമോ വെള്ളം ചേര്‍ക്കുന്നത് ചോദ്യം ചെയ്യപ്പെടില്ല. ഈ ആനുകൂല്യങ്ങളുടെ പരിലാളനയില്‍ സ്വന്തം പാര്‍ട്ടിയുടെ അതിജീവനം പോലും കോണ്‍ഗ്രസുകാരുടെ ബാധ്യതയല്ലാതായി. അവനവന്റെ അതിജീവനം മാത്രം നോക്കേണ്ട ബാധ്യതയേ ഇന്ന് ഏത് കോണ്‍ഗ്രസുകാരനുമുള്ളൂ. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയില്‍ പാര്‍ട്ടിക്കോ നേതൃത്വത്തിനോ മാത്രമല്ല ഉത്തരവാദിത്തമുള്ളത് എന്നു ചുരുക്കം. 

കേരളത്തിന്  യു.ഡി.എഫിനോട് അങ്ങനെ ഒരു സ്ഥായിയായ വിരോധമില്ലെന്നാണ് രാഷ്ട്രീയചരിത്രം. അത് തിരിച്ചറിഞ്ഞ് അടിസ്ഥാനരാഷ്ട്രീയപാഠങ്ങളിലേക്ക് തിരിച്ചുപോയാല്‍ ഇനിയും തിരിച്ചുവരാവുന്ന രാഷ്ട്രീയാന്തരീക്ഷമാണ് കേരളത്തിലുള്ളത്. പക്ഷേ അതിനു തയാറായില്ലെങ്കില്‍ പതിയെ കേരളം യു.ഡി.എഫിനെ മറക്കാന്‍ തയാറെടുക്കേണ്ടി വരും. 

ഇതിനൊപ്പം കേരളം സൂക്ഷ്മമായി വിലയിരുത്തേണ്ടത് തദ്ദേശതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടിയാണ്. വന്‍മുന്നേറ്റം നടത്തുമെന്ന പ്രഖ്യാപിച്ച ബി.ജെ.പിക്ക് അഞ്ചു വര്‍ഷം കൊണ്ടുണ്ടാകേണ്ട സ്വാഭാവികവളര്‍ച്ച പോലും കേരളം നല്‍കിയില്ല. കേരളത്തിലെ വോട്ടര്‍മാര്‍ ബി.ജെ.പിയോടു പറയാനുള്ളത് വൃത്തിയായും കൃത്യമായും പറയുന്നതാണ് തിരഞ്ഞെടുപ്പ് കണക്കുകളില്‍ കാണുന്നത്. ധ്രുവീകരണ രാഷ്ട്രീയത്തോടു സന്ധി ചെയ്യാന്‍ കേരളമില്ല. 

സത്യത്തില്‍ പാലക്കാട്ടെ ദൃശ്യങ്ങള്‍ കാണാന്‍ അവസരമൊരുക്കിയതിന് രാഷ്ട്രീയകേരളം പാലക്കാട്ടെ ബി.ജെ.പി. പ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നു. ബി.ജെ.പി. അധികാരം എന്തിനുപയോഗിക്കുന്നുവെന്ന് അവര്‍ തന്നെ പറയുന്നതിനേക്കാള്‍ നല്ലൊരു മാര്‍ഗം മനസിലാക്കാനില്ല.  

ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് കേരളത്തിനു പറയാനുള്ളതെന്താണെന്ന് ശതമാനക്കണക്കുകളില്‍ വോട്ടര്‍മാര്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. 2019ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ 15.64 ശതമാനം വോട്ടു കിട്ടിയ ബി.ജെ.പി. മുന്നണിക്ക് ഇത്തവണ 14.52 ശതമാനം വോട്ടു മാത്രമാണ് കിട്ടിയത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും ഇതിലേറെ വോട്ട് എന്‍.ഡി.എയ്ക്ക് കിട്ടിയിരുന്നു. 14.96 ശതമാനം. ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും മോശം പ്രകടനമാണ് ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പില്‍ കാഴ്ച വയ്ക്കാനായത്. നിയമസഭാമണ്ഡലങ്ങളുടെ അടിസ്ഥാനത്തിലെടുത്താല്‍ നേമത്ത് മാത്രമാണ് ഇപ്പോള്‍ ഒന്നാമതുള്ളത്. 2016ല്‍ ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ രണ്ടാമതുണ്ടായിരുന്നെങ്കില്‍ തദ്ദേശാടിസ്ഥാനത്തില്‍ അത് നാലിലൊതുങ്ങി. മലമ്പുഴ, പാലക്കാട്, ചാത്തന്നൂര്‍ മണ്ഡലങ്ങളിലെ രണ്ടാം സ്ഥാനം മൂന്നാമതായി മാറി. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലാടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ളത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍   1234 വാര്‍ഡുകള്‍ നേടിയ പാര്‍ട്ടിക്ക് 1600 വാര്‍ഡിലെത്തിക്കാന്‍ പാടുപെടേണ്ടി വന്നു ഇത്തവണ. 3000 വാര്‍ഡെങ്കിലും കുറഞ്ഞത് കൂടെപ്പോരും എന്നായിരുന്നു യാഥാര‍്ഥ്യബോധത്തോടെ വിലയിരുത്തിയ നേതാക്കളുടെയും പ്രതീക്ഷ. 

ബി.ജെ.പിക്ക് കേരളത്തോടു പറയാനുണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ചു മാത്രമായിരുന്നു. ബി.ജെ.പി അധികാരം നേടിയാല്‍ എന്തു മാറ്റമുണ്ടാകുമെന്ന് പക്ഷേ ജനങ്ങള്‍ ചിന്തിച്ചുവെന്നു വേണം തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.  

ബി.ജെ.പിയെ കേരളം തടുത്തുനിര്‍ത്തിയതെങ്ങനെയാണ്? തദ്ദേശശക്തി വിളിച്ചോതി കേരളം പിടിച്ചടക്കുമെന്ന പ്രഖ്യാപനത്തോട് വോട്ടര്‍മാര്‍ നിസഹകരണം പുലര്‍ത്തിയതെന്തുകൊണ്ടാണ്? ഇടതുമുന്നേറ്റത്തിനൊപ്പം മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള കേരളത്തിന്റെ പ്രതിബദ്ധത തന്നെയാണ് ഒന്നാമത്തെ കാരണം. കേരളത്തിലെ ജനങ്ങള്‍ക്ക് ഇന്ധനവിലയുടെ കണക്കറിയാം, പാചകവാതകത്തിന്‍ തൊട്ടാല്‍ പെള്ളുമെന്നറിയാം,  നോട്ടുനിരോധനത്തിന്റെ നോവറിയാം. ഒരു മതേതരസമൂഹത്തില്‍ കലര്‍ത്താന്‍ കൊണ്ടുവരുന്നതെന്താണെന്ന് അതിനേക്കാള്‍ നന്നായറിയാം. 

ബി.െജ.പിക്കു വോട്ടു ചെയ്യാതിരുന്നതെന്തുകൊണ്ട് എന്നതിനേക്കാള്‍ വോട്ടു ചെയ്യാന്‍ എന്തുണ്ടായിരുന്നു കാരണം എന്നന്വേഷിക്കുകയാണ് എളുപ്പം. വര്‍ഗീയധ്രുവീകരണ രാഷ്ട്രീയം ഒരു സമൂഹത്തോടു ചെയ്യുന്നതെന്തായിരിക്കുമെന്ന് കേരളത്തിന് നന്നായറിയാം. ശബരിമല പ്രശ്നത്തിന്റെ പേരില്‍ നടന്ന മുതലെടുപ്പ് പോലും തല്‍ക്കാല വൈകാരികതയ്ക്കപ്പുറം കൊണ്ടുപോകാന്‍ തയാറല്ലെന്നൊരു ഉറച്ച നിലപാട് കൂടി ഈ തദ്ദേശതിരഞ്ഞെടുപ്പില്‍ കേരളം പ്രഖ്യാപിക്കുന്നുണ്ട്.  

കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച ചെറുക്കാനുള്ള ബാധ്യത ഇടതുമുന്നണിയുടേതു മാത്രമല്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. ഒരു തിരഞ്ഞെടുപ്പിലെ താല്‍ക്കാലികനേട്ടത്തിനു വേണ്ടി സഖ്യതീരുമാനങ്ങളെടുക്കുമ്പോള്‍ അത് ബി.ജെ.പിക്കു തുറന്നു കൊടുക്കുന്ന അവസരം യു.ഡി.എഫ് അവഗണിക്കുന്നത് കേരളത്തോടു ചെയ്യുന്ന നീതികേടാണ്. ഇത്തവണ ബി.ജെ.പി. മുന്നേറ്റമുണ്ടായില്ലെന്നത് ശരിയാണ്. പക്ഷേ ഇത് താല്‍ക്കാലികാശ്വാസം മാത്രമാണ്. തെലങ്കാനയില്‍ സംഭവിക്കുന്നത് കേരളം കാണുന്നുണ്ട്. കര്‍ണാടക പാഠമാണ്. തമിഴ്നാട്ടില്‍ ഒരുങ്ങുന്ന രാഷ്ട്രീയഅണിയറ കേരളം തിരിച്ചറിയണം. ഏതു വിധേനയും എന്തു വില കൊടുത്തും ഇനി കീഴടക്കാനുള്ള ഒരു പ്രദേശം മാത്രമാണ് ബി.ജെ.പിക്ക് ഇനി കേരളം. തല്‍ക്കാലം പാര്‍ട്ടിക്കുള്ളിലെ തമ്മിലടി തന്നെ ബി.ജെ.പിയെ തടുത്തുനിര്‍ത്തുന്നുണ്ടെങ്കിലും കേന്ദ്രനേതൃത്വം തീരുമാനിച്ചു കഴിഞ്ഞാല്‍ സ്ഥിതി മാറുമെന്നു തന്നെ കരുതിയിരിക്കണം . ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ഏതു രാഷ്ട്രീയവും കേരളത്തിലും വളരട്ടെ. പക്ഷേ പ്രതിലോമകരമായ രാഷ്ട്രീയം ഉപേക്ഷിക്കാതെ, തിരുത്താതെ സ്വീകാര്യതയില്ലെന്ന ഒരു രാഷ്ട്രീയപ്രഖ്യാപനം കേരളം നടത്തിയെന്നത് ആശ്വാസകരമാണ്.  

ചുരുക്കത്തില്‍ കേരളം ഇപ്പോഴും നമ്മുടെ രാജ്യത്ത് ഒരു തുരുത്താണെന്നു തെളിയിക്കുന്നു തദ്ദേശവിധി. പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന പോസിറ്റീവ് രാഷ്ട്രീയത്തിന്റെ തിരഞ്ഞെടുപ്പു കൂടിയാണ് നടന്നത്. കേരളം പതിവു പാറ്റേണുകള്‍ മാറ്റിയിരിക്കുന്നു. അലസവും അഹംഭാവം നിറഞ്ഞതുമായ അമിത ആത്മവിശ്വാസങ്ങളെ തള്ളിക്കളയുന്നു. ജനസേവനത്തില്‍ ഊന്നിയുള്ള മാതൃകകളെ തിരിച്ചറിയുന്നു. ഏറ്റെടുക്കുന്നു. കേരളസമൂഹത്തിന്റെ അടിസ്ഥാനസവിശേഷതകള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള സൂക്ഷ്മജാഗ്രത വോട്ടര്‍മാര്‍ക്കുണ്ട് എന്നു തിരിച്ചറിയുന്നവര്‍ക്കുള്ളതാണ് ഭാവിയുടെ കേരളരാഷ്ട്രീയം.  

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...