പ്രതിപക്ഷത്തിന് ആയുധം; പാര്‍ട്ടിക്ക് പ്രതിസന്ധി; എല്ലാം ഐസക്ക് വക..!

pva-issac
SHARE

ധനമന്ത്രി തോമസ് ഐസക്ക് ഒരു പുതിയ നേട്ടം കുറിച്ച് ചരിത്രത്തില്‍ ഇടം നേടുകയാണ്. എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായി വിശദീകരണം ന്ല്‍കേണ്ടി വരുന്ന ആദ്യമന്ത്രി. അതിനൊപ്പം മറ്റൊരു പദവി കൂടി അദ്ദഹം ഈ ദിവസങ്ങളില്‍ സ്വന്തമാക്കി. പാര്‍ട്ടിക്കു പരസ്യമായി തിരുത്തേണ്ടി വന്ന,മുഖ്യമന്ത്രിക്കു തള്ളിപ്പറയേണ്ടി വന്ന മന്ത്രി. പാര്‍ട്ടിയും സര്‍ക്കാരും കടുത്ത ചോദ്യങ്ങള്‍ നേരിടുന്ന സമയത്ത് ധനമന്ത്രി തന്നെ സ്വന്തം സര്‍ക്കാരിന് പുതിയൊരു വെല്ലുവിളിയുമായി രംഗത്തെത്തിയത് എന്തുകൊണ്ടാണ്?  പൊതുവേ വിലയിരുത്തപ്പെടുന്നതുപോലെ വീണ്ടും തലപൊക്കുന്ന വിഭാഗീയത, പിണറായിക്കൊരു എതിരാളി എന്നീ തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ ധനമന്ത്രിക്കു കെല്‍പുണ്ടോ? തിരുവായ്‌ക്കെതിര്‍വായില്ലാത്തതുകൊണ്ടു മാത്രമാണോ ഐസക്കിന്‌റെ ചോദ്യത്തെ പാര്‍ട്ടിക്കു തള്ളിപ്പറയേണ്ടി വന്നത്.?  വിയോജിപ്പിന്‌റെയും അമര്‍ഷത്തിന്‌റെയും പുകയുന്ന അവസ്ഥ സി.പി.എമ്മിനകത്തുണ്ടോ?പാര്‍ട്ടിയെ ശരിക്കും പ്രതിസന്ധിയിലാക്കുന്നത് പ്രതിപക്ഷമാണോ പ്രധാന നേതാക്കളാണോ?

സംസ്ഥാന ധനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് വ്യാപകമായി റെയ്ഡ് നടത്തിയതിനെക്കുറിച്ച് ധനമന്ത്രി ഉന്നയിച്ച പ്രധാന ചോദ്യം ഇതാണ്്. ഈ ചോദ്യത്തോടെ കെ.എസ്.എഫ്.ഇയില്‍ 40 ഇടങ്ങളിലായി നടന്ന പരിശോധന വിവാദത്തിലായി. തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗം് ആനത്തലവട്ടം ആനന്ദനും തിരഞ്ഞെടുപ്പിനിടെ നടത്തിയ റെയ്ഡിനെതിരെ പൊട്ടിത്തെറിച്ചു. 

പൊലീസ് നിയമഭേദഗതിയുടെ പേരില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുകയായിരുന്ന ആഭ്യന്തരവകുപ്പ് വീണ്ടും പ്രതിക്കൂട്ടിലായി. രണ്ടു ദിവസം ചര്‍ച്ചകളും വിശകലനങ്ങളും നീണ്ടു. പക്ഷേ മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനത്തില്‍ വന്നിരുന്ന്് ഒരു നീണ്ട പട്ടിക  വായിച്ചു.

തൊട്ടടുത്ത ദിവസം സി.പി.എം സെക്രട്ടേറിയറ്റ് ചേര്‍ന്നു, മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പൂര്‍ണപിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ധനമന്ത്രിയെയും ആനത്തലവട്ടത്തെയും പരസ്യമായി തിരുത്തിയും  ഒരു വാര്‍ത്താക്കുറിപ്പുമിറക്കി.  പരസ്യപ്രതികരണം പാടില്ലായിരുന്നുവെന്ന് ധനമന്ത്രിയോട് പരസ്യമായിത്തന്നെ പാര്‍ട്ടിക്ക് തിരുത്തേണ്ടിവന്നു. പരസ്യമായ തിരുത്തല്‍ വരും മുന്‍പേ നിലപാട് മയപ്പെടുത്തിയിരുന്ന ഐസക്ക് ക്ഷീണം മാറ്റാന്‍ ചെറുതായൊരു ശ്രമം നടത്തി പിന്‍വാങ്ങി. 

പറയാനുള്ളത് തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ പറയുമെന്ന ധനമന്ത്രിയുടെ പ്രതിരോധം ഒരു യുദ്ധപ്രഖ്യാപനമാണെന്ന്  തെറ്റിദ്ധരിക്കേണ്ടതുണ്ടോ?അങ്ങനെയൊരു പ്രതിരോധ സാധ്യത ഇപ്പോഴും സി.പി.എമ്മില്‍ ഇല്ല എന്നു മാത്രമല്ല. ഇക്കാര്യത്തില്‍ പൊതുജനം പോലും ധനമന്ത്രിക്കൊപ്പമായിരിക്കില്ല എന്നുംപറയേണ്ടി വരും. കാരണം അഴിമതിയും ക്രമക്കേടും തടയാന്‍ എന്റെ വകുപ്പ് സുതാര്യമായി നടപടിയെടുത്തു എന്നാണ് മുഖ്യമന്ത്രി കേരളത്തോടു പറഞ്ഞത്. ഞാനതിനെ ചെറുക്കാന്‍ ശ്രമിച്ചുവെന്നു സമ്മതിക്കേണ്ട അവസ്ഥയിലാണ് ധനമന്ത്രി എത്തിച്ചേര്‍ന്നത്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയ ഭരണനിര്‍വഹണശൈലിയോടു വിയോജിക്കുമ്പോള്‍ പോലും ധനമന്ത്രിയോട് ഈ വിഷയത്തില്‍ ഗൗരവമുള്ള ചോദ്യങ്ങളുണ്ട്. 

ഒറ്റക്കെട്ടായ പാര്‍ട്ടി, വിഭാഗീയതയെ നിഷ്‌കാസനം ചെയ്ത പാര്‍ട്ടി എന്ന സി.പി.എമ്മിന്റെ  ആത്മവിശ്വാസം ഒരു വിജിലന്‍സ് റെയ്ഡോടെ  സത്യാവസ്ഥ  കാണിച്ചുതന്നു എന്നൊക്കെ വിലയിരുത്തലുകളുണ്ടായി. പക്ഷേ യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തിയാല്‍ അത്തരമൊരു പ്രതിരോധം പാര്‍ട്ടിയിലും മുന്നണിയിലും ഉയര്‍ന്നിട്ടില്ല എന്നതാണ് വസ്തുത. 

മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനെ തള്ളിപ്പറയാന്‍ മറ്റു മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഒരൊറ്റ വാര്‍ത്താസമ്മേളനമേ വേണ്ടി വന്നുള്ളൂ. പക്ഷേ  വിജിലന്‍സ് റെയ്ഡിന്റെ കാര്യത്തില്‍ ധനമന്ത്രി അത്യാവേശം കാണിച്ചുവെന്നത് വ്യക്തമാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സിനെ തടയാന്‍ മന്ത്രി രംഗത്തെത്തിയതെന്തിനാണ് എന്ന ചോദ്യമാണ് അതോടെ ഉയര്‍ന്നത്. തിരഞ്ഞെടുപ്പ്, രാഷ്ട്രീയസാഹചര്യം, സ്വര്‍ണക്കടത്തു കേസില്‍ കേരളസര്‍ക്കാര്‍ നേരിടുന്ന ചോദ്യങ്ങള്‍ ഇതൊക്കെ പ്രശ്‌നമാണ്. പക്ഷേ ആ പ്രതിസന്ധിഘട്ടമറിഞ്ഞും പാര്‍ട്ടിക്കോ സര്‍ക്കാരിനോ അല്‍പം പോലും സഹായകമായ  സമീപനമല്ല ധനമന്ത്രിയില്‍ നിന്നുണ്ടായത്. ധനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള അകലം നാട്ടുകാര്‍ അറിഞ്ഞു എന്നല്ലാതെ കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനും ഗുണം ചെയ്തില്ല. കിഫ്ബി -സി.എ.ജി. വിവാദത്തിലും ഒരു മുഴം മുന്നേ എറിഞ്ഞെങ്കിലും ഒടുവില്‍ ധനമന്ത്രിയുടെ നേര്‍ക്കാണ് ചോദ്യങ്ങള്‍ തിരിഞ്ഞിരിക്കുന്നത്. അന്തിമറിപ്പോര്‍ട്ടിനെ കരടായി അവതരിപ്പിച്ച് കേരളത്തെ മാത്രമല്ല, മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ച സാഹചര്യമെന്താണ് എന്ന്  ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒടുവില്‍ അവകാശലംഘന നോ്ട്ടീസില്‍ എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ ധനമന്ത്രിയോട് ആവശ്യപ്പെടേണ്ട സാഹചര്യമാണ് കേരളത്തിലുണ്ടായത്.

ഇടതുമുന്നണിക്ക് ഭൂരിപക്ഷമുള്ള എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് ധനമന്ത്രിക്ക് അപകടമൊന്നും സംഭവിക്കില്ല എന്നുറപ്പ്. പക്ഷേ ധനമന്ത്രി അവതരിപ്പിക്കുന്നതുപോലെ അത്ര നിസാരമല്ല ഈ രണ്ടു വിവാദങ്ങളും പ്രതിപക്ഷത്തിന് സംഭാവന ചെയ്തിരിക്കുന്ന ചോദ്യങ്ങള്‍. 

തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ പോകുകയാണ്. കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടലിനെതിരെ സമരം നടത്തുന്ന ഇടതുമുന്നണിയുടെ മന്ത്രിയാണ് സ്വന്തം സര്‍ക്കാരിന്റെ വിജിലന്‍സിനെതിരെയും ആഞ്ഞടിച്ചത്. പ്രശ്‌നം ഏജന്‍സികളല്ല, ക്രമക്കേട് മറച്ചു വയ്ക്കാനുള്ള ശ്രമമാണ് എന്ന് പുതിയൊരു ആയുധം പ്രതിപക്ഷത്തിന് റെയ്ഡ് വിവാദത്തില്‍ നിന്നു കിട്ടി. ധനമന്ത്രിയുടെ വ്യക്തിപരമായ വിശ്വാസ്യതയെ മാത്രമല്ല, ഇടതുമുന്നണിയുടെ രാഷ്ട്രീയപ്രതിരോധശ്രമങ്ങളുടെ സത്യസന്ധത കൂടി ചോദ്യം ചെയ്യാനുള്ള അവസരം പ്രതിപക്ഷത്തിന് ധനമന്ത്രി വച്ചു നീട്ടി. 

പ്രതിപക്ഷത്തിന് ന്യായമായും ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ത്താനുള്ള സാഹചര്യമുണ്ടായി. കിഫ്ബി വിവാദവും സി.എ.ജിയുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ എന്ന പ്രതീതി സൃഷ്ടിക്കലും ആവശ്യമായിരുന്നോ എന്നു കൂടി ഇടതുമുന്നണിക്കു വിലയിരുത്തേണ്ടി വരും. നിലവില്‍ തന്നെ പ്രതിസന്ധിയിലായ സര്‍ക്കാരിനെയും പാര്‍്ടടിയെയും കൂടുതല്‍ ആശയക്കുഴപ്പത്തിലും പ്രതിരോധത്തിലുമാക്കുകയല്ല ഒരു കേന്ദ്രകമ്മിറ്റി അംഗം ചെയ്യേണ്ടത്. ഒരു സന്നിഗ്ധഘട്ടത്തില്‍ മുതിര്‍ന്ന നേതാവ് സ്വന്തം വകുപ്പിനെ മാത്രം പ്രതിരോധിക്കുന്നതില്‍ അനൗചിത്യം മാത്രമല്ല, ഗുരുതരമായ ഉത്തരവാദിത്തരാഹിത്യം കൂടിയുണ്ട്. സ്വര്‍ണക്കടത്തുകേസ് തീര്‍ത്ത പ്രതിസന്ധി മുതല്‍ ഒറ്റക്കെട്ടായി നിന്ന ഒരു പാര്‍്ട്ടി എ്‌നതു മാത്രമായിരുന്നു രാഷ്ട്രീയമായി ഇടതുമുന്നണിക്കുണ്ടായിരുന്ന ആനുകൂല്യം. ഇ.ഡി. കൃത്യമായ തെളിവുകളൊന്നും ഇതുവരെ മുന്നോട്ടു വച്ചിട്ടില്ലെങ്കിലും രാഷ്ട്രീയചര്‍ച്ചകള്‍ സജീവമാക്കി നിര്‍ത്താന്‍ സഹായിക്കും വിധം അന്വേഷണം മുന്നോട്ടു പോകുന്നുണ്ട്. 

പാര്‍ട്ടി എങ്ങനെയെല്ലാം വിശദീകരിച്ചാലും സ്വര്‍ണക്കടത്തു കേസോടെ മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ചു പുറത്തുവന്ന വസ്തുതകള്‍ കേരളത്തിനു മുന്നിലുണ്ട്. മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വ്യക്തിപരമായ കുറ്റകൃത്യം എന്ന നിലയില്‍ ഒതുങ്ങുന്നില്ലെങ്കില്‍ അതുണ്ടാക്കുന്ന രാഷ്ട്രീയപ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. 

അതിനിടയില്‍ കേരളം തദ്ദേശജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ പോകുകയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സി.പി.എമ്മിന്‌റെ വാദങ്ങള്‍ കൗതുകകരമാണ്. ഇടതുമുന്നണിയെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ വികസനം മാത്രമേ ചര്‍ച്ച ചെയ്യാന്‍ പാടുള്ളൂ. സര്‍ക്കാര്‍ നേരിടുന്ന രാഷ്ട്രീയചോദ്യങ്ങളെല്ലാം വികസനഅജന്‍ഡയെ വഴി തെറ്റിക്കാനുള്ള കുല്‍സിതശ്രമമാണ്. എന്നാല്‍ യു.ഡി.എഫിനെക്കുറിച്ചോ കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെക്കുറിച്ചോ വികസനം മിണ്ടാന്‍ പാടില്ല, രാഷ്ട്രീയം മാത്രം പറയണം.  ഞങ്ങളെക്കുറിച്ച് രാഷ്ട്രീയം പറയരുത്, വികസനം മാത്രമേ ചര്‍ച്ച ചെയ്യാവൂ എന്നാവശ്യപ്പെട്ടു കൊണ്ട്് ആദ്യമായായിരിക്കണം ഇടതുപക്ഷം ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരേ രാഷ്ട്രീയ വിവാദത്തില്‍ ഇരട്ട നിലപാടുമായി ജനങ്ങളെ നേരിടേണ്ടി വരുന്ന വൈരുധ്യം കൂടി ഇത്തവണ ഇടതുമുന്നണി നേരിടുന്നുണ്ട്. സോളര്‍കേസിലും ബാര്‍കോഴക്കേസിലും.പാതി പറയാം, പാതി മറന്നുകളയണം എന്നാണ് ഇടതുമുന്നണി ആവശ്യപ്പെടുന്നത്. 

സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും രാഷ്ട്രീയപ്രശ്‌നങ്ങളും ചര്‍ച്ചയാകുമ്പോള്‍ വികസനം ചര്‍ച്ച ചെയ്യാത്തവര്‍ രാജ്യദ്രോഹികള്‍, മുടിഞ്ഞു പോകും എന്ന പ്രാക്ക് ദേശീയ രാഷ്ട്രീയത്തില്‍ കഴിഞ്ഞ ആറരവര്‍ഷമായി രാജ്യം കാണുന്നതാണ്.  കേരളം തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങിയപ്പോള്‍ അതേ മന്ത്രമാണ് ഇപ്പോള്‍ ഭരണമുന്നണി പ്രയോഗിക്കുന്നത്. 

പക്ഷേ പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ രാഷ്ട്രീയമായി തന്നെ ചര്‍ച്ച മുന്നോട്ടു പോകണം. സി.എം.രവീന്ദ്രനെ വിളിപ്പിക്കുമ്പോള്‍ ചോദ്യം ചെയ്യുന്നതുകൊണ്ടൊന്നും  ആരും പ്രതിയാകില്ല. പക്ഷേ അന്വേഷണം തുടങ്ങും മുന്നേ തന്നെ രമേശ് ചെന്നിത്തല കുറ്റക്കാരനായിക്കഴിഞ്ഞു. ബാര്‍േകാഴക്കേസ് എന്നു മുഴുവന്‍ പറയാനും പാടില്ല. കാരണം  ജോസ് കെ.മാണിക്കെതിരായ വെളിപ്പെടുത്തല്‍ ഒട്ടും പ്രസക്തമല്ല. വെളിപ്പെടുത്തിയത് ഒരേ വ്യക്തിയാണെങ്കിലും ഇടതുസര്‍ക്കാരിന്റെ നിഷ്പക്ഷ വിജിലന്‍സ് ഒരു തവണ അന്വേഷിച്ചു തള്ളിയ കോഴക്കേസാണെങ്കിലും സെലക്റ്റീവായി ബാര്‍കോഴ ചര്‍ച്ച ചെയ്യാം. സോളര്‍ കേസിലെ വെളിപ്പെടുത്തലുകളിലും ജോസ് കെ.മാണിയുടെ പേര് വരാതെ പ്രത്യേകം ശ്രദ്ധിച്ചു മുന്നോട്ടു പോകണമെന്നതാണ് ഇടതുമുന്നണി ലൈന്‍. അതായത് നമ്മളെക്കുറിച്ചാരും രാഷ്ട്രീയം പറയണ്ട, നമ്മളോടൊപ്പം മുന്നണി മാറിവന്നവരെക്കുറിച്ചും രാഷ്ട്രീയം വേണ്ട, വികസനം മതി എന്നാണ് മുദ്രാവാക്യം. 

കേരളത്തിന് വികസനം പ്രധാനമാണ്. രാഷ്ട്രീയവും പ്രധാനമാണ്. വികസനം ഭരണകൂടത്തിന്റെ ഔദാര്യമായി അവതരിപ്പിക്കുന്നത് അനൗചിത്യമാണ്. ഇടതുമുന്നണി സര്‍ക്കാരിന് ചിട്ടയായ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനുണ്ട്. പക്ഷേ ഇടതുരാഷ്ട്രീയത്തിന് വിരുദ്ധമായി ഭരണകൂടം പ്രവര്‍ത്തിച്ച രാഷ്ട്രീയപ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനുണ്ട്. 

ഈ  തദ്ദേശതിരഞ്ഞെടുപ്പ് കേരളത്തിന് അതിനിര്‍ണായകമാകുന്നത് രാഷ്ട്രീയകാരണങ്ങള്‍ കൊണ്ടാണ്. കുറച്ചപ്പുറത്ത് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്  കേരളത്തിലെ ഇരുമുന്നണികളും മനസിരുത്തി ഒന്നു കാണുന്നത് നന്നാവും. തിരുത്തേണ്ടത് തിരുത്താനും അവഗണിച്ചത് പരിഗണിക്കാനുമുള്ള സമയം ഇപ്പോഴും കേരളരാഷ്ട്രീയത്തിനു മുന്നിലുണ്ട്. പക്ഷേ ആ അവസരം ആവര്‍ത്തിക്കുമെന്ന ഉദാസീനത അപകടമാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...