‘പാലാരിവട്ടം’ യു.ഡി.എഫിനെ വേട്ടയാടും; തല്‍ക്കാല മുതലെടുപ്പു മാത്രമോ?

parayathe36
SHARE

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. സത്യത്തില്‍ ആ നടപടി അപ്രതീക്ഷിതമോ അവിചാരിതമോ അല്ല. അറസ്റ്റിന് തിരഞ്ഞെടുത്ത സമയത്തില്‍ മാത്രമാണ് പ്രതിപക്ഷത്തിനും പരിഭവം. പാലാരിവട്ടം പാലത്തില്‍ അഴിമതിയും ക്രമക്കേടും നടന്നില്ലെന്നു വാദിക്കാന്‍ മാത്രം സ്വബോധമില്ലാത്ത പ്രതിപക്ഷനേതാക്കള്‍ കേരളത്തിലില്ല. പക്ഷേ സര്‍ക്കാര്‍ നേരിടുന്ന ചോദ്യങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ ബോധപൂര്‍വം തിരഞ്ഞെടുത്ത നടപടിയാണോ ഇബ്രാഹിംകുഞ്ഞിന്‌റെ അറസ്റ്റ്. അഥവാ ആണെങ്കില്‍ തന്നെ പാലാരിവട്ടം പാലത്തിന്‍റെ കാര്യത്തില്‍ പ്രതിപക്ഷം എന്തു പറഞ്ഞു രക്ഷപ്പെടും.

പാലാരിവട്ടം പാലം ക്രമക്കേട് ഒരു അന്വേഷണ ഏജന്‍സിയുടെയും റിപ്പോര്‍ട്ടിന്‌റെ സഹായമില്ലാതെ കേരളം കണ്‍മുന്നില്‍ കണ്ടു ബോധ്യപ്പെട്ടതാണ്. കേരളചരിത്രത്തില്‍ അഴിമതിയുടെയും ക്രമക്കേടിന്‍റെയും ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി പാലാരിവട്ടം പാലം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഉല്‍ഘാടനം ചെയ്ത് രണ്ടരവര്‍ഷത്തിനുള്ളില്‍ പൊട്ടിപ്പൊളിഞ്ഞ് അടച്ചിടേണ്ടി വന്ന ആദ്യത്തെ വന്‍നിര്‍മാണപദ്ധതിയാണ് പാലാരിവട്ടം മേല്‍പാലം. കേരളത്തിന്‌റെ നട്ടെല്ലായി തെക്കും വടക്കും ബന്ധിപ്പിക്കുന്ന ദേശീയപാത 66ലെ സുപ്രധാന മേല്‍പാലത്തിന്‌റെ ദുര്‍ഗതി കൊച്ചിക്കാരെ മാത്രമല്ല, മധ്യകേരളത്തിലൂടെ സഞ്ചരിക്കുന്ന എല്ലാവരെയും ബാധിച്ചു. ആദ്യപരിശോധനയിലേ ക്രമക്കേടു വ്യക്തമായ മേല്‍പാലനിര്‍മാണം അഴിമതിക്കേസില്‍ അന്നത്തെ പൊതുമരാമത്തു മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിംകുഞ്ഞ് മറുപടി പറയേണ്ടി വരുമെന്നുറപ്പായിരുന്നു. എന്തുകൊണ്ട് അറസ്റ്റ് ഇത്രയുംവൈകുന്നുവെന്ന് എറണാകുളത്തെ ഇടതുമുന്നണി പോലും പരസ്യമായി ചോദ്യമുയര്‍ത്തുന്ന നില വന്നു. പക്ഷേ എല്ലാത്തിനും ഈ സര്‍ക്കാരും വിജിലന്‍സും അതിന്‌റേതായ സമയം കാത്തിരുന്നുവെന്നു വ്യക്തം. സോളര്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ വേങ്ങര ഉപതിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുത്തത്ര കടുത്ത നീക്കം പിണറായി സര്‍ക്കാര്‍ നടത്തിയില്ലല്ലോ എന്നു യു.ഡി.എഫിനു സമാധാനിക്കാം. 

അല്ലെങ്കിലും പാലാരിവട്ടം മേല്‍പാലത്തിന്‌റെ കാര്യത്തില്‍ യു.ഡി.എഫും മുന്‍പൊതുമരാമത്തു മന്ത്രിയും എന്തു കരുണയാണ് അര്‍ഹിക്കുന്നത്. കൊടിയ അഴിമതിയുടെയും ക്രമക്കേടിന്‌റെയും നിതാന്ത സ്മാരകമാണ് കേരളത്തിന് പാലാരിവട്ടം പാലം. രാഷ്ട്രീയചരിത്രത്തില്‍ അങ്ങോളം യു.ഡി.എഫിന് ബാധ്യതയാകുന്ന ചോദ്യം. ഈ പാലത്തിന്‌റെ പേരില്‍ നടന്ന ക്രമക്കേടിനു മറുപടി പറയാതെ യു.ഡി.എഫിന്‌റെ ഒരു അഴിമതിവിരുദ്ധ മുദ്രാവാക്യവും ഇനി വിശ്വസനീയമാകില്ല. രാഷ്ട്രീയമായി സമയം തിരഞ്ഞെടുത്തു നടത്തിയ അറസ്റ്റ് എന്നു വിലപിക്കാം. പക്ഷേ രണ്ടു യു.ഡി.എഫ് എം.എല്‍.എമാര്‍ ഇപ്പോള്‍ അറസ്റ്റിലാണ്. രാഷ്ട്രീയപ്രേരിതമായി മാത്രം നടന്ന അറസ്‌റ്റെന്നു യു.ഡി.എഫിനു പോലും ഉറച്ചു പറയാന്‍ കഴിയാത്തതെന്താണെന്ന് മുന്നണി തന്നെ വിലയിരുത്തണം. 

തദ്ദേശതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പക്ഷേ പാലാരിവട്ടം മേല്‍പാലത്തിനുണ്ടായ ഗതി തദ്ദേശതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതല്ല എന്നു പ്രതിപക്ഷത്തിനു പറയാനാകുമോ. തദ്ദേശതിരഞ്ഞെടുപ്പില്‍ മാത്രമല്ല, നിയമസഭാതിരഞ്ഞെടുപ്പിലും പാലാരിവട്ടം ചര്‍ച്ചയാകണം. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നും എങ്ങനെ ഇനി ഇതു സംഭവിക്കാതിരിക്കണമെന്നും കേരളത്തിലെ യു.ഡി.എഫ്.നേതൃത്വം ജനങ്ങളോടു പറയണം. പൊളിച്ചു കളയാന്‍ മാത്രം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല പാലത്തിനെന്ന് സ്വയം പ്രഖ്യാപിത വിദഗ്ധരുടെ വിശകലനം മാത്രം മതിയാകില്ല പിിടിച്ചു നില്‍ക്കാന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അഅഭിമാനത്തോടെ അവകാശപ്പെട്ട പദ്ധതിയാണ് പാലാരിവട്ടം മേല്‍പാലത്തിന്‌റെ അതിവേഗനിര്‍മാണം. അതിവേഗതകര്‍ച്ചയും അതിനേക്കാള്‍ വേഗത്തില്‍ തെളിഞ്ഞ അഴിമതിയുമാണ് പക്ഷേ കേരളത്തിനു കാണാനായത്. 750 മീറ്റര്‍ നീഴത്തില്‍ നാലുവരി മേല്‍പാലം യു.ഡി.എഫ് സര്‍ക്കാരിന്‌റെ സ്പീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014 സെപ്റ്റംബറിലാണ് നിര്‍മാണം തുടങ്ങിയത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2016 ഒക്ടോബറിലാണ് പാലം ഉല്‍ഘാടനം ചെയ്തത്. പാലത്തിന്‌റെ നേട്ടം അന്ന് ഇരുമുന്നണികളും അവകാശപ്പെട്ടിരുന്നുവെന്നത് മറ്റൊരു തമാശ. ഉല്‍ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പാലത്തിന്‌റെ ഉപരിതലത്തില്‍ ഇരുപതിലേറെ കുഴികള്‍ രൂപപ്പെട്ടു. ആദ്യപരിശോധനയില്‍ കുഴികള്‍ മാത്രമല്ല, ഒട്ടനവധി വിള്ളലുകളും ഗുരുതരമായ അപാകതകളും കണ്ടെത്തി. തുടര്‍ന്ന് പല സംഘങ്ങള്‍ പരിശോധന നടത്തി. ചെന്നൈ ഐ.ഐ.ടി സംഘം സര്‍ക്കാരിന്‌റെ ആവശ്യപ്രകാരം നടത്തിയ വിദഗ്ധപരിശോധനയില്‍ പാലത്തിന്‌റെ രൂപകല്‍പന മുതല്‍ തന്നെ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തി. ഏറ്റവുമൊടുവില്‍ ഇ.ശ്രീധരന്‍ നടത്തിയ പരിശോധനയില്‍ പാലത്തിന്‌റെ മൂന്നിലൊരു ഭാഗം പൊളിച്ചു പണിയണമെന്ന് സര്‍ക്കാരിനു ശുപാര്‍ശ നല്‍കി. സംസ്ഥാനസര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. ലോഡ് ടെസ്റ്റ് നടത്താതെ പാലം പൊളിച്ചു പണിയുന്നതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജികള്‍ എത്തിയെങ്കിലും സംസ്ഥാനസര്‍ക്കാരിന്‌റെ തീരുമാനം ശരിയാണെന്നു കോടതികള്‍ വിധിയെഴുതി. 

പാലം പുതുക്കിപ്പണിഞ്ഞു തരാമെന്ന കരാര്‍ കമ്പനിയുടെ സന്നദ്ധത അംഗീകരിക്കാതെ പൊളിച്ചു പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നൊക്കെ പ്രതിപക്ഷം പറഞ്ഞു നോക്കിയെങ്കിലും അത് ജനങ്ങള്‍ ചെവിക്കൊള്ളുന്നില്ലെന്ന് അവര്‍ക്കു തന്നെ ഉറപ്പായിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെ ഒരു പരിധി വരെ കണ്ടില്ലെന്നു നടിക്കുന്ന പൊതുസമൂഹത്തിന് ഉള്‍ക്കൊള്ളാവുന്നതിലും വലിയ ക്രമക്കേടാണ് പാലാരിവട്ടത്തു പൊളിഞ്ഞു വീണു തെളിഞ്ഞത്. അതിനുള്ള രാഷ്ട്രീയമായ വില യു.ഡി.എഫ്  കേരളത്തിനു മുന്നില്‍വച്ചേ പറ്റൂ. ഒരു മുതലെടുപ്പ് വിലാപവും അവിടെ വിലപ്പോകില്ല.

മന്ത്രിയെന്ന നിലയിലുള്ള ധാര്‍മിക ഉത്തരവാദിത്തത്തിന്‌റെ പേരിലല്ല മുന്‍ പൊതുമരാമത്തു മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ത്തത്. ഇരുപത്തിയഞ്ചിലേറെ തവണ മന്ത്രി ക്രമവിരുദ്ധഇടപെടല്‍ നടത്തിയതായി വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരാറുകാരായ ആര്‍.ഡി.എസ് കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂര്‍ നല്‍കിയതടക്കമാണ് ഇത്. മന്ത്രി നേരിട്ടു തന്നെയാണ് പാലാരിവട്ടം പാലത്തിന്‌റെ എല്ലാ ഘട്ടത്തിലും ഇടപെട്ടത് എന്ന് അന്നത്തെ പൊതുമരാമത്തു സെക്രട്ടറി ടി.ഒ.സൂരജിന്‌റെ മൊഴിയുമുണ്ട്. എന്നു വച്ചാല്‍ വകുപ്പില്‍ നടന്ന ഒരു അഴിമതിയില്‍ ഭരണപരമായ ഉത്തരവാദിത്തമല്ല ഇബ്രാഹിം കുഞ്ഞ് നേരിടുന്ന ആരോപണം. നേരിട്ടു തന്നെ ക്രമക്കേടിനു കൂട്ടുനില്‍ക്കുകയും ഇടപെടുകയും ചെയ്തുവെന്നാണ്. വ്യക്തിപരമായ സാമ്പത്തികനേട്ടമുണ്ടായോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. 

പാലാരിവട്ടം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് എട്ട് മാസത്തിനു ശേഷമാണ് ഇബ്രാഹിംകുഞ്ഞ് അറസ്റ്റ ്‌ചെയ്യപ്പെടുന്നത്. അറസ്റ്റ് മുന്‍കൂട്ടി അറിഞ്ഞ് ആശുപത്രിവാസം, വാര്‍ത്ത ചോര്‍ന്നു, തുടങ്ങിയ നാടകീയതകളൊക്കെ മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കും. പക്ഷേ അടിസ്ഥാനചോദ്യം യു.ഡി.എഫിനെ വേട്ടയാടും. പാലാരിവട്ടംപാലത്തിന്‌റെ വിധിക്ക് ആരൊക്കെ മറുപടി പറയണം. അത് ഒരു തിരഞ്ഞെടുപ്പില്‍ തീരില്ല. തീരാനും പാടില്ല. കൃത്യമായ നിയമനടപടികള്‍ക്കൊടുവില്‍ ഇനി ആവര്‍ത്തിക്കാന്‍ ആരും ധൈര്യപ്പെടാത്തവിധമുള്ള ഒരു താക്കീതായി പാലാരിവട്ടം കേസ് മാതൃകാപരമായി കൈകാര്യം ചെയ്യപ്പെടണം. പക്ഷേ ഈ സര്‍ക്കാരിനോടും ചില ചോദ്യങ്ങള്‍ ബാക്കിയാണ്.  ടി.ഒ.സൂരജ് മൊഴി നല്‍കി പതിനാല് മാസമാകുന്നതുവരെ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിയെടുക്കാതിരുന്നതെന്തുകൊണ്ടാണ്? അറസ്റ്റ് നേരത്തേ നടന്നിരുന്നെങ്കില്‍ അഴിമതിപ്പണം എങ്ങനെ പോയെന്ന കാര്യത്തില്‍ അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ സാധ്യത കൂടുതലായിരുന്നില്ലേ?  കരാറിനു വിരുദ്ധമായി മുന്‍കൂര്‍ പണം നല്‍കിയെന്ന പ്രധാന ആരോപണം ഒരു ശിക്ഷാനടപടിയിലേക്ക് എത്തിക്കാന്‍ മാത്രം പര്യാപ്തമാണോ? പാലത്തിന്റെ ഗുണനിലവാരത്തില്‍ കാണിച്ച കൃത്രിമം വഴിയുണ്ടാക്കിയ സാമ്പത്തികലാഭം എവിടെപ്പോയി? അതിലേക്ക് അന്വേഷണം എത്താത്തത് എന്തുകൊണ്ടാണ്? സത്യത്തില്‍ ഈ അന്വേഷണവും അറസ്റ്റും ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാനാണോ ശിക്ഷിക്കാനാണോ? പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന ആത്മാര്‍ഥതയാണോ തല്‍ക്കാലരാഷ്ട്രീയമുതലെടുപ്പു മാത്രമാണോ പാലാരിവട്ടം കേസില്‍ നടക്കുന്നത്?  കാത്തിരുന്നു കാണേണ്ടി വരും കേരളം. 

അതുമാത്രമല്ല, കേരളത്തില്‍ പല അഴിമതികളും പുറത്തുവരാത്തതും ശിക്ഷിക്കപ്പെടാത്തതും മുന്നണികള്‍ തമ്മിലുള്ള ഒത്തുകളി കാരണമാണെന്ന സംശയവും അവസാനിപ്പിക്കാന്‍ പാലാരിവട്ടം കേസിനു സാധിക്കണം. മുന്നണി മാറുമ്പോള്‍ തേഞ്ഞുമാഞ്ഞില്ലാതാകുന്ന ബാര്‍കോഴക്കേസുകളുടെ വിധിയല്ല കേരളം അര്‍ഹിക്കുന്നത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...