എം.ശിവശങ്കറിനോട് ഈ സര്‍ക്കാരില്‍ അത്രയേറെ കടപ്പാട് ആര്‍ക്കാണ്?

Parayathe-Vayya-New3
SHARE

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നസുരേഷിന്റെ  നിയമനം കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അറിവോടെയാണോ? അല്ല എന്ന് മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്.  കുറ്റാരോപിതയുടെ വാക്കും മുഖ്യമന്ത്രിയുടെ വാക്കും താരതമ്യം പോലും അര്‍ഹിക്കുന്നില്ല. പക്ഷേ സ്വപ്നയുടെ നിയമനവും ലൈഫ് മിഷനിലെ ഇടപെടലും സര്‍ക്കാരിനു നേരെ ഗുരുതരമായ ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍ തീവ്രവാദബന്ധത്തിനു തെളിവ് എവിടെ എന്ന ചോദ്യത്തിനു മുന്നില്‍ എന്‍ഐഎ വിയര്‍ക്കുമ്പോഴും കേസിലെ പ്രതികള്‍ സംസ്ഥാനസര്‍ക്കാരില്‍ ഇടപെട്ടതെങ്ങനെ എന്ന ചോദ്യം ഗുരുതരമായി തുടരുകയാണ്.  

നയതന്ത്രബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത്  കേരളത്തിലെ ഇടതുസര്‍ക്കാരിന് തലവേദനയായത് ഒരേയൊരു വ്യക്തി കാരണമാണ്. സ്വര്‍ണക്കടത്ത് പിടിക്കപ്പെടുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഐ.ടി.വകുപ്പിനു കീഴിലുള്ള KSITL ലെ കരാര്‍ ജീവനക്കാരിയായിരുന്നു സ്വപ്നപ്രഭ സുരേഷ്. ഐ.ടി.വകുപ്പിന്റെ പ്രധാന പദ്ധതികളിലൊന്നായ സ്പേസ് പാര്‍ക്കിന്റെ ഓപറേഷനല്‍ മാനേജരായി പ്രവര്‍ത്തിക്കുമ്പോഴാണ് സ്വപ്നസുരേഷ് സ്വര്‍ണക്കടത്തില്‍ പ്രതിയാകുന്നത്.  വാര്‍ത്ത പുറത്തുവന്നതോടെ സര്‍ക്കാര്‍ സ്വപ്നയുടെ കരാര്‍ നിയമനം റദ്ദാക്കി. പക്ഷേ ഇത്ര ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തി സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സുപ്രധാന തസ്തികയില്‍ എത്തിയതെങ്ങനെയെന്നത് ഗുരുതരമായ പ്രശ്നമായി ഉയര്‍ന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവരുന്നത്. ആദ്യം ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയ അദ്ദേഹത്തെ ചീഫ് സെക്രട്ടറി തല സമിതി അന്വേഷണം നടത്തി സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു.  

സ്വപ്നസുരേഷിന്റെ നിയമനം അന്വേഷിക്കാന്‍ ഇ.ഡിയെ ആരു ചുമതലപ്പെടുത്തി എന്നാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ചോദ്യം. കാരണം സ്വപ്ന സുരേഷിന്റെ നിയമനവും സര്‍ക്കാരുമായി ഒരു ബന്ധവുമില്ല എന്ന് ശക്തിയുക്തം വാദിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയും മറുപടി പറയേണ്ട ചോദ്യങ്ങള്‍ ഇ.ഡി.സമര്‍പ്പിച്ച കുറ്റപത്രം ഉയര്‍ത്തുന്നുണ്ട്. സ്വപ്നസുരേഷിന്റെ നിയമനത്തില്‍ ഐ.ടി.വകുപ്പില്‍ മറ്റാര്‍ക്കെല്ലാം പങ്കുണ്ടായിരുന്നു? അങ്ങനെ KSITL തന്നെ നേരിട്ടു നടത്തിയ നിയമനത്തില്‍ PWCയ്ക്കെതിരെ പരാതി നല്‍കി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയല്ലേ ഐ.ടി.വകുപ്പ് ചെയ്തിരിക്കുന്നത്?സ്വപ്നയുടെ നിയമനത്തില്‍ ഐ.ടി. വകുപ്പിന്റെ ഉത്തരവാദിത്തം സ്വകാര്യകണ്‍സള്‍ട്ടന്‍സിയുടെ തലയിലിടാന്‍ ആരൊക്കെയാണ് കൂട്ടുനിന്നത്? യഥാര്‍ഥ കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? 

സ്വപ്നയുടെ ആദ്യഅവകാശവാദം തന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നു എന്നതാണ്. അതില്‍ മുഖ്യമന്ത്രിയെ തന്നെയെ കേരളത്തിനു വിശ്വസിക്കാനാകൂ. കുറ്റപത്രത്തിലെ മൊഴിയില്‍ രണ്ടിടത്ത് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ സ്വപ്ന പരാമര്‍ശിക്കുന്നുണ്ട്. ആദ്യദിവസം രേഖപ്പെടുത്തിയ മൊഴിയില്‍ തന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞാണ് നടന്നത് എന്നു പറയുന്ന സ്വപ്നം അടുത്ത ദിവസത്തെ മൊഴിയില്‍ മുഖ്യമന്ത്രിയോടു പറഞ്ഞ് ജോലിക്കാര്യം തീരുമാനമാക്കാം എന്നു ശിവശങ്കര്‍ തന്നോടു പറഞ്ഞു എന്നാണ് പറയുന്നത്. പക്ഷേ അതിനൊപ്പം നടതിത്യിരിക്കുന്ന പരാമര്‍ശം പ്രധാനമാണ്. സര്‍ക്കാര്‍ വിശദീകരിച്ചതു പോലെ ഏജന്‍സി വഴിയായിരുന്നില്ല നിയമനം എന്നു വ്യക്തമായി മൊഴിയിലുണ്ട്. ശിവശങ്കര്‍ തന്നോട് KSITL എം.ഡിയെ കാണാന്‍ ആവശ്യപ്പെട്ടു. സ്പേസ് പാര്‍ക്കിന്റെ സ്പെഷല്‍ ഓഫിസറെയും കാണാന്‍ പറഞ്ഞു. 

വ്യാജബിരുദസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അനധികൃതമായാണ് നിയമനം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ നിര്‍ബന്ധിക്കപ്പെട്ടു. നിയമനം വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറി തല സമിതിയെ നിയോഗിക്കുകയും ചെയ്തു. അന്വേഷണത്തിനു ശേഷം ശിവശങ്കര്‍ തന്നെയാണ് സ്വപ്നയുടെ അനധികൃത നിയമനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു കണ്ടെത്തിയതാണ് അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ ഒന്നാമത്തെ കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാജബിരുദമെന്നു രേഖകള്‍ സഹിതം മാധ്യമങ്ങള്‍ തെളിയിച്ചതോടെയാണ് നിയമനടപടിക്ക് സര്‍ക്കാര്‍ തയാറായത്. പക്ഷേ ആ നിയമനടപടിയും ഇ.ഡി.കുറ്റപത്രത്തിലെ മൊഴിയോടെ സംശയത്തിന്റെ നിഴലിലാകുകയാണ്. 

സ്വപ്നസുരേഷ് സര്‍ക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേരളപൊലീസ് കേസെടുത്തത്. KSITL എം.ഡിയാണ് പരാതിക്കാരന്‍. തമാശ നോക്കൂ.  വഴി വിട്ട നിയമനത്തിനു കൂട്ടുനിന്ന അതേ KSITL എം.ഡി. തന്നെ തട്ടിപ്പ് പുറത്തായതോടെ സ്വപ്നയ്ക്കും PWCയ്ക്കുമെതിരെ വഞ്ചിച്ചുവെന്നു പരാതി നല്‍കിയിരിക്കുന്നത്. പക്ഷേ പരാതിയും പൊലീസ് കേസുമൊക്കെ ജനങ്ങളെ വഞ്ചിക്കാന്‍ മാത്രമായിരുന്നുവെന്ന് കേസിന്റെ ഗതി നോക്കിയാലറിയാം. സര്‍ക്കാരിനു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ തന്നെ അന്വേഷിച്ചാല്‍ എന്തു സംഭവിക്കുമെന്നതിന് ഗംഭീര ഉദാഹരണമാണ് സ്വപ്നയുടെ അനധികൃതനിയമനക്കേസ്. യഥാര്‍ഥ കുറ്റക്കാരെ രക്ഷിക്കാന്‍ വേണ്ടിയും അന്വേഷണം നടത്താമെന്നതിന്റെ രണ്ടു മികച്ച സാംപിളാണ് നിയമനക്കേസും ലൈഫ് മിഷനിലെ വിജിലന്‍സ് കേസും. 

സ്വപ്നസുരേഷിന്റെ നിയമനം അനധികൃതമാണെന്നു പുറത്തു വരികയും ബിരുദം വ്യാജമാണെന്നു മാധ്യമങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ KSITL എം.ഡി.ഡോ.ജയശങ്കര്‍  പ്രസാദാണ് പൊലീസില്‍ പരാതി നല്‍കിയത്. വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന തുടങ്ങി ആറു കുറ്റങ്ങളും ചുമത്തി പൊലീസ് കേസെടുത്തു. സ്വപ്നസുരേഷ് ഒന്നാം പ്രതിയാണ്. നിയമനം നടത്തിയ PWC, സ്വപ്നയെ തിരഞ്ഞെടുത്ത വിഷന്‍ ടെക്നോളജി എന്നീ കമ്പനികളാണ് പ്രതിസ്ഥാനത്തുള്ള മറ്റു പേരുകള്‍. ഈ കേസില്‍ സെപ്റ്റംബര്‍ മൂന്നാം തീയതി കാക്കനാട് ജയിലിലെത്തി പൊലീസ് സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തി. പക്ഷേ അതിനു ശേഷം അന്വേഷണം ഒരിഞ്ചു മുന്നോട്ടു നീങ്ങിയിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം പൊലീസ് കേസില്‍ PWCയ്ക്കെതിരെ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. എങ്ങനെയുണ്ടാകും? മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി KSITL എം.ഡി. മുഖേന നടത്തിയ ഒരു നിയമനത്തില്‍ വെറും മറ മാത്രമായിരുന്നു PWCയെന്ന് വ്യക്തമായിരിക്കേ PWCയ്ക്കെതിരെ എങ്ങനെ പൊലീസ് നടപടിയെടുക്കും? ഐ.ടി.വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടു നടത്തിയ നിയമനം PWCയെ പ്രതിയാക്കി കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകും? അതുമാത്രമല്ല, ശിവശങ്കര്‍ നേരിട്ടാണ് അനധികൃതനിയമനത്തിനു ചുക്കാന്‍ പിടിച്ചതെന്നു കണ്ടെത്തിയത് കേരളത്തിന്റെ ചീഫ് സെക്രട്ടറിയാണ്. എന്നിട്ടും ആ നിയമനത്തിന്റെ പേരിലുള്ള ക്രിമിനല്‍ കേസില്‍ ശിവശങ്കര്‍ പ്രതിയല്ല. ശരിയായി അന്വേഷണം നടന്നാല്‍ പ്രതിസ്ഥാനത്തു വരേണ്ട KSITL എം.ഡി.യെ പരാതിക്കാരനാക്കി ഒരു കേസെടുത്തെന്നു വരുത്തി വലിയ അട്ടിമറിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. അതു മാത്രമല്ല, പ്രാഥമിക അന്വേഷണം നടത്തിയ 

ചീഫ് സെക്രട്ടറി തല സമിതി കൊടുത്ത രണ്ടു പ്രധാന ശുപാര്‍ശകളില്‍ ഒന്ന് PWCയെ ഇനി ഐ.ടി.വകുപ്പിന്റെ പദ്ധതികളില്‍ നിന്ന് ഒഴിവാക്കണം, കരിമ്പട്ടികയില്‍ പെടുത്തണം എന്നാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഐ.ടി.വകുപ്പിന് ഒരു കത്തു നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന്  കെ.ഫോണ്‍ പദ്ധതിയില്‍ PWC തുടരണോയെന്ന് KSITL എം.ഡി. സര്‍ക്കാരിന് ഒരു കത്തു നല്‍കുകയും ചെയ്തു. അഡീ.ചീഫ് സെക്രട്ടറിയും ഐ.ടി.വകുപ്പിന്റെ ചുമതലയുള്ള സഞ്ജയ് കൗളും ധനവകുപ്പ് സെക്രട്ടറിയുമെല്ലാം PWCയെ ഒഴിവാക്കാം എന്നു നിലപാടെടുത്തിട്ടും നിയമവകുപ്പിന്റെ  ശുപാര്‍ശ അറിയട്ടെ എന്നു മുഖ്യമന്ത്രി കുറിച്ച ഫയലിന് രണ്ടരമാസമായിട്ടും ഒരു അനക്കവുമില്ല. നിയമപരിശോധനകള്‍ തുടരുകയാണെന്ന വ്യാഖ്യാനമൊരുക്കി PWCയ്ക്കെതിരായ നടപടി ഭദ്രമായി ഫ്രീസ് ചെയ്തു വച്ചിരിക്കുകയാണ് സര്‍ക്കാര്‍. 

അതായത് PWC–യെ സര്‍ക്കാരിനു തൊടാനാവില്ല. തൊട്ടാല്‍ വിവരമറിയും. സ്വപ്നയുടെ നിയമനത്തിനു പിന്നില്‍ നടന്നതെന്തിനാണെന്ന് ലോകമറിയും. സ്വപ്നയുടെ നിയമനത്തിന് ഐ.ടി.വകുപ്പിനു തന്നെയാണ് ഉത്തരവാദിത്തമെന്ന വസ്തുത വ്യക്തമായി പുറത്തു വരും. എം.ശിവശങ്കറിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കേണ്ടി വരും. അപ്പോള്‍ മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങിയാണ് നിയമനം എന്നതു കൂടിയെങ്ങാനും സത്യമാണെങ്കിലോ? അതു വേണ്ട, മുഖ്യമന്ത്രിയുടെ പേര് ശിവശങ്കര്‍ ദുരുപയോഗിച്ചുവെങ്കില്‍ അതും കുറ്റമല്ലേ?  എന്നിട്ടും ശിവശങ്കറിനെയടക്കം രക്ഷിക്കാന്‍ വേണ്ടിയൊരു പൊലീസ് അന്വേഷണം നടക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? ആ ചോദ്യത്തിനുത്തരം കിട്ടാന്‍ ലൈഫ് അന്വേഷണത്തില്‍ പുറത്തു വരുന്ന വസ്തുതകള്‍ കൂടി മനസിലാക്കണം. 

സ്പ്രിംക്ളര്‍ കരാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കേരളം കേട്ടു.  സ്വര്‍ണക്കടത്തു വന്നപ്പോഴും ഇതേ നിലപാട് പലയാവര്‍ത്തി കേട്ടു. ഏത് അന്വേഷണ ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ എന്നും മുഖ്യമന്ത്രി സധൈര്യം നിലപാടെടുത്തു. സര്‍ക്കാരിലെ ഒരു സുപ്രധാന ഉദ്യോഗസ്ഥന്‍ സംശയത്തിന്റെ നിഴലിലായ സാഹചര്യത്തില്‍ സംസ്ഥാനം അന്വേഷണം നടത്തുന്നത് വിശ്വാസയോഗ്യമാവില്ലെന്നും തുറന്നനിലപാടെടുത്തിരുന്നു സര്‍ക്കാര്‍. പക്ഷേ അന്വേഷണം ലൈഫ് പദ്ധതിയില്‍ തൊട്ടപ്പോള്‍ കളി മാറി. സി.ബി.ഐ കേസെടുത്തതിനെ സാങ്കേതിക കാരണങ്ങള്‍ നിരത്തി ഫെഡറല്‍ അവകാശങ്ങള്‍ പറഞ്ഞ് കോടതിയില്‍ നേരിടുകയാണ് സര്‍ക്കാര്‍.  

സത്യത്തില്‍ ലൈഫ് മിഷന്‍ അഴിമതിയില്‍ സര്‍ക്കാരിനെതിരെ ഇതുവരെ നേരിട്ട് ആരോപണം ഉയര്‍ന്നിട്ടില്ല. ദുരൂഹമായ കരാര്‍ നടപടിക്രമങ്ങളാണുണ്ടായത് എന്നത് വ്യക്തമായിട്ടുണ്ടെങ്കിലും. പതിനെട്ടരക്കോടിയുടെ പദ്ധതിയില്‍ നിന്ന് സ്വര്‍ണക്കടത്ത് പ്രതികള്‍ നാലേകാല്‍കോടി കൈക്കൂലിയായി കടത്തിയെന്നതിലാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.   

പാര്‍ട്ടി തന്നെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഒരന്വേഷണത്തിനും തയാറായില്ല. പക്ഷേ ഒരു മാസത്തിനു ശേഷം സി.ബി.ഐ കേസ് ഏറ്റെടുക്കുന്നുവെന്നു വന്നതോടെ പൊടുന്നനെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ബന്ധപ്പെട്ട ഫയലുകള്‍ കൈവശപ്പെടുത്തി സുരക്ഷിതമാക്കി. സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് കോടതിയിലും പോയി. കോടതിയുടെ തീരുമാനം എന്തു തന്നെയായാലും സര്‍ക്കാരിന്റെ വെപ്രാളം അതീവസംശയകരമാണ്. ഇതിനോടകം അന്വേഷണത്തില്‍ കണ്ടെത്തിയ സുപ്രധാന വസ്തുതകള്‍ വാദത്തിനിടെ സി.ബി.ഐ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ദുരൂഹമായ നടപടികളാണ് വടക്കാഞ്ചേരി പദ്ധതിയിലുണ്ടായതെന്ന് സി.ബി.ഐ ചൂണ്ടിക്കാണിക്കുന്നു. റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു. കമ്മിഷന്‍ തുക കൈമാറിയതിനു ശേഷമാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പനോടു എം.ശിവശങ്കറിനെ കാണാന്‍ സ്വപ്ന നിര്‍ദേശിച്ചത്. മാത്രമല്ല, പദ്ധതി ലൈഫ് മിഷന്‍ ചുമതലക്കാര്‍ അറിയും മുന്‍പു തന്നെ സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് പദ്ധതിയുടെ രൂപരേഖ വരെ കിട്ടിയെന്നും സി.ബി.ഐ വാദം വ്യക്തമാക്കുന്നു. താന്‍ പദ്ധതിയെക്കുറിച്ച് ഒന്നുമറിഞ്ഞില്ലെന്നും ധാരണാപത്രമടക്കം എല്ലാം എം.ശിവശങ്കറിന്റെ ഇടപെടലിലൂടെയാണ് നടന്നതെന്നും ലൈഫ് മിഷന്‍ സി.ഇ.ഒയും മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.  പാവപ്പെട്ടവര്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ അര്‍ഹരായവര്‍ക്കു ലഭിക്കേണ്ട സഹായം സ്വര്‍ണക്കടത്തു പ്രതികള്‍ ആരുടെ സഹായത്തോടെയാണ് കമ്മിഷനായി കടത്തിയത്? വിവാദപദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ എം.ശിവശങ്കറിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ എന്തു ചുമതലയാണുണ്ടായിരുന്നത്?  

സ്വപ്നസുരേഷിന്റെ അനധികൃതനിയമനം, ലൈഫ് മിഷന്‍ ക്രമക്കേട്. ഈ രണ്ട് ഇടപാടിലും കേരളത്തിന്റെ ഖജനാവിനു നഷ്ടമുണ്ടായോ? 

സ്വപ്നയുടെ നിയമനം വഴി നഷ്ടം 19 ലക്ഷം രൂപ. ലൈഫ് മിഷനില്‍ ധനമന്ത്രി തന്നെ സാക്ഷ്യപ്പെടുത്തിയത് നാലേകാല്‍ കോടി. ആകെ എത്രയെന്ന് ഇനിയും അന്വേഷണത്തില്‍ തെളിയിക്കപ്പെടണം. അടുത്തത് ഈ വിവാദത്തില്‍ കേരള സര്‍ക്കാര്‍ വഞ്ചിക്കപ്പെട്ടോ? മുഖ്യമന്ത്രിയുടെ പ്ര‍ിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്തു പ്രതികളും ചേര്‍ന്ന് ഒന്നിലേറെ തവണ വഞ്ചിച്ചു. ഈ കുറ്റങ്ങള്‍ ആരാണ് അന്വേഷിച്ച് നടപടിയെടുക്കേണ്ടത്? എം.ശിവശങ്കര്‍ എന്ന ഒറ്റവ്യക്തി സര്‍ക്കാരിനോടു ചെയ്ത കുറ്റമാണെങ്കില്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്തിനാണ്? എം.ശിവശങ്കറിനോട് ഇടതുസര്‍ക്കാരില്‍ അത്രയേറെ കടപ്പാടുകള്‍ ഉള്ളത് ആര്‍ക്കാണ്?  

ക്രമവിരുദ്ധമായ ഇടപെടലുകള്‍ പുറത്തു വന്നപ്പോള്‍ എം.ശിവശങ്കര്‍ സര്‍ക്കാരിനെ വ‍ഞ്ചിച്ചുവെന്നാണ് മന്ത്രിമാരടക്കം ഖേദിച്ചത്. അങ്ങനെ സര്‍ക്കാരിനെ വഞ്ചിച്ച ഒരാളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇത്ര പാടു പെടുന്നതെന്തിനാണ്. സ്വപ്നയുടെ നിയമനത്തിലും ലൈഫ് മിഷന്‍ അഴിമതിയിലും മാത്രമാണ് സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. പക്ഷേ രണ്ടിലും യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്നു വ്യക്തമാണ്. സി.പി.എം ചോദ്യമുന്നയിക്കുന്നതുപോലെ നിയമനവിവാദമല്ല ഇ.ഡി. അന്വേഷിക്കുന്നത്. സംസ്ഥാനസര്‍ക്കാരിനോടു ചെയ്ത കുറ്റകൃത്യങ്ങളില്‍ സത്യസന്ധമായ നടപടിയെടുക്കാന്‍ കേരളത്തിനു ബാധ്യതയുണ്ട്.  പകരം മാധ്യമങ്ങള്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടത്തുന്നുവെന്ന വാദം വസ്തുതകള്‍ക്കു മുന്നില്‍ നിലനില്‍ക്കില്ല.   

പക്ഷേ വസ്തുതകളിലൂന്നി സംസാരിക്കുന്നവര്‍ക്ക് ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയാണ്. സ്വപ്നസുരേഷിന് സര്‍ക്കാര്‍ പദവിയില്‍ നിയമനം കിട്ടിയതെങ്ങനെ, പ്രതികള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകളില്‍ എങ്ങനെയെല്ലാം ഇടപെട്ടു എന്നതു തന്നെയായിരുന്നു  പ്രധാന ചോദ്യങ്ങള്‍. ചോദിക്കാത്ത ചോദ്യങ്ങള്‍ ചോദിച്ചുവെന്നു വരുത്തി, എല്ലാം പൊളിഞ്ഞു എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മിനും സര്‍ക്കാരിനും ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും മറുപടിയില്ല. പക്ഷേ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളിലൂടെ വസ്തുതകള്‍ കേരളം മനസിലാക്കുന്നു. നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. കാരണം ഈ രണ്ടു ചോദ്യങ്ങളും കേന്ദ്ര അന്വേഷണഏജന്‍സികളുടെ അന്വേഷണ വിഷയമല്ല. അത് കേരളത്തെ ബാധിക്കുന്നതാണ്. അനധികൃത നിയമനവും സ്വജനപക്ഷപാതവും അഴിമതിയും സംസ്ഥാനസര്ക്കാരില്‍ നടന്നിരിക്കുന്നു എന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. അതും മറ്റാരുടെയെങ്കിലും വകുപ്പിലല്ല, മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍. 

സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ മുന്‍നിര്‍ത്തി, ഈ തെറ്റുകള്‍  മനഃപൂര്‍വമല്ല,  വീഴ്ച പറ്റിയെന്നു പറഞ്ഞാല്‍ മനസിലാക്കാം. പക്ഷേ ഇത്രയും ക്രമക്കേടുകള്‍ കണ്‍മുന്നില്‍ തെളിവുകളോടെ ബോധ്യമായിട്ടും  സര്‍ക്കാരിനെ വെറുതേ വേട്ടയാടുകയാണ് എന്നൊക്കെ പറഞ്ഞാല്‍ കുറച്ചു കടുപ്പമാണ്. ഈ സര്‍ക്കാരില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അത് സമ്മതിക്കുകയും തിരുത്തുകയും  നടപടിയെടുക്കുകയും   ചെയ്യുന്നതാണ് സാമാന്യമര്യാദ. ഭരണാധികാരിയോടു ചോദ്യങ്ങള്‍ ചോദിക്കാനാകില്ലെന്നതുകൊണ്ട് ചോദ്യചിഹ്നങ്ങളെല്ലാം കുത്തിക്കെടുത്തിയേക്കാം എന്നു കരുതുന്നത് മൗഢ്യമാണ്. സ്വര്‍ണക്കടത്തു കൊണ്ട് സര്‍ക്കാരില്‍ നടന്ന കുറ്റകൃത്യങ്ങള്‍ മാത്രമല്ല, ഭരണം നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെ മകന്റെ ദുരൂഹമായ സാമ്പത്തികപശ്ചാത്തലം കേരളമറിഞ്ഞു. ഒരുദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ എന്തും നടക്കുന്ന അവസ്ഥയായിരുന്നു കേരളത്തിലെന്നും ജനമറ‍ിഞ്ഞു. മന്ത്രിമാര്‍ക്ക് ചട്ടങ്ങളും നിയമങ്ങളുമൊന്നും പ്രശ്നമല്ലെന്നു കെ.ടി.ജലീലും തെളിയിച്ചു. ഇതൊക്കെ നടന്നിട്ടും മാധ്യമങ്ങളുടെ നുണപ്രചാരണം, വേട്ടയാടല്‍ എന്നൊക്കെ  നിവര്‍ന്നു നിന്നു പറയാനുള്ള  തൊലിക്കട്ടിയെ ബഹുമാനിച്ചേ പറ്റൂ. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...