ഇന്ത്യയുടെ ദുര്‍വിധി; ജനാധിപത്യത്തിലെ നീതിയില്ലാത്ത വിധിന്യായങ്ങള്‍

athras
SHARE

നഗ്നമായ നീതിനിഷേധം അവിശ്വസനീയമല്ലാത്ത ഒരു രാജ്യമായി നമ്മുടെ ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു.  ഹാത്രസിലെ പെണ്‍കുട്ടിയെ ഇരുട്ടിന്റെ മറവില്‍ ഓര്‍മയില്‍ നിന്നു മായ്ച്ചുകളയാന്‍ ശ്രമിച്ച ഭരണകൂടം ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നില്ല. ബാബറിമസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കാന്‍ തെളിവില്ലെന്നു വിധിക്കുന്ന കോടതി ഇന്ത്യന്‍ ജനതയെ അസ്വസ്ഥപ്പെടുത്തുന്നില്ല. നിലനില്‍പ്പിനായി തെരുവിലിറങ്ങിയ കര്‍ഷകരുടെ നിലവിളി ഇന്ത്യ കേള്‍ക്കുന്നില്ല. പകരം ഉച്ചത്തില്‍ ഒന്നു പ്രതിഷേധം രേഖപ്പെടുത്താന്‍ പോലും മടിക്കുന്ന ഭയം ചുറ്റിനും കനക്കുകയാണ്. ശരിയാണ്. ഇതെല്ലാം വാസ്തവമാണ്. ഇതൊക്കെയാണ് ഇന്നത്തെ നമ്മുടെ ഇന്ത്യ. പക്ഷേ നമ്മുടെ ഇന്ത്യയാണ്. ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനില്ലെന്ന നിരാശയില്‍ തലകുനിച്ചുപേക്ഷിക്കാനാകാത്ത മനോഹരമായ, പ്രചോദനാത്മകമായ ചരിത്രമുള്ള നമ്മുടെ രാജ്യമാണ്. അനീതികള്‍ക്കെതിരെ സംസാരിച്ചുകൊണ്ടേയിരിക്കുകയെന്നതു മാത്രമാണ് പോംവഴി.  ഉച്ചത്തിലുച്ചത്തില്‍ ചോദ്യങ്ങള്‍ മുഴങ്ങുന്ന സാമൂഹ്യവ്യവസ്ഥ കൂടിയാണ് ജനാധിപത്യം. 

ഇന്നത്തെ ഇന്ത്യയില്‍ ഈ കാഴ്ച അവിശ്വസനീയമല്ല. പക്ഷേ വേദനയാണ്. ഏതു നിശബ്ദതയില്‍ ഊളിയിട്ട് ഒളിക്കാന്‍ ശ്രമിച്ചാലും ഈ കുറ്റബോധം മനുഷ്യരുടെ നെഞ്ചില്‍ നിന്നൊളിപ്പിക്കാനാകില്ല. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ടബലാല്‍സംഘത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെയാണ് അസമയത്ത് അസാധാരണമായ നടപടിയിലൂടെ കുടുംബാംഗങ്ങളുടെ എതിര്‍പ്പു പോലും വകവയ്ക്കാതെ യു.പി. പൊലീസ് ദഹിപ്പിച്ചത്. 19കാരിയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹത്തോടു പോലും യു.പി.ഭരണകൂടം നീതി പുലര്‍ത്തിയില്ല. മാതാപിതാക്കളെയും ബന്ധുക്കളെയും ബലമായി മാറ്റിനിര്‍ത്തി ബുധനാഴ്ച പുലര്‍ച്ചെ 2.45ന് യു.പി.പൊലീസ് മൃതദേഹം ദഹിപ്പിച്ചു. സെപ്റ്റംബര്‍ 14നാണ് ഇന്ത്യയെ നടുക്കിയ ദാരുണമായ ഹീനകൃത്യം നടന്നത്. സവര്‍ണവിഭാഗത്തില്‍ പെട് നാലു യുവാക്കള്‍ കൂട്ടബലാല്‍ക്കാരം നടത്തിയ പെണ്‍കുട്ടിയുടെ  നാവു മുറിയുകയും സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ജാതിവെറിയുടെ ഹീനമായ ആക്രമണമാണ് നടന്നത്. 

അതിശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ബി.ജെ.പി. സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പോലും ബന്ധനത്തില്‍ നിര്‍ത്തി വിമര്‍ശനങ്ങള്‍ നേരിടാന്‍ തുടങ്ങി പ്രദേശത്തേക്കു മാധ്യമങ്ങളെ കടത്തിവിട്ടില്ല. കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും വരെ പൊലീസ് അറസ്റ്റു ചെയ്തു. രാഹുല്‍ഗാന്ധിയെ  കയ്യേറ്റം ചെയ്തു. 

ഭരണകൂടഭീകരതയ്ക്കെതിരെ പ്രതികരിക്കുന്ന, ജീവന്‍ പണയപ്പെടുത്തിയും പൊലീസിനോടു ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്ന ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രം ഇതിനിടെയും അവശേഷിക്കുന്നു. ഇന്ത്യ എവിടെയെത്തി നില്‍ക്കുന്നുവെന്ന സംസാരിക്കുന്ന തെളിവുകളാണ് ഈ ദൃശ്യങ്ങള്‍. പ്രതിപക്ഷം, എതിര്‍ശബ്ദം , വിയോജിപ്പ്, പരാതി ഇതൊക്കെ ഇന്നത്തെ ഇന്ത്യയില്‍ എങ്ങനെ കൈകാര്യം ചെയ്യപ്പെടുമെന്ന മറയില്ലാത്ത പ്രഖ്യാപനം. നിരന്തരം സ്ത്രീകള്‍ പീഡനത്തിനിരയായി കൊല്ലപ്പെടുമ്പോഴും പശ്ചാത്താപം പോലും തോന്നുന്നില്ലെന്ന ഭരണകൂടപ്രഖ്യാപനം. ഒരു ജനാധിപത്യരാജ്യത്ത ്ഇങ്ങനെയൊക്കെ നടക്കുമോയെന്നു തോന്നുന്നവര്‍ക്കുള്ള മറുപടി ഇതേ ദിവസങ്ങളില്‍ കുറച്ചപ്പുറത്ത് ലഖ്നൗ കോടതി പറഞ്ഞുവച്ചിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റക്കാരില്ലെന്ന വിധിന്യായം ഉയര്‍ത്തുന്നതും ഇതേ ചോദ്യമാണ്. ജനാധിപത്യത്തില്‍ നീതിയില്ലാതെ വിധിന്യായങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ?

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും ലഖ്നൗ പ്രത്യേക കോടതി വെറുതെ വിട്ടു. എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, സാധ്വി ഋതംബര, വിനയ് കത്യാര്‍, ആചാര്യ ധര്‍മേന്ദ്രദേവ് എന്നിവര്‍ ഉള്‍പ്പെടെ 32 പേരെയാണ് വെറുതെ വിട്ടത.്  പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞില്ലെന്നാണ് വിധി. ബാബറിമസ്ജിദിന്റെ മിനാരങ്ങളില്‍ കയറി അവ തകര്‍ത്തത് സാമൂഹ്യവിരുദ്ധരാണ്. നേതാക്കള്‍ അതു തടയാനാണ് ശ്രമിച്ചത്. മസ്ജിദ് തകര്‍ത്തത് പെട്ടെന്നുള്ള വൈകാരിക പ്രകോപനത്തിലാണെന്നും അതിനു വേണ്ടി ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി. ഹാജരാക്കിയ ഓഡിയോ–വീഡിയോ തെളിവുകളില്‍ ആധികാരികതയില്ല. പ്രകോപനപരമായ പ്രസംഗത്തിന്റെ ശബ്ദം വ്യക്തമല്ലെന്നും കോടതി വിധിയില്‍ പറയുന്നു. 

മറിച്ചൊരു വിധി ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അനീതി അത്രമേല്‍ സ്വാഭാവികമായി നമ്മള്‍ സ്വീകരിച്ചുകഴിഞ്ഞു. അനീതിക്കെതിരെ സംസാരിക്കുന്നവര്‍ നിമിഷാര്‍ധത്തില്‍ രാജ്യദ്രോഹികളാകും. ബാബറി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയവര്‍ പോലും ഒരിക്കലും അത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് അവകാശപ്പെട്ടിട്ടില്ല. അഭിമാനത്തോടെ പുതിയ ഇന്ത്യയ്ക്ക് ശിലപാകിയെന്നു ഏറ്റുപറയുന്നവരോടാണ് അതു ചെയ്തത് നിങ്ങളല്ല എന്നു കോടതി പറഞ്ഞത്. അയോധ്യയിലെ ഭൂമിതര്‍ക്കക്കേസിലെ വിധി നീതിയായിരുന്നോ എന്ന ചോദ്യം പോലുമില്ലാതെ അംഗീകരിക്കേണ്ടി വന്ന അതേ രാഷ്ട്രീയാന്തരീക്ഷം ബാബറിമസ്ജിദ് കേസിലെ വിധിയും സ്വീകരിക്കാന്‍ ഇന്ത്യയെ ഒരുക്കിയിരുന്നു. 

അയോധ്യഭൂമിതര്‍ക്കത്തിന് ക്ഷേത്രനിര്‍മാണം പരിഹാരമായി നിര്‍ദേശിച്ച സുപ്രീംകോടതി പോലും സമ്മതിച്ചിരുന്നു, ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായാണ് എന്ന്. Calculated Act എന്ന ഒറ്റ വാചകത്തിലൂടെ സുപ്രീംകോടതി നടന്നതെന്താണെന്ന് നിയമപരമായി സാക്ഷ്യപ്പെടുത്തിയിരുന്നു. പക്ഷേ  ലോകം നേരില്‍ കണ്ടതൊന്നും ലഖ്നൗ കോടതി കണ്ടില്ല. കേട്ടില്ല. വിധി നീതി കാത്തുനിന്നവര്‍ക്ക് പ്രഹരവും ആഘാതവുമായിരിക്കില്ല. കാരണം അമിതപ്രതീക്ഷകള്‍ അസ്ഥാനത്താണെന്നു നീതിന്യായവ്യവസ്ഥ നേരത്തെ സമ്മതിച്ചുകഴിഞ്ഞതാണ്. പക്ഷേ ശക്തമായ ജനാധിപത്യപാരമ്പര്യമുള്ള ഒരു രാജ്യത്ത് നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം അതിപ്രധാനമാണ്. അതു കാത്തുസൂക്ഷിക്കുന്നതിനുള്ള പരമമായ ഉത്തരവാദിത്തം കോടതികള്‍ക്കു തന്നെയാണ്. സുപ്രീംകോടതിയും വിചാരണാക്കോടതിയും ലിബര്‍ഹാനും കമ്മിഷനും നിയമവ്യവസ്ഥയിലെ മൂന്ന് തലങ്ങളാണ് . മൂന്ന് നിയമപരിശോധനകളില്‍ മൂന്നായി നില്‍ക്കുന്ന നിയമവ്യാഖ്യാനം സത്യം എന്ന വാക്കിനുള്ള പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. 

ബാബറിമസ്ജിദ് തകര്‍ത്തത് ഏതെങ്കിലുമൊരു മതവിഭാഗത്തോടു മാത്രമുള്ള കുറ്റമായിരുന്നില്ല. . ഇന്ത്യയുടെ മതേതരഭരണഘടനയോടു ചെയ്ത കുറ്റകൃത്യമാണത്. ഇന്ത്യയോടു ചെയ്ത കുറ്റമാണ്. വിശാലമാനവികതയോടും സാഹോദര്യത്തോടും ഇന്ത്യയുടെ ആത്മാവിനോടും ചെയ്ത കുറ്റമാണത്. കോടതി വിധി വസ്തുതകളെ നിരാകരിക്കുന്നു. സാമാന്യനീതിബോധത്തെ വെല്ലുവിളിക്കുന്നു. പക്ഷേ ഒരു കുറ്റകൃത്യത്തിന് നിയമവ്യവസ്ഥ മാത്രമല്ല  നീതി കണ്ടെത്തേണ്ടത്. സമൂഹത്തിനും രാഷ്ട്രീയത്തിനും എല്ലാം സ്വന്തം ഉത്തരവാദിത്തങ്ങളുണ്ട്. കൂട്ടായി പരാജയപ്പെട്ടിരിക്കുന്നു എന്നാണ് നമ്മള്‍ സമ്മതിക്കേണ്ടത്. പക്ഷേ തോല്‍ക്കുക മാത്രമാണ് ഇനിയും മുന്നിലുള്ള വഴിയെന്ന് നമ്മള്‍ സമ്മതിച്ചുകൊടുക്കുമ്പോഴാണ് തോല്‍വി പൂര്‍ണമാകുന്നത്. അത് ജനാധിപത്യത്തോട് നമ്മള്‍ ചെയ്യുന്ന അനീതിയാണ്. 

യാഥാര്‍ഥ്യബോധത്തോടെ ചിലത് അംഗീകരിക്കേണ്ടതുണ്ട്.  രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയാന്തരീക്ഷം കോടതികള്‍ മാത്രം തിരിച്ചറിയരുതെന്ന് വാശി പിടിക്കാനാവില്ല. ജനാധിപത്യത്തിന്റെ ഓരോ തൂണും പരസ്പരം താങ്ങിനിര്‍ത്തുമ്പോഴാണ് അതു ബലവത്താകുക. കോടതികള്‍ക്കു വസ്തുതകള്‍ പോലും കണ്ടില്ലെന്നു നടിക്കേണ്ടി വരുന്നുവെങ്കില്‍ അതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം നമുക്കറിയാം. എത്ര അറിയില്ലെന്നു നടിച്ചാലും. ദുര്‍ബലമാകുന്ന ജനാധിപത്യമെന്ന അപായം പ്രതിപക്ഷരാഷ്ട്രീയം ശരിയായി തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നില്ലെന്നത്് വസ്തുത മാത്രമാണ്.

അജന്‍ഡകള്‍ക്കു മുന്നില്‍ ഇനിയും അല്‍ഭുതം കൂറുന്ന പ്രതിപക്ഷപ്രതിരോധം ആശ്വാസ്യമല്ല. രാഷ്ട്രീയമാണ് ഇന്ത്യയുടെ ഗതി നിര്‍ണയിച്ചത്. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ ശരിയായ രാഷ്ട്രീയപ്രതിരോധം തീര്‍ക്കുകയെന്ന ഉത്തരവാദിത്തം ഇന്ത്യയിലെ പ്രതിപക്ഷം ഏറ്റെടുത്തേ പറ്റൂ. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഭരണകൂടഭീകരത നേരിട്ട അനുഭവിക്കുന്നു. നിസംഗത ഉപേക്ഷിച്ച് ഇന്ത്യ ആവശ്യപ്പെടുന്ന രാഷ്ട്രീയഉത്തരവാദിത്തത്തിലേക്ക് കോണ്‍ഗ്രസ് ഉയരണം. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിക്കുള്ളില്‍ പരസ്പരം പോരാട്ടം തുടരുകയെന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. മറ്റു പ്രതിപക്ഷപാര്‍ട്ടികളുടെ ഏകോപനവും ഫലപ്രദമായി മുന്നോട്ടു പോകണം.  എന്നോ അവസാനിച്ച പരിധികള്‍ക്കുള്ളില്‍ നിന്ന് ജനതയുടെ വിശ്വാസത്തിലേക്ക് തിരിച്ചുനടക്കുക ശ്രമകരമാണ്. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ആ പരിശ്രമം അര്‍ഹിക്കുന്നുണ്ട്. അഥവാ തോറ്റുകൊടുക്കാനാകാത്ത ജനാധിപത്യസംവാദമല്ലാതെ ഇന്ത്യയ്ക്കു മുന്നില്‍ മറ്റു വഴികളില്ല. 

ഭയത്തെ സ്വസ്ഥതയെന്ന കാപട്യം കൊണ്ട് എത്രനാള്‍ മറച്ചു പിടിക്കാനാകും?. ഇനിയും അനീതിയെക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ട് സമാധാനം കളയുന്നതെന്തിന്, നിശബ്ദത വാഗ്ദാനം ചെയ്യുന്ന മനഃസാക്ഷിയില്ലാത്ത സ്വസ്ഥത പോരേ എന്നു ചോദിക്കുന്നവരോട്  ഒരു ചോദ്യം തിരിച്ചു ചോദിക്കണം. നാളെ  അനീതിയുടെ കരങ്ങള്‍ നിങ്ങള്‍ക്കു നേരെ നീളില്ലെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ?അന്നും ഇതേ നിസംഗത നിങ്ങള്‍ക്കു താങ്ങാനാകുമോ?  ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ല, രാഷ്ട്രീയസംവാദങ്ങളുടെ ശ്രമകരമായ പ്രയത്നം ഏറ്റെടുത്തേ പറ്റൂ.  സത്യമേവ ജയതേ എന്ന ആപ്തവാക്യം ഇനിയെന്നും ഇന്ത്യയുടെ ആത്മാവിനെ അസ്വസ്ഥപ്പെടുത്തും. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...