കര്‍ഷകരോഷത്തില്‍ വിറച്ച് ഭരണകൂടം; ഇത് പ്രതീക്ഷയുടെ കാഴ്ച

modi
SHARE

ജനാധിപത്യം എന്നാല്‍, ജയിച്ചവരുടെ ആധിപത്യമല്ല, ജനങ്ങളുടെ ആധിപത്യമാണ് . അത് ജനാധിപത്യത്തിലൂടെ അധികാരം നേടിയ ഒരു ഭരണകൂടത്തെ ഓര്‍മിക്കേണ്ടി വരുന്നത് ഒരു നിവൃത്തികേടാണ്. നമ്മുടെ രാജ്യത്തിനൊപ്പം  അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ജനാധിപത്യവും. ഇന്ത്യ പൊരുതുന്നത് കോവിഡിനെതിരെയാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം പോരാടേണ്ടിവരുന്നത് സ്വന്തം ഭരണകൂടത്തോടാണ്. കോവിഡിന്റെ മറവില്‍, ഇന്ത്യന്‍ ജനാധിപത്യം ആര്‍ജിച്ചെടുത്ത എല്ലാ അവകാശങ്ങളും അട്ടി‌മറിക്കുകയാണ് മോദി ഭരണകൂടം.  

ഇന്ത്യയുടെ ആത്മാവാണ് കാര്‍ഷിക ഇന്ത്യ. ഇന്ന് മോദി സര്‍ക്കാരിനോടു മുഖാമുഖം സമരം നടത്തേണ്ടി വന്നിരിക്കുന്നതും അതേ കാര്‍ഷികഇന്ത്യയ്ക്കാണ്. രാജ്യത്തെ 150 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. 150 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ദേശീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്നത്. ആറര വര്‍ഷമായി പ്രതിപക്ഷത്തെ വകവയ്ക്കാതെ മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരിന് പാര്‍ലമെന്റിനു പുറത്താണ് കനത്ത പ്രതിരോധം നേരിടേണ്ടി വന്നത്.    

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഓര്‍മിപ്പിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ജനങ്ങളെയാകെ ബാധിക്കുന്ന നിയമങ്ങള്‍ ഒരു ചര്‍ച്ചയുമില്ലാതെ ചുട്ടെടുക്കുകയാണ്. കോവിഡിനെ മുന്‍നിര്‍ത്തി വെട്ടിച്ചുരുക്കിയ അസാധാരണ വര്‍ഷകാലസമ്മേളനത്തില്‍ പ്രതിപക്ഷം എന്നൊരു പക്ഷമുണ്ടെന്നു പോലും മോദി സര്‍ക്കാര്‍ ഗൗനിച്ചില്ല. പാര്‍ലമെന്റിലെ കക്ഷിബലം  ചര്‍ച്ചകളും തിരുത്തലുകളും ആവശ്യമേയില്ല എന്ന ജനാധിപത്യവിരുദ്ധ നിലപാടിനുള്ള അംഗീകാരമല്ല എന്നു എത്രയുറക്കെ ഓര്‍മ്മിപ്പിച്ചാലും ഫലമുണ്ടാകില്ലെന്നുറപ്പ്. കാരണം അജന്‍ഡകള്‍ അബദ്ധവശാല്‍ രൂപപ്പെടുന്നതല്ല. 

ജനാധിപത്യത്തിന്റെ പിടച്ചിലാണ് പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ രാജ്യം കണ്ടത് .  പാര്‍ലമെന്റിനെ വെറും നോക്കുകുത്തിയായി നിര്‍ത്തി ഭരണകൂടം അവര്‍ക്കാവശ്യമുള്ള നിയമങ്ങളെല്ലാം അപ്പം ചുടുന്നതുപോലെ ചുട്ടെടുത്തു. അതിനു മുന്‍പേ തന്നെ കോവിഡിന്റെ പേരില്‍ സമ്മേളനവും പതിവു നടപടിക്രമങ്ങളും സര്‍ക്കാരിന്റെ സൗകര്യത്തിനൊപ്പിച്ച് വെട്ടിച്ചുരുക്കിയിരുന്നു. 

പതിറ്റാണ്ടുകളുടെ പ്രയത്നം കൊണ്ട് നേടിയെടുത്ത തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ മൂന്നരമണിക്കൂര്‍ കൊണ്ടാണ് മോദി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ സൃഷ്ടിച്ച് തരിപ്പണമാക്കിയത്. കര്‍ഷകരെയും തൊഴിലാളികളെയും അടിമുടി, ആജീവനാന്തം ബാധിക്കുന്ന  ആറു ബില്ലുകള്‍ മണിക്കൂറുകള്‍ ‍‍‍ കൊണ്ടു പാസാക്കി. പ്രതിപക്ഷത്തിന്റെ വിയോജിപ്പുകളോ കടുത്ത പ്രതിഷേധമോ ഒന്നും ഗൗനിച്ചതുപോലുമില്ല. കാര്‍ഷികബില്ലുകളില്‍ വോട്ടെടുപ്പ് അനുവദിക്കാതിരുന്ന അസാധാരണ നടപടിക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എം.പിമാരെ സസ്പെന്‍ഡു ചെയ്യുകയാണ് ചെയ്തത്. 

ജയിച്ചവരുടെ ആധിപത്യം എന്നത് ഇന്ത്യന്‍ ജനാധിപത്യം ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു രീതിയാണ്. വിയോജിപ്പുകളും തിരുത്തലുകളും ഉള്‍ക്കൊള്ളുന്ന കരുതലോടെയാണ് എല്ലാ പരിമിതികള്‍ക്കുള്ളിലും നമ്മുടെ ജനാധിപത്യം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഇന്നുവരെ കണ്ടതൊന്നുമല്ല, ഇനി കാണാന്‍ പോകുന്ന ദേശീയ രാഷ്ട്രീയമെന്ന ഉറക്കെയുള്ള പ്രഖ്യാപനമാണ് പാര്‍ലമെന്റില്‍ ഇത്തവണ നമ്മള്‍ കണ്ടത്. ഏറെ കാലത്തിനുശേഷം പ്രതിപക്ഷത്തിന്റെ അതിശക്തമായ പ്രതിരോധമുണ്ടായി എന്നതുമാത്രമാണ് ആശ്വാസത്തിനു വക നല്‍കുന്ന വസ്തുത.  

ഇന്ത്യയുടെ കാര്‍ഷികമേഖലയെ കോര്‍പറേറ്റുകള്‍ക്ക് പണയപ്പെടുത്തുന്ന അസാധാരണ നിയമങ്ങള്‍ എന്നാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷികബില്ലുകള്‍ക്കെതിരെ കര്‍ഷകസംഘടനകളുടെ ആരോപണം. എന്നാല്‍ സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകരിലെത്താത്ത വികസനം ഈ നിയമങ്ങളിലൂടെ സാധ്യമാകുമെന്ന് പ്രധാനമന്ത്രിയും വാദിക്കുന്നു. 

പ്രധാനമന്ത്രിയെ സ്വന്തം ഘടകകക്ഷികള്‍ പോലും വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ സ്വന്തം മന്ത്രിയെ രാജിവയ്പിച്ചു കര്‍ഷകര്‍ക്കൊപ്പം സമരം ചെയ്യുന്നു. ഘടകക്ഷികളല്ലെങ്കിലും ബി.ജെ.പി ആഗ്രഹിക്കുന്ന നിലപാടു സ്വീകരിച്ചിരുന്ന പ്രധാന പാര്‍ട്ടികളടക്കം സര്‍ക്കാരിനെതിരെ രംഗത്തു വരുന്ന സാഹചര്യം പാര്‍ലമെന്റിലുണ്ടായി. ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിനകത്തു കൂട്ടുനിന്ന ജെ.ഡി.യു പോലും സമ്മേളനം കഴിഞ്ഞ് ബില്ലിനെ തള്ളിപ്പറഞ്ഞു.  

കാര്‍ഷികബില്ലുകളിലെ പരിഷ്കാരങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്വന്തം ഘടകകക്ഷികള്‍ക്കു മാത്രമല്ല, സംഘപരിവാര്‍ കര്‍ഷകപ്രസ്്ഥാനത്തിനു പോലും ബോധ്യമാകാത്ത വാദങ്ങളുമായി കേന്ദ്രം മുന്നോട്ടു പോകുന്നതാര്‍ക്കു വേണ്ടിയാണ്? പാര്‍ലമെന്റിനെയും പ്രതിഷേധക്കാരെയും ബോധ്യപ്പെടുത്താനുള്ള ഒരു ബാധ്യതയുമില്ലെന്ന് ഒരു സര്‍ക്കാര്‍ തീരുമാനിക്കുന്നത് എന്തു ജനാധിപത്യമാണ്?  

പ്രധാനമന്ത്രി തന്നെ പറയുന്നതനുസരിച്ച് ഇന്ത്യയുടെ കാര്‍ഷികമേഖലയെ അടിമുടി മാറ്റിമറിക്കുന്ന പരിഷ്കാരമാണ് മൂന്ന് കാര്‍ഷികബില്ലുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. വന്‍മാറ്റമെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്ന നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് അരദിവസം പോലും നീക്കിവയ്ക്കില്ല എന്ന് ഒരു സര്‍ക്കാര്‍ തീരുമാനിക്കുന്നു. വോട്ടെടുപ്പ് വേണമെന്ന് ഒരംഗം ആവശ്യപ്പെട്ടാല്‍ പോലും അത് അനുവദിക്കണമെന്ന് നിയതമായ കീഴ്‍വഴക്കമുള്ള പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ആകെ ആവശ്യം കേട്ടതായി ഭാവിക്കാതെ രാജ്യസഭാ ഉപാധ്യക്ഷന്‍ നിയമം പാസാക്കിക്കൊടുക്കുന്നു. പ്രതിഷേധിക്കുന്നവരെ ദിവസങ്ങള്‍ മാത്രമുള്ള സഭാസമ്മേളനത്തില്‍ നിന്നു തന്നെ സസ്പെന്‍ഡ് ചെയ്യുന്നു. 

ഏകോപനമില്ലാത്ത പ്രതിപക്ഷമാണ് പാര്‍ലമെന്റില്‍ ഇതുവരെയും ഏകപക്ഷീയമായ സമീപനവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനെ സഹായിച്ചത്. പക്ഷേ കര്‍ഷകര്‍ തുടങ്ങിവച്ച പ്രക്ഷോഭത്താല്‍ പ്രചോദിതരാകേണ്ടി വന്നതാണെങ്കിലും ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ അപൂര്‍വമായ യോജിപ്പ് രാജ്യം കണ്ടു. എണ്ണം മാത്രമല്ല ജനാധിപത്യത്തിലെ പങ്കാളിത്തം തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷത്തിനു ബോധ്യമായി എന്നത് പ്രത്യാശാകരമാണ്. പക്ഷേ പ്രതിപക്ഷഐക്യം ബോധ്യപ്പെട്ടതിനു ശേഷവും  തൊഴില്‍വേതനച്ചട്ടങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയി. രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങളെ ബാധിക്കുന്ന തൊഴില്‍ കോഡുകള്‍ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ഒരു മടിയും കൂടാതെ ഭരണപക്ഷം പാസാക്കിയെടുത്തു.  

അധികാരം അജന്‍ഡകള്‍ നടപ്പാക്കാനുള്ളതാണ് എന്ന് ഒരു മറയുമില്ലാതെയാണ് രണ്ടാം വരവില്‍ മോദി സര്‍ക്കാര്‍ പ്രവൃത്തികളിലൂടെ തെളിയിക്കുന്നത്. ജനാധിപത്യം നല്‍കിയ അധികാരം ജനാധിപത്യത്തെ തന്നെ ശിഥിലമാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ജനാധിപത്യ ഇന്ത്യ തന്നെയാണ് ചെറുക്കേണ്ടത്. പ്രതിപക്ഷം ഉത്തരവാദിത്തം തിരിച്ചറിഞ്ഞേ പറ്റൂ. പക്ഷേ പ്രതിപക്ഷത്തെ കാത്തിരിക്കാനുള്ള നേരമില്ലെന്നു പ്രഖ്യാപിച്ച്, ജീവിതം രാഷ്ട്രീയഅജന്‍ഡകളില്‍ അട്ടിമറിക്കുന്നത് 

നോക്കിയിരിക്കാനാകില്ലെന്ന കര്‍ഷകമുദ്രാവാക്യം രാജ്യത്തിന്റെ ചെറുത്തുനില്‍പിെന്റ പ്രതീക്ഷയാണ്. ജനാധിപത്യത്തിന്റെ പ്രത്യാശയാണ്.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...