കയ്യൊപ്പിടാത്ത പ്രതിപക്ഷം; സര്‍ക്കാരിന് അനുഗ്രഹമാകുന്ന ചോദ്യങ്ങള്‍

Parayathe-Vayya_Cm
SHARE

മറുപടി പറയേണ്ട ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി നില്‍ക്കുന്ന ഒരു സര്‍ക്കാരിനെ മറുപടി അര്‍ഹിക്കാത്ത അസംബന്ധ ചോദ്യങ്ങളുമായി വന്ന് രക്ഷപ്പെടുത്തുന്ന ഒരു പ്രതിപക്ഷം എന്തൊരു അനുഗ്രഹമാണ്. കേരളത്തിലെ പ്രതിപക്ഷം സത്യത്തില്‍ ഇപ്പോള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ്. ലൈഫ് മിഷന്‍ വിവാദത്തില്‍ വിയര്‍ക്കുമ്പോള്‍ സെക്രട്ടേറിയറ്റില്‍ തീയിട്ട് ഫയലുകള്‍ കത്തിച്ചെന്നും വ്യാജ ഒപ്പിട്ടു എന്നൊക്കെയുള്ള ആരോപണങ്ങളുമായി വന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ അവസരമൊരുക്കുന്ന ഇതുപോലൊരു പ്രതിപക്ഷം ഏതൊരു ഭരണപക്ഷത്തിന്റെയും സ്വപ്നമായിരിക്കും. 

ഏറ്റവുമൊടുവില്‍ അവതരിച്ചത് വ്യാജ ഒപ്പ് വിവാദം. മുഖ്യമന്ത്രി അമേരിക്കയില്‍ ചികില്‍സയിലിരിക്കെ കേരളത്തില്‍ അദ്ദേഹത്തിന്റെ ഒപ്പിട്ടു മറ്റാരോ ഫയല്‍ പാസാക്കിയെന്ന ആരോപണവുമായെത്തിയത് ബി.െജ.പിയാണ്. 

2018ല്‍ മുഖ്യമന്ത്രി ചികില്‍സയ്ക്കായി അമേരിക്കയിലായിരുന്ന കാലത്തെ ഫയലിലെ ഒപ്പാണ് ബി.ജെ.പി. വന്‍വിവാദമായി അവതരിപ്പിച്ചത്. 2018 സെപ്റ്റംബര്‍ 2ന് അമേരിക്കയിലേക്കു പോയ മുഖ്യമന്ത്രി തിരിച്ചെത്തിയത് 23നാണ്. ഇതിനിടെ ഒന്‍പതാംതീയതി മലയാളഭാഷ വാരാചരണവുമായി ബന്ധപ്പെട്ട ഫയലില്‍ പേന ഉപയോഗിച്ചു മുഖ്യമന്ത്രി ഒപ്പിട്ടതെങ്ങനെ എന്ന ചോദ്യവുമായാണ് ബി.ജെ.പി രംഗത്തെത്തിയത്. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി തന്നെ സത്യാവസ്ഥ വിശദീകരിച്ചു

ഈ ഒരു ഫയല്‍ മാത്രമല്ല, 39 ഫയല്‍ അന്നേ ദിവസം താന്‍ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതു മാത്രമല്ല, മുഖ്യമന്ത്രി അമേരിക്കയിലേക്കു യാത്ര തിരിക്കും മുന്‍പു തന്നെ ഔദ്യോഗികചുമതലകള്‍ എങ്ങനെയായിരിക്കും നിര്‍വഹിക്കുകയെന്ന് വ്യക്തമായി വിശദീകരിച്ചിരുന്നു. ഇ–ഓഫിസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയലുകള്‍ നേരിട്ടും ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളായി മാറ്റിയും മുഖ്യമന്ത്രി തന്നെ പരിശോധിക്കുമെന്ന് അന്നു തന്നെ അറിയിപ്പുണ്ടായിരുന്നതാണ്. മുഖ്യമന്ത്രിയുടെ യാത്ര കാരണം ഭരണസ്തംഭനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ ഒരിക്കല്‍കൂടി ഈ വിശദീകരണം ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തിരുന്നു. അങ്ങനെ മുഖ്യമന്ത്രി, അമേരിക്കയില്‍ വച്ചു തീര്‍പ്പാക്കിയ ഫയലിലെ ഒപ്പാണ് ബി.ജെ.പി വ്യാജമെന്ന് ആരോപിച്ച് വിവാദമുണ്ടാക്കിയത്. 

സത്യത്തില്‍ ഭരണത്തിലെ ഡിജിറ്റല്‍ പരിഷ്കാരങ്ങളെക്കുറിച്ച്  ഭരണപക്ഷത്തൊഴിച്ച് ആര്‍ക്കും വലിയ ധാരണയില്ലെന്ന  വസ്തുതയാണ് ഈ വിവാദം കൊണ്ടു പുറത്തു വന്നത്.  കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പേരില്‍ മറ്റാരോ ഒപ്പിട്ടുവെന്നൊരു ആരോപണമുയര്‍ത്തി രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഒരിക്കല്‍ കൂടി അപഹാസ്യമായി. ഒപ്പിട്ടത് ഞാനാണെന്ന് മുഖ്യമന്ത്രി തന്നെ സാക്ഷ്യപ്പെടുത്തിയതോടെ അങ്ങനെ ഒപ്പിടാന്‍ വകുപ്പുണ്ടോ എന്ന ചോദ്യത്തിലേക്ക് മലക്കം മറിഞ്ഞു ബി.ജെ.പി. ഉയര്‍ത്തിയ ചോദ്യം പൊളിഞ്ഞു വീണെങ്കിലും കേരളത്തിലെ ജനങ്ങളെയാകെ ഇ–ഗവേണന്‍സ് എന്താണെന്നു ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചു എന്നൊരു ഗുണം വിവാദം കൊണ്ടുണ്ടായി

അമേരിക്കയിലുള്ള മുഖ്യമന്ത്രി കേരളത്തിലെ ഫയലില്‍ എങ്ങനെ ഒപ്പിടും എന്നു ചോദിക്കുന്ന ബി.െജ.പി. നേതാക്കളാണ് പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കാന്‍ പോകുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇ–ഗവേണന്‍സിനുപയോഗിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍.ഐ.സി രൂപം നല്‍കിയ ഇ–ഓഫിസ് സംവിധാനമാണ്. മന്ത്രിമാര്‍ക്കും ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും ലോകത്തെവിടെ നിന്നും ഇ–ഓഫിസ് ശൃംഖലയിലൂടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാം. ഇ–ഫയലുകളായി തന്നെ രൂപം കൊടുത്തിട്ടുള്ള ഫയലുകള്‍ നേരിട്ടു കൈകാര്യം ചെയ്തു തീര്‍പ്പാക്കാം. കാബിനറ്റ് നോട്ടുകളും നിയമസഭാചോദ്യങ്ങളുമടക്കം ചില ഫയലുകള്‍ ഇപ്പോഴും പേപ്പര്‍ ഫയലുകളാണ്. എന്നാല്‍  ഒപ്പിടേണ്ട മന്ത്രിമാര്‍ ഓഫിസില്‍ ഇല്ലെങ്കില്‍ ഈ ഫിസിക്കല്‍ ഫയലുകളും സ്കാന്‍ ചെയ്ത് ഇലക്ട്രോണിക് മോഡിലാക്കി മന്ത്രിമാര്‍ക്കയച്ചു കൊടുക്കുകയും അവര്‍ അതില്‍ ഐപാഡിലോ ഡൗണ്‍ലോഡ് ചെയ്ത പ്രിന്റിലോ ഒപ്പ് രേഖപ്പെടുത്തി തിരിച്ചയയ്ക്കുകയാണ് ചെയ്യുന്നത്. എന്നുവച്ചാല്‍ മന്ത്രിമാരും മുഖ്യമന്ത്രിയും എവിടെയെന്നത് ഫയല്‍നീക്കത്തെ ബാധിക്കാതെ കൈകാര്യം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും സാക്ഷ്യപ്പെടുത്തിയത്. 

ബോധ്യമായില്ല, ബോധ്യമായില്ല എന്നാവര്‍ത്തിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഒപ്പ് മറ്റാരോ ഇട്ടു എന്ന ആരോപണത്തില്‍ നിന്ന് ബി.ജെ.പി തലയൂരിയെടുക്കുകയാണ്.  ഇ–ഓഫിസ് വഴി ഫയലുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയോടെങ്കിലും ഒന്നു ചോദിച്ചു പഠിക്കൂവെന്നാണ് കേരളത്തിലെ ബി.ജെ.പിയോട് ഭരണപക്ഷനേതാക്കള്‍ അഭ്യര്‍ഥിച്ചത്. പക്ഷേ അപ്പോള്‍ സെക്രട്ടേറിയറ്റ് മാനുവലില്‍ അങ്ങനെ ചെയ്യാനുള്ള വകുപ്പെവിടെ എന്നു തിരിഞ്ഞു മറിഞ്ഞു ബി.ജെ.പി. കേന്ദ്രം പോലും ഡിജിറ്റല്‍ ഭരണസംവിധാനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്കരിച്ചത് 2019ലാണ്. പക്ഷേ കേരളം 2014ല്‍ തന്നെ അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന്റെ ഉത്തരവിലൂടെ ഇ–ഫയല്‍ സംവിധാനം സാധൂകരിച്ചതാണ്. 

ഒടുവില്‍ കേരളത്തിലെ ഭരണസംവിധാനം ആധുനികവും കാര്യക്ഷമവുമാണെന്നു ജനങ്ങള്‍ക്കു മനസിലായി എന്നതാണ് വിവാദത്തിന്റെ അന്തിമഫലം. 77 വയസുള്ള മുഖ്യമന്ത്രി ലോകത്തെവിടെയായിരുന്നാലും ഇ–ഗവേണന്‍സിലൂടെ ഭരണത്തിനു നേതൃത്വം നല്‍കുന്നുണ്ടെന്നും ജനമറിഞ്ഞു. ബി.ജെ.പിയുടെ  ചോദ്യത്തിലൂടെ സംസ്ഥാനസര്‍ക്കാരിനു കിട്ടിയത് ഒരു ചെലവുമില്ലാത്ത പബ്ലിക് റിലേഷന്‍സ്. നയപരവും ഭരണപരവുമായ തീരുമാനങ്ങളില്‍ മറുപടി പറയിക്കേണ്ട ചോദ്യങ്ങള്‍ സര്‍ക്കാരിനു മുന്നിലുള്ളപ്പോഴാണ് പ്രതിപക്ഷം സര്‍ക്കാരിനു തിളങ്ങാനുള്ള അവസരങ്ങള്‍ അങ്ങോട്ടു സംഭാവന ചെയ്യുന്നത്. 

ക്രിയാത്മക പ്രതിപക്ഷമെങ്കില്‍ പ്രസക്തമായ, പ്രാധാന്യമുള്ള പല ചോദ്യങ്ങളിലും ഉത്തരം പറയിക്കാനുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തു പ്രതികളുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ പുറത്തായി. ഇതിനെത്തുടര്‍ന്നു പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടു വന്നു. പക്ഷേ  അവിശ്വാസം ഏതു ചോദ്യങ്ങളിലാണെന്നു സമര്‍ഥിക്കാന്‍ പോലും മറന്നു പോയ പ്രതിപക്ഷത്തിന് ഒന്നിലും കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നതാണ് അവസ്ഥ. ലൈഫ് മിഷന്‍ വിവാദത്തില്‍ ഇതുവരെ സര്‍ക്കാരിന് വസ്തുതകള്‍ വിശദീകരിക്കേണ്ടി വന്നിട്ടില്ല. അങ്ങനെയൊരു സമ്മര്‍ദമുയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. തൊഴില്‍ നേടാനാകാതെ നിരാശനായ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തത് കൂടുതല്‍ ഗൗരവമര്‍ഹിക്കുന്ന പ്രശ്നമായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്് മയക്കുമരുന്നു കടത്തുകാരനുമായി സാമ്പത്തികപങ്കാളിത്തമുണ്ട് എന്ന കണ്ടെത്തലിനും കൂടുതല്‍ വ്യക്തതയും വിവരങ്ങളും ആവശ്യമുണ്ട്.

മകന്‍ തെറ്റുകാരനെങ്കില്‍ ശിക്ഷിക്കപ്പെടേണ്ടതെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ, തൂക്കിക്കൊല്ലേണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ എന്നാണ് സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ പ്രതികരണം. ചോദിക്കാത്ത ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞാണ് സമീപവിവാദങ്ങളിലെല്ലാം സി.പി.എം പിടിച്ചു നില്‍ക്കുന്നത്. കന്നഡ സിനിമാലോകത്തെ പ്രമുഖര്‍ വരെ അറസ്റ്റിലായ ലഹരിമരുന്നു കേസിലാണ് സി.പി.എം സംസ്ഥാനസെക്രട്ടറിയുെട മകന്റെ ബന്ധങ്ങളെക്കുറിച്ച് ആരോപണമുയരുന്നത്. 

കേസിലെ പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന് സ്ഥീരികരിച്ചത് ബിനീഷ് തന്നെയാണ്. അറസ്റ്റിലാകുന്നതുവരെ ഫോണില്‍ നിരന്തരബന്ധം പുലര്‍ത്തിയിരുന്നതായും ഫോണ്‍ രേഖകള്‍ തെളിയിക്കുന്നു. ലഹരിമരുന്നുകടത്തിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് ബിനീഷ് വിശദീകരിക്കുന്നത്.  മലയാളസിനിമയിലെ പ്രമുഖരിലേക്കു വരെ ലഹരിക്കടത്തിന്റെ അന്വേഷണം നീളുകയാണ്. മകന്‍ തെറ്റുകാരനെങ്കില്‍ തൂക്കിക്കൊല്ലട്ടെ എന്ന വാദത്തിനപ്പുറം സമൂഹത്തോടു പശ്ചാത്തലം വിശദീകരിക്കാന്‍ സി.പി.എം സംസ്ഥാനസെക്രട്ടറിക്കു ബാധ്യതയുണ്ട്. 

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു ക്രിമിനല്‍ സംഘവുമായുള്ള ബന്ധവും സംസ്ഥാനസെക്രട്ടറിയുടെ മകന് ലഹരിമരുന്നു സംഘവുമായുള്ള ബന്ധവും വ്യക്തിപരം മാത്രമാണ് എന്നു വിശദീകരിച്ചൊഴിയുന്നതില്‍ രാഷ്ട്രീയധാര്‍മികതയുടെ പ്രശ്നമുണ്ട്.  പക്ഷേ ശക്തമായ ചോദ്യങ്ങളുയര്‍ത്താന്‍ പ്രതിപക്ഷത്തിനു കഴിയുന്നില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ബന്ധം അതിഗുരുതരമായ ഒരു സാഹചര്യമുണ്ടാക്കിയെന്നത് ശരി. പക്ഷേ കൃത്യമായി അത് വ്യക്തിപരമായ പ്രശ്നമായി അകലം പാലിക്കാന്‍ സര്‍ക്കാരിനും സി.പി.എമ്മിനും കഴ‍ിഞ്ഞു. അന്വേഷണം കേന്ദ്രഏജന്‍സികളെ ഏല്‍പിക്കാനാവശ്യപ്പെട്ടതോടെ നേരിട്ടുള്ള ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു മാറാനും സര്‍ക്കാരിനു കഴിഞ്ഞു. സ്വന്തം നിലയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ പോലും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല.   കോവിഡ് പ്രതിരോധത്തില്‍ നേരത്ത  ചൂണ്ടിക്കാട്ടിയിരുന്ന പാളിച്ചകളും പ്രതിപക്ഷം ഇപ്പോള്‍ വിട്ടു കളഞ്ഞു. സ്പ്രിന്‍ക്ളര്‍, പമ്പാ മണല്‍ക്കടത്ത്, ഇ–മൊബിലിറ്റി, പ്രളയഫണ്ട് വിവാദങ്ങളും ഒരു വലിയ അഴിമതിക്കേസായി ഉയര്‍ന്നു വന്നില്ല. 

പക്ഷേ ഈ പറഞ്ഞ ആരോപണങ്ങളല്ലാതെ സര്‍ക്കാരിനെ വലയ്ക്കുന്ന ഒരു വന്‍ അഴിമതി ആരോപണം പോലും നാലരവര്‍ഷമായി ഉയര്‍ത്താനായിട്ടില്ല എന്നത് വസ്തുത. അതില്‍ പ്രതിപക്ഷത്തിനുണ്ടാകുന്ന രാഷ്ട്രീയനിരാശയും ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ പേരില്‍ കയ്യില്‍ കിട്ടുന്നതെല്ലാം വലിയ പ്രശ്നങ്ങളായി അവതരിപ്പിച്ചാല്‍  നഷ്ടപ്പെടുന്ന രാഷ്ട്രീയവിശ്വാസ്യത ബി.ജെ.പിക്കു പ്രശ്നമല്ലെങ്കിലും കേരളത്തിലെ മുഖ്യപ്രതിപക്ഷം ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്. ക്രിയാത്മകപ്രതിപക്ഷം ജനാധിപത്യത്തില്‍ ജനതയുടെ അവകാശമാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...