സര്‍ക്കാരിന്‍റെ ന്യായങ്ങള്‍ പരിഹാസ്യം; ദുരൂഹം; ഈ കൈമലര്‍ത്തല്‍ എന്തിന്?

parayathe-vayya
SHARE

നയതന്ത്രബാഗില്‍ സ്വര്‍ണം കടത്തിയ കേസ് രാജ്യത്തെ കുലുക്കിയതിനേക്കാളേറെ കേരളത്തെ പിടിച്ചു കുലുക്കുന്നതെന്തുകൊണ്ടാണ്? മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം ന്യായമാണോ? പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിനിര്‍ത്തിയതിനപ്പുറം ഒന്നും ചെയ്യാനില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണോ? ദേശസുരക്ഷയ്ക്കു നേരെയുള്ള ഭീഷണി അന്വേഷിക്കുന്ന എന്‍.ഐ.എ കേരളത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമോ? ഗുരുതര ആരോപണങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ എന്തുകൊണ്ടാണ് അന്വേഷണം നടത്താതെ ഒഴിഞ്ഞു മാറുന്നത്?

യു.എ.ഇ. കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസ് കോവി‍ഡ് പ്രതിസന്ധികാലത്തും കേരളത്തെ ഇളക്കിമറിക്കുകയാണ്. മുഖ്യമന്ത്രി പറയുന്നത് ന്യായമല്ലേ? വിമാനത്താവളം, കസ്റ്റംസ് നികുതി വെട്ടിച്ചുള്ള സ്വര്‍ണക്കടത്ത്, രാജ്യസുരക്ഷ, നയതന്ത്ര ഇടപെടല്‍ ഇതെല്ലാം കേന്ദ്രസര്‍ക്കാരിനു മാത്രം കൈകാര്യം ചെയ്യാവുന്ന പ്രശ്നങ്ങളാണ്. സംസ്ഥാനസര്‍ക്കാരിന്റെ അധികാരപരിധിയില്‍ നില്‍ക്കില്ല. ഗുരുതരമായ രാജ്യാന്തരചോദ്യങ്ങളുയര്‍ത്തിയ കേസ് കൂടിയാണിത്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുന്ന വിഷയം. ഇരു സര്‍ക്കാരുകള്‍ തമ്മില്‍ കൂടിയാലോചിച്ചല്ലാതെ  ഒരടി മുന്നോട്ട് വയ്ക്കാനാകാത്ത കേസാണ്. 

അതുകൊണ്ടു കൂടിയാണ് ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന സംഘടിത കുറ്റകൃത്യമായിക്കണ്ട്  NIA കേസ് അന്വേഷണം ഏറ്റെടുത്തത്. സംഘടിത കള്ളക്കടത്ത് ദേശസുരക്ഷയ്ക്കേല്‍പിക്കുന്ന ആഘാതം, ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്ക് ഹവാലയും ഭീകരപ്രവര്‍ത്തനവുമായി ഉണ്ടാകാന്‍ സാധ്യതയുള്ള ബന്ധം തുടങ്ങിയ കാര്യങ്ങള്‍ എന്‍.ഐ.എ വിശദമായി അന്വേഷിക്കും. ഭീകരപ്രവര്‍ത്തനവുമായി ഇടപാടിന് ബന്ധമുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് NIA ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന പ്രഥമവിവരറിപ്പോര്‍ട്ട്. യു.എ.പി.എ പ്രകാരം കുറ്റം ചുമത്തിയ കേസില്‍ പി.എസ്. സരിത്ത്, സ്പ്നസുരേഷ്, ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവര്‍ പ്രതികളാണ്. 

ഇത്രയും വലിയ മാനങ്ങള്‍ക്കിടയില്‍  പാവം കേരളത്തിനെന്തു ചെയ്യാന്‍ എന്ന സംസ്ഥാനത്തിന്റെ ചോദ്യം അപ്പോള്‍ തള്ളിക്കളയാന്‍ കഴിയുമോ? ഞങ്ങള്‍ക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടുണ്ട്, പോരാഞ്ഞിട്ട് എല്ലാം അന്വേഷിക്കാന്‍ കേന്ദ്രത്തിനു കത്തും നല്‍കിയില്ലേ എന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ ചോദ്യങ്ങള്‍ അവസാനിക്കുന്നുണ്ടോ? കേരളസര്‍ക്കാരിന് ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കില്‍, വ്യക്തവും സുതാര്യവുമായ അന്വേഷണത്തിന് കേരളം തയാറാകണം. ഇത്രയും ഗുരുതരമായ ഒരു കുറ്റകൃത്യം നടത്തിയത് സംസ്ഥാനസര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു കരാര്‍ ജീവനക്കാരിയാണ് എന്നതു മാത്രമല്ല . അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ ഭരണം നിയന്ത്രിച്ചിരുന്ന മുഖ്യമന്ത്രിയുടെ സെക്രട്ടറിയെയാണ് സര്‍ക്കാരിന് മാറ്റിനിര്‍ത്തേണ്ടി വന്നത്.  സംസ്ഥാനസര്‍ക്കാര്‍ കൂടിയാണ് കബളിക്കപ്പെട്ടത്. എന്നിട്ടും അന്വേഷണം നടത്താതിരിക്കാന്‍ മുഖ്യമന്ത്രി പറയുന്ന ന്യായങ്ങള്‍ പരിഹാസ്യമാണ്. ദുരൂഹമാണ്. ആരെ സംരക്ഷിക്കാനാണ്  സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്?

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന ശേഷം നടന്ന എല്ലാ വാര്‍ത്താസമ്മേളനങ്ങളിലും മുഖ്യമന്ത്രി ഇതേ മറുപടി ആവര്‍ത്തിക്കുന്നുണ്ട്. ‍എന്തു വേണമെങ്കിലും കേന്ദ്രം അന്വേഷിച്ചോട്ടെ എന്ന  സംസ്ഥാനസര്‍ക്കാര്‍ നിലപാട് ചൂണ്ടി ന്യായീകരിക്കാന്‍ പാടുപെടുകയാണ് സി.പി.എമ്മും ഇടതുമുന്നണിയും. മറ്റെന്തു സാധ്യതയുണ്ടായിരുന്നു സംസ്ഥാനസര്‍ക്കാരിനു മുന്നില്‍? കേന്ദ്രം അന്വേഷിക്കേണ്ട എന്നു പറയാനാകുമായിരുന്നോ മുഖ്യമന്ത്രിക്ക്?  ഇനി അന്വേഷിക്കണമെന്നോ അന്വേഷിക്കേണ്ട എന്നോ സംസ്ഥാനം നിലപാടെടുത്താല്‍ തന്നെ അത് ഗൗനിക്കേണ്ട കാര്യം കേന്ദ്ര ഏജന്‍സികള്‍ക്കുണ്ടോ?  സ്വാഭാവികമായും വിപുലമായ അന്വേഷണം ഉറപ്പായിരുന്ന  കേസിലാണ് ഞങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നത്. ബി.ജെ.പി. സര്‍ക്കാര്‍  ഈ വഴി നീങ്ങുമെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് അതിനുള്ള അധികാരം ഉണ്ടെന്നും പകല്‍ പോലെ വ്യക്തമായിരുന്നു. കേന്ദ്രഇടപെടല്‍ ആവശ്യമായ പ്രാധാന്യവും പ്രസക്തിയും കേസിലുമുണ്ട്.

കേരളത്തിന്റെ ഔദാര്യത്തിന് ഇനിയും ഒരു പ്രസക്തിയുമില്ല. NIAയ്ക്ക് വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയുെട ഓഫിസുമായി സ്വര്‍ണക്കടത്ത് പ്രതിക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കാം. ഉറപ്പായ, തടുക്കാനാകാത്ത അന്വേഷണം ആദ്യമേ ആവശ്യപ്പെട്ടുവെന്ന അവകാശവാദം അപഹാസ്യമാണ്. സ്വന്തം നിലയില്‍ അന്വേഷിക്കേണ്ട ചോദ്യങ്ങള്‍ക്കു നേരെ കണ്ണടച്ചു കൊണ്ട് അത് ആവര്‍ത്തിക്കരുത്. ഭീകരബന്ധമുണ്ടെന്ന് NIA പറയുന്ന സ്വര്‍ണക്കടത്തുകേസിലെ പ്രതി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ബന്ധം സ്ഥാപിച്ച്, ഒരു സുപ്രധാന‌ സര്‍ക്കാര്‍ പ്രോജക്റ്റില്‍ കയറിക്കൂടിയത് എന്തിനാണ്? ആ പ്രതി നേരത്തെ തന്നെ ക്രൈബ്രാഞ്ച് കേസില്‍ കുറ്റം നേരിട്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് ആരുടെ സ്വാധീനം ഉപയോഗിച്ചാണ്? സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന ലക്ഷ്യമെന്താണ്? ഇതൊക്കെ NIA കണ്ടെത്തി പറഞ്ഞു തരണമെന്നാണോ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്? അതോ മുഖ്യമന്ത്രിക്ക് കേരളാപൊലീസിനെ വിശ്വാസമില്ലേ? 

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നാണ് സര്‍ക്കാരിന്റെ കരാര്‍ ജീവനക്കാരിയായി എത്തിയത്. കോണ്‍സുലേറ്റിലെ അനുഭവപരിചയം വച്ചാണ് ഐ.ടി.വകുപ്പിന്റെ കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് വഴി വിഷന്‍ ടെക്നോളജീസ് എന്ന സ്ഥാപനത്തിലൂടെ അവര്‍ ജോലിയില്‍ പ്രവേശിച്ചതെന്നാണ് സര്‍ക്കാരിന്റെ ന്യായം. സ്വപ്ന സുരേഷ് സര്‍ക്കാരിന്റെ നേരിട്ടുള്ള ജീവനക്കാരിയായിരുന്നില്ല. വിഷന്‍ ടെക്നോളജീസ് ശമ്പളം നല്‍കി സര്‍ക്കാരിനു വേണ്ടി ജോലി ചെയ്തിരുന്ന കരാര്‍ ജീവനക്കാരി മാത്രമാണെന്നും സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ 

ഈ സാങ്കേതിക ന്യായീകരണങ്ങള്‍ ദയനീയമായി പരാജയപ്പെടുത്തുന്ന ദൃശ്യങ്ങളും വിവരങ്ങളും പൊതുജനത്തിനു മുന്നിലെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ , ഐ.ടി.വകുപ്പിനു കീഴിലുള്ള  KSITL മുഖേന കഴിഞ്ഞ ജനുവരി 30ന് കോവളത്ത് നടത്തിയ സ്പേസ് കോണ്‍ക്ലേവിന്റെ മുഖ്യസംഘാടകയായിരുന്നു സ്വപ്ന സുരേഷ്. 

സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശത്തു നിന്നുള്ള അതിഥികളെ ക്ഷണിച്ചതും സ്വീകരിച്ചതും പരിപാടി ഏകോപിപ്പിച്ചതും സ്വപ്നസുരേഷാണ്. വിഷന്‍ ടെക്നോളജീസിലെ ഏതോ ഒരു കരാര്‍ ജീവനക്കാരിയായല്ല, ഈ വന്‍ സമ്മേളനത്തിന്റെ മുഖ്യ ആസൂത്രകയായി സ്വപ്ന സുരേഷിനെ ലോകം കണ്ടതാണ്. പരിപാടിയില്‍ മുഖ്യമന്ത്രിയുടെ  ഉപദേഷ്ടാവും പ്രമുഖ ശാസ്ത്രജ്ഞനുമായ എം.സി.ദത്തന് ഉപഹാരം നല്‍കിയതും സ്വപ്നസുരേഷാണ്. സി.പി.എം നേതാക്കള്‍ ന്യായീകരിക്കുന്ന വെറും കരാര്‍ ജീവനക്കാരി. ഈ കരാര്‍ നിയമനം വന്ന വഴി വളരെ വ്യക്തവുമാണ്. ഐ.ടി.വകുപ്പ് സെക്രട്ടറിയായ എം.ശിവശങ്കര്‍ അധ്യക്ഷനായ സമിതിയാണ് ഈ നിയമനം അംഗീകരിച്ചത്. ആറു മാസത്തേക്കെന്ന് രേഖയില്‍ പറയുന്ന നിയമനം, ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കുകയായിരുന്നു. നിയമനം നേടാന്‍ സ്വപ്നസുരേഷ് ഉപയോഗിച്ചത് വ്യാജബിരുദ സര്‍ട്ടിഫിക്കറ്റാണെന്ന് ആ സര്‍വകലാശാല തന്നെ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. എന്നിട്ടും സര്‍ക്കാര്‍ അതൊന്നും ഗൗരവമായി എടുക്കുന്നതേയില്ല. 

അതായത്  മുഖ്യമന്ത്രി വിശദീകരിച്ചതുപോലെ ഐ.ടി.െസക്രട്ടറിയുടെ വ്യക്തിബന്ധമേ അല്ല ഇവിടത്തെ പ്രശ്നം. ഐ.ടി.സെക്രട്ടറി കുറ്റകരമായ പശ്ചാത്തലമുള്ള ഒരു വ്യക്തിയെ പിന്‍വാതിലിലൂടെ സര്‍ക്കാരിന്റെ നിര്‍ണായക ചുമതലയില്‍ നിയമിച്ചു. ആ ചുമതല സ്വപ്ന സുരേഷ് കുറ്റകൃത്യങ്ങള്‍ക്കുള്ള പശ്ചാത്തലമായി ഉപയോഗിച്ചോ എന്നത് സംസ്ഥാനസര്‍ക്കാര്‍ അല്ലാതെ മറ്റാരാണ് അന്വേഷിക്കേണ്ടത്? ആ പദവിയിലിരിക്കേ ക്രൈംബാഞ്ച് കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്ന ആരോപണം സംസ്ഥാനസര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണ് അന്വേഷിക്കാന്‍ കഴിയുക? ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നു മുഖ്യമന്ത്രി കൈമലര്‍ത്തുന്നത് എന്തുകൊണ്ടാണ്?

സ്വര്‍ണക്കടത്ത് കേസിലെ രണ്ടു പ്രതികളുടെ സ്ഥാപനം നിയമസഭാസ്പീക്കര്‍ ഉദ്ഘാടനം ചെയ്തത് മാസങ്ങള്‍ക്കു മുന്‍പാണ്. സര്‍ക്കാരിലെ പല ഉന്നതന്‍മാരുമായും സ്വപ്നയും കൂട്ടാളികളും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നുവെന്നു വ്യക്തം. ഈ സ്വാധീനവും ബന്ധവും  എന്തുദ്ദേശത്തില്‍ സ്ഥാപിച്ചതാണ്?

കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നതു പ്രകാരം മാസങ്ങളായി ഈ സംഘം സ്വര്‍ണക്കടത്തില്‍ പങ്കാളികളാണ്. ഒരു ഇടപാടിന് കുറഞ്ഞത് 15 ലക്ഷം വരെയായിരുന്നു സ്വപ്നസുരേഷിന്റെ കമ്മിഷന്‍ എന്നാണ് കസ്റ്റംസ് പറയുന്നത്.  സ്വര്‍ണക്കടത്തിലൂടെ വന്‍ സാമ്പത്തികനേട്ടമുണ്ടായിട്ടും സര്‍ക്കാരിന്റെ ഒരു പ്രോജക്റ്റില്‍ അസാധാരണമായ നിയമനം നേടിയതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്താണ്? സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പദവിയിലെത്തിയത്, എത്തിച്ചത് എങ്ങനെയെന്ന് ആരന്വേഷിക്കും?  മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടല്‍ വഴിയാണോ അവര്‍ സര്‍ക്കാരിന്റെ ഒരു അഭിമാനപദ്ധതിയില്‍ ഒരു കണ്‍സള്‍ട്ടന്‍സി വഴി നിയമിതയായത്? ആ നിയമനം നേടിയെടുത്തതിനു പിന്നില്‍ സ്വര്‍ണക്കടത്തു പ്രതിയുടെ ഉദ്ദേശമെന്തായിരുന്നു? സംസ്ഥാനത്ത് ഏറ്റവുമധികം അധികാരം കൈകാര്യം ചെയ്തിരുന്ന സിവില്‍സര്‍വീസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ? അതുമാത്രമല്ല, മുഖ്യമന്ത്രിയുടെ വകുപ്പില്‍ പ്രവര്‍ത്തിച്ച, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തി സ്വര്‍ണക്കള്ളക്കടത്തുകേസിലെ മുഖ്യആസൂത്രകയാണ് എന്നറിഞ്ഞിട്ടും കേരളപൊലീസ് അനങ്ങിയില്ല എന്നത് അസാധാരണമാണ്. അവര്‍ ഒളിവില്‍ പോയിട്ടും സംസ്ഥാനപൊലീസ് അന്വേഷിക്കേണ്ട ഒന്നും അക്കാര്യത്തിലില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നത് വിചിത്രവും.

ഒരു സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ സര്‍ക്കാര്‍ ബന്ധങ്ങള്‍ സംസ്ഥാനസര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നില്ല എന്നത് ദുരൂഹമാണ്. ദിവസങ്ങള്‍ക്കു മുന്‍പ് വരെ സംസ്ഥാനത്തെ ഭരണം നിയന്ത്രിച്ചിരുന്ന തന്റെ സെക്രട്ടറിയുടെ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിട്ടും ആഭ്യന്തരഅന്വേഷണം വേണമെന്നു പോലും മുഖ്യമന്ത്രി കരുതുന്നില്ല. എല്ലാം കേന്ദ്രം അന്വേഷിക്കട്ടെയന്നതാണ് കൂടുതല്‍ സുതാര്യമെന്ന് സംസ്ഥാനം പറയുന്നത് ഈ ഗുരുതരമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഒരു ഉത്തരവാദിത്തവും ഇല്ല എന്ന് അകലം പാലിക്കാനാണ്. അങ്ങനെ ഒഴിഞ്ഞുമാറാനാകുമോ മുഖ്യമന്ത്രിക്ക്? 

സ്വപ്നസുരേഷ് സ്വര്‍ണക്കടത്തില്‍ മാത്രമല്ല പ്രതി. എയര്‍ ഇന്ത്യ സാറ്റ്‍സില്‍ സഹപ്രവര്‍ത്തകനെതിരെ വ്യാജരേഖയും ആള്‍മാറാട്ടവും സൃഷ്ടിച്ചുവെന്ന ക്രൈംബ്രാഞ്ച് കേസിലും പ്രതിയാണ്. ആ കേസ് മുന്നോട്ടു പോകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും ഐ.പി.എസുകാരും സ്വപ്നയ്ക്കു വേണ്ടി ഇടപെട്ടുവെന്ന ആരോപണവും അന്വേഷിക്കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ വകുപ്പു തല അന്വേഷണം പോലും നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ചുമതലയില്‍ നിന്നു മാറ്റിനിര്‍ത്തല്‍  നടപടിയല്ല. ഈ കേസില്‍ ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം സര്ക്കാര്‍ ആഭ്യന്തരഅന്വേഷണത്തിനു പോലും തയാറാകാത്തത് സംശയകരമാണ്. 

എപ്പോഴും ഒരു മുഴം മുന്നേയെറിയുന്ന പ്രതിപക്ഷനേതാക്കള്‍ പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണെന്ന് തിരിച്ചറിയണം. മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കടത്ത് പ്രതികളെ രക്ഷപ്പെടുത്താന്‍ കസ്റ്റംസില്‍ വിളിച്ചുവെന്ന ആരോപണത്തിലാണ് പ്രതിപക്ഷം ആദ്യദിവസങ്ങളില്‍ കേന്ദ്രീകരിച്ചത്. അതില്ലെന്ന് വിശദീകരിക്കാനായതോടെ ന്യായമായ ചോദ്യങ്ങള്‍ പോലും പ്രസക്തമല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. 

ഇന്ന് ഐ.ടി.സെക്രട്ടറിയുെട ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. നാളെ മുഖ്യമന്ത്രിയുടെ ഓഫിസിലും കസ്റ്റംസിനും എന്‍.ഐ.എയ്ക്കും പരിശോധന നടത്താം. കേന്ദ്രം രാഷ്ട്രീയമുതലെടുപ്പിന്  ശ്രമിക്കുന്നുവെന്ന പരാതിയുമായി സംസ്ഥാനസര്‍ക്കാരിനെ കാണേണ്ടി വരുന്ന ഒരു ഘട്ടം സംസ്ഥാനത്തിനാകെ അപമാനകരമാണ്.

സ്വര്‍ണം കടത്തിയത് ആര്‍ക്കു വേണ്ടിയാണ് എന്നു മാത്രമേ കേരളം സംസാരിക്കാവൂ എന്നാണ് സര്‍ക്കാരിനു വേണ്ടി വാദിക്കുന്നവരുടെ ഉത്തരവ്. കേരളത്തിലേക്ക്  സ്വര്‍ണക്കടത്ത് നിര്‍ബാധം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നതില്‍ ഇതുവരേയില്ലാത്ത ഉല്‍ക്കണ്ഠ പെട്ടെന്ന് കേരളത്തിനാകെ ഉണ്ടാകണം. മറ്റൊന്നും ചോദിക്കരുത്, പറയരുത്. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കാളിത്തമുണ്ടോയെന്നൊന്നും കേരളം ചോദിക്കുന്നുണ്ടാവില്ല. പക്ഷേ ജനങ്ങളുടെ മനസിലുയരുന്ന ചോദ്യങ്ങള്‍ക്ക് സുതാര്യമായി മറുപടി പറയാന്‍ സര്‍ക്കാര്‍ തയാറാകാത്തത് സംശയകരമാണ്. ആ ജനാധിപത്യമര്യാദ സര്‍ക്കാര്‍ കാണിക്കാത്തത് അംഗീകരിക്കാനാകില്ല. പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ എത്ര ആക്രമിച്ചാലും സുതാര്യമായ മറുപടി ലഭിക്കും വരെ  ചോദ്യങ്ങള്‍ കേരളത്തിനു മുന്നിലുണ്ടാകും. 

ഈ ലോക്ക്ഡൗണ്‍ കാലത്തു മാത്രം കേരളത്തിലേക്ക് ഒന്നര കോടിയുടെ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ട് എന്നറിയണം. അതും ജീവന്‍രക്ഷാദൗത്യമായി നടന്ന വന്ദേഭാരത്, ചാര്‍ട്ടേഡ് ഫ്ലൈറ്റുകളിലെത്തിയ സ്വര്‍ണം. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി 10 കോടിയുടെ സ്വര്‍ണം കസ്റ്റംസ് ജൂണ്‍ 25 വരെ പിടികൂടി. ഒരു ഭരണകക്ഷി നേതാവും ആശങ്കയുടെ ചൂണ്ടുവിരലുമായി അവിടെയത്തിയില്ല. സ്വപ്നയുടെ നേതൃത്വത്തിലുള്ള സംഘം തന്നെ ആറു തവണയെങ്കിലും സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസ് നിഗമനം. ഈ സ്വര്‍ണം കേരളത്തിന്റെ ആഭ്യന്തരസാമ്പത്തികവ്യവസ്ഥയിലേക്കാണെത്തിയത് എന്നതു പോലും സംസ്ഥാനം അന്വേഷിക്കാന്‍ തയാറാകുന്നില്ല. കസ്റ്റംസല്ലേ സ്വര്‍ണം കടത്തുന്നത് പിടിക്കേണ്ടത് എന്ന ചോദ്യം വിമാനത്താവളത്തില്‍ അവസാനിക്കും. ഒരു സ്വര്‍ണക്കടത്തു കേസും സംസ്ഥാനസര്‍ക്കാരും ഇതുവരെ ഗൗരവമായി എടുത്തിട്ടില്ല. ഇതാണെങ്കില് സ്വര്‍ണക്കടത്തില്‍ ഒതുങ്ങുന്ന മാനങ്ങളുമല്ല.

നിശ്ചയമായും ഈ സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷത്തിന് രാഷ്ട്രീയായുധമാണ്. അതിന്റെ പേരില്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഭീഷണിയുമാണ്. ഒരു പാടു മനുഷ്യര്‍ ഒരു ദിവസം പോലും ഒന്നു വിശ്രമിക്കാതെ ഉയര്‍ത്തിക്കൊണ്ടുവന്നതാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധം. സാമ്പ്രദായിക സമരമാര്‍ഗങ്ങളില്‍ നിന്ന് പ്രതിപക്ഷം പുനരാലോചിച്ചേ പറ്റൂ. കോവിഡ് കാലത്തിനൊത്ത സമരമാര്‍ഗങ്ങള്‍ ആവിഷ്കരിക്കണം. അല്ലാതെ അണികളെ കൊലയ്ക്കു കൊടുക്കരുത്. രാഷ്ട്രീയാധികാരത്തിനായി കേരളത്തെയും കൊലയ്ക്കു കൊടുക്കരുത്. 

ഈ സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് സംസ്ഥാനസര്‍ക്കാര്‍ തന്നെയാണ്. കോവിഡ് കാലത്തായതു കൊണ്ട് ഗുരുതരമായ പ്രശ്നങ്ങളുയരുമ്പോള്‍ പ്രതിപക്ഷം നിശബ്ദത പാലിക്കണമെന്ന് ആവശ്യപ്പെടാനാകില്ല. പക്ഷേ ഉത്തരവാദിത്തം കാണിക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്.  ഒരു സ്വര്‍ണക്കടത്തിന്റെയും പേരില്‍ കേരളത്തെ കോവിഡിന് വിട്ടുകൊടുക്കാനാകില്ല. അതിന് അവസരമൊരുക്കുന്നത് ആരായാലും പൊറുക്കാനാകാത്ത അപരാധമാണ്. പ്രതിപക്ഷം കേരളത്തെ കോവിഡ് വൈറസിന് വിട്ടുകൊടുക്കരുത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...