ന്യായീകരണം അവിടെ നില്‍ക്കട്ടെ; പ്രവാസികള്‍ക്കായി എന്തുചെയ്തു..?

parayathevayyacovid
SHARE

കോവിഡ് വ്യാപനം കുത്തനെ ഉയരുമ്പോഴും ലോക്ക്ഡൗണില്‍ നിന്നു പുറത്തു കടക്കുകയാണ് രാജ്യം. ജനജീവിതം സാധാരണനിലയിലാകാന്‍ ഇനിയും കാലങ്ങള്‍ എടുത്തേക്കാം. രോഗവ്യാപനം ഉയരുന്നതിന്റെ ഗൗരവം സര്‍ക്കാരിനല്ലാതെ, ജനങ്ങളില്‍ കാണുന്നില്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്. എനിക്കു മാത്രം കോവിഡ് വരില്ലെന്ന അസംബന്ധ ആത്മവിശ്വാസം ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും തിക്കിത്തിരക്കിയാല്‍ കേരളത്തില്‍ പോലും പഴയ പരിരക്ഷ കിട്ടില്ലെന്ന് മനസിലാക്കുന്നതു നന്നായിരിക്കും. 

പല മാതൃകകള്‍ കേരളത്തിനു മുന്നിലുണ്ട്. ഏറ്റവും മുന്നില്‍  നില്‍ക്കുന്നു, രോഗവ്യാപനമുണ്ടാകാതെ കര്‍ക്കശമായി ഒന്നും രണ്ടും ഘട്ടങ്ങള്‍ നിയന്ത്രിച്ച സര്‍ക്കാര്‍ മാതൃക. അതിനൊപ്പം തന്നെ നില്‍ക്കും കടുത്ത സാമ്പത്തികപ്രതിസന്ധികള്‍ക്കിടയിലും സമൂഹത്തിനു വേണ്ടി അടച്ചു പൂട്ടിയിരുന്ന ജനത  പുലര്‍ത്തിയ ജാഗ്രത. ഇനി ഓരോ പൂട്ടുകള്‍ തുറന്നു തുറന്നു പരമാവധി ജാഗ്രത പുലര്‍ത്തി നമുക്ക് പുറത്തിറങ്ങിയേ പറ്റൂ. പക്ഷേ ഇളവുകള്‍ എന്തിനെന്നും ആര്‍ക്കു വേണ്ടിയെന്നും പൂര്‍ണബോധ്യമുണ്ടാകണം. ജീവിതം അല്‍പകാലത്തേക്കെങ്കിലും പഴയതു പോലെയാകില്ല. അസ്വസ്ഥതകളില്ലാതെ അതുള്‍ക്കൊണ്ടേ പറ്റൂ. 

കേരളത്തില്‍ ഇതുവരെ മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയില്ലെങ്കിലും കോവിഡ് കേന്ദ്രങ്ങളില്‍ രോഗികള്‍ നിറയുന്നു. പുതിയ ആശുപത്രികള്‍ സജ്ജമാക്കേണ്ടി വരുന്നു. അതിനൊപ്പം തന്നെ പൊതുഗതാഗതം പുനരാരംഭിക്കുകയാണ്. കൂടുതല്‍ വിമാനങ്ങളും വിദേശത്തു നിന്നെത്തും. സര്‍വീസുകള്‍ സാധാരണനിലയിലായാല്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ എത്ര പ്രായോഗികമാകുമെന്നു നമുക്ക് തന്നെ ഊഹിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ. 

നിയന്ത്രണങ്ങളില്‍ സര്‍ക്കാരിന്റെ കര്‍ശന ഇടപെടല്‍  കുറയുകയാണ്. ഇനി  സ്വയം സൂക്ഷിക്കുന്നവര്‍ അതിജീവിക്കും. ഏതു നിമിഷവും വൈറസുമായി ഇടപഴകാന്‍ സാധ്യതയുണ്ടെന്ന ബോധ്യത്തോടെ ആരോഗ്യനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ രോഗബാധയ്ക്കു കൈകൊടുക്കാതിരിക്കാം. സ്വാതന്ത്ര്യബോധത്തോടൊപ്പം ആരോഗ്യഅവബോധം കൂടി കര്‍ക്കശമായി പാലിച്ചാല്‍ നാടും നമ്മളും രക്ഷപ്പെടും. പക്ഷേ അതിനിടയിലും ആരാധനാലയങ്ങള്‍ തുറക്കുന്നതും പ്രവാസികള്‍ക്കായുളള വിമാനങ്ങളുടെ പേരിലുമൊക്കെ രാഷ്ട്രീയവിവാദങ്ങള്‍ ഉയരുന്നത് ചരിത്രാല്‍ഭുതങ്ങളായി അവശേഷിക്കും. 

ദൈവത്തിനു പോലും ഈ നേരത്ത് ആരാധനാലയങ്ങള്‍ തുറക്കണം എന്നൊരു നിലപാടുണ്ടാകില്ല. പക്ഷേ കേരളത്തിലെ പ്രതിപക്ഷത്തിന് വിശ്വാസികളുടെ കാര്യത്തിലുള്ള ഉല്‍ക്കണ്ഠ അവഗണിക്കാനാകില്ല. എന്തായാലും വിശ്വാസത്തിന്റെ പൊള്ളല്‍ നന്നായി അനുഭവിച്ചിട്ടുള്ള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തര്‍ക്കത്തിനും നിന്നില്ല. കേന്ദ്രനിര്‍ദേശങ്ങള്‍ പാലിച്ച് ആരാധനാലയങ്ങളും തുറക്കുകയാണ്. 

പ്രായമേറിയവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും അപായസാധ്യത ചൂണ്ടിക്കാട്ടി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതു പാടില്ലെന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു. ചില നല്ല മാതൃകകളും ഇടയില്‍ ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ലെന്ന് ഭരണസമിതി തീരുമാനിച്ചു. പള്ളിയിലെത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമായതിനാല്‍ കോവിഡ് നിയന്ത്രണം പാലിക്കുന്നത് ദുഷ്കരമാകുമെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനം. ശബരമിലയിലടക്കം തിരക്ക് നിയന്ത്രിക്കാനുള്ള കര്‍ശന നടപടികളുമായിട്ടാണ് വീണ്ടും ക്ഷേത്രങ്ങള്‍ തൂറക്കുന്നത്. എല്ലായിടത്തും പൊലീസുണ്ടാകില്ല. ആരാധനാലയങ്ങള്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. പ്രായോഗികമായി പല ബുദ്ധിമുട്ടുകളും അക്കാര്യത്തിലുണ്ട്. പക്ഷേ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ഇടപെട്ടാല്‍ മാത്രമേ ഇളവുകള്‍ വെല്ലുവിളിയാകാതിരിക്കൂ. 

കേരളം അങ്ങനെ കോവിഡിന് നടുവിലൂടെ സാധാരണ ജീവിതത്തിലേക്കു മടങ്ങുമ്പോള്‍ നാട്ടിലെത്താന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. കൂടുതല്‍ വിമാനസര്‍വീസുകള്‍ സാധിക്കാത്തത് ആരുടെ ഇടപെടല്‍ കൊണ്ടാണ് എന്ന ചോദ്യത്തിന് കേന്ദ്ര–സംസ്ഥാനസര്‍ക്കാരുകള്‍ പരസ്പരം പഴി ചാരുകയാണ്. ഓരോ ദിവസവും വിദേശത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുമ്പോള്‍ കേന്ദ്ര–സംസ്ഥാനസര്‍ക്കാരുകള്‍ ഇക്കാര്യത്തിലുള്ള നിസംഗത വെടി‍ഞ്ഞേ പറ്റൂ.

വിദേശത്തു നിന്ന് അടിയന്തരമായി കേരളത്തിലെത്താന്‍ കാത്തിരിക്കുന്നത് മൂന്നു ലക്ഷത്തോളം മലയാളികളാണ്. പക്ഷേ ഇക്കാര്യത്തില്‍ കൃത്യമായ ഔദ്യോഗികക്കണക്കുകള്‍ പോലും ഇപ്പോഴില്ല. ജൂണ്‍ മാസത്തില്‍ 52 സര്‍വീസുകള്‍ മാത്രമാണ് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ നിന്ന് 11 സര്‍വീസുകളും. ഈ കണക്കനുസരിച്ചു പോയാല്‍ 

കൂടിവന്നാല്‍ ഏഴായിരം പേര്‍ക്കാണ് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്താന്‍ കഴിയുക.  ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ കൂടി കണക്കിലെടുത്താല്‍ അത് 

പതിനായിരം പേരാകുമായിരിക്കും. ഈ മെല്ലെപ്പോക്കിനു കാരണം കേന്ദ്രമെന്ന് കേരളവും കേരളമെന്നു കേന്ദ്രവും പറയുന്നു. 

അപ്പോള്‍ കേരളം സമ്മതിച്ച എണ്ണം ഫ്ളൈറ്റുകള്‍ പോലും വരാത്തതെന്താണെന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിക്കുന്നു

ഈ വാക്പോരല്ലാതെ പ്രവാസികളുടെ മടങ്ങിവരവില്‍ ആവശ്യമായ നടപടികളുണ്ടാകുന്നില്ലെന്നതാണ് വസ്തുത. സ്പെസ് ജെറ്റ് വിമാനങ്ങള്‍ക്കും സംഘടനകളുടെ 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും അനുമതിയായിട്ടുണ്ട്. ഇത് കൃത്യമായി സര‍‍്‍വീസ് നടത്താനായാല്‍ എഴുപതിനായിരം പേര്‍ക്കെങ്കിലും മടങ്ങിയെത്താമെന്നു സംഘടനകള്‍ പ്രതീക്ഷിക്കുന്നു. അതിനിടയില്‍ പതിവു വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

വന്ദേഭാരത് ദൗത്യം തുടങ്ങി ഒരു മാസമായിട്ടും കേരളത്തില്‍ തിരിച്ചെത്തിയത് മുപ്പതിനായിരത്തോളം പ്രവാസികള്‍ മാത്രമാണ് എന്നത് വസ്തുത. ഈ കാലത്തു തന്നെ ഇരുനൂറോളം മലയാളികള്‍ ഗള്‍ഫില്‍ മരണടഞ്ഞു. പ്രവാസികള്‍ക്ക് ജന്‍മനാടിന്റെ പരിചരണത്തിലേക്ക് മടങ്ങിയെത്താനുള്ള അവകാശത്തെക്കുറിച്ച് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നതും മറ്റൊരു വാസ്തവം. നിസംഗതയുപേക്ഷിച്ച് സര്‍ക്കാരുകള്‍ ഇടപെട്ടില്ലെങ്കില്‍ അത് കടുത്ത വഞ്ചനയാണ്. ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കും കഴിയും. പക്ഷേ പരിഹാരമുണ്ടാക്കുകയാണ് മാനവികത. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...