ആരോഗ്യ വകുപ്പിന്റെ അനുഭവസമ്പത്തിൽ വിശ്വസിക്കണോ, കേന്ദ്രത്തിന്റെ മാർഗനിർദേശം പിന്തുടരണോ?

finalparayathevayya
SHARE

കേരളം ഫലപ്രദമായി കോവിഡ് വ്യാപനം ചെറുത്തിരിക്കുന്നു. പക്ഷേ രാജ്യത്തെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. രാജ്യമാകെയും അയല്‍സംസ്ഥാനങ്ങളുമെല്ലാം കോവിഡ് പ്രതിരോധത്തില്‍ വിജയിച്ചാലേ കേരളത്തിനും  സമാധാനിക്കാനാകൂ. മാത്രമല്ല,

ആശ്വാസനിശ്വാസത്തിനു പോലും നേരമില്ലാതെ അടുത്തവെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു കേരളം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വിദേശങ്ങളിലും കുടുങ്ങിയ മലയാളികള്‍ മടങ്ങിയെത്തിത്തുടങ്ങിയിരിക്കുന്നു. കൂടുതല്‍ മലയാളികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ദയനീയസാഹചര്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നു. മടങ്ങിയെത്തുന്നവരില്‍ നിന്ന് രോഗവ്യാപനമുണ്ടാകാതെ ശ്രദ്ധിക്കണം, അതിനൊപ്പം കൂടുതല്‍ പേരെ തിരിച്ചെത്തിക്കാന്‍ നടപടികളെടുക്കണം. കേരളത്തിനു മുന്നില്‍ യഥാര്‍ഥ വെല്ലുവിളികള്‍ തുടങ്ങിയിട്ടേയുള്ളൂ എന്നതാണ് അവസ്ഥ. ആശയക്കുഴപ്പങ്ങളുണ്ട്, ക്വാറന്റീന്‍ എവിടെ വേണം, എങ്ങനെ വേണം എന്നതിലടക്കം വ്യക്തത ആവശ്യമുണ്ട്. മറ്റിടങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ ഇടപെടുന്നില്ലെന്ന ശക്തമായ പരാതിയുണ്ട്. എല്ലാം പരിഹരിച്ചേ പറ്റൂ. പക്ഷേ  എല്ലാവരെയും എങ്ങനെയെങ്കിലും തിരിച്ചെത്തിക്കുകയെന്നതിനൊപ്പം, സുരക്ഷിതരാക്കുകയെന്നതും പ്രധാനമാണ്. ഒരല്‍പം ക്ഷമയോടെ, പ്രായോഗികതയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്താല്‍ അടുത്ത ഘട്ടവും അസാധ്യമല്ല. 

കോവിഡ് വ്യാപനത്തില്‍ രാജ്യം ആശങ്കയുടെ പാതയില്‍ നില്‍ക്കുമ്പോള്‍ കേരളം താല്‍ക്കാലികാശ്വാസത്തിന്റെ കണക്കുറപ്പിക്കുന്നു. 503 പേര്‍ക്ക് രോഗം ബാധിച്ച കേരളത്തില്‍ ഇപ്പോള്‍ 30ലും താഴെയാണ് രോഗികള്‍. കര്‍ക്കശമായ നിയന്ത്രണങ്ങളിലൂടെയും നിരീക്ഷണത്തിലൂടെയുമാണ് രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച കേരളം ഫലപ്രദമായ പ്രതിരോധം എന്ന നിലയിലെത്തിയത്. 

പക്ഷേ അടുത്ത ഘട്ടത്തില്‍ വെല്ലുവിളി അതിതീവ്രമാണ്. ഇപ്പോഴും കടുത്ത രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ കുടുങ്ങിയ മലയാളികളാണ് തിരിച്ചെത്തുന്നത്. കേരളത്തിന്റെ സുരക്ഷിതത്വം തേടിയെത്തുന്നവര്‍ക്ക് കൃത്യമായ സുരക്ഷ ഉറപ്പുവരുത്തണം. ആരില്‍ നിന്നും പുതുതായി രോഗവ്യാപനമുണ്ടാകില്ലെന്നും ഉറപ്പാക്കണം. 

കേരളം ഇതുവരെ നേരിട്ടതില്‍ ഏറ്റവും പ്രയാസമേറിയ ഘട്ടം കൂടിയാണ് ഇനി നേരിടാന്‍ പോകുന്നത്. മറുനാടുകളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ പലരുടെയും സ്ഥിതി അതിദയനീയമാണ്. കാത്തിരിക്കാന്‍ കഴിയുന്നതിന്റെ പരമാവധി കാത്തതിനു ശേഷമാണ് പലരും കേരളത്തിലേക്കു മടങ്ങിയെത്താന്‍ ശ്രമിക്കുന്നത്. 

എന്നാല്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കേന്ദ്രസര്‍ക്കാരോ സംസ്ഥാനസര്‍ക്കാരോ ഇതുവരെ യാത്രാസൗകര്യം ഒരുക്കിയിട്ടില്ല. അങ്ങനെ കുടുങ്ങിക്കിടക്കുന്നവരില്‍ വിദ്യാര്‍ഥികളും ഒറ്റപ്പെട്ടുപോയ സ്ത്രീകളും രോഗികളുമുണ്ട്

സ്വന്തം നിലയ്ക്ക് യാത്രാസൗകര്യമുള്ളവര്‍ക്കു മാത്രമേ ഇതുവരെയും കേരളത്തില്‍ എത്താന്‍ കഴിയുന്നുള്ളൂ. അവര്‍ക്കു പോലും ചെക്ക്പോസ്റ്റുകളില്‍ മണിക്കൂറുകള്‍ നീളുന്ന കഠിനമായ കാത്തിരിപ്പും നേരിടേണ്ടി വരുന്നുണ്ട്. 

പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും കേരളത്തിന്റെയും യാത്രാനുമതി പാസുകള്‍ ഉള്ളവര്‍ക്കേ പ്രവേശനം ഉണ്ടായിരിക്കൂവെന്ന് കേരളം ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നുണ്ട്. നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയാല്‍ അത് ആകെ രോഗപ്രതിരോധനടപടികളെ ഗുരുതരമായി ബാധിക്കുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെ പാസില്ലാതെ പുറപ്പെടേണ്ടി വന്ന ആയിരങ്ങള്‍ ചെക്പോസ്റ്റുകളില്‍ ജന്‍മനാട്ടിലേക്കുള്ള പ്രവേശനാനുമതിക്കായി കാത്തുനില്‍ക്കുകയാണ്. ഒന്നോ രണ്ടോ വാഹനങ്ങളില്‍ തീരുന്ന പ്രശ്നമല്ല ഇതെന്നു വ്യക്തമാണ് . ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോടും അതതു മുഖ്യമന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. 

പക്ഷേ അങ്ങനെ പറ‍ഞ്ഞൊഴിയാനാവില്ല കേരളസര്‍ക്കാരിന്. ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെ പരിമിതികള്‍ മനസിലാക്കാതെയല്ല, മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ മടക്കിയെത്തിക്കാന്‍ ആവശ്യപ്പെടുന്നത്. എന്താണ് സാഹചര്യം എന്നും എന്ന് തിരിച്ചെത്തിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ സുതാര്യമായി അവരോട് പറയേണ്ടതുണ്ട്. പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നൊഴിഞ്ഞുമാറുന്നത് ഉചിതമല്ല.

ട്രെയിനുകള്‍ തീരുമാനമാകും വരെ  അതതുസര്‍ക്കാരുകളുമായി ബന്ധപ്പെട്ട് അത്യാവശ്യസൗകര്യങ്ങള്‍ ഉറപ്പിക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കേരളത്തില്‍ നിന്നു മടങ്ങുന്ന അതിഥിതൊഴിലാളികള്‍ക്കും വിദേശത്തു നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കും കിട്ടുന്ന അതേ പരിഗണന രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള മലയാളികള്‍ക്കും കിട്ടണം. അതേസമയം അന്തര്‍സംസ്ഥാനയാത്രകളില്‍ ആശയക്കുഴപ്പം തീര്‍ക്കാനുള്ള ആദ്യ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ് എന്നതിനാല്‍ കേന്ദ്രത്തിലും സമ്മര്‍ദം ശക്തമാക്കണം. വിദേശത്തു കുടുങ്ങിയവരെയും അതിഥി തൊഴിലാളികളെയും നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്ത കേന്ദ്രസര്‍ക്കാര്‍ മറ്റിടങ്ങളില്‍ അപ്രതീക്ഷിതമായി കുടുങ്ങിയവരെയും നാട്ടിലെത്തിക്കാന്‍ അടിയന്തരമായി ട്രെയിനുകള്‍ അനുവദിക്കണം

രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിന് ഒരു ലക്ഷ്യമുണ്ട്. കാരണവും. അതില്‍ പെട്ടെന്ന് സംസ്ഥാനങ്ങള്‍ക്കു മാത്രമായി സംസ്ഥാനാന്തര കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പരിമിതിയുണ്ടാകാം. പക്ഷേ ഭക്ഷണവും താമസവുമില്ലാതെ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെയും നിരാലംബരെയും കൈയൊഴിയാനാകില്ല. നടപടിയുണ്ടാകണം. ഓരോ ദിവസവും ഓരോ ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടി വരുന്ന ആശയക്കുഴപ്പം ഭരണതലത്തില്‍ സര്‍ക്കാരിനുണ്ടെങ്കില്‍ സാധാരണക്കാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. നടപടിക്രമങ്ങള്‍ മാറിമറിയുന്നതിനനുസരിച്ച് സാങ്കേതികത്വം പറയാതെ അതിര്‍ത്തികളില്‍ കുടുങ്ങുന്നവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രശ്നപരിഹാരമുണ്ടാക്കണം. പക്ഷേ ഇത് എന്നും ഇങ്ങനെ തുടരാനാവില്ലെന്നു മടങ്ങിയെത്തുന്നവരും മനസിലാക്കണം. ഒരല്‍പം കൂടി കാത്തിരുന്നാലും നടപടിക്രമങ്ങള്‍ പാലിച്ച് യാത്ര തുടങ്ങുകയെന്നത് ഒരു സാമൂഹ്യഉത്തരവാദിത്തമായിക്കൂടി കാണണം. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറന്ന് തിരക്കു കുറയ്ക്കുന്ന നടപടികള്‍ ഉണ്ടാകണം. അതേസമയം ചെക്ക്പോസ്റ്റിലെ നടപടികളും പരിശോധനകളും കേരളത്തിന്റെ മാത്രം സുരക്ഷയ്ക്കല്ല, വന്നെത്തുവരേടതടക്കം സമൂഹവ്യാപനമുണ്ടാകാതിരിക്കാനുള്ള കരുതലാണെന്ന ഓര്‍മയും നമുക്കെല്ലാവര്‍ക്കുമുണ്ടാകണം. 

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയിരിക്കുന്ന മലയാളികളോട് എന്താണ് യഥാര്‍ഥ സാഹചര്യം എന്ന് സര്‍ക്കാര്‍ തുറന്നു പറയണം. പ്രായോഗികമായി സാധിക്കുന്നതെന്താണ്, സര്‍ക്കാരിന്റെ സാഹചര്യമെന്താണ് എന്ന് കാത്തിരിക്കുന്നവര്‍ അറിയണം. അതില്‍ സുതാര്യമായ  സമീപനമുണ്ടാകണം. എത്രനാള്‍ ‍ പിടിച്ചു നില്‍ക്കേണ്ടി വരും എന്നറിയണം. ഒരു സാഹചര്യത്തിലും മടങ്ങിയെത്തേണ്ടവരുടെ കാര്യത്തില്‍ ഉപേക്ഷയുണ്ടാകില്ലെന്നു ബോധ്യമാകുന്ന ഉറപ്പുകളുണ്ടാകണം. മടങ്ങിയെത്തുവന്നരുടെ ക്വാറന്റീന്‍ കാര്യത്തിലും വ്യക്തമായ തീര്‍പ്പുകള്‍ ഉണ്ടാകണം. കേരളം എന്തുകൊണ്ടാണ് വീട്ടിലെ റൂം  ക്വാറന്റീന് മുന്‍തൂക്കം നല്‍കുന്നതെന്ന് ശാസ്ത്രീയമായി വിശദീകരിക്കണം. അടുത്ത ഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തിലെ ഏറ്റവും പ്രധാന വാക്ക് ക്വാറന്റീനാണെന്നു മറക്കരുതെന്ന ആരോഗ്യവകുപ്പിന്റെ അഭ്യര്‍ഥന കേരളം ശരിയായി ഉള്‍ക്കൊള്ളേണ്ടതുണ്ട്. മടങ്ങിയെത്തുന്നവര്‍ക്കായുള്ള  കേന്ദ്രത്തിന്റെ ക്വാറന്റീന്‍ നിര്‍ദേശങ്ങളില്‍ ഇളവു വരുത്തുന്നത് ശരിയാണോ? കേരളത്തിന്റെ അനുഭവസമ്പത്തിനെ വിശ്വസിക്കണോ, കേന്ദ്രത്തിന്റെ ശാസ്ത്രീയനിര്‍ദേശം പിന്തുടരണോ?സങ്കീര്‍ണമായ പ്രശ്നമാണത്. 

കേരളത്തിന്റെ കോവിഡ് പ്രതിരോധം ഫലപ്രദമായതില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ചത് റൂം ക്വാറന്റീനാണ്. 

ഒറ്റപ്പെട്ട വീഴ്ചകളുണ്ടായെങ്കിലും ഒരു കുടുംബത്തിലെ പത്തു പേര്ക്കു വരെ രോഗം പകരുന്നത് സംഭവിച്ചെങ്കിലും 503ല്‍ നിന്ന് മുപ്പതിലേക്ക് രോഗവ്യാപനം പിടിച്ചുനിര്‍ത്തിയതില്‍ നിര്‍ണായകമായത് റൂം ക്വാറന്റീനാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം വീടുകളിലെ ക്വാറന്റീനു പകരം സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ കേന്ദ്രീകൃത ക്വാറന്റീനാണ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ കേരളം ഏഴുദിവസം സര്‍ക്കാര്‍ ക്വാറന്റീനും ബാക്കി ഏഴുദിവസം വീട്ടിലെ ക്വാറന്റീനും എന്നു പ്രഖ്യാപിച്ചത് സ്വാഭാവികമായും ആശയക്കുഴപ്പമുണ്ടാക്കി. 

ക്വാറന്റീന്‍ ചെയ്യാനായി 1,15000 കിടക്കകള്‍ കണ്ടെത്തിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 25 ലക്ഷത്തിലേറെ പ്രവാസികള്‍ വിദേശത്തു മാത്രമുള്ള കേരളത്തിന്റെ പ്രായോഗികസാഹചര്യത്തില്‍ വീടുകളിലെ ക്വാറന്റീനാണ് കൂടുതല്‍ പ്രായോഗികമെന്നു സര്‍ക്കാര്‍ വിലയിരുത്തുന്നു. ഓരോരുത്തര്‍ക്കും പ്രത്യേകം ശുചിമുറി സൗകര്യമില്ലാതെ കേന്ദ്രീകൃത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ ഫലപ്രദം സ്വന്തം വീടുകളില്‍ റൂം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുകയാണെന്നാണ് വിശദീകരണം.

ക്വാറന്റീന്‍ കര്‍ശനമായി നടപ്പാക്കാനുള്ള ആദ്യ ഉത്തരവാദിത്തം കേരളത്തിനു പുറത്തു നിന്നെത്തിയവര്‍ക്കു തന്നെയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നു വന്ന വിദ്യാര്‍ഥികള്‍ ക്വാറന്റീന്‍ പാലിച്ചില്ലെന്ന് പരാതിയുണ്ട്. ഇതില്‍ ഉദ്യോഗസ്ഥതലത്തിലും വീഴ്ച വന്നുവെന്നു വിമര്‍ശനമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് ആരെയെല്ലാമാണ് ബാധിക്കുകയെന്നു കേരളത്തിനു പുറത്തു നിന്നെത്തുവര്‍ തിരിച്ചറിയണം. മടങ്ങിയെത്തുന്നവരുടെ എണ്ണം ആയിരങ്ങളില്‍ നിന്ന് പതിനായിരങ്ങളിലേക്കെത്തിയാല്‍ അധികൃതരുടെ നിരീക്ഷണം എത്രമാത്രം സാധ്യമാണെന്ന് പ്രായോഗികമായി വിലയിരുത്താവുന്നതേയുള്ളൂ. 

 സര്‍ക്കാര്‍ കേന്ദ്രത്തിലായാലും വീട്ടിലെ മുറിയിലായാലും സമ്പര്‍ക്കവിലക്കില്‍  ഒരു തരി വിട്ടുവീഴ്ച പാടില്ല. കേരളം പാടുപെട്ടു രോഗവ്യാപനത്തിനെതിരെ ഉയര്‍ത്തിയ പ്രതിരോധം ഇനി ആരുടെയും ഒറ്റപ്പെട്ട വീഴ്ച കൊണ്ടു തകര്‍ന്നു പോകരുത്. ആരോഗ്യവകുപ്പിന്റെ അനുഭവസമ്പത്തിലും വൈദഗ്ധ്യത്തിലും കേരളത്തിനു വിശ്വാസമുണ്ട്. സ്വയം പരീക്ഷിച്ചു വിജയിച്ച മാതൃകകളാണ് കേരളം ഇപ്പോള്‍ പിന്തുടരുന്നതും. പക്ഷേ ശാസ്ത്രീയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കേരളം കേന്ദ്രനിര്‍ദേശങ്ങള്‍  ലഘൂകരിക്കുന്നത് എന്നുറപ്പു വരുത്തേണ്ടതുണ്ട്. തല്‍ക്കാലം   കുറ്റം കണ്ടുപിടിക്കാന്‍ ശീലിച്ച സൂക്ഷ്മദൃഷ്ടികള്‍ വൈറസ് വ്യാപനസാധ്യത കണ്ടു പിടിക്കാനുപയോഗിക്കാം നമുക്ക്. ആര്‍ക്കും നേരിട്ടു പരിചയമില്ലാത്ത സാഹചര്യമാണ്. വീഴ്ചകളുണ്ടായേക്കാം, അതൃപ്തിയും അസ്വസ്ഥതയുമൊക്കെയുണ്ടായേക്കാം. പക്ഷേ ഉദ്ദേശശുദ്ധിയില്‍ സംശയിക്കേണ്ടതില്ലെന്നതിന് തെളിവുകളുണ്ട്. വൈറസിന് പിടികൊടുക്കാതിരിക്കുകയെന്ന ഒരൊറ്റ ലക്ഷ്യമാണ് ഇനിയും മുന്നിലുണ്ടാകേണ്ടത്. അതില്‍ പാളിച്ചകള്‍ പറ്റുന്നുവെന്നു കണ്ടാല്‍ ഉടന്‍ ചൂണ്ടിക്കാണിക്കാം. ലക്ഷ്യം തിരുത്തലാണ് എന്ന് സ്വയം കൂടി ബോധ്യമുണ്ടാകണം. 

രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിലെ അടുത്ത ഘട്ടമെന്ത്? ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്ത് 100 ദിവസം പിന്നിട്ട രാജ്യം അടുത്ത ഘട്ടമായി എന്താണ് ചെയ്യാന്‍ പോകുന്നത്? രണ്ടു മാസത്തോളമായി വരുമാനമില്ലാതെ വീട്ടിലിരുത്തിയ ജനതയെ ഇപ്പോഴും ഉയരുന്ന രോഗവ്യാപനഭീഷണിയില്‍ നിന്ന് എങ്ങനെയാണ് രക്ഷിക്കാന്‍ പോകുന്നത്? 45 ദിവസത്തിലേറെയായി അടച്ചു പൂട്ടി വീട്ടിലിരുന്ന ജനത ചോദിക്കുന്ന ഉത്തരങ്ങള്‍ക്ക് രാജ്യത്തിന് വ്യക്തതയുള്ള മറുപടിയുണ്ടോ?

കോവിഡ് ലോക്ക് ഡൗണ്‍ അനന്തമായി നീളുമോ? എന്നവസാനിക്കും അടച്ചുപൂട്ടല്‍? രാജ്യത്ത് രോഗവ്യാപനം ഉയരുമ്പോഴും എന്നുമിങ്ങനെ അടച്ചു പൂട്ടി കോവിഡിനെ നേരിടാനാകില്ലെന്നത് വസ്തുതയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള 15 രാജ്യങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ നമ്മുടെ രാജ്യവും. ലോകത്താകെയുള്ള കോവിഡ് ബാധിതരില്‍ രണ്ടു ശതമാനത്തോളം മാത്രമാണ് ഇപ്പോഴും ഇന്ത്യയിലുള്ളത്. പക്ഷേ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അത് കാല്‍ശതമാനം പോലുമുണ്ടായിരുന്നില്ല എന്നോര്‍ക്കണം. മാര്‍ച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ലോകത്തെ കോവിഡ് ബാധിതരില്‍ 0.13% മാത്രമാണ് ഇന്ത്യയിലുണ്ടായിരുന്നത്. വന്‍വര്‍ധനയും സാമൂഹ്യവ്യാപനവുമുണ്ടായിട്ടില്ല എന്നത് ആശ്വാസമാണെങ്കിലും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.  കോവിഡ്  പ്രതിരോധത്തിലെ ഏറ്റവും നിര്‍ണായക ഘട്ടമായ ഫ്ളാറ്റന്‍ ദ്  കര്‍വ്, അഥവാ രോഗവ്യാപനത്തോത് ഉയരുന്നത് നിയന്ത്രിക്കുക എന്നത് രാജ്യത്ത് ഇതുവരെ സാധിച്ചിട്ടില്ല. 504 പേര്‍ക്ക് രോഗബാധയുണ്ടായ കേരളത്തില്‍ മാത്രമാണ് രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കാനായത്. കര്‍ശനമായ സമ്പര്‍ക്കവിലക്ക്, കൃത്യമായ‌ി സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ നിരീക്ഷണം, ഫലപ്രദമായ ടെസ്റ്റിങ് എന്നീ മൂന്നു കാര്യങ്ങളിലൂടെയാണ ്കേരളത്തിനും ഇതു സാധ്യമായത്. എന്നാല്‍ കേരളത്തിലെ മാതൃക എല്ലാ സംസ്ഥാനങ്ങള്‍ക്കും പിന്തുടരാനാകുന്നതല്ല, അനുയോജ്യമാകണമെന്നുമില്ല. ഓരോ സംസ്ഥാനത്തിന്റെയും ജനസാന്ദ്രതയും കാലാവസ്ഥയും ഭൂപ്രകൃതിയും ആരോഗ്യജീവിതശൈലിയുമെല്ലാം വ്യത്യസ്തമാണ്. തനത് സാധ്യതകള്‍ മനസിലാക്കിയുള്ള രോഗപ്രതിരോധ പരിപാടികളിലൂടെ മാത്രമേ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്നാട്ടിലുമെല്ലാം രോഗവ്യാപനം പിടിച്ചു നിര്‍ത്താനാകൂ. 

പക്ഷേ എല്ലാ സംസ്ഥാനങ്ങളും രോഗവ്യാപനം നിയന്ത്രിക്കും വരെ ഇന്ത്യയ്ക്ക് ഈ ലോക്ഡൗണ്‍ നീട്ടിക്കൊണ്ടുപോകാനാകുമോ? സാധ്യമാവില്ലെന്ന് രാജ്യവ്യാപകമായി ഉയരുന്ന സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അനന്തമായി, അനിശ്ചിതമായി  അടച്ചു പൂട്ടിയിട്ട് രോഗവ്യാപനം നിയന്ത്രിക്കാന്‍ ഇനി സാധിക്കില്ല. പതിയെ എങ്കിലും പിടിവിട്ടു പോയ ജീവിതം തിരിച്ചുപിടിക്കാന്‍ അടിസ്ഥാനവിഭാഗങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ വലിയ അപായം കാത്തിരിക്കുന്നുവെന്ന് തൊഴിലാളികളുടെ കാല്‍നടയാത്രകളും അതിനിടെ ഉണ്ടാകുന്ന അപകടങ്ങളും തെളിയിക്കുന്നു. 

ലോക്ഡൗണില്‍ ജീവിതം വഴിയാധാരമായതിനെത്തുടര്‍ന്ന് തൊഴിലിടത്തു നിന്ന് കൂട്ടപ്പലായനം ചെയ്ത 16 പേരാണ് മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ പാഞ്ഞുകയറി കൊല്ലപ്പെട്ടത്. ലോക്ഡൗണിന്റെ തുടക്കം മുതല്‍ ഉത്തരേന്ത്യയില്‍ ഈ കൂട്ടപ്പലായനങ്ങള്‍ രാജ്യം വേദനയോടെ കണ്ടു നില്‍ക്കുകയാണ്. തൊഴില്‍ നഷ്ടപ്പെട്ടവര്‍, നിത്യജീവിതം പിടിച്ചു നിര്‍ത്താന്‍ പോലും വരുമാനം നഷ്ടപ്പെട്ടവര്‍,  തലങ്ങും വിലങ്ങും എങ്ങനെയെങ്കിലും ജന്‍മനാട്ടിലെത്താന്‍ പാടുപെടുകയാണ്. പുറത്തിറങ്ങരുത് എന്നു മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തതയോടെ പറഞ്ഞ ഒരേയൊരു കാര്യം. എങ്ങനെ ജീവിക്കണമെന്നും എങ്ങനെ താമസം, മറ്റു ചെലവുകള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും അടിസ്ഥാനവര്‍ഗത്തോട് ആരും പറ‍ഞ്ഞിട്ടില്ല. സാഹചര്യത്തിന്റെ പ്രാധാന്യവും പരിമിതികളും ഉള്‍ക്കൊണ്ട് പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ശേഷമാണ് നാട്ടിലേക്കെത്തുകയെന്ന സുരക്ഷിതത്വം തേടേണ്ടി വരുന്നത്. പ്രഖ്യാപിച്ച ലോക്ഡൗണ്‍ അവസാനിക്കാന്‍ ഇനി ഒരാഴ്ച മാത്രമേയുള്ളൂ. അടച്ചു പൂട്ടിയ 54 ദിവസങ്ങള്‍ എന്തിനു വേണ്ടി വിനിയോഗിച്ചു,  ലോക്ക്ഡൗണിന്റെ പരമപ്രധാനലക്ഷ്യമായ രോഗവ്യാപനം നിയന്ത്രിക്കല്‍ എത്ര ലക്ഷ്യപ്രാപ്തി നേടി, ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്ന രോഗവ്യാപനം നിയന്ത്രിക്കാന്‍ ഇനിയെന്താണ് പദ്ധതി എന്നതിലെല്ലാം വ്യക്തമായ കേന്ദ്രപ്രഖ്യാപനം ഉണ്ടാകണം.

കോവിഡ് പോരാട്ടം പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഒതുങ്ങിയാല്‍പോരെന്നു വിമര്‍ശിച്ചത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയാണ്. ലോക്ഡൗണില്‍ നിന്ന് പുറത്തു കടക്കുന്ന പദ്ധതി സുതാര്യമായി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പാവപ്പെട്ടവര്‍ക്ക് നേരിട്ട് 7500 രൂപയെങ്കിലും കൈമാറണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. വരുമാനം നിലച്ചവര്‍ക്ക് നേരിട്ട് പണമെത്തിക്കുകയാണ് സമ്പദ്‍ വ്യവസ്ഥ വീണ്ടും ചലനാത്മകമാക്കാന്‍ ഏറ്റവും നല്ല വഴിയെന്ന ്സാമ്പത്തികവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. 14 കോടിയിലേറെ ജനങ്ങള്‍ക്ക് കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ശേഖരിച്ച കണക്ക്. ഔദ്യോഗികമായി അവരുടെ എണ്ണമെത്ര, പുനരധിവാസം എങ്ങനെ, മറ്റു നടപടികള്‍ എന്ത് എന്നെല്ലാം കേന്ദ്രസര്‍ക്കാരാണ് പറയേണ്ടത്. 

ഈ രണ്ടു മാസക്കാലം ജനങ്ങള്‍ കോവിഡിനെ നേരിടാന്‍ എന്തു ചെയ്യണമെന്നാണ് പ്രധാനമന്ത്രി പറ‍ഞ്ഞുകൊണ്ടിരുന്നത്. ഇനി സര്‍ക്കാര്‍ ?എന്തു ചെയ്യാന്‍ പോകുന്നുവെന്നു കൂടി വ്യക്തമായി പറയണം. രാജ്യത്തിന്റെ പ്രതിരോധത്തിനായി ജീവിതം അടച്ചു പൂട്ടിവച്ചവര്‍ അതു കേള്‍ക്കാന്‍ കാത്തിരിക്കുന്നു. അവരുടെ ജീവിതം എങ്ങനെയാണ് തിരിച്ചുപിടിക്കേണ്ടതെന്ന് സര്‍ക്കാരാണ് അവരോട് പറയേണ്ടത്. അതിനിയും വൈകിക്കൂടാ എന്ന മുന്നറിയിപ്പായി കാണണം ദുരന്തങ്ങള്‍. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...