രാജ്യത്തിനൊപ്പമോ വര്‍ഗീയതയ്ക്ക് ഒപ്പമോ? ഇന്ത്യക്കാരനു മുന്നിലെ ചോദ്യം

prayathe-vayya
SHARE

സ്വന്തം ജനതയോട് പ്രതികാരം ചെയ്യുന്ന ഭരണകൂടങ്ങളുണ്ടാകുമോ? രാജ്യസ്നേഹമെന്നാവര്‍ത്തിച്ചു പേടിപ്പിക്കുന്നവര്‍ക്ക് സ്വന്തം തലസ്ഥാനം കത്തുന്നത് നിസംഗമായി നോക്കിനില്‍ക്കാനാകുമോ? രാജ്യത്തോടു മാത്രമല്ല, അവനവനോടല്ലാതെ, മറ്റേതെങ്കിലുമൊരു മനുഷ്യനോട് ഈ പ്രത്യയശാസ്ത്രം കരുണ കാണിക്കുമോ?  ഡല്‍ഹിയില്‍ കലാപത്തിലൊടുങ്ങിയ 42 ജീവനുകളും കത്തിത്തീര്‍ന്ന ജീവിതങ്ങളും അവിശ്വസനീയതയോടെ ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഉത്തരം അറിയാമായിരുന്നിട്ടും വിശ്വസിക്കാനാവാത്ത മനുഷ്യര്‍, ഇന്ത്യ എങ്ങോട്ട് എന്ന ചോദ്യത്തിന് നിസഹായതയോടെ ഉത്തരം തേടുകയാണ്. വെറുപ്പ് വിതച്ച് വിദ്വേഷം കൊയ്തെടുക്കുന്നവരുടെ കാവലില്‍ ഈ രാജ്യത്ത് ഇനി എന്തെല്ലാം കാണേണ്ടിവരുമെന്ന ആശങ്കയ്ക്ക് ഒരേയൊരുത്തരമേ മുന്നിലുള്ളൂ. ജനാധിപത്യം.

ഡല്‍ഹിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തലസ്ഥാനം. ഇതുവരെയും 45നടുത്ത് ജീവനുകള്‍, എണ്ണിയാലൊടുങ്ങിയാത്ത വീടുകള്‍, കടകള്‍, ഇനിയൊരിക്കലും തിട്ടപ്പെടുത്താനാവാത്ത അത്രയും ജീവിതങ്ങള്‍. അത്രയും ഒരു കലാപമെടുത്തു. ഉണങ്ങാത്ത മുറിവുകള്‍ ബാക്കി, അവസാനിക്കാത്ത ഭീതിയാണ് ശേഷിപ്പ്, അരക്ഷിതാവസ്ഥയില്‍ വെന്തുരുകുന്ന മനുഷ്യര്‍ ഇനി യാഥാര്‍ഥ്യം. 

രാജ്യതലസ്ഥാനം കലാപക്കോട്ടയായി മാറുന്നത് ഡല്‍ഹി പൊലീസ് നോക്കി നിന്നു. ജെ.എന്‍.യുവില്‍ സമരക്കാരായ വിദ്യാര്‍ഥികളെ ഗുണ്ടകള്‍ തല തല്ലിപ്പൊട്ടിക്കും വരെ നോക്കിനിന്ന അതേ പൊലീസ്. ജാമിയ മിലിയയില്‍ ലൈബ്രറിയില്‍ കയറി വിദ്യാര്‍ഥികളെ തലതല്ലിപ്പൊളിച്ച അതേ ഡല്‍ഹി പൊലീസ് ഇത്തവണയും ആജ്ഞകള്‍ പാലിച്ചു.  ഇന്ത്യയുടെ ഹൃദയത്തില്‍ നടന്ന നരഹത്യയ്ക്ക് കാവല്‍ നിന്നു ഡല്‍ഹി പൊലീസ്. 

അപ്രതീക്ഷിതമല്ല, അവിചാരിതമല്ല. അനുഭവങ്ങളും ചരിത്രവും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതാണ് ശൈലിയെന്നും ഇതാണ് കാത്തിരിക്കുന്നതെന്നും മുന്നറിയിപ്പുകളും ആവോളമുണ്ടായിരുന്നു. പക്ഷേ തീ കൊളുത്തിയവര്‍ക്ക് കത്തിച്ചാമ്പലാക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വിധേയപ്പെട്ടില്ലെങ്കില്‍, വഴിക്കു വന്നില്ലെങ്കില്‍ ജീവനില്ലെന്ന് പച്ചയായി പ്രഖ്യാപിക്കല്‍ കൂടിയാണ് ഡല്‍ഹിയില്‍ നടന്നത്. പൗരത്വനിയമഭേദഗതിയിലെ മതവിവേചനം പോലെ ആസൂത്രിതമായ കലാപം. സത്യമാണ്, ഇരുപക്ഷത്തും കുറ്റവാളികളുണ്ട്. പക്ഷേ കലാപത്തിലേക്ക് , വെറുപ്പിന്റെ തീ കൊളുത്തിയതാരാണെന്ന് ലോകം കണ്ടതാണ്

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ പ്രസ്താവനകളാണിത്. പക്ഷേ ആ ധ്രുവീകരണം തിരഞ്ഞെടുപ്പില്‍ ഡല്‍ഹി പൂര്‍ണമായും നിരാകരിച്ചു. ഭിന്നിപ്പിന്റെ രാഷ്ട്രീയം മറയില്ലാതെ പയറ്റിയ ബി.ജെ.പിയെ ഡല്‍ഹി ജനത മൂലയിലിരുത്തി. പക്ഷേ ജനാധിപത്യത്തോടു തോറ്റാലും ആള്‍ക്കൂട്ടഭീകരതയുടെ സാധ്യതകള്‍ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയം അങ്ങനെ തോറ്റുതരില്ലെന്നുറപ്പായിരുന്നു. ശ്രദ്ധാപൂര്‍വം പാകിവിതച്ച വെറുപ്പാണ് ഡല്‍ഹിയില്‍ പൊടുന്നനെ മുളച്ചു പൊങ്ങി പൊട്ടിത്തെറിച്ചത്. മുകളില്‍ നിന്ന് താഴേത്തട്ടിലേക്കു വിതരണം ചെയ്ത വെറുപ്പ് പ്രാദേശികനേതാക്കളടക്കം കൃത്യമായി എത്തേണ്ടിടത്തെത്തിച്ചു. കേന്ദ്രസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ രാജ്യവിരുദ്ധരെ വെടിവച്ചു കൊല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഷഹീന്‍ബാഗിലെ സമരത്തെ പിന്തുണയ്ക്കുന്നവര്‍ നിങ്ങളുടെ വീടുകളിലെത്തി സഹോദരിമാരെ  ബലാല്‍സംഘം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പി. എം.പി. പര്‍വേഷ് വര്‍മ. 

കലാപം തുടങ്ങിയ ശേഷവും രാജ്യവിരുദ്ധരെ വെടിവയ്ക്കൂ ആഹ്വാനവുമായി നടന്ന റാലിക്ക് നേതൃത്വം നല്‍കിയത് ബി.ജെ.പി. എം.എല്‍.എ അഭയ് വര്‍മ

അതിനാല്‍ ഡല്‍ഹിയില്‍ വീണ തീപ്പൊരിയേതെന്ന് അന്വേഷിച്ചലയേണ്ടതില്ല. പക്ഷേ ആ തീപ്പൊരി കത്തിത്തുടങ്ങിയിട്ടും ആളിപ്പടര്‍ന്നിട്ടും ഭരണാധികാരികള്‍ കാണിച്ച നിസംഗത ഭയാനകമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ലോകസമാധാനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൈപിടിച്ചുയര്‍ത്തിയ നേരത്ത് ഇന്ത്യയുെട നിലവിളി ആരും കേട്ടില്ല.  കത്തിത്തീരും വരെ കാവല്‍നില്‍ക്കുകയാണോ ഭരണകൂടം ചെയ്യേണ്ടത്? 

ഡല്‍ഹിയിലെ കലാപത്തില്‍ ഇതുവരെ 42 പേര്‍ കൊല്ലപ്പെട്ടു. ഭൂരിപക്ഷവും ന്യൂനപക്ഷസമുദായാംഗങ്ങളാണെന്ന് മരിച്ചവരുടെ പട്ടിക പറയുന്നു. വംശഹത്യയാണ് നടന്നതെന്ന് രാജ്യാന്തരനിരീക്ഷകര്‍  ആരോപിക്കുമ്പോള്‍ മരിച്ചവരില്‍ ഭൂരിപക്ഷവിഭാഗക്കാരുമുണ്ടെന്ന് ന്യായീകരിക്കുന്നു ഭരണകൂടരാഷ്ട്രീയം. വസ്തുതയാണ്, കൊല്ലപ്പെട്ടവരില്‍ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും ഉണ്ട്. പൊലീസുകാരന്‍ രത്തന്‍ലാലിന്റെയും ഐ.ബി.ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെയും പേരുകള്‍ ബി.ജെ.പി. നേതാക്കള്‍ തന്നെ ആവര്‍ത്തിച്ച് പറയുന്നതുകൊണ്ട് നമുക്കോര്‍മയുമുണ്ട്. സമരക്കാരല്ല, കലാപത്തിന് തിരി കൊളുത്തിയതെന്നതും വസ്തുതയാണ്. പക്ഷേ ഇനി സംസാരിക്കുമ്പോള്‍ ഇത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായേ കാണാവൂ എന്നു ബി.ജെ.പിക്കു നിര്‍ബന്ധമുണ്ട്. 

ഇതുപറയാന്‍ പോലും ഒരൊറ്റ കേന്ദ്രമന്ത്രിയെയോ ബി.ജെ.പി നേതാവിനെയോ കലാപനേരത്ത് പുറത്ത് കണ്ടില്ല. കലാപം കത്തിപ്പടര്‍ന്ന് മരിക്കേണ്ടവരെല്ലാം മരിച്ചു തീര്‍ന്ന ശേഷമാണ് പ്രധാനമന്ത്രി സമാധാനാഹ്വാനവുമായി ട്വീറ്റിലെങ്കിലും എത്തിയത്. 

നിര്‍ഭാഗ്യവശാല്‍ ‍കലാപം തടയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടോയെന്നല്ല, പങ്കാളിത്തമുണ്ടോയെന്നാണ് ഇന്ത്യയ്ക്ക്  ആശങ്കപ്പെടേണ്ടി വന്നിരിക്കുന്നത്. 96 മണിക്കൂര്‍ രാജ്യതലസ്ഥാനം ‌കലാപകാരികള്‍ക്ക് വിട്ടുകൊടുത്തത് വേറെ ആരാണ്? കലാപം തടയുന്നതില്‍ വീഴ്ച പറ്റിയ ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോള്‍ സത്യസന്ധമായൊരു ചോദ്യം അന്തരീക്ഷത്തില്‍ മുഴങ്ങുന്നില്ലേ? ഡ‍ല്‍ഹിയില്‍ അമിത് ഷാ പരാജയപ്പെടുകയാണോ വിജയിക്കുകയാണോ ചെയ്തത്? 

ഡല്‍ഹിയില്‍ നടപ്പായത് ഭരണകൂടത്തിന്റെ താല്‍പര്യമാണെന്നതിന് വസ്തുതാപരമായ തെളിവുകള്‍ ഒട്ടേറെയുണ്ട്. 

* അമേരിക്കന്‍ പ്രസിഡന്റ് രാജ്യം വിട്ടാലുടന്‍ സമരക്കാരെ ഒഴിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാമെന്ന കപില്‍ മിശ്രയുടെ പരസ്യമായ വെല്ലുവിളി, തുടര്‍ന്നുടന്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം

* കലാപം തുടങ്ങി 69 മണിക്കൂറുകള്‍ പൂര്‍ണമായും നിസംഗത പാലിച്ചു മാറിനിന്ന ഭരണകൂടവും സേനകളും

*  ഈ മണിക്കൂറുകളില്‍ ഡല്‍ഹിയിലെ തെരുവുകളില്‍ അഴിഞ്ഞാടിയ അരാജകത്വം മാധ്യമങ്ങള്‍ തല്‍സമയം റിപ്പോര്‍ട്ടു ചെയ്തിട്ടു പോലും പൊലീസോ ആഭ്യന്തരവകുപ്പോ അനങ്ങിയില്ല. പല പ്രദേശങ്ങളിലും സേനയുടെ സാന്നിധ്യമേ ഉണ്ടായില്ല. 

* രാജ്യതലസ്ഥാനം കത്തിത്തുടങ്ങിയെന്നറിഞ്ഞിട്ടും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ   ഇടപെടുകയോ സമാധാനാഹ്വാനം നടത്തുകയോ ചെയ്തില്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം നടക്കുകയായിരുന്നുവെന്നത് മതിയായ കാരണമാണോ?

* എല്ലാം നിയന്ത്രണവിധേയമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും ഡല്‍ഹിയിലെ അനാഥമായ തെരുവുകളില്‍ ആള്‍ക്കൂട്ടത്തിന്റെ കലാപം ജനങ്ങള്‍ തല്‍സമയം കണ്ടു

* കലാപം തുടങ്ങിയൊടുങ്ങി,  എല്ലാം അവസാനിച്ച ശേഷം 69ാം മണിക്കൂറിലെത്തിയ പ്രധാനമന്ത്രിയുടെ സമാധാനാഹ്വാനം. 

* കേന്ദ്രഭരണകൂടം ആഗ്രഹിക്കാത്തതൊന്നും ഡല്‍ഹിയില്‍ 2 മണിക്കൂറിനപ്പുറത്തേക്കു നീളില്ലെന്ന്  വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടി. സേനയുടെ ശക്തമായ സാന്നിധ്യം, തീരുമാനമെടുക്കേണ്ട ഉന്നതരുടെ സാമീപ്യം എന്നിവയാല്‍ അത്രമേല്‍ സുരക്ഷിതമാണ് ഡല്‍ഹിയെന്നത് വസ്തുത. 

*  കര്‍ക്കശ നിലപാടെടുത്ത ഒരേയൊരു ജഡ്ജിയുടെ സ്ഥലംമാറ്റം അതേ ദിവസം അര്‍ധരാത്രി നടപ്പാക്കിയ കാര്‍ക്കശ്യം

ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായം. അങ്ങനെ ഇരുവിഭാഗവും തമ്മിലുണ്ടായ വര്‍ഗീയകലാപമെങ്കില്‍ അതില്‍ കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഒരു പക്ഷമുണ്ടായത് എങ്ങനെയാണ്? കൊല്ലരുത് എന്നു പറയാന്‍ ഒരു കേന്ദ്രമന്ത്രി പോലും നാവുയര്‍ത്താഞ്ഞത് എന്തുകൊണ്ടാണ്? ഇരുവിഭാഗക്കാരും കൊല്ലപ്പെടേണ്ടവരല്ലെന്നു വിലക്കാന്‍ എന്തുകൊണ്ടാണ് ബി.ജെ.പി നേതാക്കളും തയാറാകാതിരുന്നത്? കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെ കണ്ണീരിനു മുന്നില്‍ സിഖ് വിരുദ്ധകലാപം ചൂണ്ടിക്കാട്ടി ഈ കലാപകാരികളെ ന്യായീകരിച്ചതെന്തിനാണ്? വിദ്വേഷപ്രസംഗങ്ങളിലൂടെ തീപ്പൊരി കൊളുത്തിയവരെ ഒരു താക്കീതു കൊണ്ടുപോലും വിലക്കാതിരുന്നതെന്താണ്? ഇതൊന്നും സ്വാഭാവികമല്ലെന്നുംകലാപപങ്കാളിത്തം ഉറപ്പിക്കുന്നതാണെന്നും നമുക്കറിയാം. നമുക്കറിയാമെന്ന് അവര്‍ക്കുമറിയാം. എന്നിട്ടും  വീണ്ടും അസത്യങ്ങളെ പ്രതിരോധിക്കേണ്ടി വരുന്ന അവസ്ഥയാണ് ജനാധിപത്യവിശ്വാസികളുടെ നിസഹായത. 

കേന്ദ്രഭരണകൂടത്തിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള പൊലീസ് പരാജയപ്പെട്ടുവെന്ന് രാജ്യം കണ്‍മുന്നില്‍ കണ്ടു. കലാപകാരികള്‍ക്കൊപ്പം നിലയുറപ്പിച്ച പക്ഷം പിടിച്ച പൊലീസിനെ കണ്ട് അവിശ്വാസത്തോടെ ലോകം നിന്നു. സ്വന്തം ഉത്തരവാദിത്തമെന്തെന്ന് ബോധ്യമുള്ള ഒരു ന്യായാധിപന്‍ മാത്രമാണ് ശബ്ദിക്കാനുണ്ടായത്. ഡല്‍ഹി പൊലീസിനെ പിടിച്ചു കുടഞ്ഞ ജസ്റ്റിസ് മുരളീധര്‍ നീതിക്കൊപ്പം നിര്‍ഭയം നിലപാടെടുത്തു. പക്ഷേ ഒരൊറ്റ രാത്രിക്കപ്പുറം ആ ഇടപെടല്‍ അനുവദിച്ചില്ല കേന്ദ്രഭരണകൂടം. രായ്ക്കുരാമാനം എന്നത് വെറുമൊരു പ്രയോഗമല്ലെന്ന് ബി.ജെ.പി ഭരണകൂടം തെളിയിച്ചു. ഇനിയൊരാള്‍ ഞങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍, ഞങ്ങളുടെ വഴിയില്‍ തടസം നിന്നാല്‍ ഫലമെന്താകുമെന്ന് ഒരിക്കല്‍കൂടി ഓര്‍മപ്പിച്ചു. സുപ്രധാന ഹൈക്കോടതിയായ ഡല്‍ഹിയില്‍ നിന്ന് അപ്രധാന പഞ്ചാബ് ആന്റ് ഹരിയാന കോടതിയിലേക്ക് സ്ഥലംമാറ്റം. കൊളീജിയം നേരത്തേ നല്‍കിയ ശുപാര്‍ശയില്‍ ഒരൊറ്റ ദിവസം കൊണ്ടു തീരുമാനം. അര്‍ധരാത്രി രാഷ്ട്രപതി ഉത്തരവില്‍ ഒപ്പു വച്ചു. അതും അസാധാരണമാം വിധം ഉടനേ പ്രാബല്യത്തില്‍ വരുന്ന സ്ഥലംമാറ്റ ഉത്തരവ്. 

കേന്ദ്രം ഇച്ഛിച്ച ഫലവും ഉടനേയുണ്ടായി. പിറ്റേദിവസം ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാന്‍ നാലാഴ്ച സമയം നല്‍കി. സ്ഥലംമാറ്റമൊക്കെ നേരത്തേവന്ന ശുപാര്‍ശയല്ലേയെന്ന് കേന്ദ്രം കൂസലില്ലാതെ വിശദീകരിക്കുകയും ചെയ്തു

കലാപകാലത്തും ഒരു ഒളിയും മറയുമില്ലാതെയാണ് പ്രതികാരനടപടികള്‍ . ജനാധിപത്യനാട്യങ്ങള്‍ ഇനി ആവശ്യമില്ലെന്ന് രണ്ടാംവരവോടെ തന്നെ ബി.ജെ.പി തീരുമാനിച്ചു കഴിഞ്ഞിട്ടുള്ളതാണ്. വിശാലമാനവികത, ‍‍പ്രതിപക്ഷബഹുമാനം, ജനാധിപത്യമര്യാദ തുടങ്ങിയ വാക്കുകള്‍ ബി.െജ.പി. രാഷ്ട്രീയത്തിന് ബാധകമല്ല. ബി.ജെ.പിയോടൊപ്പമല്ലാത്ത മനുഷ്യര്‍ക്കു ബാധകമായ മാനുഷികചിന്തകളോ പരിഗണനകളോ ഒന്നും പ്രസക്തമായി അവര്‍ കരുതുന്നില്ല. നേതാക്കള്‍ വിദ്വേഷവഴിയിലേക്ക് നയിക്കുമ്പോള്‍ അതില്‍ അകപ്പെട്ടുപോകുന്ന ആരാധകരെക്കുറിച്ചോര്‍ത്താണ് സമൂഹം ആശങ്കപ്പെടേണ്ടത്.  സാധാരണ മനുഷ്യരെപ്പോലെ പെരുമാറാനും ചിന്തിക്കാനും സാധിക്കുന്ന അവസ്ഥയിലേക്ക് അവരെ തിരിച്ചെത്തിക്കുകയെന്നത് വെല്ലുവിളിയാണ്.  കാലത്തിനും അനുഭവങ്ങള്‍ക്കും മാത്രം കഴിയുന്ന വെല്ലുവിളി. 

‍ഡല്‍ഹിയില്‍ കൊച്ചുകുട്ടികള്‍ പോലും വിദ്വേഷത്തിന്റെ മാരകായുധങ്ങളുമായി മറ്റു മതവിഭാഗക്കാരെ തിരഞ്ഞ് ഇറങ്ങുന്നത് കണ്ടു വിറങ്ങലിച്ചവരുടെ കൂട്ടത്തില്‍ കേരളമുണ്ട്. പക്ഷേ കേരളത്തില്‍ പോലും ഈ വര്‍ഗീയത മനസുകളെ എങ്ങനെ സ്വാധീനിച്ചുവെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയ്ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു മനസിലാക്കാനും അത് ഉപകരിക്കും. വിദ്വേഷം തലച്ചോറിനെ ബാധിച്ചാല്‍ അതെങ്ങനെ പ്രവര‍്ത്തിക്കുമെന്ന് നമ്മള്‍ അറിയേണ്ടതുണ്ട്. ആദ്യം സംഭവിക്കുന്നത് അപരവല്‍ക്കരണമാണ്. ഞങ്ങളും നിങ്ങളും എന്ന വേര്‍തിരിവ് മനസില്‍ രൂപപ്പെടും. ഞങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും നിങ്ങളാണ് കാരണം എന്ന വ്യാജമായി സൃഷ്ടിക്കപ്പെട്ട ഒരു മുദ്രാവാക്യം മനസില്‍ ഉറയ്ക്കും. സ്വന്തം അവസ്ഥയ്ക്ക് പഴി ചാരാന്‍ ഒരു കുറ്റവാളിയെ കിട്ടിയ ആശ്വാസത്തില്‍ മനുഷ്യന്‍ സ്വന്തം ജീവിതത്തോടുള്ള ഉത്തരവാദിത്തം ഉപേക്ഷിക്കും. മറ്റാരുടേയോ മറ്റേതോ മതത്തിന്റെ ഇടപെടലോ ആണ് സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് കാരണങ്ങളോ തെളിവോ ഇല്ലാതെ വിശ്വസിക്കാന്‍ തുടങ്ങും. പിന്നെ ആ അദൃശ്യശത്രുവിനെ അന്വേഷിക്കുന്ന ആള്‍ക്കൂട്ടത്തിലേക്കു ചെന്നു ചേരും. ആള്‍ക്കൂട്ടലഹരിയും മതവിദ്വേഷവും മനുഷ്യത്വവിരുദ്ധനാകാന്‍ ഏറ്റവും നല്ല ചേരുവയാണ്. 

ശരിയും തെറ്റും തമ്മില്‍ മല്‍സരിക്കുമ്പോള്‍ ഭൂരിപക്ഷം തെറ്റിനൊപ്പമായാലും അതൊരിക്കലും ശരിയാവില്ല. ഡല്‍ഹി കലാപം സൃഷ്ടിച്ചതെങ്ങനെ എന്ന് മനസിലാക്കി പ്രതികരിക്കാനുള്ള ബാധ്യത ഭൂരിപക്ഷവിഭാഗത്തിനുണ്ട്, ന്യൂനപക്ഷങ്ങളേക്കാള്‍. കാരണം രാഷ്ട്രീയസാഹചര്യം ഇനിയും മനസിലായില്ലെന്നു ഭാവിച്ച് ഭൂരിപക്ഷം പുലര്‍ത്തുന്ന നിസംഗതയാണ് നമ്മുടെ രാജ്യം നേരിടുന്ന വലിയ വെല്ലുവിളി.  നടന്നുകൊണ്ടിരിക്കുന്ന അനീതിക്കും അക്രമത്തിനും വംശഹത്യാനീക്കങ്ങള്‍ക്കും ഭൂരിപക്ഷത്തിന്റെ മൗനാനുവാദമുണ്ടെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അതു തിരിച്ചറിഞ്ഞ് നിലപാടെടുക്കാന്‍ തയാറായില്ലെങ്കില്‍ ഇന്ത്യയുടെ ചരിത്രത്തോടും വരുംതലമുറകളോടും ചെയ്യുന്ന മാപ്പില്ലാത്ത അനീതിയാണത്. 

നിയമവാഴ്ചയും നീതിബോധവും അട്ടിമറിച്ച് ആള്‍ക്കൂട്ടങ്ങള്‍ കൊലവിളി നടത്തുന്നത് കണ്ടില്ലെന്നു നടിച്ചാല്‍ ജീവിതം എങ്ങോട്ടു പോകുമെന്ന് ഓരോ ഇന്ത്യക്കാരനും ഓര്‍ക്കേണ്ടതുണ്ട്. എക്കാലവും ഭൂരിപക്ഷമെന്ന സുരക്ഷിതത്വമുണ്ടാകില്ലെന്ന്  ലോകത്തിന്റെ പല കോണുകളില്‍ നിന്ന് ചരിത്രം ഓര്‍മിപ്പിക്കും.്. വിധേയരെ മാത്രമാണ് സമഗ്രാധിപത്യരാഷ്ട്രീയത്തിനാവശ്യം. വാഗ്ദാനം ക്ഷേമരാഷ്ട്രമല്ല, പൗരന്റെ ഉന്നതിയും ക്ഷേമവുമല്ല. സമഗ്രാധിപത്യഭരണകൂടങ്ങളുടെ മുന്‍ഗണന ഒരിക്കലും ഭരിക്കപ്പെടുന്ന മനുഷ്യരല്ലെന്ന്  മറക്കാതിരിക്കണം. അവര്‍ക്കു വേണ്ടത്,  അധികാരമുറപ്പിക്കുന്ന അടിമക്കൂട്ടങ്ങളെ മാത്രമാണ്. ഇന്ത്യയുടെ സാമ്പത്തികാവസ്ഥയാണ് കണ്‍മുന്നിലുള്ള തെളിവ്. വാഗ്ദാനം ചെയ്യപ്പെട്ട നല്ല ദിനങ്ങളില്‍ നിന്ന് ഇന്നത്തെ അവസ്ഥയാണ് രണ്ടാം തെളിവ്. തൊഴിലില്ലായ്മയിലേക്കും അരക്ഷിതത്വത്തിലേക്കും ആഴ്ന്നു വീണ മനുഷ്യരാണ് പരമപ്രധാന സാക്ഷ്യം. രാജ്യത്തിന്റെയേ ജനതയുടെയോ ഉന്നമനം ഈ ആറു വര്‍ഷത്തിനിടെ ഒരിക്കലെങ്കിലും ബി.ജെ.പി. ഭരണകൂടത്തിന്റെ പരിഗണനയായിരുന്നുവെന്നതിന് തെളിവുകളുണ്ടോ? ഇന്ത്യക്കാരന്റെ ജീവിതം മുന്നോട്ടാണോ പിന്നോട്ടാണോ പോയത് എന്നു മാത്രം സ്വയം ചോദിക്കുക. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. എങ്കിലും ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ചെറുത്തു വിജയിപ്പിച്ച അരവിന്ദ് കേജരിവാള്‍ കലാപനേരത്ത് പ്രാര്‍ഥനയ്ക്കായി കണ്ണുകളടച്ചേക്കും. ബഹുസ്വരതയുടെ രാജ്യത്തിനായി പൊരുതുന്ന ചെറുപ്പക്കാരെ രാജ്യദ്രോഹക്കുറ്റത്തില്‍ വിചാരണയ്ക്കും അനുമതി നല്‍കും. 

ചെറുത്തുനില്‍പിന്റെ പ്രതീക്ഷയായ മമതാ ബാനര്‍ജി കൃത്യസമയത്ത് കടകം മറിയുന്നതും കാണേണ്ടി വരും. പക്ഷേ രാഷ്ട്രീയത്തിന്റെ അതിജീവനഭീതികളില്ലാത്ത ജനങ്ങള്‍  മതനിരപേക്ഷജനാധിപത്യത്തിന് കാവലായുണ്ടാകും. 

ഇന്ത്യയ്ക്കൊപ്പമാണോ വര്‍ഗീയതയ്ക്കൊപ്പമാണോ എന്ന ചോദ്യമാണ് നമുക്കു മുന്നിലുള്ളത്.  അധികാര വര്‍ഗീയ ഭ്രാന്തിന് ഒറ്റമൂലി ചികില്‍സകളില്ല.  എല്ലാ പ്രതിരോധവും ജാഗ്രതയോടെ പരീക്ഷിക്കേണ്ടി വരും. ഒരിക്കല്‍ ദംശിച്ചാല്‍ വര്‍ഗീയവിഷം ഇറക്കാനാകില്ലെന്ന ഉത്തമബോധ്യത്തോടെ മനുഷ്യര്‍ കരുതിയിരിക്കുകയല്ലാതെ മാര്‍ഗമില്ല. ഇതിനോടകം അതില്‍ പെട്ടുപോയവരെക്കൂടി അപായം

ബോധ്യപ്പെടുത്തുകയല്ലാതെ മാര്‍ഗമില്ല. സ്ഥിരമായ അധികാരം മാത്രമാണ് ഭരണകൂടപ്രത്യയശാസ്ത്രത്തിന്റെ ലക്ഷ്യമെന്ന് ഓര്‍ത്തുകൊണ്ടേയിരിക്കുക.  മതം തലയ്ക്കു പിടിക്കാത്തവര്‍, വെറും മനുഷ്യര്‍, ‌അവര്‍ തന്നെയാണ് ഇന്നത്തെ ഇന്ത്യയിലും എണ്ണത്തില്‍കൂടുതല്‍ എന്നതുറപ്പാണ്. അവരാണ് ഇന്ത്യയുടെ യഥാര്‍ഥ ഭൂരിപക്ഷം. ഒന്നിച്ചു നില്‍ക്കാന്‍, ഒന്നിച്ചു ചെറുക്കാന്‍ അവര്‍ക്കു കഴിയുമെന്ന വിശ്വാസമാണ് ഈ നിസഹായതയിലും ഇന്ത്യയുടെ പ്രതീക്ഷ. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...