രാജ്യത്തിന് നേരെ ചൂണ്ടുന്ന തോക്കുകളില്‍ വിഷം നിറച്ചതാര്..?

PVA_CAA
SHARE

ഇന്നത്തെ ഇന്ത്യയിലെ ഒരു സാധാരണ പൗരന്‍ എങ്ങനെയുള്ളയാളാണ്?  എല്ലാ ഭാരതീയതരെയും തുല്യമായി കാണുന്നവര്‍ സാധാരണ പൗരന്‍മാരാണോ?  മറ്റു മനുഷ്യരോട് വിദ്വേഷമില്ലാത്ത, സ്വന്തം മതമാണ് ഏറ്റവും ശ്രേഷ്ഠം എന്ന് അഭിമാനിക്കാത്ത, മാനവികതയുടെ  അടിസ്ഥാനത്തില്‍ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന മനുഷ്യര്‍ ഇന്നത്തെ ഇന്ത്യയില്‍ നോര്‍മലാണോ? അനീതിക്കെതിരെ പ്രതികരിക്കുന്ന, ഹിംസാത്മകതയെ ചോദ്യം ചെയ്യുന്ന, മതവര്‍ഗീയതയെ പ്രതിരോധിക്കുന്നവര്‍ ഇന്ന് നമ്മുടെ രാജ്യത്ത് നോര്‍മലാണോ? സാധാരണ മനുഷ്യരെപ്പോലെ ചിന്തിക്കുന്നവരെ വിമതരാക്കുന്ന സാമൂഹ്യസാഹചര്യം നമ്മുടെ രാജ്യത്തുണ്ടാക്കിയതാരാണ്? 

ഇയാളെ സൃഷ്ടിച്ചതാരാണ്?  ഒരു കൂട്ടം ഇന്ത്യക്കാര്‍ക്കെതിരെ ഇങ്ങനെ വെടിയുതിര്‍ക്കുന്ന ഒരിന്ത്യക്കാരനെ സൃഷ്ടിച്ചതാരാണ്? ഇയാളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാരുണ്ട്? രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരെ വെടിവച്ചുകൊല്ലുക എന്ന് പരസ്യമായി ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി ഏറ്റെടുക്കുമോ? ഷഹീന്‍ബാഗിനൊപ്പമാണോ മോദിക്കൊപ്പമാണോ എന്നു ഡല്‍ഹി ജനതയോടു ചോദിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി ഏറ്റെടുക്കുമോ ഇയാളെ? ഈ അക്രമിയുടേതടക്കം ഒരു ജനതയുടെ മനസിലേക്ക് വിഷം കുത്തിവച്ചവര്‍ ഏറ്റെടുക്കുമോ ഈ രക്തത്തിന്റെ ഉത്തരവാദിത്തം? ധ്രുവീകരണരാഷ്ട്രീയം നമ്മുടെ രാജ്യത്തോടും നമ്മളോടും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നമുക്കെങ്കിലും മനസിലാകുന്നുണ്ടോ?

ഡല്‍ഹിയില്‍ ഇനിയൊരു ഷഹീന്‍ബാഗുണ്ടാകില്ലെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം മുന്നോട്ടു വയ്ക്കുന്ന ആഭ്യന്തരമന്ത്രി തന്നെ സമരക്കാരെ വെടിവച്ച ബജ്റംഗ്ദളുകാരനെ കര്‍ശനമായി കൈകാര്യം ചെയ്യുമെന്നും പറയും. പക്ഷേ ആ പത്തൊന്‍പതുകാരന്റെ തോക്കില്‍ വിഷം നിറച്ചതാരെന്ന ചോദ്യത്തിനു മാത്രം ഉത്തരമുണ്ടാകില്ല. അഥവാ ആ ചോദ്യവും ഉത്തരവും  ഇന്നു നമ്മുടെ രാജ്യത്ത് സ്വാഭാവികമായി അവഗണിക്കപ്പെടും. 

വിളിച്ചു പറയുന്നത്, ഏറ്റു ചൊല്ലിക്കുന്നത് രാജ്യത്തിന്റെ ഒറ്റുകാരെ വെടിവച്ചുകൊല്ലണം എന്നാണ്. ആരാണ് രാജ്യത്തിന്റെ ഒറ്റുകാര്‍? ബി.െജ.പി. രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നവര്‍. ധ്രുവീകരണ, വര്‍ഗീയരാഷ്ട്രീയത്തെ മനുഷ്യത്വം കൊണ്ടു പ്രതിരോധിക്കുന്നവരെല്ലാം പുതിയ വ്യാഖ്യാനപ്രകാരം രാജ്യത്തെ ഒറ്റുകൊടുക്കുന്നവരാണ്. എന്നുവച്ചാല്‍ രാജ്യത്തിന്റെ നിര്‍വചനം തന്നെ മാറ്റിയിരിക്കുന്നു രാജ്യത്തിന്റെ ഭരണകൂടം. രാഷ്ട്രീയഎതിരാളികളെല്ലാം ഒറ്റുകാരാണ്. പരസ്യമായി തന്നെ വെടിവച്ചു കൊല്ലണം എന്നാവശ്യപ്പെട്ട കേന്ദ്രമന്ത്രി രാജ്യത്തെ നിയമമനുസരിച്ച് കുറ്റവാളിയാകേണ്ടത്. പക്ഷേ പുതിയ ഇന്ത്യയില്‍ അത് കുറ്റമല്ല. വിഭാഗീയത കുറ്റമല്ല. വര്‍ഗീയത കുറ്റമല്ല, ജനങ്ങളെ ഭിന്നിപ്പിക്കുന്നത് കുറ്റമല്ല, മനുഷ്യരെ വെടിവച്ചുകൊല്ലുന്നത് കുറ്റമല്ല. പക്ഷേ മതനിരപേക്ഷരാജ്യത്ത് മതധ്രുവീകരണത്തിനെതിരെ പ്രതിഷേധിക്കുന്നത് കുറ്റമാണ്. പ്രതിഷേധക്കാരെ രാജ്യദ്രോഹികളായി മുദ്രകുത്താന്‍ ആഹ്വാനം ചെയ്യുന്നത് കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ നേരിട്ടാണ്. രാജ്യദ്രോഹികളെന്നു കണ്ടാല്‍ വെടിവച്ചുകൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന കേന്ദ്രമന്ത്രി ഭരണഘടനാവിരുദ്ധമായി കുറ്റകൃത്യത്തിന് ആഹ്വാനം ചെയ്യുന്ന വിദ്വേഷപ്രചാരണമാണ് നടത്തിയത്. പക്ഷേ ബി.ജെ.പി. ആ നടപടിയെ തള്ളിപ്പറയില്ല, പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ തിരുത്താന്‍ ആവശ്യപ്പെടില്ല. 

മംഗലാപുരത്ത് വിമാനത്താവളത്തില്‍ ബോംബ് വച്ചയാളെ പുതിയ ഇന്ത്യ തീവ്രവാദിയായി കാണില്ല, ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തയാളും ഇന്നത്തെ ഇന്ത്യയില്‍ ഭീകരവാദിയാകില്ല. അവര്‍ ഒറ്റപ്പെട്ട, മാനസികപ്രശ്നങ്ങളുള്ളവരാണ്. ആ മാനസികപ്രശ്നമുണ്ടാക്കുന്ന വിഷം കുത്തിവയ്ക്കുന്ന നേതാക്കളും ഇന്ന് കുറ്റക്കാരാവില്ല.  വര്‍ഗീയത പറയുന്നവരുടെയും അത് മനസില്‍ പതിപ്പിച്ച് വിദ്വേഷം പടര്‍ത്തുന്നവരും മാത്രം പങ്കാളികളാകുന്ന സാഹചര്യമല്ല ഇത്.  ഇതെല്ലാം വളരെ സാധാരണമാണെന്നു പൊരുത്തപ്പെടാന്‍ മാത്രം മനസ് പാകപ്പെടുത്തപ്പെട്ട ജനതയും, നമ്മളെല്ലാവരും കുറ്റക്കാരാണ്. എല്ലാതരം ഭീകരവാദവും മാനസികരോഗമാണ്. മനുഷ്യത്വവിരുദ്ധതയും അപരവിദ്വേഷവും മതവര്‍ഗീയതയും മാനസികപ്രശ്നമാണ്. പക്ഷേ ഇന്നത്തെ ഇന്ത്യയില്‍ ചില വിഭാഗങ്ങളുടെ വര്‍ഗീയത നോര്‍മലാണ്. ഭീകരത സ്വാഭാവികമാണ്. 

മംഗലാപുരത്ത് വിമാനത്താവളത്തില്‍ സ്ഫോടകവസ്തുക്കള്‍ കൊണ്ടുവച്ചു ബെംഗളൂരു പൊലീസില്‍ കീഴടങ്ങിയ ആദിത്യറാവുവിനെ ഇന്ത്യയില്‍ ആരും ഭീകരവാദിയെന്നു വിളിച്ചില്ല. മാനസികാസ്വാസ്ഥ്യമുള്ളയാള്‍ എന്ന പരിഗണനയിലാണ് പൊലീസും സമൂഹവും ഒരു വിമാനത്താവളത്തില്‍ ബോംബു വച്ചയാളെ സമീപിച്ചത്. കാരണം അയാള്‍ ന്യൂനപക്ഷവിഭാഗക്കാരനായിരുന്നില്ല.  ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തയാളും ഭീകരവാദിയെന്നു വിളിക്കപ്പെടില്ല. കാരണം അയാള്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകനാണ്. രാംഭക്ത് ഗോപാല്‍ ശര്‍മയാണ്. 

ഗോപാല്‍ ശര്‍മ വെടിയുതിര്‍ക്കുമ്പോഴും കേന്ദ്രം നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് നോക്കി നിന്നു. ജെ.എന്‍.യുവില്‍ വിദ്യാര‍്ഥിനേതാക്കളെ മാരകായുധങ്ങളുമായി അക്രമിക്കുമ്പോഴും ‍ഡല്‍ഹി പൊലീസ് അക്രമികള്‍ക്ക് കാവല്‍ നിന്നു. അടിച്ചമര്‍ത്തപ്പെടേണ്ടവര്‍ ആരാണെന്ന് ഡല്‍ഹി പൊലീസിന് വ്യക്തമായറിയാം. മഹാത്മാഗാന്ധിയെ നാഥുറാം ഗോഡ്സെ വെടിവച്ചു കൊലപ്പെടുത്തിയ അതേ ദിവസമാണ് പ്രതിഷേധക്കാര്‍ക്കു നേരെ ഒരാള്‍ പരസ്യമായി വെടിയുതിര്‍ക്കാനെത്തിയത്.  ഒന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്ന് ജനതയ്ക്കറിയാം. പക്ഷേ  പുറത്തു വരുന്നത്  ഭീകരതയോടും മതതീവ്രവാദത്തോടുമുള്ള ഇരട്ടത്താപ്പ് കൂടിയാണ് . പ്രശ്നം തീവ്രവാദമല്ല, ഒരു മതമാണെന്ന്, ആ മതത്തോട് സൂക്ഷ്മായി സൃഷ്ടിച്ചെടുത്ത അസഹിഷ്ണുതയാണെന്ന് കണ്‍മുന്നില്‍ തെളിയുമ്പോഴും നമുക്ക് പ്രശ്നമില്ല. അനീതികള്‍ക്കു മുന്നില്‍ മരവിച്ചു നില്‍ക്കാന്‍, സ്വബോധത്തോടെ ചിന്തിക്കാന്‍ ശേഷിയില്ലാതെ അന്തിച്ചു നില്‍ക്കാന്‍ പരിശീലിക്കപ്പെട്ടവരായിരിക്കുന്നു ഇന്ത്യക്കാര്‍. 

പക്ഷേ ഭരണകൂടത്തെ എതിര്‍ക്കുന്നവര്‍ മാത്രമല്ല, പ്രതിഷേധങ്ങളെ എതിര്‍ക്കാത്തവരും ഇന്നു രാജ്യദ്രോഹികളാവുകയാണ്. അനീതിയെ ചോദ്യം ചെയ്യുന്നവര്‍ , പ്രതികരിക്കുന്നവര്‍ എല്ലാം ഒറ്റയടിക്ക് സാമൂഹ്യവിരുദ്ധരായി ഭരണകൂടത്താല്‍ തന്നെ മുദ്രകുത്തപ്പെടുന്നു. നിയമത്തില്‍ പറയാത്ത നിയമങ്ങളാല്‍ ചോദ്യകര്‍ത്താക്കളെ ഒറ്റപ്പെടുത്താന്‍ ഭരണകൂടം നേതൃത്വം നല്‍കുന്നു. ഭരണകൂടത്തിനു വിധേയരല്ലാത്തവരെല്ലാം സംശയിക്കപ്പെടാവുന്ന മനുഷ്യരായി മാറുന്ന സമൂഹമായിരിക്കുന്നു നമ്മള്‍. 

സ്റ്റാന്‍ഡപ് കൊമേഡിയനായ കുനാല്‍ ക്രമ, ഭരണകൂടത്തെ അനുകൂലിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയോട് പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണിത്. ഈ സമീപനത്തോട് വിയോജിക്കാം. എതിര്‍ക്കാം. അപലപിക്കാം. പക്ഷേ കേന്ദ്രവ്യോമയാനമന്ത്രി തന്നെ മുന്‍കൈയെടുത്ത് എയര്‍ലൈനുകളോട് കുനാലിനെ വിമാനയാത്രയില്‍ നിന്നു വിലക്കാന്‍ ആവശ്യപ്പെടുന്നു. നിയമങ്ങളോ, വ്യോമയാനചട്ടങ്ങളോ അനുശാസിക്കാത്ത നടപടിയുമായി എല്ലാ എയര്‍ലൈനുകളും കേന്ദ്രഭരണകൂടത്തോടു വിധേയത്വം പ്രകടിപ്പിച്ച് ഓച്ഛാനിച്ചു നില്‍ക്കുന്നു. ഒടുവില്‍ ഏതു ചട്ടപ്രകാരമാണ് താന്‍ അറിയാതെ താന്‍ ക്യാപ്റ്റനായ വിമാനത്തില്‍ നടന്ന ഒരു സംഭവത്തിന്റെ പേരില്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചതെന്ന് വിമാനത്തിന്റെ പൈലറ്റ് ചോദിക്കുന്നതും ജനമറിയുന്നു. എന്നുവച്ചാല്‍ ഭരണകൂടത്തെ നേരിട്ടു ചോദ്യം ചെയ്യുന്നവര്‍ മാത്രമല്ല, ഭരണകൂടത്തെ അനുകൂലിക്കുന്നവരെ ചോദ്യം ചെയ്യുന്നവര്‍ പോലും രാജ്യത്തിന്റെ ശത്രുക്കളാണെന്ന പുതിയ സാമൂഹ്യക്രമം നടപ്പാക്കുന്നു ബി.െജ.പി. സര്‍ക്കാര്‍.പൗരത്വനിയമഭേദഗതിക്കെതിരായ രാജ്യവ്യാപകപ്രക്ഷോഭം കേന്ദ്രസര്‍ക്കാരിനെ ഒന്നു വിറപ്പിച്ചിട്ടുണ്ട്. അയോധ്യവിധിയിലുണ്ടായിട്ടില്ലാത്ത പ്രതിഷേധം, കശ്മീരിന്റെ പേരിലുണ്ടാകാത്ത പ്രക്ഷോഭം പൗരത്വനിയമഭേദഗതിക്കെതിരെയുണ്ടാകുന്നുവെന്നത് വിദ്വേഷരാഷ്ട്രീയത്തിന്റെ അങ്കലാപ്പ് കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് അനീതിക്കെതിരെ സംസാരിക്കുന്നവരെല്ലാം രാജ്യവിരുദ്ധരാണെന്നു മുദ്ര ചാര്ത്തുകയാണെളുപ്പം. വിധേയപ്പെടാത്തവര്‍  നിശബ്ദരായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ പാഠം പഠിപ്പിച്ചിരിക്കുമെന്നാണ് മുന്നറിയിപ്പ്. 

അതായത് ഇന്ന് നമ്മുടെ രാജ്യത്ത് സാധാരണ മനുഷ്യരാകുകയെന്നാല്‍ ഒരു കുഴപ്പമാണ്. വര്‍ഗീയത അംഗീകരിക്കാന്‍ കൂട്ടാക്കാത്ത, അപരവിദ്വേഷമില്ലാത്ത, മതവിവേചനം ചോദ്യം ചെയ്യുന്നവരെല്ലാം കുഴപ്പക്കാരാണ്.  സ്വന്തം മതവിശ്വാസവുമായി സമാധാനത്തോടെ ജീവിക്കുന്ന, ഇതരമതസ്ഥരുടെ വിശ്വാസത്തെയും ബഹുമാനത്തോടെ ആദരിക്കുന്ന, എല്ലാ മതവിഭാഗക്കാര്‍ക്കും ഈ രാജ്യത്ത് ഒരേ അവകാശമാണെന്നു വിശ്വസിക്കുന്നവര്‍ വിചിത്രജീവികളാണ്.   ജനതയുടെ ആശങ്കകള്‍ മനസിലാക്കി അനുതാപത്തോടെയും മാനവികമൂല്യങ്ങളോടെയും  രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടവര്‍ സങ്കുചിത അജന്‍ഡകളുടെ നടത്തിപ്പുകാരാകുമ്പോള്‍ അല്‍ഭുതമില്ല. പക്ഷേ ഭരണകൂടത്തിന്റെ സര്‍വപിന്തുണയോടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴും  കീഴ്പ്പെടാന്‍ തയാറാകാതെ ഇന്ത്യയെന്ന ആശയത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ അവസാനിക്കുന്നില്ല എന്നത് പ്രത്യാശയാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...