ഇല്ലാതാക്കിക്കളയും എന്ന നിലപാട് ചോദ്യം ചെയ്യണം; ഇത് ജനാധിപത്യവിരുദ്ധം

Parayathe-Vayya-_30-111
SHARE

തൊഴില്‍ ചെയ്തു ജീവിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം ഇല്ലാതാക്കിക്കളയും എന്ന ഭീഷണി ഒരു ആധുനികസമൂഹത്തില്‍ അംഗീകരിക്കാവുന്നതാണോ? ഷെയ്ന്‍ നിഗം എന്ന അഭിനേതാവിന് വിലക്കേര്‍പ്പെടുത്തിയ നിര്‍മാതാക്കളുടെ സംഘടനാനടപടി ജനാധിപത്യസമൂഹത്തിന് ഉള്‍ക്കൊള്ളാവുന്നതാണോ? ചെയ്ത കുറ്റത്തിന് ആനുപാതികമായ തിരുത്തല്‍ നടപടികളാണുണ്ടാകേണ്ടത്. പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതിനു പകരം വ്യക്തികളുടെ തൊഴില്‍ജീവിതം അവസാനിപ്പിച്ചുകളയും എന്ന നിലപാട് ചോദ്യം ചെയ്യേണ്ടതും തിരുത്തേണ്ടതുമാണ്.

ഷെയ്ന്‍ നിഗം എന്ന അഭിനേതാവിന് നിര്‍മാതാക്കളുടെ സംഘടന വിലക്ക് പ്രഖ്യാപിച്ചത് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ്. 

മലയാളസിനിമാരംഗത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ അച്ചടക്കമില്ലായ്മ ഉണ്ടെന്നും ഷെയ്ന്റെ വിലക്ക് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും സംഘടന പ്രഖ്യാപിച്ചു. ഒപ്പം പുതുതലമുറ സിനിമാതാരങ്ങളില്‍ ചിലരില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നുവെന്നതിന് തെളിവുണ്ടെന്ന ഗുരുതരമായ ആരോപണവും നിര്‍മാതാക്കള്‍ ഉയര്‍ത്തി.

ജോബി ജോസഫ് നിര്‍മിക്കുന്ന വെയില്‍ എന്ന സിനിമയെച്ചൊല്ലി ഉയര്‍ന്ന തര്‍ക്കമാണ് ഒടുവില്‍ മുഖ്യനടന്റെ വിലക്കിലേക്കും മയക്കുമരുന്ന് വിവാദത്തിലേക്കും വഴി തുറന്നത്. വെയില്‍ സിനിമയ്ക്കു വേണ്ട രൂപഭാവങ്ങളില്‍ ഷെയിന്‍ മാറ്റം വരുത്തിയെന്ന പേരില്‍ നിര്‍മാതാവ് ജോബി ജോസഫ് ഭീഷണിപ്പെടുത്തി എന്നായിരുന്നു ആദ്യപ്രശ്നം. ജോബി ജോസഫ് വധഭീഷണി മുഴക്കിയെന്നാരോപിച്ച് ഷെയ്നും പരാതിയുമായെത്തി. താരസംഘടനയായ അമ്മയും സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും ഇടപെട്ട്  ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും പരിഹാരമായില്ല. ചിത്രീകരണത്തിനിടെ ഷെയ്ന്‍ ഇറങ്ങിപ്പോയെന്നാരോപിച്ച് സിനിമാപ്രവര്‍ത്തകര്‍ വീണ്ടും രംഗത്തെത്തി. ഇതിനിടെ മുടി പറ്റെ മുറിച്ച് ആകെ രൂപമാറ്റം വരുത്തിയ ഫോട്ടോ ഷെയ്ന്‍ നിഗം 

സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിര്‍മാതാക്കള്‍ യോഗം ചേര്‍ന്ന് നടപടി പ്രഖ്യാപിക്കുകയായിരുന്നു. 

സിനിമ ഏറ്റവും ജനകീയകലാരൂപം എന്നതിനൊപ്പം വലിയ വ്യവസായം കൂടിയാണ്. വന്‍മുതല്‍മുടക്കുള്ള വ്യവസായം. അവിടെ ഏതൊരു കലാകാരനും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യവുമാണ്. ഷെയ്ന്‍ നിഗം എന്ന കലാകാരന്‍ ജോലിയില്‍ വീഴ്ച വരുത്തിയെങ്കില്‍ അതിനാണ് നടപടിയെടുക്കേണ്ടത്. അതിനു കാരണമായ പ്രശ്നമാണ് പരിഹരിക്കേണ്ടതും. അതിനപ്പുറത്തേക്ക് ആ വ്യക്തിയെ ഇനി തൊഴില്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം അവകാശലംഘനമാണ്. പ്രശ്നം പരിഹരിക്കുന്നതിനപ്പുറമുള്ള ലക്ഷ്യങ്ങള്‍ സംഘടനയ്ക്കുണ്ടെന്ന് ഷെയ്ന്‍ നിഗത്തിന്റെ ആരോപണം പരിശോധിക്കേണ്ടതുമാണ്. 

പത്തിലേറെ ചിത്രങ്ങളില്‍ മുഖ്യവേഷം ചെയ്തിട്ടുള്ള കലാകാരനാണ് ഷെയ്ന്‍ നിഗം.  മലയാളസിനിമയിലെ വാഗ്ദാനമായി പരിഗണിക്കപ്പെടുന്ന കലാകാരന്‍മാരില്‍ ഒരാള്‍. മുതിര്‍ന്ന സംവിധായകന്‍ ഷാജി എന്‍.കരുണ്‍ മുതല്‍ പുതുമുഖസംവിധായകര്‍ വരെയുള്ളവര്‍ക്കൊപ്പം മുഖ്യനടനായി പ്രവര്‍ത്തിച്ച പുതുതലമുറ നടന്‍. പ്രായം 22 വയസ്. തൊഴിലില്‍ മികവും പ്രതിബദ്ധതയുമുണ്ടെങ്കില്‍ ഇനിയും ഉയരങ്ങളിലെത്തേണ്ട അഭിനേതാവ്. രണ്ടു ചിത്രങ്ങളുെട പേരില്‍ മാത്രമുണ്ടായ പ്രശ്നത്തിന്റെ പേരില്‍ ഇനി അഭിനയിപ്പിക്കില്ലെന്നു പറയുന്നത് ജനാധിപത്യപരമല്ല. രണ്ടു സിനിമകളുടെയും ഷെഡ്യൂളുകള്‍ തമ്മില്‍ വന്ന പ്രശ്നമാണെന്നും അമിതഭാരവും സമ്മര്‍ദവും പ്രശ്നമായിരുന്നുവെന്നും ഷെയ്്ന്‍ നിഗം വിശദീകരിക്കുന്നു. ഉത്തരവാദപ്പെട്ട നടന്‍ എന്ന നിലയില്‍ ഈ ചിത്രങ്ങള്‍ നേരിട്ട പ്രശ്നം  പരിഹരിക്കാന്‍ ഷെയ്ന്

ബാധ്യതയുണ്ട്. അതിന് തയാറാണെന്ന് ഷെയ്ന്‍ തന്നെ ആവര്‍ത്തിക്കുന്നുമുണ്ട്. പക്ഷേ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനു പകരം ചിത്രങ്ങള്‍ തന്നെ ഉപേക്ഷിക്കുകയാണെന്നും ഏഴുകോടി നഷ്ടം നികത്തിയാലേ ഇനി മറ്റു ചിത്രങ്ങളില്‍ അഭിനയിപ്പിക്കൂവെന്നും നിര്‍മാതാക്കളുടെ സംഘടന നിലപാടെടുക്കുന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

വ്യക്തമായ കരാറുകളോടെയാണ് സിനിമ നിര്‍മാണം നടക്കുന്നത്.  കരാര്‍ ലംഘനം നടന്നാല്‍ നിയമപരമായി തന്നെ നടപടിയെടുക്കാനുള്ള സംവിധാനമുണ്ട്. സംഘടിതബലത്തിനു മുന്നില്‍ വഴങ്ങിയില്ലെങ്കില്‍ തീര്‍ത്തു കളയും എന്ന വെല്ലുവിളി അംഗീകരിക്കാനാകില്ല

പരിഹരിക്കുകയല്ല ഉദ്ദേശമെന്നു വ്യക്തമാകുമ്പോള്‍, പ്രശ്നം ജനാധിപത്യസമീപനത്തിന്റേതു കൂടിയാവുകയാണ്. മലയാളസിനിമയില്‍   നിശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുണ്ട്. സംഘടനകളുെട പിടിയില്‍ നിന്ന്, പ്രതിഭകളുടെ വഴക്കത്തിലേക്ക് തെന്നിമാറുന്ന സിനിമയെ പ്രേക്ഷകരും ആവേശപൂര്‍വം സ്വീകരിക്കുന്നതാണ് സമീപവര്‍ഷങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. കലയ്ക്കും ആസ്വാദകര്‍ക്കും ഇടയിലുണ്ടായിരുന്ന സംഘടിതവിലപേശലുകള്‍ക്ക് ബലം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും

സംവിധായകന്‍ രാജീവ് രവി വ്യക്തമാക്കുന്ന നിലപാട് ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്. അച്ചടക്കലംഘനത്തിന് ന്യായീകരണമില്ല. പക്ഷേ അതിന്റെ പേരില്‍ വിലക്കുന്നത് അതിനേക്കാള്‍ വലിയ തെറ്റാണ്. വിലക്ക് എന്ന പ്രഖ്യാപനത്തിലൂടെ വിധേയത്വം കൊണ്ടുവരികയെന്നാണ് നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനെ ചെറുക്കാനാകുന്ന ഇടങ്ങള്‍ ഇന്ന് മലയാളസിനിമയിലുണ്ട് എന്നു തന്നെയാണ് രാജീവ് രവിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന. ഷെയ്നെ വച്ച് ഇനിയും സിനിമ ചെയ്യുമെന്നും രാജീവ് രവി പ്രഖ്യാപിച്ചിട്ടുണ്ട്. ഷെയ്ന്‍ നിഗത്തിന്റെ അച്ചടക്കമില്ലായ്മ മാത്രമാണ് രണ്ടു സിനിമകള്‍ നേരിട്ട പ്രശ്നമെന്ന പ്രഖ്യാപനം വസ്തുതാവിരുദ്ധമാണെന്നും സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമുഖയുവതാരങ്ങളില്‍ പലരുടെയും സിനിമകള്‍ ഒരു വര്‍ഷം വരെ നീണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഉപേക്ഷിക്കേണ്ടി വന്ന സിനിമകളുമുണ്ട്. ഒരു സംവിധായകന്റെ ജീവിതസ്വപ്നമാകാം ഒരു സിനിമ. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്ന ആസൂത്രണവും ഇടപെടലുമാണ് സിനിമാസംഘടനകളില്‍ നിന്നുണ്ടാകേണ്ടത്. 

പ്രശ്നം നേരിടുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷമേ അടുത്ത സിനിമകളില്‍ അഭിനയിക്കാവൂ എന്നു വരെ നിലപാടെടുക്കാം. പക്ഷേ ഇനി അഭിനയിപ്പിക്കില്ലെന്ന ഭാഷ ജനാധിപത്യവിരുദ്ധമാണ്. തൊഴില്‍നിഷേധമാണ്. ഇതാദ്യമായല്ല, മലയാളസിനിമയില്‍ വിലക്ക് പ്രഖ്യാപനമുണ്ടാകുന്നത് എന്നതും ഓര്‍ക്കേണ്ടതാണ്. മലയാളത്തിന്റെ അഭിമാനനടന്‍മാരിലൊരാളായ തിലകന്‍ വിലക്ക് നേരിട്ടത് സ്വന്തം സംഘടനയായ അമ്മയില്‍ നിന്നാണ്. പൃഥ്വിരാജും ഫഹദ് ഫാസിലും അടക്കമുള്ള നടന്‍മാര്‍ ഇതേ ഭീഷണി മറികടന്നു വന്നവരാണ്. 

വിലക്ക് മാത്രമല്ല, മയക്കുമരുന്നിന്റെ സ്വാധീനമെന്ന ഗുരുതരമായ ആരോപണങ്ങളും  നിര്‍മാതാക്കള്‍ ഉയര്‍ത്തുകയുണ്ടായി. ഇപ്പോള്‍ പെട്ടെന്നുണ്ടായ സാമൂഹ്യപ്രതിബദ്ധതയിലെ അപഹാസ്യത ചോദ്യം ചെയ്യാതിരിക്കാനാകില്ല. അതേസമയം തന്നെ മയക്കുമരുന്ന് വ്യാപകമാണ് എന്ന ആരോപണം വ്യക്തമായി അന്വേഷിക്കപ്പെടുകയും വേണം. 

സിനിമയില്‍ എന്നല്ല ഏതു മേഖലയിലായാലും മയക്കുമരുന്നിന്റെ ഉപയോഗവും സാന്നിധ്യവും നിരോധിക്കപ്പെട്ടതാണ്. സാമൂഹ്യവിപത്താണ് മയക്കുമരുന്ന്. സിനിമാമേഖലയ്ക്കും ഇക്കാര്യത്തില്‍ പ്രത്യേക ഇളവുണ്ടാകരുത്. 

നിര്‍മാതാക്കള്‍ പൂര്‍ണബോധ്യത്തോടെ തെളിവു തരാന്‍ തയാറാണ് എന്നു പറയുമ്പോള്‍ അത് അന്വേഷിക്കപ്പെടണം. അടിവേരുകളടക്കം കണ്ടെത്തുകയും വേണം. 

പക്ഷേ സാംസ്കാരികവകുപ്പു മന്ത്രി എ.കെ.ബാലന്‍ ഓര്‍മിപ്പിച്ചതുപോലെ ഇങ്ങനെയൊരു പ്രശ്നമുണ്ടായതിന്റെ പേരിലല്ല, ഇത്തരം നിയമലംഘനങ്ങള്‍ പുറത്തു പറയേണ്ടത്. അതിന്റെ പിന്നിലുള്ള അജന്‍ഡകള്‍ തിരിച്ചറിഞ്ഞു തന്നെയാകണം നടപടി. 

ഒപ്പം സിനിമാസംഘടനകളെ സമൂഹവും ചിലത് ഓര്‍മിപ്പിക്കണം. സിനിമാമേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് അവിടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ തുറന്നു പറഞ്ഞപ്പോള്‍  പൂര്‍ണമായും മുഖം തിരിച്ച സംഘടനകളാണ്. തുല്യനീതിയും അവകാശപ്പെട്ട വേതനവും ആവശ്യപ്പെട്ടപ്പോള്‍ പരിഹസിച്ചു തിരിഞ്ഞു പോയവരാണ്. വനിതകളുടെ അടിസ്ഥാനഅവകാശങ്ങള്‍ക്കായി അവരൊരു സംഘടന രൂപീകരിച്ചപ്പോള്‍ അതിനോടു സ്വീകരിച്ച സമീപനവും കേരളം കണ്ടതാണ്. എന്തിനേറെ പറയുന്നു. അമ്മയില്‍ അംഗമായ നടി ആക്രമണത്തിനിരയായപ്പോള്‍ കുറ്റാരോപിതനൊപ്പം എന്നു പരസ്യമായി നിലപാടെടുക്കുന്നതില്‍ ഒരു പ്രശ്നവും തോന്നാതിരുന്ന സംഘടനകളാണ്. അവര്‍ മലയാളസിനിമയില്‍ ഒറ്റപ്പെട്ട് പുറന്തള്ളപ്പെട്ട അവസ്ഥയില്‍ പോലും നീതിയെന്നോ മനുഷ്യാവകാശമെന്നോ മിണ്ടാന്‍ തോന്നിയിട്ടില്ലാത്തവരാണ്. 

മലയാളസിനിമയിലെ പ്രമുഖസിനിമാതാരങ്ങള്‍ക്കെല്ലാം ഇന്ന് സ്വന്തം നിര്‍മാണകമ്പനികളുണ്ട്. താരമൂല്യമുള്ള യുവതാരങ്ങളെല്ലാം സ്വന്തം നിര്‍മാണസംരംഭങ്ങളുമായി മുന്നോട്ടു പോകുകയാണ്. കലാമൂല്യം അടിസ്ഥാനമാക്കുന്ന ഒരു വ്യവസായത്തില്‍ മികവുള്ളവരുടെ മൂല്യത്തിനോടുണ്ടാകേണ്ട പരസ്പരബഹുമാനം പ്രധാനമാണ്. മുതലാളി, തൊഴിലാളി ബന്ധങ്ങള്‍ കലാമൂല്യമുള്ള ഒരു വ്യവസായത്തിന് ആവശ്യമില്ലെന്ന് തീരുമാനിക്കാനാകുന്ന വികാസം ഇന്ന് മലയാളസിനിമയിലുണ്ട്. അതിന് ആസ്വാദകരുടെ പിന്തുണയും ലഭിക്കുന്നുണ്ട്. ആ കാലത്തിനു ചേരാത്ത നടപടികളാണ് വിലക്കും പോര്‍വിളിയുമെന്ന് ഇതില്‍ ഉള്‍പ്പെട്ടവരെല്ലാം മനസിലാക്കുന്നതും ഉള്‍ക്കൊള്ളുന്നതും നല്ലതായിരിക്കും.  

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...