അഴിമതികയറിയ പാലാരിവട്ടം പാലം; ഇതും ജനങ്ങളുടെ കുറ്റമോ?

e-sreedharan-palarivattom-overbridge
SHARE

ഇനിയിപ്പോ പാലാരിവട്ടം മേല്‍പാലം മൂന്നു കൊല്ലം തികയും മുന്‍പേ പൊളിഞ്ഞത്  ജനങ്ങളുടെ കുറ്റമായിരിക്കുമോ?  പരസ്പരസഹകരണസംഘം കേരളത്തിനായി അവതരിപ്പിക്കുന്ന അടുത്ത നാടകമാണ് പാലാരിവട്ടം മേല്‍പ്പാലത്തില്‍ തകര്‍ക്കുന്നത്. കേരളചരിത്രത്തിലെ ഏറ്റവും വലിയ ക്രമക്കേട് കണ്‍മുന്നില്‍ തെളിഞ്ഞിട്ടും  ഉരുണ്ടു കളിച്ച ഇടതുമുന്നണി ഇപ്പോള്‍ പതിയെ യു.ഡി.എഫിനെതിരെ സമരവുമായി ഇറങ്ങിയിട്ടുണ്ട്.  പാലത്തില്‍ വിള്ളലെത്രകൂടിയാലും  മുന്നണികളുടെ പരസ്പരസ്നേഹത്തില്‍ വിള്ളല്‍ വരാതിരിക്കാന്‍ കരുതലെടുത്ത സി.പി.എം ഒടുവില്‍ നിവൃത്തിയില്ലാതെ ഒരു സമരവുമായി ഇറങ്ങിയിരിക്കുകയാണ്.  

കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം കൊല്ലം മൂന്നു തികയും മുന്‍പേ കണ്‍മുന്നില്‍ തകര്‍ന്ന് ഉപയോഗശൂന്യമായതിന്റെ ഞെട്ടലും രോഷവും മാറിയിട്ടില്ല നാട്ടുകാര്‍ക്ക്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പണിത പാലമാണ്. പിണറായി സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത പാലമാണ്. നിര്‍മാണത്തിലെ ഗുരുതരമായ അഴിമതിക്കും ക്രമക്കേടിനും യു.ഡി.എഫിനാണ് ഉത്തരവാദിത്തം. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൊതുമരാമത്ത് മന്ത്രിയുമാണ് കേരളത്തോടു മറുപടി പറയേണ്ടത്. അവരതിന് തയാറല്ലാത്ത സാഹചര്യത്തില്‍ മറുപടി പറയിക്കാനുള്ള ബാധ്യത നിലവിലെ എല്‍.ഡി.എഫ് സര്‍ക്കാരിനാണ് താനും. പക്ഷേ പൊതുമരാമത്തു മന്ത്രി ജി.സുധാകരന്‍ തുടക്കത്തിലേ ഇബ്രാഹിം കുഞ്ഞിനെ ജാമ്യത്തില്‍ വിട്ടുകളഞ്ഞു. 

അതെന്തൊരു വര്‍ത്തമാനമെന്ന് അന്നും ഇന്നും കേരളത്തിനു മനസിലായിട്ടില്ല. ദേശീയ പാത അതോറിറ്റി പണിയേണ്ട പാലം യു.ഡി.എഫ് സര്‍ക്കാര്‍ അങ്ങോട്ടു ചോദിച്ചുവാങ്ങി ഏറ്റെടുത്തു പണിതതാണ്. കേരളം ഇന്നേ വരെ കണ്ടി്ട്ടില്ലാത്ത ക്രമക്കേട് പകല്‍പോലെ തെളിഞ്ഞു നില്‍ക്കുകയാണ്.  പക്ഷേ നിലപാട് തിരുത്തിയില്ലെന്നു മാത്രമല്ല ജി.സുധാകരന്‍ നിയമസഭയിലും മൃദുസമീപനം ആവര്‍ത്തിച്ചു. പാലത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കി മെയ് ഒന്നിനാണ് അറ്റകുറ്റപ്പണികള്‍ക്കും വിശദപരിശോധനകള്‍ക്കുമായി മേല്‍പാലം അടച്ചിട്ടത്. അതിനിടെ യുഡിഎഫ് തന്നെ അവരുണ്ടാക്കിയ പാലത്തിലെ ക്രമക്കേടുകള്‍ക്കെതിരെ സമരം നടത്തുന്നതും ജനങ്ങള്‍  സഹിക്കേണ്ടി വന്നു. 

ക്ഷമയുടെ നെല്ലിപ്പലകയില്‍ കേരളത്തിലെ സാധാരണക്കാര്‍ അമ്പരന്നു നില്‍ക്കവേ  പാലത്തിലെ ക്രമക്കേടുകള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥരെയടക്കം പ്രതികളാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.  ചെന്നൈ ഐ.ഐ.ടി.പരിശോധന നടത്തി. ഇ. ശ്രീധരന്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 20 വര്‍ഷത്തിനുള്ളില്‍ തകരാവുന്നത്ര ഗുരുതരമായ അവസ്ഥയിലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  പത്തുമാസം കൂടി പാലം അടച്ചിട്ട് 18 കോടി കൂടി മുടക്കി  പുതുക്കിപ്പണിയാന്‍ തീരുമാനിച്ചിരിക്കുന്നു

കനത്ത രാഷ്ട്രീയനേട്ടം ഉറപ്പായിരുന്നിട്ടും പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ ഇടതുമുന്നണിയും സി.പി.എമ്മും പുലര്‍ത്തിയ രാഷ്ട്രീയമൗനം അവിശ്വസനീയമായിരുന്നുവെന്നു പറയാതെ വയ്യ. മാധ്യമങ്ങള്‍ യു.ഡി.എഫിന്റെ രാഷ്ട്രീയഉത്തരവാദിത്തം ചൂണ്ടിക്കാട്ടിയപ്പോള്‍ പോലും  സി.പി.എം നേതാക്കള്‍ തത്വം പറ‍ഞ്ഞ് ഒഴി​ഞ്ഞു മാറി. . എന്നിട്ടിപ്പോ ള്‍ഒരു മാസത്തിനു ശേഷം ഒരു മാസം നീളുന്ന സമരവുമായി കൊച്ചിയില്‍ അവതരിച്ചിരിക്കുകയാണ് ഇടതുമുന്നണി. ആരെ ബോധിപ്പിക്കാനാണ് സി.പി.എമ്മും ഇടതുമുന്നണിയും ഇപ്പോള്‍ സമരവുമായി ഇറങ്ങിയിരിക്കുന്നത്? ആരോടാണ് നിങ്ങള്‍ സമരം ചെയ്യുന്നത്? നിങ്ങളുടെ സര്‍ക്കാരിനോടോ  അതോ ജനങ്ങളോടോ?  ഇനി ഈ പ്രഹസനസമരങ്ങളുടെ അപഹാസ്യത കൂടി സഹിക്കണോ കൊച്ചിയിലെ ജനങ്ങള്‍?

ജൂണ്‍ അവസാനവാരം വരെ ഒന്നു രണ്ട് വഴിപാട് സമരങ്ങള്‍ നടത്തി ഒളിച്ചു കളിച്ച സി.പി.എമ്മും മുന്നണിയും  ജൂലൈ 30 വരെ നീളുന്ന കൊടിയ സമരത്തിലാണ് ഇപ്പോള്‍. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയെ അറസ്റ്റ് ചെയ്യുക, പാലത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള ചെലവ് എം.എല്‍.എയുടെ സ്വത്തില്‍ നിന്ന് ഈടാക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇപ്പോഴത്തെ സമരം. അപ്പോള്‍ മന്ത്രി ജി.സുധാകരന്‍ ജൂണ്‍ ഏഴിന് നല്‍കിയ സാക്ഷ്യപത്രം എന്തു ചെയ്യും? ഒന്നോര്‍ക്കണം, മന്ത്രി എന്ന നിലയില്‍ മാത്രമല്ല. പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണച്ചുമതല ഏറ്റെടുത്ത RBDCK ചെയര്‍മാന്‍ കൂടിയായിരുന്നു ഇബ്രാഹിംകുഞ്ഞ്. പല തലങ്ങളില്‍ നേരിട്ടുള്ള ഉത്തരവാദിത്തം. എന്നിട്ടാണ് തുടക്കം മുതല്‍ ഇടതുപക്ഷത്തിന്റെ  സൗമ്യമായ പരിലാളന അദ്ദേഹത്തിനു ലഭിച്ചത്.  ഇപ്പോള്‍  അതേ നേതാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയിരിക്കുന്നു സി.പി.എം. ആര് നടപടിയെടുക്കണം, ഞങ്ങളുടെ സര്‍ക്കാര്‍. ഇബ്രാഹിംകുഞ്ഞിനെ ആര് അറസ്റ്റ് ചെയ്യണം? അതും ഞങ്ങളുടെ സര്‍ക്കാര്‍. പിന്നെന്തിനാണ് സമരമെന്നു ചോദിച്ചാല്‍  അതും ഞങ്ങള്‍ക്കു വേണ്ടിയെന്നുത്തരം

പാലാരിവട്ടത്തു നടന്ന കൊടിയ അഴിമതിയില്‍ ഇനിയുണ്ടാകേണ്ട നടപടികള്‍ എന്താണ്? അന്നത്തെ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നേരിട്ട് നടപടിയെടുക്കാം. ഉദ്യോഗസ്ഥരെയും കമ്പനിയെയും പ്രോസിക്യൂട്ട് ചെയ്യാം. പൊതുജനങ്ങളുടെ പണവും സമയവും കുറ്റകരമായി ദുര്‍വ്യയം ചെയ്തവരെ കൃത്യമായി നിയമവഴിയില്‍ കൊണ്ടുവരാം. അതിനുള്ള എല്ലാ അധികാരവും  സാധ്യതകളും എല്‍.ഡി.എഫ് സര്‍‍ക്കാരിന്റെ പക്കല്‍ തന്നെയാണ്. ഇതെല്ലാം ചെയ്യാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിയും എന്നല്ല, സര്‍ക്കാരിനേ കഴിയൂ.  സര്‍ക്കാരില്‍ നിന്നു തന്നെ മുന്‍മന്ത്രിക്കു വേണ്ടി ന്യായീകരണസ്വരങ്ങള്‍ ഉയര്‍ന്ന ശേഷം ഇപ്പോള്‍ നടത്തുന്ന സമരം നിഴല്‍യുദ്ധമാണ്.  മുന്‍മന്ത്രിയെ മാത്രമല്ല, കൂട്ടുപ്രതികളാകേണ്ട കിറ്റ്കോയെയും നിര്‍മാണം നടത്തിയ RDS കമ്പനിയെ വരെ ന്യായീകരിക്കുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു

ഒന്നുകില്‍ സി.പി.എം ലീഗ് ഒളിച്ചുകളിയാണ് ഇബ്രാഹിംകുഞ്ഞിനെയും പാലാരിവട്ടം പാലത്തിലെ രാഷ്ട്രീയഉത്തരവാദിത്തത്തെയും പൊതിഞ്ഞു പിടിക്കുന്നത്. അതല്ലെങ്കില്‍ ഭരണത്തില്‍ ആരെന്നത് അപ്രസക്തമാകും വിധം ഒരു ഉദ്യോഗസ്ഥ–രാഷ്ട്രീയ–കരാര്‍ ശൃംഖല കേരളത്തില്‍ അതിശക്തമായ സ്വാധീനം ഉറപ്പിച്ചിരിക്കുന്നുവെന്ന് വ്യക്തമാണ്. ഇതൊന്നുമല്ല,  തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ മനോവീര്യം തകര്‍ന്ന പ്രവര്‍ത്തകര്‍ക്ക് മനോവീര്യം പകരാനുള്ള ഒരു അവസരമായി മാത്രമാണ് പാലാരിവട്ടം എന്ന വന്‍ക്രമക്കേടിനെ കാണുന്നതെങ്കില്‍ ജനത്തിന്റെ വിധി എന്നേ പറയാനുള്ളൂ. 

പാലാരിവട്ടം മേല്‍പാലത്തില്‍ മാത്രമല്ല, സര്‍ക്കാര്‍ നിര്‍മാണങ്ങളിലെ അഴിമതിക്കെതിരെ കര്‍ശന നിലപാടെടുത്ത  മന്ത്രിയാണ് ജി.സുധാകരന്‍.  പക്ഷേ ഇവിടെ മാത്രം കുറ്റക്കാരുടെ കാര്യം വരുമ്പോള്‍ അദ്ദേഹത്തിനും സംയമനം പാലിക്കേണ്ടി വരുന്ന സമ്മര്‍ദത്തിനു പിന്നിലെന്താണ്? സമരം നടത്തുന്നതും നടത്താതിരിക്കുന്നതുമൊക്കെ ഇടതുമുന്നണിയുടെ രാഷ്ട്രീയതീരുമാനമായിക്കോട്ടെ. പക്ഷേ ഒടുവില്‍ പാലാരിവട്ടത്തെ പ്രതികളാരെന്ന് ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരുമെന്ന് ഇച്ഛാശക്തിയോടെ ഒരു വട്ടമെങ്കിലും കേരളത്തിന് ഉറപ്പു തരണം. ഇല്ലെങ്കില്‍ ആര് ആര്‍ക്കെതിരെയാണ് സമരം ചെയ്യുന്നതെന്ന് കേരളത്തിനു നന്നായി മനസിലാകുമെന്ന് മാത്രം ഓര്‍മപ്പെടുത്തുന്നു. 

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...