നല്ല വാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അപ്പുറം ആരോഗ്യമന്ത്രി എന്ന നല്ല മാതൃക

shailaja-teacher
SHARE

ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്താല്‍ ഒരു ആരോഗ്യമന്ത്രി  ആഘോഷിക്കപ്പെടേണ്ടതുണ്ടോ? ഒരല്‍പം ആശയക്കുഴപ്പമുണ്ടാക്കുന്ന  ചോദ്യത്തിന് മാതൃകാപരമായ ഉത്തരമായിത്തീരുന്നു കെ.കെ.ശൈലജ എന്ന കേരളത്തിന്റെ ആരോഗ്യമന്ത്രി. കേരളീയരുടെ ആയുരാരോഗ്യത്തിന്റെ ബാധ്യത ചുമലിലേറ്റുന്ന മന്ത്രി ചട്ടങ്ങളും നൂലാമാലകളും മറികടന്ന് പുതിയ മാതൃകകള്‍ തീര്‍ക്കുന്നു. വ്യക്തിപരമായ പ്രശംസകള്‍ക്കപ്പുറം, മന്ത്രിയുടെയും ആരോഗ്യമന്ത്രാലയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പുതിയ പാഠങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്

സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്‍ ഏറ്റവുമൊടുവില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് കൈയടിച്ചതും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെട്ടതിനാണ്. മലപ്പുറം സ്വദേശി ജംഷീല പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ വച്ച് ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ജനനശേഷം കുഞ്ഞിന്റെ കാല്

നീലനിറമായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയത്തകരാര്‍ കണ്ടെത്തി. അടിയന്ത്ര ശസ്ത്രക്രിയ വേണമന്നും ഉചിതമായ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതിനെത്തുടര്‍ന്നാണ് ജംഷീലയുടെ സഹോദരന്‍മാര്‍ ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെ സഹായം അഭ്യര്‍ഥിച്ചത്. സന്ദേശം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ആരോഗ്യമന്ത്രി ഫേസ്ബുക്കിലൂടെ തന്നെ നടപടി ഉറപ്പു നല്‍കി മറുപടി നല്‍കി. തുടര്‍ന്ന് കുടുംബത്തെ ബന്ധപ്പെടുകയും ഒട്ടും വൈകാതെ കുഞ്ഞിനെ കൊച്ചി ലിസി ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. 

ഒരു ഫെയ്സ്ബുക്ക് കമന്റിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തു മാത്രമല്ല, ആരോഗ്യമന്ത്രി മാതൃക കുറിച്ചത്. സാഹചര്യം മനസിലാക്കി, അടിയന്തരസഹായം ഉറപ്പുവരുത്തുകയും ചെയ്തു. ഇത് ആദ്യമായല്ല, അത്തരം ഇടപെടലുണ്ടാകുന്നത് . വ്യക്തമാകുന്നത് കെ.കെ.ശൈലജയുടെ വ്യക്തിപരമായ പ്രവര്‍ത്തനമികവു മാത്രമല്ല, ആരോഗ്യമന്ത്രിക്ക് പിന്‍ബലമേകുന്ന ടീമിന്റെ പ്രതിബദ്ധത കൂടിയാണ്. 

ആരോഗ്യമേഖലയുടെ സവിശേഷതയും അടിയന്തരപ്രധാന്യവും കണക്കിലെടുത്തു പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് കെ.കെ.ശൈലജയുടെ യഥാര്‍ഥ ശക്തി. അഹോരാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന്റെ ഇടപെടല്‍  പല മനുഷ്യരുടെ ജീവനും ജീവിതവും രക്ഷിച്ചെടുത്തിട്ടുണ്ട്. ഒപ്പം ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിതയും നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥസംവിധാനവും സൂക്ഷ്മമമായ ഇടപെടല്‍ നടത്തുന്നു. സാമൂഹ്യസുരക്ഷാമിഷന്‍ എക്സി. ഡയറക്ടര്‍ ‍ഡോ.മുഹമ്മദ് അഷീല്‍ അടക്കം വലിയൊരു വിഭാഗത്തിന്റെ അധ്വാനവും മന്ത്രിയുടെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്നു.   തുടക്കത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ നേരിട്ട വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാം വിധം മാറ്റിയെടുത്തതില്‍ ഇവര്‍ക്കെല്ലാം പങ്കുണ്ട്. ഒപ്പം ലക്ഷ്യബോധത്തോടെ,അധികാരഗര്‍വില്ലാത്ത ശൈലിയില്‍ കെ.കെ.ശൈലജയുടെ നേതൃത്വവും കൂടിയാണ് ഈ കൈയടികള്‍ സാധ്യമാക്കിയത്.  

വകുപ്പും മന്ത്രിയും കടുത്ത ചോദ്യങ്ങള്‍ നേരിട്ട ഘട്ടങ്ങളുമുണ്ട്. മെഡിക്കല്‍ പ്രവേശനവും ഫീസും ഓര്‍ഡിനന്‍സും ആരോഗ്യവകുപ്പിനെയാകെ പ്രതിക്കൂട്ടിലാക്കി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ തലസ്ഥാനത്തു സമരത്തിനെത്തിയപ്പോള്‍ മന്ത്രി നടത്തിയ പരാമര്‍ശം വലിയ വിവാദവുമുണ്ടാക്കി. 

മന്ത്രിപദവി ഉപയോഗിച്ച്  ഭര്‍ത്താവിന് സ്വകാര്യആശുപത്രിയില്‍ ചികില്‍സാസഹായം കൈപ്പറ്റിയതും 29000 രൂപയോളം വില വരുന്ന കണ്ണട വാങ്ങിയതും സി.പി.എം സമ്മേളനങ്ങളില്‍ പോലും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ബാലാവകാശകമ്മിഷനിലെ നിയമനത്തിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും കടുത്ത പരാമര്‍ശങ്ങളുണ്ടായി. മന്ത്രിയുടെ രാജിക്കു വേണ്ടി അന്ന് പ്രതിപക്ഷം ശക്തമായി രംഗത്തു വന്നു. ആര്‍.എസ്.എസ്. ആഭിമുഖ്യമുള്ള സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തുവെന്ന പേരിലും ആരോപണങ്ങളുയര്‍ന്നിരുന്നു

എന്നാല്‍ വീഴ്ചകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട ആരോഗ്യമന്ത്രിയെയും വകുപ്പിനെയുമാണ് സമീപകാലത്ത് കേരളം കാണുന്നത്. വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന സഹപ്രവര്‍ത്തകരല്ല ആരോഗ്യമന്ത്രിയുടെ മാതൃക. മാധ്യമവാര്‍ത്തകള്‍ വിലയിരുത്തി,  സമീപനത്തില്‍ ആവശ്യമായ തിരുത്തലുകള്‍ ഉറപ്പാക്കുന്നു. ഒപ്പം മാനുഷികമുഖത്തോടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ടീമും കേരളത്തിന്റെ ആരോഗ്യമേഖലയെ പരിപാലിക്കുന്നു. ഏറ്റവുമധികം വിമര്‍ശനങ്ങള്‍ക്ക് സാധ്യതയുള്ള വകുപ്പില്‍  ഓരോ  പ്രതിസന്ധിയും ഒത്തൊരുമയോടെ കൈകാര്യം ചെയ്യുന്ന നേതൃശേഷി പരാമര്‍ശമര്‍ഹിക്കുന്നതു തന്നെയാണ്. 

കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പ വൈറസിനെതിരെ പ്രതിരോധം തീര്‍ത്തതിന്റെ പേരില്‍ മാത്രമല്ല, ആരോഗ്യമന്ത്രിയും വകുപ്പും വിലയിരുത്തപ്പെടേണ്ടത്. സമീപകാലത്ത് ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചത് ഈ ടീമിന്റെ കൂടി ഇടപെടലിന്റെ ഫലമായാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി. സാധാരണക്കാര്‍ക്കു വേണ്ടി സാമൂഹ്യസുരക്ഷാവകുപ്പ് മികച്ച പദ്ധതികള്‍ ആവിഷ്കരിക്കുന്നു. . മാതൃശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതും വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലായിടത്തും അടിസ്ഥാനവികസനം അടിയന്തരപ്രാധാന്യത്തോടെ നടത്തിയതും പരാമര്‍ശമര്‍ഹിക്കുന്നു. കേരളാമന്ത്രിസഭയില്‍ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ആദരിക്കേണ്ട മറ്റു മന്ത്രിമാരുമുള്ളപ്പോഴും കെ.കെ.ശൈലജയ്ക്ക് കൂടുതല്‍പിന്തുണ ലഭിക്കുന്നത് ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമായ ഭരണാധികാരിയാകുന്നതുകൊണ്ടും കൂടിയാണ്. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട്. അതിന് നേതൃത്വം നല്‌‍കാനുള്ള സമ്മര്‍ദം കൂടിയാകണം ഇപ്പോഴുയരുന്ന കൈയടികള്‍. നന്‍മമരമെന്നോ ടീച്ചറമ്മയെന്നോ ഉള്ള വാഴ്്ത്തുപാട്ടുകള്‍ അല്ല, നല്ല മന്ത്രിയെന്നു തന്നെയുള്ള വിശേഷണമാണ് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രേരകമാകേണ്ടത്. 

രാഷ്ട്രീയം മാറ്റിവച്ച് ആരോഗ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയുമല്ല വേണ്ടത്. കെ.കെ.ശൈലജ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയും കേരളത്തിന്റെ രാഷ്ട്രീയമേഖലയും ഈ ശൈലിയിലെ നല്ല മാതൃകകള്‍ പിന്തുടരാന്‍ ആവശ്യപ്പെടുകയാണ്. പോസ്റ്റല്‍ ബാലറ്റിലും വോട്ടര്‍പട്ടികയിലും ഇടപെടല്‍ നടത്തിയല്ല, അധികാരത്തുടര്‍ച്ചയ്ക്ക് ശ്രമിക്കേണ്ടതെന്ന ലളിതമായ ഓര്‍മപ്പെടുത്തലും ഈ ഭരണനിര്‍വഹണശൈലിയില്‍ കണ്ടെത്താവുന്നതേയുള്ളൂ. 

MORE IN PARAYATHE VAYYA
SHOW MORE