രാജീവിനെ കൊല്ലാക്കൊല ചെയ്താല്‍ തീരുമോ മോദി ഏല്‍പ്പിച്ച പരുക്കുകള്‍?

modi-rajiv
SHARE

ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ വിലയിരുത്തേണ്ടത് നരേന്ദ്രമോദിയെയാണോ രാജീവ് ഗാന്ധിയെയാണോ? ഒരു പ്രധാനമന്ത്രി ഇതിലും താഴേക്കു പോകാനില്ലെന്ന് ഇന്ത്യക്കാര്‍ തലയില്‍ വയ്ക്കുമ്പോഴും കൂടുതല്‍ താഴ്ചയിലേക്കു പോകാനാകുമെന്ന് തെളിയിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി. ഒരിക്കല്‍ വാഴ്ത്തുപാട്ടുകാരായിരുന്ന രാജ്യാന്തരമാധ്യമങ്ങള്‍ പോലും ഭിന്നിപ്പിന്റെ മേധാവിയെന്നു വിളിക്കുന്ന കാഴ്ചയില്‍ രാജ്യവും വീണ്ടും വീണ്ടും തലകുനിക്കുന്നു. 

അധികാരമേറ്റെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശയാത്രകളില്‍ ആരെല്ലാമാണ് അദ്ദേഹത്തെ അനുഗമിക്കുന്നത്? ഏഴുമാസങ്ങള്‍ക്ക് മുന്‍പ് ദ് വയര്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഉന്നയിച്ച സുപ്രധാന ചോദ്യമാണിത്. പ്രധാനമന്ത്രി മോദിക്കൊപ്പം വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതാരാണ് എന്ന വിവരത്തിനായി ദ് വയര്‍ തന്നെ വിവരാവകാശനിയമപ്രകാരം കേന്ദ്രസര്‍ക്കാരിന് അപേക്ഷനല്‍കി. മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് അവര്‍ കേന്ദ്രവിവരാവകാശകമ്മിഷനെ സമീപിച്ചു. കൃത്യമായ ഉത്തരം നല്‍കണമെന്ന് കമ്മിഷന്‍ കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് നിര്‍‍ദേശം നല്‍കി. എന്നാല്‍ വിദേശകാര്യമന്ത്രാലയം മറുപടി നല്‍കാന്‍ വിസമ്മതിച്ചു. അങ്ങേയറ്റം രഹസ്യാത്മകസ്വഭാവമുള്ള വിവരങ്ങളായതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു നിലപാട്. മാത്രമല്ല, ഇന്ത്യയുടെ പരമാധികാരത്തെയും അന്തസിനെയും സുരക്ഷയെയും ബാധിക്കുന്ന വിവരങ്ങളാണെന്നും അത് ആ വ്യക്തികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ സുരക്ഷാപ്രശ്നങ്ങള്‍ നേരിട്ടേക്കാവുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ടെന്നും പ്രധാനമന്ത്രിക്കൊപ്പം പോയ സ്വകാര്യവ്യക്തികളുടെ പേര് വെളിപ്പെടുത്തണമെന്നും വ്യക്തമായി കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും മോദി സര്‍ക്കാര്‍ ഇന്നേവരെ ആ ചോദ്യത്തിന് മറുപടി നല്‍കാന്‍ തയാറായിട്ടില്ല. 

അതേ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ന് രാജ്യത്തിനു മുന്നില്‍ വന്ന് മറ്റൊരു പ്രധാനമന്ത്രി 30 കൊല്ലം മുന്‍പ് നടത്തിയ ഒരു യാത്രയെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. രാജീവ്ഗാന്ധി 30 കൊല്ലം മുന്‍പ് നടത്തിയ ലക്ഷദ്വീപ് യാത്രയില്‍ ആരെല്ലാം അനുഗമിച്ചുവെന്നാണ് പ്രധാനമന്ത്രി മോദി ഇപ്പോള്‍ ഇന്ത്യയ്ക്കു മുന്നില്‍ വയ്ക്കുന്ന പ്രധാന ചോദ്യം. ആ ചോദ്യത്തിനുത്തരം കിട്ടിയിട്ട് ഇന്ത്യയ്ക്കിപ്പോള്‍ എന്തു വേണം?

‌1987ലെ പുതുവല്‍സരം ആഘോഷിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി യുദ്ധക്കപ്പലായ INS വിരാട് ദുരുപയോഗിച്ചുവെന്നാണ് പ്രധാനമന്ത്രി മോദി ഡല്‍ഹിയിലെ തിരഞ്ഞെടുപ്പുറാലിയില്‍ ആരോപിച്ചത്. 

ലക്ഷദ്വീപിലെ ആഘോഷത്തിനിടെ രാജീവ്ഗാന്ധി വിദേശികളെപ്പോലും  യുദ്ധക്കപ്പലില്‍ എത്തിച്ച് രാജ്യസുരക്ഷ ബലികഴിച്ചുവെന്നാണ് മോദി ഉന്നയിച്ച ആരോപണം. പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ  കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. അന്നത്തെ ലക്ഷദ്വീപ് ഭരണാധികാരി പോലും  ആ സന്ദര്‍ശനം തീര്‍ത്തും ഔദ്യോഗികമായിരുന്നുവെന്നു സാക്ഷ്യപ്പെടുത്തി

എന്നാല്‍ അന്നേ സംശയങ്ങളുണ്ടായിരുന്നുവെന്നും നിശബ്ദരാക്കപ്പെട്ടെന്നും വെളിപ്പെടുത്തി ചില നാവിക ഉദ്യോഗസ്ഥരും രംഗത്തെത്തി. നാവികസേനാമുന്‍മേധാവി തന്നെ സാഹചര്യം വിശദീകരിച്ചു, ആരോപണം നിഷേധിച്ചു. 

അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം 2019ലെ പൊതുതിരഞ്ഞെടുപ്പില്‍, 3 പതിറ്റാണ്ടു മുന്‍പ് രാജീവ്ഗാന്ധി അവധി ആഘോഷിച്ചതാണോ ഔദ്യോഗികസന്ദര്‍ശനമായിരുന്നോ എന്ന ചോദ്യത്തിനുത്തരം തിരയുകയാണ്. രാജീവ്ഗാന്ധി അഴിമതിക്കാരനായിരുന്നോ അല്ലയോ എന്ന ചര്‍ച്ചയ്ക്കു ശേഷം ചൗക്കീദാര്‍ മോദി അവതരിപ്പിക്കുന്ന അടുത്ത നാടകത്തിനു ശേഷമെങ്കിലും  ചര്‍ച്ച കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേക്കെത്തുമോ എന്നു ചോദിക്കരുത്. കാരണം അപ്പോഴേക്കും ഈ പൊതുതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമെന്ന് പ്രധാനമന്ത്രി മോദിക്കറിയാം

റഫേല്‍ ഇടപാടില്‍ രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്കു തിരിച്ചടിയായാണ് പ്രധാനമന്ത്രി മോദി രാജീവ്ഗാന്ധിയുടെ കല്ലറ തുറന്നു തിരഞ്ഞു തുടങ്ങിയത്. രാജ്യത്തിനു വേണ്ടി, 46ാം വയസില്‍   ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ രാജീവ് ഗാന്ധിയല്ല, പ്രധാനമന്ത്രി മോദി അവതരിപ്പിക്കുന്ന രാജീവ്ഗാന്ധി. ബോഫോഴ്സ് ഇടപാടില്‍ കുറ്റാരോപിതനായ ഒന്നാം നമ്പര്‍ അഴിമതിക്കാരനായ രാജീവ് ഗാന്ധിയെ വിളിച്ചാണ് മോദി രാഹുല്‍ഗാന്ധിയെ പ്രതിരോധിക്കുന്നത്

തീര്‍ച്ചയായും രാജീവ് ഗാന്ധി ചോദ്യങ്ങള്‍ക്കതീതനല്ല. പക്ഷേ മണ്‍മറഞ്ഞുപോയ മുന്‍പ്രധാനമന്ത്രിയെ അഴിമതിക്കാരനെന്നു വിളിക്കുന്നതിനു മുന്‍പ് റഫേല്‍ വിവാദത്തില്‍ തന്നോടുയരുന്ന മൂര്‍ച്ചയുള്ള ചോദ്യങ്ങളില്‍ ഒന്നിനെങ്കിലും മറുപടി പറയാനില്ലാതെ രാജീവ്ഗാന്ധിക്ക് പിന്നാലെയോടുന്നു നരേന്ദ്രമോദി. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബോഫോഴ്സുണ്ട്, റഫേലില്ല. സിഖ് കൂട്ടക്കൊലയുണ്ട്, ഗുജറാത്ത് കൂട്ടക്കൊലയില്ല. INS വിരാട് ഉണ്ട്, INS സുമിത്രയില്ല. വൈരുധ്യങ്ങളുടെ വിചിത്രമാനസികനിലയാണ് നരേന്ദ്രമോദി ഈ തിരഞ്ഞെടുപ്പില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. രാജ്യാന്തരമാധ്യമങ്ങള്‍

ഭിന്നിപ്പിന്റെ ഭരണാധികാരിയെന്നു നേരിട്ടു വിളിക്കുമ്പോഴും രാജ്യസുരക്ഷയുടെ പേരില്‍ ജനങ്ങളുടെ മുന്നില്‍ ഏങ്ങലടിക്കുകയാണ് പ്രധാനമന്ത്രി

1984ലെ സിഖ് കൂട്ടക്കൊലയുടെ പേരില്‍ രാജീവ്ഗാന്ധിയുടെ മകന്‍ രാഹുല്‍ഗാന്ധി എത്ര ഖേദം പ്രകടിപ്പിച്ചാലും  അത് ഗൗനിക്കേണ്ടതേയല്ലെന്ന് പ്രധാനമന്ത്രിക്കുറപ്പാണ്. കോണ്‍ഗ്രസിന്റെ പ്രവാസിവിഭാഗം മേധാവി സാം പിത്രോദയുടെ പരാമര്‍ശത്തിന്‍റെ പേരില്‍ കഴിഞ്ഞ ദിവസവും രാഹുല്‍ഗാന്ധി ഖേദം പ്രകടിപ്പിച്ചു. പക്ഷേ 2002ലെ ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് അന്നത്ത മുഖ്യമന്ത്രിയായ താന്‍ മറുപടി പറയേണ്ടതുണ്ടെന്ന് ഇന്നേ വരെ നരേന്ദ്രമോദി അംഗീകരിച്ചിട്ടില്ല. 

മോദി ചരിത്രത്തിലേക്കു  മുങ്ങാങ്കുഴിയിടുന്നത്  വര്‍ത്തമാനകാലത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ മാത്രമാണ്. അഞ്ചു കൊല്ലത്തെ ഭരണനേട്ടങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ 70 കൊല്ലത്തെ ഭരണാധികാരികളെ ഇപ്പോഴും ആക്രമിച്ചുകൊണ്ടിരിക്കുന്നു. നോട്ടു നിരോധനത്തിന്റെ പേരില്‍ എനിക്കു വോട്ടു തരൂവെന്ന് ഈ ഏഴുഘട്ട പ്രചാരണത്തിനിടെ ഒരിടത്തു പോലും മിണ്ടിയിട്ടില്ല. നെഹ്റുവാണോ, രാജീവ്ഗാന്ധിയാണോ കൂടുതല്‍ മോശമെന്നതു മാത്രമാണ് നമ്മുടെ പ്രധാനമന്ത്രിയുടെ പ്രശ്നം. നരേന്ദ്രമോദി എന്ന ഭരണാധികാരിയെ വിലയിരുത്താന്‍ അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെടുന്നതേയില്ല. 

മോദി ഭരണകാലത്ത് ഇന്ത്യയില്‍ സംഭവിച്ചതെന്തെല്ലാമാണെന്ന് രാജ്യം എങ്ങനെയാണ് വിലയിരുത്തേണ്ടത് ? പ്രധാനമന്ത്രി ഏതു ഡേറ്റ വച്ചാണ് രാജ്യത്തിനു മുന്നില്‍ നേട്ടങ്ങള്‍ അവതരിപ്പിക്കേണ്ടത്? ദുരൂഹവും ഞെട്ടിപ്പിക്കുന്നതുമാണ് വിവരസൂചികകളുടെ കാര്യത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമുണ്ടായിരിക്കുന്ന അട്ടിമറി. മോദിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ തൊഴില്‍ അവസരങ്ങള്‍ക്ക് എന്തു സംഭവിച്ചു? അതറിയാന്‍ ആശ്രയമാകേണ്ട നാഷനല്‍ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ട് വന്‍വിവാദങ്ങള്‍ക്കു ശേഷവും മോദി സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവുമുയര്‍ന്ന തൊഴിലില്ലായ്മാനിരക്കാണ് റിപ്പോര്‍ട്ടിലുള്ളത് എന്ന് വിവരങ്ങള്‍ പുറത്തുവന്നതാണ്. എന്നിട്ടും യഥാര‍്ഥ റിപ്പോര്‍ട്ട് അസാധാരണമാം വിധം സര്‍ക്കാര്‍ പിടിച്ചു വച്ചു. 

അതു മാത്രമല്ല. 2016നു ശേഷം നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളും പുറത്തു വിട്ടിട്ടില്ല. 1953ല്‍ വാര്‍ഷികറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയ ശേഷം ആദ്യമായാണ് NCRB റിപ്പോര്‍ട്ടുകള്‍ പുറത്തു വരാതിരിക്കുന്നത്. ഏറ്റവുമൊടുവില്‍ പുറത്തു വന്ന 2016ലെ റിപ്പോര്‍ട്ട് ശ്രദ്ധേയമായിരുന്നു. ആ വര്‍ഷം രാജ്യത്തുണ്ടായ ആകെ കുറ്റകൃത്യങ്ങളില്‍ 14 ശതമാനവും കലാപങ്ങളുമായി ബന്ധപ്പെട്ടാണ് എന്നതായിരുന്നു പ്രധാന വിവരം. ഒപ്പം 2015ല്‍ നിന്ന് രണ്ടര ശതമാനത്തിലേറെ വര്‍ധന കുറ്റകൃത്യങ്ങളുടെ നിരക്കിലുണ്ടായി എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യനിരക്കിലും വലിയ വര്‍ധന ചൂണ്ടിക്കാട്ടിയിരുന്നു. 

അതോടെ അവസാനിച്ചു ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ എന്ന തലക്കെട്ടില്‍ NCRBയുടെ വാര്‍ഷിക റിപ്പോര്‍ട്ടിങ്. 2015നു ശേഷം കര്‍ഷക ആത്മഹത്യയുടെ കണക്കുകളും NCRB ക്രോഡീകരിച്ച് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇത്തരത്തില്‍ രാജ്യത്തെ ക്രമസമാധാനനില, തൊഴില്‍ സാഹചര്യം, സ്ത്രീകളുടെയും ദളിതരുടെയും കര്‍ഷകരുടെയും സ്ഥിതി തുടങ്ങിയ വിവരങ്ങളുടെ ശാസ്ത്രീയമായ വിവരശേഖരണം തന്നെ മോദി സര്‍ക്കാര്‍ ദുരൂഹമായി അട്ടിമറിച്ചു. 

എന്നിട്ട് എന്തിന്റെ പേരിലാണ് പ്രധാനമന്ത്രി രാജ്യത്തോടു വോട്ടു ചോദിക്കുന്നത്? ഇന്ത്യയുെട വൈവിധ്യം ഉലച്ചിലേല്‍ക്കാതെ സംരക്ഷിച്ചുവെന്ന് അദ്ദേഹത്തിന് പറയാനാകുമോ? അതിവേഗവളര്‍ച്ചയുടെ പാതയിലായിരുന്ന ഇന്ത്യന്‍ സമ്പദ്‍ വ്യവസ്ഥയെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിച്ചുവെന്ന് മോദിക്കു പറയാനാകുമോ? ഇന്ത്യയുടെ മുഖമുദ്രയായ മതനിരപേക്ഷത സംരക്ഷിച്ചുവെന്ന്, മാനവികത സംരക്ഷിച്ചുവെന്ന് , ന്യൂനപക്ഷങ്ങളില്‍ കൂടുതല്‍ സുരക്ഷിതത്വബോധമുണ്ടാക്കിയെന്ന്, ഭൂരിപക്ഷങ്ങളില്‍ കൂടുതല്‍ സഹവര്‍ത്തിത്തം വളര്‍ത്തിയെന്ന് മോദിക്കു പറയാനാകുമോ?

രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കിയെന്ന് പ്രധാനമന്ത്രിക്ക്  പറയാനാകുമോ?  പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളെ വെള്ള പൂശുന്ന ഏജന്‍സിയായി  മാറിയ തിരഞ്ഞെടുപ്പു കമ്മിഷനെയോര്‍ത്ത് അഭിമാനിക്കാമോ? 

​ഞാന്‍ എന്റെ രാജ്യത്തെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്ന് നരേന്ദ്രമോദിക്ക് ലോകത്തോടു പറയാനാകുമോ? വികാരങ്ങളുടെ വ്യാപാരത്തിലൂടെ അധികാരത്തില്‍ തിരിച്ചെത്താനായേക്കാം. പക്ഷേ ജനാധിപത്യ ഇന്ത്യയ്ക്ക് ഈ അഞ്ചു വര്‍ഷമേറ്റ പരുക്കുകള്‍, നെഹ്റുവിനെയും രാജീവ്ഗാന്ധിയെയും വീണ്ടും വീണ്ടും കൊല്ലാക്കൊല ചെയ്താലും മറച്ചു വയ്ക്കാനാവുന്നതാണോ? 

MORE IN PARAYATHE VAYYA
SHOW MORE