നമ്മളാണ് പ്രതികൾ; കേരളമേ, കുഞ്ഞ് നിലവിളികൾക്ക് കാതോർക്കൂ

arun-anand-45
SHARE

കുഞ്ഞുങ്ങളോടു കാണിക്കുന്ന ക്രൂരതയുടെ ആഴം ഒരു സമൂഹമെന്ന നിലയില്‍ കേരളം തിരിച്ചറിയുന്നുണ്ടോ? തൊടുപുഴയില്‍ ഏഴുവയസുകാരന് നേരിടേണ്ടി വന്ന ക്രൂരതയെങ്കിലും നമ്മുടെ കണ്ണ് തുറപ്പിക്കുമോ? കുഞ്ഞുങ്ങളുടെ ഒടുങ്ങാത്ത നിലവിളികള്‍ ഈ ആധുനികസമൂഹത്തിന്റെ ഉറക്കം കെടുത്താത്തതെന്തുകൊണ്ടാണ്? ഒരിക്കല്‍ കൂടി വിവരിക്കാന്‍ പോലും മനഃസാക്ഷിയുള്ളവര്‍ക്ക് കഴിയാത്ത ക്രൂരതയാണ് തൊടുപുഴയില്‍ ഏഴു വയസുകാരന്‍ നേരിടേണ്ടി വന്നത്. 

കുട്ടിയുടെ അമ്മയോടൊപ്പം താമസിച്ചിരുന്ന യുവാവാണ് കൊടുംക്രൂരതയില്‍ ആ പിഞ്ചു കുഞ്ഞിന്റെ ജീവിതം തകര്‍ത്തു കളഞ്ഞത്. ഒന്നരവര്‍ഷം മുന്‍പ് കുട്ടികളുടെ പിതാവ് മരിച്ച ശേഷമാണ് പിതാവിന്റെ ബന്ധു കൂടിയായ അരുണ്‍ ആനന്ദ് ഇവരുടെ ജീവിതത്തിലേക്കെത്തിയത്. രണ്ടു കുഞ്ഞുങ്ങളും നിരന്തര പീഡനത്തിനിരയായിരുന്നുവെന്ന് ഇപ്പോള്‍ പുറത്തു വരുന്നു. കു‍ട്ടികളുടെ മാതാവിനെയും ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു, ഭയം മൂലമാണ് കുട്ടികളോടുള്ള ക്രൂരത പുറത്തു പറയാതിരുന്നതെന്നാണ് മാതാവിന്റെ മൊഴി. ഏഴ് ക്രിമിനല്‍കേസുകളില്‍ പ്രതിയാണ് ഇപ്പോള്‍ അരുണ്‍ ആനന്ദ്. അതിലൊന്ന് കൊലപാതകക്കേസാണ്. മയക്കുമരുന്നിനും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും അടിമയായ യുവാവില്‍ നിന്നാണ് ഈ യുവതിയും രണ്ടു കുഞ്ഞുങ്ങളും ഇത്രനാള്‍ പീഡനമനുഭവിച്ചത്. 

പിഞ്ചുകു‍ഞ്ഞിനെ മാരകമായി ആക്രമിച്ച പ്രതിക്കെതിരെ ഇന്നും രോഷപ്രകടനങ്ങള്‍ കേരളം കണ്ടു. അയാള്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ച കുട്ടിയുടെ അമ്മയുടെ ഖേദപ്രകടനത്തിനു കാതോര്‍ക്കുകയാവാം നമ്മളിപ്പോള്‍. എല്ലാ ബാലപീഡനങ്ങളിലും പ്രതികളെ കണ്ടെത്തി, അവര്‍ക്കെതിരെ ആക്രോശിച്ചു പിന്‍മാറുന്ന സമൂഹം അറിയേണ്ട ചിലതുണ്ട്. കുഞ്ഞുങ്ങള്‍ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ജീവിക്കാനുള്ള അവകാശമുള്ള കുരുന്നുകള്‍ ഇത്തരത്തില്‍ വേദനയായി അവസാനിച്ചുപോകുന്നുവെങ്കില്‍ അത് സമൂഹമെന്ന നിലയില്‍ നമ്മുടെയെല്ലാം പരാജയമാണ്. 

ഇതാദ്യത്തേതല്ല. കട്ടപ്പനയിലെ ഷഫീഖ് എന്ന കുരുന്ന് ജീവച്ഛവമായപ്പോള്‍ കേരളം ഒന്നുണര്‍ന്നതാണ്. ഇതുപോലെ ആര്‍ത്തു വിളിച്ചതാണ്. കോഴിക്കോട്ട് അദിതി എന്ന പെണ്‍കുട്ടി വേദനകള്‍ താങ്ങാനാകാതെ മരണത്തിനു കീഴടങ്ങിയപ്പോള്‍ പ്രതികള്‍ക്കെതിരെ ആക്രോശങ്ങളുയര്‍ത്തി പിന്‍വാങ്ങിയതാണ് നമ്മള്‍. 

ശിഥിലമായ വിവാഹബന്ധങ്ങളിലോ രണ്ടാനച്ഛന്‍മാരിലോ രണ്ടാനമ്മമാരിലോ മാത്രമാണ് കുറ്റമെന്ന് എളുപ്പത്തില്‍ വിധിയെഴുതുന്നതും പരിഹാരമാകില്ല. ജൈവികബന്ധമുള്ള രക്ഷിതാക്കള്‍ പോലും കുട്ടികളോടു കാണിക്കുന്ന ക്രൂരത സമൂഹം തിരിച്ചറിയാറില്ല. തിരിച്ചറിഞ്ഞാല്‍ തന്നെ ഇടപെടാറുമില്ല. 

കുട്ടികള്‍ക്കെതിരായ അതിക്രമം പലപ്പോഴും ചര്‍ച്ചയാകുന്നത് മരണം സംഭവിക്കുമ്പോഴോ, ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴോ മാത്രമാണ്.  എന്നാല്‍ കുട്ടികള്‍ നേരിടുന്ന ഗാര്‍ഹികാതിക്രമങ്ങളാണ് കൂടുതല്‍ ഗുരുതരമായ തലം നേരിടുന്നത്. 

കുട്ടികള്‍ നിസഹായരാണ്. നേരിടുന്നത് അതിക്രമമാണെന്നു പോലും തിരിച്ചറിയാന്‍ കഴിയാത്തവരാണ്. പുറത്തു പറയാന്‍ ശേഷിയില്ലാത്തവരാണ്. കുഞ്ഞുങ്ങളെ ശാരീരികമായോ മാനസികമായോ വേദനിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നതു പോലും അറിയാത്ത രക്ഷിതാക്കളുണ്ട്. അധ്യാപകരുണ്ട്. ചൂഷണത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ സമൂഹത്തിന്റെ ശക്തമായ ഇടപെടലും ജാഗ്രതയും മാത്രമാണ് പരിഹാരം

കുഞ്ഞുങ്ങളോടുള്ള ക്രൂരതയെന്ന നിര്‍വചനം ലൈംഗികാക്രമണങ്ങളിലോ, ശാരീരിക പീഡനങ്ങളിലോ മാത്രം ബാധകമാകുന്നതല്ല. അധികാരമുപയോഗിച്ച് കുഞ്ഞുങ്ങളെ സമ്മര്‍ദത്തിലാക്കുന്നതു പോലും തെറ്റാണ്. രക്ഷിതാക്കള്‍ അധികാരം പ്രയോഗിച്ച് ശാരീരികമായി ശിക്ഷിക്കുന്നതും നിയമപരമായി തെറ്റു തന്നെയാണ്. മാനസികമായി സമ്മര്‍ദത്തിലാക്കുന്നതും ശരിയല്ലെന്നു പറയുമ്പോള്‍ ശിക്ഷണസംസ്കാരത്തിന്റെ പരിചയെടുക്കുന്നത് തെറ്റായ പാരന്റിങ് മാത്രമാണ്. 

കുടുംബങ്ങളില്‍ കുഞ്ഞുങ്ങള്‍ക്കെതിരെ നടക്കുന്ന വയലന്‍സ് മൗനമായി അംഗീകരിക്കുന്ന രീതിയാണ് കേരളത്തിനിപ്പോഴും. അധ്യാപകര്‍ കുട്ടികളെ തല്ലരുതെന്നത് കര്‍ക്കശമാക്കിയപ്പോള്‍ പോലും പ്രതിരോധിച്ച സമൂഹമാണ്. അധികാരശ്രേണിയില്‍ തീര്‍ത്തും നിസഹായരായ കുഞ്ഞുങ്ങളെ വടിയും ഭീഷണിയുമായി മാത്രമേ കൈകാര്യം ചെയ്യാനറിയൂവെന്നത് രക്ഷിതാക്കളുടെ വൈകല്യമാണ്. അത് ശരിയായ രീതിയല്ല. കുഞ്ഞുങ്ങളോടു ബലപ്രയോഗമാകാം എന്ന മൗനാനുവാദംതന്നെയാണ് ക്രിമിനല്‍ വൈകല്യങ്ങളുള്ള മനുഷ്യര്‍ക്ക് ഇത്തരം കൊടുംക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ ധൈര്യമേകുന്ന അടിസ്ഥാനം. കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമം നടക്കുന്നതായി അറിഞ്ഞാല്‍ പോലും അത് നിയമസംവിധാനത്തെ അറിയിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്. അതും നിര്‍വഹിക്കപ്പെടാതെ വരുമ്പോഴാണ്, ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. 

കുട്ടികള്‍ക്കെതിരായ എല്ലാ തരം അതിക്രമങ്ങളും കടുത്ത കുറ്റമായി പരിഗണിക്കുന്ന ഉത്തരവ് കേരളം 2016ല്‍ പുതുക്കിയിട്ടുണ്ട്. അതിക്രമങ്ങള്‍ മാത്രമല്ല അവഗണന പോലും ഗുരുതരമായ തെറ്റായി പരിഗണിക്കുന്ന നിയമമാണത്. എന്നിട്ടും ഇത്തരം ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നുവെങ്കില്‍ അതു വിരല്‍ ചൂണ്ടുന്നത് ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്ന, ഇപ്പോള്‍ മാത്രം ശബ്ദമുയര്‍ത്തുന്ന നമുക്കു നേരെ തന്നയാണ്.  നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് കുഞ്ഞുങ്ങളുടെ സുരക്ഷ. നിയമപരമായും ധാര്‍മികമായും. കുറ്റബോധത്തിന്റെ ചൂണ്ടുവിരലുകള്‍ താഴ്ത്തി, പരിസരങ്ങളിലെ കുഞ്ഞുനിലവിളികള്‍ക്കു കാതോര്‍ക്കേണ്ടതുണ്ട് നമ്മള്‍. 

MORE IN PARAYATHE VAYYA
SHOW MORE