രാജ്യത്തിനകത്തെ ഭീകരാക്രമണം ആര് തടയും ?

samjotha-blast
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയും സര്‍ക്കാരും ഭീകരതയ്ക്കെതിരെ നടത്തുന്ന പോരാട്ടം, ഇന്ത്യയ്ക്കു പുറത്തൊതുങ്ങുന്നതാണോ, രാജ്യത്തിനെതിരെ അകത്തു നിന്നു ഭീകരാക്രമണം നടത്തുന്നവര്‍ക്ക് ഈ പോരാട്ടം ബാധകമല്ലേ? സംഝോത എക്സ്പ്രസ്  സ്ഫോടനക്കേസിലെ പ്രതികളെക്കൂടി വെറുതെ വിട്ടതോടെ  അന്വേഷണ ഏജന്‍സികള്‍ക്കും സര്‍ക്കാരിനുമെതിരെ ഗുരുതരമായ ചോദ്യങ്ങള്‍ ഉയരുന്നു. 42 പാക്കിസ്ഥാന്‍കാരടക്കം 68 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പ്രതികള്‍ മോചിതരാകുമ്പോള്‍ തെളിയുന്നത് സര്‍ക്കാരിന്റെ കനത്ത പരാജയവും അതേസമയം കാപട്യവുമാണ്. 

സംത്ധോത സ്ഫോടനക്കേസില്‍ നാലു പ്രധാന പ്രതികള്‍. നബാ കുമാര്‍ സര്‍ക്കാര്‍ എന്ന സ്വാമി അസീമാനന്ദ്, ലോകേഷ് ശര്‍മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി. ഹരിയാനയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി ഇവരെ വിട്ടയച്ചത്. ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ട്രെയിനാണ് സംത്ധോത എക്സ്പ്രസ് . ഇന്ത്യാ–പാക് ബന്ധത്തില്‍ പോലും നിര്‍ണായക സ്ഥാനമുള്ള ട്രെയിനിന്റെ  ഇന്ത്യയിലെ അവസാന സ്റ്റേഷന്‍ അമൃത്സറിലെ അട്ടാരിയാണ്.  അവിടേക്കുള്ള മാര്‍ഗമധ്യേ ഹരിയാനയിലെ പാനിപ്പത്തിലാണ്  2007  ഫെബ്രുവരി 18ന് സ്ഫോടനമുണ്ടായത്. 68 പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 42 പേര്‍ പാക്കിസ്ഥാന്‍കാരായിരുന്നു. 10 പേര്‍ ഇന്ത്യക്കാര്‍. 15 പേരെ തിരിച്ചറിഞ്ഞില്ല. 

കേസില്‍ മുഖ്യപ്രതിയായത് മുന്‍ ആര്‍.എസ്.എസ്. നേതാവായ  സ്വാമി അസീമാനനന്ദ്. സംഘപരിവാര്‍ സംഘടനയായ വനവാസി കല്യാണ്‍ ആശ്രമത്തിനു വേണ്ടി, പുരുലിയ, ബാങ്കുറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ന്യൂനപക്ഷവിരുദ്ധപ്രസംഗങ്ങളിലായിരുന്നു ഈ സംഘപരിവാര്‍ നേതാവിന്റെ കുപ്രസിദ്ധി. സ്ഫോടനം നടത്തിയവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുവെന്നായിരുന്നു കുറ്റം. തുടക്കത്തില്‍ ഹരിയാന പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് 2010 ജൂലൈയില്‍ എന്‍.എ.ഐയ്ക്ക് കൈമാറി. 2011 ജൂണില്‍ NIA എട്ടു പേര്‍ക്കെതിരെ കുറ്റപത്രം സമര‍്പ്പിച്ചു. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിലും ജമ്മുവിലെ രഘുനാഥ് ക്ഷേത്രത്തിലുമുണ്ടായ ബോംബ് സ്ഫോടനത്തിനു പ്രതികാരമായിരുന്നു ഇന്ത്യാ–പാക് ട്രെയിനില്‍ നടത്തിയ സ്ഫോടനമെന്നായിരുന്നു കുറ്റപത്രത്തിലെ കണ്ടെത്തല്‍ . സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായി പൊലീസ് കണ്ടെത്തിയ സുനില്‍ ജോഷി, സ്ഫോടനം നടന്ന അതേ വര്‍ഷം വീടിനടുത്തു വച്ച് വെടിയേറ്റു മരിച്ചു. മൂന്നു പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലും അന്വേഷണഏജന്‍സികള്‍ക്കു കഴിഞ്ഞില്ല. അസീമാനന്ദ് അടക്കം അറസ്റ്റിലായ നാലു പ്രതികളെയാണ് വിചാരണ ചെയ്തതും ഇപ്പോള്‍ കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി മോചിപ്പിച്ചതും. 

ചുരുക്കിപ്പറഞ്ഞാല്‍ 68 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ കുറ്റക്കാര്‍ ആരുമില്ല. ആ ഭീകരാക്രമണത്തില്‍ കുറ്റക്കാരെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയവരെ വിട്ടയച്ച വിധിയെ ബി.ജെ.പി. വിശേഷിപ്പിച്ചത് ചരിത്രപരം എന്നാണ്. ഭീകരതയില്‍ നിന്നു ഇന്ത്യയെ രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച കാവല്‍ക്കാര്‍ക്ക് എങ്ങനെയാണ് ഭീകരാക്രമണത്തിലെ പ്രതികളെ വെറുതെ വിട്ടത് ചരിത്രപരമായത്? ഇവര്‍ നടത്തിയത് ഇന്ത്യയ്ക്കെതിരായ യുദ്ധമല്ലേ? മോദി സര്‍ക്കാര്‍ ഭീഷണിയായി കാണുന്ന ഭീകരതയ്ക്ക് മതമുണ്ടോ?

നിഷ്പക്ഷമായ കോടതി നടപടിയെന്നു ന്യായീകരിക്കാനാകില്ല, ഈ ഭീകരരുടെ മോചനം. ചില തീയതികള്‍

ഈ കേസിന്റെ നാള്‍വഴിയില്‍ നിര്‍ണായകമാണ്. 2014  ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേസിലെ നിര്‍ണായക സാക്ഷികളെല്ലാം കൂറുമാറി.  NIA കേസ് തോറ്റുകൊടുത്തുവെന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നു. ഭരണമാറ്റമുണ്ടാകും വരെ ഉറച്ചു നിന്ന സാക്ഷികള്‍ 2015 ഓഗസ്റ്റ് മുതല്‍ പൊടുന്നനെ കൂറു മാറി. വെടിയേറ്റു മരിച്ച മുഖ്യപ്രതി സുനില്‍ ജോഷിയുടെ മൊബൈല്‍ ഫോണ്‍ എടുത്തു മാറ്റിയ സുപ്രധാനസാക്ഷി വരെ കൂറുമാറിയത് ഇക്കാലത്താണ്. പ്രതികള്‍ക്ക് സ്ഫോടകവസ്തുക്കളും ഫോണുകളും വാങ്ങി നല്‍കിയ സാക്ഷിയും കൂറുമാറിയിട്ടും NIA നിസംഗമായി പിന്‍വാങ്ങിയ നിലയിലായിരുന്നു. 

സുപ്രധാന തെളിവുകള്‍ക്കും സാക്ഷികള്‍ക്കും സംരക്ഷണമൊരുക്കേണ്ട പ്രോസിക്യൂഷന്‍ തന്നെ കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായി.  എന്നിട്ടും രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ പ്രതികരണമെന്താണ്? ചരിത്രവിധിയെന്ന്. കാവി ഭീകരതാസിദ്ധാന്തങ്ങള്‍ അവസാനിച്ചുവെന്ന്. 

രാജ്യത്തിനെതിരെ യുദ്ധം നടത്തുന്നവരാണ് തീവ്രവാദികളെങ്കില്‍ ഇവരെ വെറുതെ വിട്ടത് ബി.ജെ.പിക്ക് എങ്ങനെയാണ് ചരിത്രപരമാകുന്നത്? മനുഷ്യരെ കൊന്നുതള്ളിയെന്ന് ദേശീയ അന്വേഷണഏജന്‍സി കണ്ടെത്തിയവര്‍ എങ്ങനെയാണ് ബി.െജ.പിയുടെ പ്രിയപ്പെട്ടവരാകുന്നത്? 68 പേരുടെ ജീവനെടുത്ത്,  ഇന്ത്യാ പാക് ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഏതു മാനദണ്ഡപ്രകാരമാണ്, രാജ്യസ്നേഹത്തിന്റെ കാവലാളുകള്‍ക്ക് രാജ്യദ്രോഹികള്‍ പോലുമല്ലാതെ പോകുന്നത്? യു.പി.എ സര്‍ക്കാര്‍ രാഷ്ട്രീയലാഭത്തിനായി കുടുക്കിയ സന്യാസിവര്യ നിഷ്കളങ്കര്‍ എന്ന് 

പ്രഖ്യാപിത ചൗക്കീദാറുമാര്‍ക്ക് പരസ്യമായി നിലപാടെടുക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? 

അസീമാനന്ദ് വിട്ടയയ്ക്കപ്പെടുന്ന മൂന്നാമത്തെ ഭീകരാക്രമണക്കേസാണിത്.  2007ലെ അജ്മേര്‍ ദര്‍ഗ സ്ഫോടനക്കേസ്( 3 മരണം). 2007ല്‍ തന്നെ ഹൈദരാബാദിലെ മെക്കാ മസ്ജിദ് സ്ഫോടനക്കേസ്, (9 മരണം). കാവിഭീകരതയുടെ ഞെട്ടിക്കുന്ന മുഖം വെളിപ്പെടുത്തി അസീമാനന്ദ് തന്നെ 2010ല്‍ പിടിയിലായ ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ വിശദമായ മൊഴി നല്‍കിയിരുന്നു. 2006നും 2008നുമിടയില്‍ ഇന്ത്യയില്‍ പലയിടങ്ങളിലായി ഭീകരാക്രമണം നടത്താനുള്ള  പദ്ധതികളെക്കുറിച്ചായിരുന്നു മൊഴി. പിന്നീട് അസീമാനനന്ദ് തന്നെ പല തവണ തിരുത്തുകയും പൊലിസ് സമ്മര്‍ദമെന്നു കൂറുമാറുകയും ചെയ്തെങ്കിലും ആ മൊഴി ഭൂരിപക്ഷഭീകരതയുടെ ക്രൂരമായ മുഖം അനാവരണം ചെയ്തിരുന്നു. 

ഭീകരതയ്ക്കെതിരായ പോരാട്ടമെന്ന പ്രധാനമന്ത്രി മോദിയുടെ കാപട്യത്തിന് ഇനിയും തെളിവുകള്‍ ഏറെയുണ്ട്. ഭീകരത ഏതെന്ന് പ്രധാനമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കും. ഹിന്ദുത്വഭീകരര്‍ പ്രതികളാകുന്ന കേസുകളെ ഭീകരാക്രമണമെന്നു പോലും ബി.െജ.പി. നേതാക്കള്‍ വിശേഷിപ്പിക്കാറില്ല. അത്തരത്തില്‍ സുപ്രധാനമായ നാലു കേസുകളിലും പ്രതികള്‍ മോചിപ്പിക്കപ്പെട്ടത് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ്. NIA മലക്കം മറിഞ്ഞാണ് പ്രതികളെ രക്ഷപ്പെടുത്തിയതും. ‌

2006നും 20012നും ഇടയിലാണ് കാവിഭീകരതയുടെ വിദ്വേഷവിസ്ഫോടനങ്ങള്‍ തെളിഞ്ഞു തുടങ്ങിയത്. ‌‌രാജ്യത്തിന്റെ പല ഭാഗത്തും ആക്രമണങ്ങളുണ്ടായി. സ്വാമി അസീമാനന്ദ് ആസൂത്രകനായ മൂന്നു സ്ഫോടനക്കേസുകള്‍ കൂടാതെ മാലേഗാവ് ഭീകരാക്രമണവും രാജ്യത്തെ ഞെട്ടിച്ചു. ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. 

സ്വാധി പ്രജ്ഞ സിങ് താക്കൂറായിരുന്നു മുഖ്യആസൂത്രക. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് NIA സാധ്വിക്കെതിരെ കേസുകള്‍ എടുത്തത്. എന്നാല്‍ മോദി സര്‍ക്കാര‍് വന്ന ശേഷം ഇതേ NIA തന്നെ പ്രജ്ഞാസിങിനെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. അതും സാധ്യമാക്കിയത് കൂറു മാറിയ സാക്ഷികളിലൂടെയാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് NIA ഹാജരാക്കിയ ശക്തമായ തെളിവുകളെല്ലാം എന്‍.ഡി.എ സര്‍ക്കാര്‍ വന്നതോടെ ദുര്‍ബലമായി. മാലേഗാവ് കേസില്‍ കോടതി വിധിക്കു പോലും NIA കാത്തുനിന്നില്ല. അന്വേഷണ ഏജന്‍സി തന്നെ പ്രഗ്യാസിങിന് ക്ലീന്‍ ചിറ്റ് നല്‍കി, കുറ്റവിമുക്തയാക്കി. എന്നാല്‍ NIA പ്രതിയല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടും കോടതി പ്രഗ്യസിങിനെതിരായ തെളിവുകള്‍ നിലനില്‍ക്കുന്നതാണെന്നു വിധിച്ചു നടപടികള്‍ മുന്നോട്ടു കൊണ്ടു പോയി.  ശക്തമായ നിയമപോരാട്ടങ്ങളുടെ ഫലമായി കേസില്‍ വിചാരണ പുരോഗമിക്കുകയാണ്. അന്വേഷണ ഏജന്‍സി തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസ് കോടതിയാണ് മുന്നോട്ടു കൊണ്ടു പോകുന്നത്. NIA നിലപാടില്‍ പ്രതിഷേധിച്ച് ഏജന്‍സിയുടെ അഭിഭാഷകര്‍ പോലും പരസ്യമായി രംഗത്തെത്തിയിരുന്നു. പക്ഷേ കാവിഭീകരത എന്നൊന്നില്ല എന്നു സ്ഥാപിക്കാന്‍ തീരുമാനിച്ചുറച്ച കേന്ദ്രഅന്വേഷണ ഏജന്‍സി 

 ഓരോ കേസുകളായി അപ്രസക്തമാക്കി അവസാനിപ്പിച്ചു. ഭീകരതയ്ക്കു മതമില്ലെന്നും ന്യൂനപക്ഷ വര്‍ഗീയത പോലെ തന്നെ എതിര്‍ക്കപ്പെടേണ്ട ഒന്നാണ് ഭൂരിപക്ഷവര്‍ഗീയതയെന്നും വിശ്വസിച്ച മനുഷ്യര്‍ക്കു മുന്നിലൂടെ ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ലെന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചു.

ഭീകരതയ്ക്കു മതമില്ല. ഉണ്ടാകരുത്. പക്ഷേ അത് എല്ലാ ഭീകരതയ്ക്കും ബാധകമാകണം. സ്വന്തം രാജ്യത്തോടു ഭീകരയുദ്ധം നടത്തിയ ഭൂരിപക്ഷഭീകരതയോട് മാത്രമല്ല മോദിസര്‍ക്കാരിന്റെ മൃദുസമീപനം എന്നതിന് ലജ്ജിപ്പിക്കുന്ന ഒരു സാക്ഷ്യം കൂടി കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. ന്യൂസീലാന്‍ഡിലെ ഭീകരാക്രമണമാണ് പശ്ചാത്തലം. ഭീകരരുടെയും ഇരകളുടെയും മതം നോക്കിയാണോ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സമീപനം എന്ന മൂര്‍ച്ചയേറിയ ചോദ്യമുയര്‍ത്തിയത് രാജ്യാന്തരമാധ്യമങ്ങള്‍ വരെയാണ്. 

ന്യൂസിലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ അമ്പത് മുസ്‍ലിം മതവിശ്വാസികളാണ് വംശീയ ഭീകരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അടക്കം മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. മുസ്‍ലിംവിദ്വേഷത്തില്‍ നിന്നും യൂറോപ്യന്‍ വംശീയ ബോധത്തില്‍ നിന്നുമാണ് ഭീകരന്‍ പ്രചോദിതനായതെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നു.  ലോകമാകെ വ്യാപിച്ച ഇസ്ലാംഭീതിയുടെ ഫലമാണ് കൂട്ടവംശഹത്യയ്ക്കിടയാക്കിയതെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ തന്നെ ശക്തമായി നിലപാടെടുത്തു രംഗത്തു വന്നു.  ആക്രമണം നടത്തിയവരല്ല ഞങ്ങള്‍, ന്യൂസീലന്‍ഡ് ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണെന്ന് ജസീന്ത ആര്‍ഡേന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.  ജസീന്തയുടെ നിലപാടുകള്‍ ലോകശ്രദ്ധയാകര്‍ഷിച്ചു.

ഗുജറാത്ത് കലാപത്തിലെ ഇരകളെ കാറിനടിയില്‍ പെട്ട നായക്കുട്ടിയോടു തോന്നുന്ന വികാരത്തോടുപമിച്ച നേതാവാണ്  നമ്മുടെ പ്രധാനമന്ത്രി. എന്നാല്‍  2014 മെയില്‍ അധികാരമേറ്റ ശേഷം ലോകത്തു നടന്ന ഏതു ഭീകരാക്രമണത്തോടും മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്ററിലൂടെ പ്രതികരിക്കുന്ന നേതാവാണ് നമ്മുടെ പ്രധാനമന്ത്രി. എന്നാല്‍ പ്രധാനമന്ത്രി മോദി ന്യൂസീലാന്‍ഡ് ഭീകരാക്രമണത്തില്‍ സ്വീകരിച്ച സമീപനം അവിശ്വസനീയമാണെന്ന് തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.   ന്യൂസീലാന്‍ഡ് ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടും നരേന്ദ്രമോദിയുടെ ട്വിറ്ററില്‍ ഒരു പ്രതികരണവും പ്രത്യക്ഷപ്പെട്ടില്ല. പകരം വിദേശകാര്യമന്ത്രാലയത്തിന്റെ ട്വിറ്ററില്‍  മോദി ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിക്കെഴുതിയ അനുശോചനക്കുറിപ്പിന്റെ  വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെട്ടു. എന്തൊരു വിവേചനം എന്ന ചോദ്യവുമായി ദ് സ്ക്രോള്‍ ഓണ്‍ലൈന്‍ മാഗസിന്‍ 2014 മുതല്‍ വീഴ്ചയില്ലാതെ മോദി പ്രതികരിച്ച എല്ലാ ഭീകരാക്രമണവേളകളിലെയും സന്ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി. പ്രധാനമന്ത്രിയായ ശേഷം  ഭീകരതയ്ക്കെതിരായ പോരാട്ടം പ്രധാനലക്ഷ്യമായി പ്രഖ്യാപിച്ച, ഭീകരാക്രമണങ്ങള്‍ നേരിടേണ്ടി വന്ന രാജ്യങ്ങള്‍ക്കെല്ലാം മിനിറ്റുകള്‍ക്കുള്ളില്‍ ഐക്യദാര്‍ഢ്യവുമായെത്തിയ പ്രധാനമന്ത്രി ന്യൂസീലന്‍ഡിനെക്കുറിച്ചു മാത്രം പരസ്യമായി പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാകാം?

തെളിയുന്നത് ഒന്നു മാത്രമാണ്. തീവ്രവാദം എന്ന് മോദിയും ബി.െജ.പിയും പറയുമ്പോള്‍ നിശബ്ദമായി ഒരു വാക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. മുസ്‍ലിം തീവ്രവാദം. മറിച്ചൊരു തീവ്രവാദവും മോദിയും ബി.െജ.പിയും അംഗീകരിക്കുന്നില്ല. ഹൈന്ദവ തീവ്രവാദമില്ല, ഉണ്ടെന്ന തെളിവുകള്‍ മോദി സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സികള്‍ തന്നെ ഇല്ലാതാക്കി  ഭൂരിപക്ഷവിഭാഗത്തിലെ ഭീകരരെ മോചിപ്പിക്കും. മുസ്‍ലിങ്ങള്‍ക്കു നേരെ നടക്കുന്ന ഭീകരാക്രമണങ്ങള്‍ നിശബ്ദമായി അവഗണിച്ചു തള്ളും. ചുരുക്കത്തില്‍ അധികാരത്തിലേറാനുള്ള കപടമുദ്രാവാക്യങ്ങളിലൊന്നു മാത്രമാണ് ഭീകരതയ്ക്കെതിരായ പോരാട്ടം.  ന്യൂനപക്ഷവിദ്വേഷവും അധികാരത്തിനുള്ള കുറുക്കുവഴിയാണെന്ന് അവര്‍ക്കറിയാം. പക്ഷേ അതിന്റെ പേരില്‍ ലോകത്തിനു മുന്നില്‍ കുനിയുന്നത് നമ്മുടെ രാജ്യത്തിന്റെ ശിരസാണ്. നഷ്ടപ്പെടുന്നത് ഇന്ത്യയുടെ വിശ്വാസ്യതയാണ്. 

MORE IN PARAYATHE VAYYA
SHOW MORE