രാഹുല്‍ഗാന്ധിയുടെ വരവ് ഇടതുമുന്നണിയെ എങ്ങനെ സ്വാധീനിക്കും?

rahul-gandhi4
SHARE

രാഹുല്‍ ഗാന്ധി വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാെയത്തുന്നത് യു.ഡി.എഫിനും ദക്ഷിണേന്ത്യയിലാകെയും കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്നതില്‍ സംശയമില്ല. പക്ഷേ രാഹുല്‍ വയനാട്ടിലേക്ക് എന്ന വാര്‍ത്ത കേരളത്തേക്കാളേറെ കേരളത്തിലെ കോണ്‍ഗ്രസിനെ ഞെട്ടിച്ചു. ഞങ്ങളാവശ്യപ്പെട്ടതുകൊണ്ട് എന്നു വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ്  നേതാക്കള്‍ പാടുപെടുമ്പോള്‍ കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനേറ്റ പ്രഹരം കൂടി വ്യക്തമായി. ഈ തീരുമാനം ആരെയെല്ലാം തുണയ്ക്കും? ആരെ ചതിക്കും? കേരളത്തില്‍ നിന്ന് പ്രസക്തി തെളിയിക്കേണ്ടഇടതുമുന്നണിയെ രാഹുല്‍ഗാന്ധിയുടെ വരവ് എങ്ങനെ സ്വാധീനിക്കും? 

എല്ലാം പെട്ടന്നായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഉമ്മന്‍ചാണ്ടി റാന്നിയിലെ കോടതിയില്‍ നിന്നിറങ്ങി വന്ന് അപ്രതീക്ഷമായൊരു പ്രഖ്യാപനം നടത്തുന്നു.  മിനിറ്റുകളുെട വ്യത്യാസത്തില്‍ രമേശ് ചെന്നിത്തല കോട്ടയത്ത് പ്രത്യക്ഷപ്പെട്ടു. 

എന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ക്കു പോലും ഒരു സൂചനയുമുണ്ടായിരുന്നില്ലെന്നതിന് തെളിവ്, ഇതേ രമേശ് ചെന്നിത്തല രണ്ടു മണിക്കൂര്‍ മുന്‍പ് കോട്ടയത്തു തന്നെ നടത്തിയ വാര്‍ത്താസമ്മേളനംഅങ്ങനെ ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിപ്പിക്കുന്നവരെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആക്ഷേപിച്ച വയനാട്ടിലെ ജനങ്ങളെ ഒരൊറ്റ നിമിഷം കൊണ്ട് കോണ്‍ഗ്രസ് അനുഗ്രഹീതരായി പ്രഖ്യാപിച്ചു.

ഏറ്റവുമൊടുവിലാണ് കെ.പി.സി.സി. അധ്യക്ഷന് ആഗ്രഹം പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചത്. 

‍രാഹുല്‍ വരുന്നത് ഞങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ട് എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രഖ്യാപനം. അവിശ്വസിക്കേണ്ടതില്ല. പക്ഷേ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ ആഗ്രഹിച്ചല്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കേരളത്തിലെ കോണ്‍ഗ്രസിന് മതിയായ പ്രഹരവും താക്കീതും കൂടിയാണ്. എന്നാല്‍ രാഹുലിന്റെ വരവ് യു.ഡി.എഫിന് ഇരട്ടി ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കും. കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലാകെ തിരഞ്ഞെടുപ്പു ചിത്രത്തെയും തീരുമാനം സ്വാധീനിച്ചേക്കാം. 

രാഹുല്‍ ഗാന്ധിക്കോ കെ.പി.സി.സിക്കോ ആദ്യമേ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ വയനാടിനെച്ചൊല്ലി ഒരു നിമിഷം പോലും തര്‍ക്കമുയരുമായിരുന്നില്ലെന്നതുറപ്പാണ്. കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഐ ഗ്രൂപ്പില്‍ നിന്ന് പിടിച്ചെടുത്ത സീറ്റില്‍ എ ഗ്രൂപ്പിന്റെ വിശ്വസ്തന്‍ ടി.സിദ്ദിഖ് പ്രചാരണം ഏറെ മുന്നോട്ടു കൊണ്ടുപോയിരുന്നു.  

കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രോഗം മാരകമായിരുന്നുവെന്ന് ഹൈക്കമാന്‍ഡ് മനസിലാക്കിയത് വയനാടിന്റെ പേരിലുള്ള തര്‍ക്കത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചപ്പോഴാണ് എന്ന് വ്യക്തം. 

വയനാട് ദക്ഷിണേന്ത്യയില്‍ തന്നെ കോണ്‍ഗ്രസിന്റെ സുരക്ഷിതമണ്ഡലമാണ്. എങ്കില്‍ പിന്നെ വടകരയില്‍  മല്‍സരിക്കുന്നതായിരുന്നില്ലേ ഹീറോയിസം എന്നു വെല്ലുവിളിക്കുന്നവരുണ്ട്. പക്ഷേ ഗ്രൂപ്പിനേക്കാള്‍ വലിയ രാഷ്ട്രീയമില്ലാത്ത േകരളത്തിലെ ഗ്രൂപ്പുകളെ വിശ്വസിച്ച് ഗ്രൂപ്പില്ലാത്ത രാഹുല്‍ഗാന്ധി എങ്ങനെ വടകരയില്‍ വിശ്വസിക്കും? പാര്‍ട്ടി താല്‍പര്യങ്ങള്‍ പോലും കണക്കിലെടുക്കാതെയുള്ള ഗ്രൂപ്പ് വടംവലിക്ക്  രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള വരവ് ചികില്‍സയാകുമോയെന്നാണ് കണ്ടറിയേണ്ടത്. എന്നാല്‍ രാഹുലിന്റെ വരവുണ്ടാക്കുന്ന ചലനങ്ങള്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ആകെ ഗുണം ചെയ്യും. 

രാഹുല്‍ രണ്ടാം മണ്ഡലമായി വയനാട്ടില്‍ ആശ്രയം തേടിയെന്ന് ബി.ജെ.പി. തീര്‍ച്ചയായും ആക്ഷേപമുയര്‍ത്തും. വാസ്തവത്തില്‍ അമേഠിയില്‍ ഇത്തവണ വെല്ലുവിളികളുണ്ടെന്നത് വസ്തുതയാണ്. കോണ്‍ഗ്രസിന്റെ വിശ്വസ്തമായ കോട്ടയില്‍ കഴിഞ്ഞ തവണ ഭൂരിക്ഷത്തില്‍ കാര്യമായ കുറവു വരുത്താന്‍ കഴിഞ്ഞ സ്മൃതി ഇറാനി തന്നെയാണ് ഇത്തവണയും എതിരാളി. അമേഠിയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളില്‍ നാലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പമാണ് നിന്നത്. ഒരെണ്ണം എസ്.പിയ്ക്കൊപ്പവുമാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍  അമേഠി കേന്ദ്രീകരിച്ച്  സംഘടിതമായ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. 

എങ്കില്‍ പോലും അമേഠി ഗാന്ധി കുടുംബാംഗത്തെ കൈവിടുമെന്ന പ്രവചനത്തിന് ആരും തയാറായിട്ടില്ല. മാത്രമല്ല, രണ്ടാം മണ്ഡലമെന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ പതിവുമാണ്. ബി.ജെ.പിക്ക് കാര്യമായ പ്രതീക്ഷകളില്ലാത്ത ദക്ഷിണേന്ത്യയിലെ 85ലേറെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും പുതിയ പ്രതീക്ഷകള്‍ പകരും. പക്ഷേ ഈ നാടകീയ തീരുമാനം കേരളത്തില്‍

ഇടതുമുന്നണിയെയും സി.പി.എമ്മിനെയും സ്വാധിനിക്കുന്നതെങ്ങനെയാകും? ആ ചോദ്യത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലാകെ പ്രസക്തിയുണ്ട്. രാഹുലിന്റെ വരവോടെ കേരളമാകെ യു.ഡി.എഫിനൊപ്പം ഒഴുകുമെന്നൊന്നും ആരും കരുതുന്നില്ല.  പക്ഷേ നേരത്തേ തുടങ്ങി പ്രചാരണത്തില്‍ ഏറെ മുന്നിലായിരുന്ന ഇടതുമുന്നണിക്കും അപ്രതീക്ഷിതവെല്ലുവിളിയാകും രാഹുല്‍ഗാന്ധിയുടെ വരവ്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമൊന്നുകൊണ്ടു മാത്രം ഇടതുപക്ഷത്തിന് നഷ്ടമുണ്ടായാല്‍ അത് ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കുന്ന പ്രതിഫലനം നിസാരമാകില്ല. 

ഈ ലോക്സഭാതിരഞ്ഞെടുപ്പില്‍ എല്ലാ പഴുതുകളുമടച്ച പ്രവര്‍ത്തനമാണ് ഇടതുമുന്നണി തുടക്കം മുതല്‍ സ്വീകരിച്ചത്. സ്ഥാനാര്‍ഥിപ്രഖ്യാപനത്തിലും രാഷ്ട്രീയപ്രചാരണത്തിലും സി.പി.എമ്മും സഖ്യകക്ഷികളും ഏറെ മുന്നോട്ടു പോയിരുന്നു. . ഇടതുമുന്നണിയുടെ പ്രതീക്ഷകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതു തന്നെ വടക്കന്‍ കേരളത്തിലാണ്.   പൊതുവേ ഇടതുമുന്നണിക്ക് നല്ല വേരോട്ടവും സ്വാധീനവുമുള്ള മണ്ഡലങ്ങളാണ് വടക്കന്‍ കേരളത്തിലേത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ സ്വാഭാവികമായും ഇടതുമുന്നണിക്ക് വെല്ലുവിളിയേറും. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ ഭയക്കുന്നില്ലെന്ന ആദ്യപ്രതികരണത്തിലും അപ്രതീക്ഷിത നീക്കത്തിന്റെ അനുരണനങ്ങളുണ്ട്. 

2016ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ നാലും ഇടതുമുന്നണിക്കൊപ്പമാണ്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമെന്ന് വിളിപ്പേരുണ്ടെങ്കിലും  19000 വോട്ടിന്റെ വ്യത്യാസമേയുള്ളു നിയമസഭാതിരഞ്ഞെടുപ്പില്‍ എന്നത്  ഇടതുമുന്നണിയുടെ പ്രതീക്ഷയായിരുന്നു. ‌എന്നാല്‍ ഇനി വയനാട്ടിലെ ജയപരാജയങ്ങളുടെ സാധ്യതാവിശകലനത്തില്‍ വലിയ അര്‍ഥമുണ്ട് എന്നു ഇടതുമുന്നണി പോലും കരുതുന്നുണ്ടാകില്ല. പകരം വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കേരളത്തില്‍ മറ്റേതെല്ലാം മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പം ചേര്‍ക്കും എന്നത് ഇടതുമുന്നണിയുടെ നെഞ്ചിടിപ്പേറ്റും. 

ഇപ്പോഴും കോണ്‍ഗ്രസിന് ധൈര്യമായി മല്‍സരിക്കാനാകും വിധം കേരളത്തെ നിലനിര്‍ത്തിയതിന് ഇടതുമുന്നണിയോട് കടപ്പാടുണ്ടായിരിക്കണം എന്നു പറഞ്ഞു വയ്ക്കുന്നു ഇടതുമുന്നണി. ഇടതുരാഷ്ട്രീയത്തിന്റെ ചെറുത്തുനില്‍പാണ് കേരളത്തെ തികഞ്ഞ രാഷ്ട്രീയഭൂമികയായി നിലനിര്‍ത്തിയത് എന്ന അവകാശവാദം. പക്ഷേ കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തില്‍ നിന്നു മല്‍സരിക്കുമ്പോള്‍ വെല്ലുവിളി കടുക്കുന്നത് സി.പി.എമ്മിനും ഇടതുമുന്നണിക്കുമാണ്.  കാരണം കേരളം കോണ്‍ഗ്രസിന് പ്രധാന സംസ്ഥാനങ്ങളില്‍ ഒന്നാണെങ്കില്‍ സി.പി.എമ്മിന്റെ ഒരേയൊരു പ്രതീക്ഷയാണ് കേരളം. 

MORE IN PARAYATHE VAYYA
SHOW MORE