അഴിമതി അരങ്ങ് വാഴുമ്പോൾ, ചോദ്യങ്ങളോട് മോദിക്ക് ഇത്ര ഭയം എന്ത്?

PTI3_2_2019_000013A
പ്രധാനമന്ത്രി നരേന്ദ്ര മോദി
SHARE

കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധനം നടപ്പാക്കുന്നതെന്ന പ്രധാനമന്ത്രി മോദിയുടെ വാദം സത്യമായിരുന്നോ? അത് റിസര്‍വ് ബാങ്ക് അംഗീകരിച്ചിരുന്നോ? ഇല്ലെന്ന് തെളിയിക്കുന്ന വിവരാവകാശരേഖ രണ്ടരവര്‍ഷത്തെ ഒളിയുദ്ധത്തിനൊടുവില്‍  ആര്‍.ബി.ഐയ്ക്ക് പുറത്തു വിടേണ്ടി വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യങ്ങളെ ഭയക്കുന്നതെന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ആ രേഖ. രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കു കടക്കുമ്പോള്‍ രണ്ടു പ്രധാന ചോദ്യങ്ങള്‍ അത് വോട്ടര്‍മാര്‍ക്കു മുന്നില്‍ ഒച്ചത്തില്‍ ആവര്‍ത്തിക്കുന്നു. ഒന്ന്. ചോദ്യങ്ങള്‍ അവഗണിച്ച സര്‍ക്കാര്‍ അഞ്ചു കൊല്ലം ജനാധിപത്യഇന്ത്യയ്ക്കേല്‍പിച്ച നഷ്ടങ്ങളെത്ര? രണ്ട്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഈ  തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഓര്‍ക്കേണ്ടതെങ്ങനെ?

‌ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വിചിത്രമായ നിയമപോരാട്ടങ്ങളിലൊന്ന് നോട്ടു നിരോധനവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന്റെയും രാജ്യത്തിന്റെ  സമ്പദ്് വ്യവസ്ഥയുടെയും നട്ടെല്ല് തകര്‍ത്ത നോട്ടു നിരോധനം തീരുമാനിക്കപ്പെട്ടതെങ്ങനെയെന്ന ചോദ്യങ്ങളായിരുന്നു പ്രശ്നം. നോട്ട് നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെങ്ങനെയെന്ന നിര്‍ണായക ചോദ്യത്തിനു മറുപടി നല്‍കാതിരിക്കാന്‍ റിസര്‍വ് ബാങ്ക് സ്വയം അപഹാസ്യമായതിനു കൈയും കണക്കുമില്ല. കേന്ദ്രവിവരവകാശകമ്മിഷനും സുപ്രീംകോടതിയും നിരന്തരം താക്കീതുകള്‍ നല്‍കിയിട്ടും റിസര്‍വ് ബാങ്ക് രണ്ടരവര്‍ഷം ചോദ്യത്തിനു മറുപടി നല്‍കാതെ പിടിച്ചു നിന്നു. ഒടുവില്‍ സുപ്രീംകോടതി കോടതിയലക്ഷ്യനടപടികള്‍ തുടങ്ങിയപ്പോഴാണ് റിസര്‍വ് ബാങ്കിന് മുട്ടുമടക്കേണ്ടി വന്നത്. പ്രധാനമന്ത്രി മോദി രാജ്യത്തോടു പറഞ്ഞതുപോലെ കള്ളപ്പണം നേരിടാനായിരുന്നു നോട്ടു നിരോധനമെന്ന് റിസര്‍വ് ബാങ്ക് അംഗീകരിച്ചിരുന്നില്ലെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്. നോട്ടു നിരോധനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ കടുത്ത സംശയങ്ങള്‍ ഉന്നയിച്ച റിസര്‍വ് ബാങ്ക് ബോര്‍ഡ് ഡയറക്ടര്‍മാര്‍ കള്ളപ്പണം അവസാനിപ്പിക്കുമെന്ന ലക്ഷ്യം തള്ളിക്കളഞ്ഞിരുന്നു. പ്രധാനമന്ത്രി മോദി നോട്ടു നിരോധനപ്രഖ്യാപനം നടത്തിയ 2016 നവംബര്‍ 8ന് രാത്രി 8 മണിക്ക് രണ്ടു മണിക്കൂര്‍ മുന്‍പാണ് കേന്ദ്രബാങ്ക് ഇക്കാര്യത്തില്‍ ഒരു നിലപാടില്‍ തന്നെയെത്തിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 

നോട്ടുനിരോധനത്തെക്കുറിച്ചോര്‍മിപ്പിക്കുന്നതു പോലും പ്രധാനമന്ത്രി മോദിക്ക് ഇപ്പോള്‍ താല്‍പര്യമില്ലെന്ന് സത്യം. പറഞ്ഞു വന്നത് പക്ഷേ അതല്ല, രാജ്യത്തെ പിടിച്ചുലച്ച തീരുമാനം ആരെടുത്തുവെന്ന വസ്തുത പുറത്തുവരാതിരിക്കാന്‍ മോദി ഭരണകൂടം റിസര്‍വ് ബാങ്കിനെ എത്തിച്ച സമ്മര്‍ദത്തെക്കുറിച്ചാണ്. പ്രധാനമന്ത്രി മോദി ചോദ്യങ്ങളെ പേടിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് വിമര്‍ശകര്‍ ഊന്നിയിരുന്നതിനേക്കാള്‍ അര്‍ഥങ്ങളുണ്ടെന്ന് പൊതുതിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് തെളിയുകയാണ്. വാര്‍ത്താസമ്മേളനം നടത്താത്ത പ്രധാനമന്ത്രി എന്നതിലൊതുങ്ങില്ല, ചോദ്യങ്ങളില്‍ നിന്നൊളിച്ചോടിയ ഭരണകൂടം എന്ന യാഥാര്‍ഥ്യം. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ മാത്രമല്ല, വിവരാവകാശനിയമത്തെ അട്ടിമറിച്ച് ഒരു ചോദ്യത്തിനും മറുപടിയില്ല എന്ന അവസ്ഥയിലെത്തിച്ചാണ് മോദി ഭരണകൂടം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 

പൊതുതിരഞ്ഞെടുപ്പിന്  തീയതികള്‍ പ്രഖ്യാപിക്കപ്പെട്ടു. ഏപ്രില്‍ 11 മുതല്‍ മെയ് 23 വരെ നീളുന്ന ജനാധിപത്യപ്രക്രിയയിലൂടെ ഇന്ത്യ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഭരണകൂടത്തെ തിരഞ്ഞെടുക്കും. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തെ വിലയിരുത്തി, നേരിടുന്ന വെല്ലുവിളികള്‍ കൂടി വിലയിരുത്തി  ജനത വോട്ടവകാശം വിനിയോഗിക്കും. അവിടെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.  ഒരിക്കല്‍ പോലും സ്വതന്ത്രമായ ചോദ്യങ്ങള്‍ നേരിടാതെയാണ് അദ്ദേഹം ഭരണകാലാവധി പൂര്‍ത്തിയാക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ ഒരൊറ്റ തവണ പോലും അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയില്ല. ജനങ്ങളുടെയോ മാധ്യമങ്ങളുടെയോ ചോദ്യങ്ങള്‍ നേരിടാന്‍ ധൈര്യം കാണിച്ചില്ല. പ്രധാനമന്ത്രി മോദിയുടെ മാധ്യമവിരോധമായോ, വ്യക്തിസവിശേഷതയായോ ചുരുക്കാവുന്നതല്ല ഈ പ്രവണതയെന്ന് വിശദാംശങ്ങള്‍ തെളിയിക്കുന്നു. മറുപടിയില്ലാത്തതുകൊണ്ടു മാത്രമല്ല, ഒളിച്ചു വയ്ക്കാനുമുണ്ടായിരുന്നുവെന്ന് പുതിയ വിവരങ്ങളും പുറത്തു വരുന്നു.  ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ജനാധിപത്യത്തെയാണ് ജീര്‍ണിപ്പിക്കുന്നതെന്ന് ജനത മനസിലാക്കേണ്ടതുണ്ട്

പ്രധാനമന്ത്രി മോദി കടുത്ത വിമര്‍ശനം നേരിട്ട ചോദ്യോത്തരമുണ്ടായത് രണ്ടാഴ്ചകള്‍ക്കു മുന്‍പാണ്. ചോദ്യം പഠനവൈകല്യമുള്ള കുട്ടികളെക്കുറിച്ച്. മറുപടി രാഹുല്‍ഗാന്ധിയെ കുത്തി, വൈകല്യമുള്ള കുട്ടികളെ അപഹസിക്കും വിധം. സേഫാണെന്ന് മുന്‍കൂട്ടിയുറപ്പിച്ച ചോദ്യങ്ങള്‍ നേരിടുമ്പോള്‍ പോലും മറുപടി ഇമ്മാതിരിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അത് സ്വയം തിരിച്ചറിഞ്ഞാണോ എന്നറിയില്ല മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കിരുന്നുകൊടുക്കേണ്ട എന്ന് പ്രധാനമന്ത്രി മോദി തീരുമാനിച്ചത്. എന്തായാലും കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷം അദ്ദേഹം ഏറ്റവും നിഷ്കര്‍ഷയോടെ പാലിച്ച ഒരു നയം അതാണ്. എത്ര കടുത്ത പ്രതിസന്ധിയിലും മാധ്യമങ്ങളോടു സംസാരിക്കില്ല, അഥവാ ജനതയുടെ ചോദ്യങ്ങള്‍ കേള്‍ക്കുകയോ മറുപടി പറയുകയോ ചെയ്യില്ല. പകരം അദ്ദേഹത്തിന്റെ മന്‍കീ ബാത്തുകളും ഏകപക്ഷീയ പ്രസംഗങ്ങളും ജനങ്ങള്‍ കേട്ടു തൃപ്തിയടയുക. മറുചോദ്യങ്ങളില്ല. ഉപചോദ്യങ്ങളില്ല, വിശദീകരണങ്ങള്‍ ചിന്തിക്കുകയേ വേണ്ട

പ്രധാനമന്ത്രി പറഞ്ഞു കൊണ്ടേയിരിക്കുകയാണല്ലോ, പിന്നെന്തിന് വാര്‍ത്താസമ്മേളനങ്ങള്‍ എന്നു പ്രതിരോധം തീര്‍ത്തു ആരാധകവൃന്ദം. മാധ്യമങ്ങളെ ഒഴിവാക്കി മോദി ജനങ്ങളോട് നേരിട്ടു സംസാരിക്കുന്ന പുതിയ മാതൃക നല്ലതാണെന്ന് വാഴ്ത്താന്‍ മുട്ടിലിഴയുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രംഗത്തു വന്നു. 

എന്നാല്‍ മറുചോദ്യങ്ങള്‍  ചോദിക്കാത്ത ഭരണാനുകൂല മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്വയം പുകഴ്ത്തി പ്രധാനമന്ത്രിയെത്തി. പാര്‍ലമെന്റില്‍ പ്രതിപക്ഷചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയല്ലോ എന്ന ആശ്ചര്യചിഹ്നങ്ങളും അന്തരീക്ഷത്തിലുയര്‍ന്നു. രാഷ്ട്രീയആരോപണപ്രത്യാരോപണങ്ങളല്ലാതെ സ്വതന്ത്രമായ ചോദ്യങ്ങള്‍ക്ക് മറുപടിയെവിടെ? 

പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കുന്നില്ലെന്നത് മാധ്യമങ്ങളുടെ മാത്രം പ്രശ്നമാണെന്ന് മാധ്യമവിരോധികള്‍ ആര്‍ത്തു വിളിച്ചു. പക്ഷേ പ്രധാനമന്ത്രി ഒഴിവാക്കിയത് മാധ്യമങ്ങളെയല്ല, ഇന്ത്യയുടെ ചോദ്യങ്ങളെയാണെന്നത്  ആരു വിചാരിച്ചാല്‍ മറച്ചു വയ്ക്കാനാകും? അങ്ങനെ ഒഴിവാക്കിയ ചോദ്യങ്ങള്‍ ഇന്ത്യയ്ക്കുണ്ടാക്കിയ നഷ്ടങ്ങള്‍ ആരൊളിപ്പിച്ചാല്‍ ഇല്ലാതാകും?

പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ‌പ്രധാനമന്ത്രി മോദി ഒറ്റ വാര്‍ത്താസമ്മേളനത്തില്‍ പോലും പങ്കെടുത്തില്ലെന്ന് വസ്തുതാപരമായി പറയാന്‍ കഴിയുമോ? ഇല്ല. മോദി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഒറ്റയ്ക്കല്ലെന്നു മാത്രം. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, അതത് രാജ്യത്തലവന്‍മാര്‍ക്കൊപ്പം സംയുക്തവാര്‌ത്താസമ്മേളനങ്ങളില്‍ മോദിയും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയിട്ടുണ്ട്.  പ്രമുഖ വിദേശഭരണാധികാരികള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോഴും സംയുക്്ത വാര്‍ത്താസമ്മേളനങ്ങള്‍ക്കെത്തിയിട്ടുണ്ട് മോദി. 

   അപ്പോള്‍ പ്രധാനമന്ത്രി മോദിക്ക് വാര്‍ത്താസമ്മേളനങ്ങളും ചോദ്യങ്ങളും അലര്‍ജിയല്ല. സംയുക്തവാര്‍ത്താസമ്മേളനങ്ങളുടെ സൗകര്യമെന്താണ്? ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരില്ല. മാത്രമല്ല, രാജ്യാന്തരമര്യാദങ്ങള്‍ ഏകപക്ഷീയമായി ലംഘിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തിനു ബോധ്യവുമുണ്ട്. പക്ഷേ ഏകാധിപത്യപ്രവണത ഇന്ത്യയിലാകാം. സ്വന്തം ജനതയോട് അവഗണനയാകാം. ചോദ്യങ്ങള്‍ നിരസിക്കാം. ഏകപക്ഷീയമായ മന്‍കീബാത്തുകള്‍ നടത്താം. ഇന്ത്യയുടെ ചോദ്യങ്ങളെ മാത്രമാണ് നരേന്ദ്രമോദി അവഗണിച്ചിട്ടുള്ളത് എന്നത് നമ്മുടെ ജനാധിപത്യത്തോടുള്ള അവഹേളനമാണ്

പ്രസംഗങ്ങളുടെ, ആത്മഭാഷണങ്ങളുടെ ഗുണമെന്താണ്? നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മാത്രം പറയാമെന്നതു തന്നെയാണ് പ്രസംഗങ്ങളുടെ ഏറ്റവും വലിയ സൗകര്യം.  സൗകര്യമുള്ളതു മാത്രം പറഞ്ഞാല്‍ മതി. എന്നാല്‍ ചോദ്യങ്ങളോ? അത് ചോദിക്കുന്നവരുടെ അവകാശമാണ്. അറിയാനുള്ള അവകാശമാണ്. ചോദ്യങ്ങള്‍ക്കു മറുപടി പറയുകയെന്നത് ഒരു ഉത്തരവാദിത്തമാണ്. മറയ്ക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ചോദ്യമായി വരും. ചോദ്യങ്ങള്‍ അലോസരപ്പെടുത്തും. പക്ഷേ ആത്മവിശ്വാസമുള്ള ഭരണാധികാരികള്‍ ചോദ്യങ്ങളെ ഭയക്കില്ല. വസ്തുതകള്‍ സുതാര്യമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടേണ്ടി വരില്ല. 

10 വര്‍ഷത്തെ ഭരണകാലത്തിനിടെ  മന്‍മോഹന്‍സിങ് വാര്‍ത്താസമ്മേളനം വിളിച്ചത് 3 തവണ. ആദ്യ യു.പി.എ.സര്‍ക്കാരിന്റെ കാലത്ത് ഒരു തവണ. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് 2 തവണ. അത് കൂടാതെ എല്ലാ വിദേശസന്ദര്‍ശനങ്ങള്‍ക്കിടയിലും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വിമാനത്തില്‍ മറുപടി നല്‍കുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു.അതു പോലും ജനാധിപത്യനിേഷധമാണെന്നു വ്യാഖ്യാനിച്ച് അദ്ദേഹത്തെ മൗന്‍മോഹന്‍സിങ് എന്നാക്ഷേപിച്ച ബി.ജെ.പിക്ക് പക്ഷേ ഇപ്പോള്‍ ഇക്കാര്യത്തില്‍ മറുപടി ഇല്ല. 

വാര്‍ത്താസമ്മേളനത്തെ അഭിമുഖീകരിക്കുകയെന്നാല്‍ മാധ്യമങ്ങളോട് പറയാനുളള കാര്യങ്ങള്‍ പറയുക എന്നതു മാത്രമല്ല. ഭരണത്തോട് ചോദ്യങ്ങളുണ്ടോ എന്ന അന്വേഷണം കൂടിയാണ് വാര്‍ത്താസമ്മേളനങ്ങള്‍.  വിശദീകരിക്കേണ്ടതുണ്ടോ എന്ന ഉത്തരവാദിത്തം ഏറ്റെടുക്കല്‍ കൂടിയാണ് വാര്‍ത്താസമ്മേളനങ്ങള്‍. 

ചോദിച്ചറിയാനുള്ള അവകാശം കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ മാധ്യമങ്ങളില്‍ പോലും ഒതുക്കിയില്ല. ജനങ്ങള്‍ക്കാകെ നേരിട്ടു ചോദിക്കാനുള്ള അധികാരം അവകാശമാക്കിക്കൊടുത്തു. വിവരാവകാശനിയമത്തിലൂടെ. അതായത് മാധ്യമങ്ങള്‍ വ്യവസ്ഥാപിത താല്‍പര്യം മാത്രം നോക്കി പ്രവര്‍ത്തിച്ചാലും സത്യമറിയാനാഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് അതിനുള്ള നിയമപരമായ അവകാശം ഉറപ്പാക്കിയ ചരിത്ര നിയമം. 

അങ്ങനെ ഉറപ്പാക്കിയ, ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും ഈ ഭരണകാലത്ത് എന്തു  സംഭവിച്ചുവെന്നു കൂടി അറിയണം. അറിഞ്ഞ വിവരങ്ങള്‍ മോഷ്ടിച്ചതാണെന്നു വെപ്രാളപ്പെടുന്ന കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതിയില്‍ കാണണം. ഈ സര്‍ക്കാരിന്റെ സുതാര്യതയ്ക്ക് ഇനിയുമേറെ ഉദാഹരണങ്ങള്‍ ഇന്ത്യന്‍ ജനത കണ്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ മൂടിവച്ചാലും സത്യം പുറത്തു വരുമെന്ന് റഫേല്‍ രേഖകള്‍ തെളിയിക്കുമ്പോള്‍ ഒളിച്ചു വയ്ക്കപ്പെടുന്ന സത്യങ്ങളുടെ വിലയും രാജ്യം തിരിച്ചറിയേണ്ടതുണ്ട്. 

ഒന്നും മറച്ചു വയ്ക്കാനില്ലാത്ത തുറന്ന പുസ്തകമെന്നാണ് പ്രധാനമന്ത്രി മോദി സ്വയം വിശേഷിപ്പിക്കാറുള്ളത്. പക്ഷേ മോദി ഭരണകാലത്ത് വിവരാവകാശനിയമവും അട്ടിമറിക്കപ്പെട്ടു. വിവരാവകാശപ്രകാരം മോദി സര്‍ക്കാരില്‍ നിന്ന് മറുപടി ആവശ്യപ്പെട്ട 80 ശതമാനം അപേക്ഷകളും നിരസിക്കപ്പെട്ടുവെന്നാണ് രേഖകള്‍. ഈ വര്‍ഷം ജനുവരി വരെയുള്ള കണക്കുകള്‍ മാത്രമെടുത്താല്‍ വിവരാവകാശനിയമപ്രകാരമുള്ള 26000 സുപ്രധാനഅപേക്ഷകള്‍ മോദി സര്‍ക്കാരില്‍ നിന്നു മറുപടി കിട്ടാതെ കാത്തിരിക്കുകയാണ്. അതില്‍ ഒന്നു മാത്രമാണ് കടുത്ത നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ആര്‍.ബി.ഐയ്ക്കു പുറത്തു വിടേണ്ടി വന്ന നോട്ടു നിരോധന തീരുമാനത്തിന്റെ മിനുറ്റ്സ്.  റഫേല്‍ വിമാനങ്ങളുടെ വിലവിവരം ആവശ്യപ്പെട്ട് നേരെയെത്തിയ അപേക്ഷകള്‍ക്കു മറുപടി നിഷേധിച്ചു സര്‍ക്കാര്‍. വന്‍തോതില്‍ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയവരുടെ വിശദാംശങ്ങള്‍ ചോദിച്ച് ആര്‍.ബി.ഐയെ സമീപിച്ചപ്പോഴും ആ ചോദ്യത്തിനുള്ള മറുപടി ഒളിപ്പിച്ചു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യയെക്കുറിച്ചുള്ള വിവാദങ്ങളില്‍ വസ്തുത ആവശ്യപ്പെട്ട അപേക്ഷകര്‍ക്കും മറുപടി ലഭിച്ചില്ല.  പ്രധാനമന്ത്രി മോദി ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടുണ്ടന്ന് പരസ്യമായി പ്രഖ്യാപിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി പക്ഷേ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. വിവരാവകാശകമ്മിഷന്‍ കര്‍ശനനിര്‍ദേശം നല്‍കിയപ്പോള്‍ സ്റ്റേ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയാണ്  യൂണിവേഴ്സിറ്റി ചെയ്തത്.  സത്യാവാങ്മൂലങ്ങളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ തിരഞ്ഞെടുപ്പ് തന്നെ റദ്ദാക്കാവുന്നതാണ് എന്നും നേതാക്കളുടെ വിദ്യാഭ്യാസയോഗ്യത അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി 2016ല്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട് എന്നിരിക്കേയാണ് ഇത്. 

എന്നു വച്ചാല്‍ പ്രശ്നം മാധ്യമങ്ങളോടാണെന്നു വരുത്തിത്തീര്‍ക്കുകയാണ് പ്രധാനമന്ത്രി മോദി. യഥാര്‍ഥ പ്രശ്നം ചോദ്യങ്ങളോടാണ്. മറുപടി പറയേണ്ട ഉത്തരവാദിത്തത്തോടാണ്. ചോദ്യങ്ങള്‍ ഏതു വഴി വന്നാലും മറുപടി പറയാനില്ല എന്നു പകല്‍ പോലെ വ്യക്തം. അത്തരത്തില്‍ മതിലു കെട്ടിയടച്ച രഹസ്യങ്ങളാണ് റഫേല്‍ വിവാദത്തില്‍ ദ് ഹിന്ദു പത്രം പുറത്തു വിട്ടതെന്ന് പ്രത്യേകം ഓര്‍ക്കണം. കാരണം പുറത്തു വന്ന റഫേല്‍ രേഖകള്‍ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്നതാണ്. റഫേല്‍ ഇടപാടില്‍ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി മോദിയുടെ ഓഫിസ് ഇടപെട്ടത് ആര്‍ക്കു വേണ്ടിയാണ്. ആ ഇടപെടലിന്റെ ലാഭം ആര്‍ക്കാണ് ലഭിച്ചത്? അതില്‍ ഇന്ത്യയുടെ നഷ്ടം എത്രയാണ്? മൂടിപ്പൊതിഞ്ഞു വച്ചിട്ടും, മാധ്യമങ്ങളെ മുഴുവന്‍ അവഹേളിച്ചിട്ടും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയായി ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ പ്രധാനമന്ത്രിയുടെയും പാര്‍ട്ടിയുടെയും ഉറക്കം കെടുത്തുന്നതാണ്. രാജ്യസ്നേഹത്തിന്റെയും ഭീകരാക്രമണഭീഷണിയുടെയും മൂടുപടമുയര്‍ത്തി എത്ര പ്രതിരോധിച്ചാലും പ്രതിധ്വനിക്കുന്ന ആയിരം ചോദ്യങ്ങള്‍ അവഗണിച്ചു രക്ഷപ്പെടാനാണ് പ്രധാനമന്ത്രി പൊതുയോഗങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ശബ്ദമുയര്‍ത്തി പ്രസംഗിച്ചു പോകുന്നത്. 

സമൂഹമാധ്യമങ്ങളുടെ നവതലമുറപ്രതിനിധിയായി വാഴുന്ന പ്രധാനമന്ത്രി അവിടെയും സമൂഹത്തിലുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ല. മന്ത്രിമാരും ഭരണകാര്യങ്ങള്‍ വിശദീകരിക്കുന്ന പതിവുകള്‍ അവസാനിച്ചു. 

പാക്കിസ്ഥാനെതിരെ തുരുതുരാ മിന്നലാക്രമണങ്ങള്‍ക്ക് ധൈര്യമുള്ള, കരുത്തനായ, ധീരനായ പ്രധാനമന്ത്രിയെന്ന് അനുയായികള്‍ വാഴ്ത്തും. ഒരേയൊരു പേടിയേയുള്ളു, അത് ചോദ്യങ്ങളെയാണ്. പ്രധാനമന്ത്രിയുടെ ഈഗോ എന്ന ഒറ്റവാചകത്തില്‍ ഒതുക്കേണ്ടതല്ല ചോദ്യങ്ങളോടുള്ള സമീപനം എന്ന് ചുരുക്കം. ഭരണപരാജയത്തിന്റെ, കെടുകാര്യസ്ഥതയുടെ, അഴിമതിയുടെ, സംശയങ്ങളുടെ പുകമറയ്ക്കുള്ളിലാണ് മോദി സര‍്ക്കാരിന്റെ അഞ്ചു വര്‍ഷം നിലകൊണ്ടത് എന്നതിന്റെ തെളിവാണ് ഉത്തരം നിഷേധിക്കപ്പെട്ട ചോദ്യങ്ങള്‍. 

MORE IN PARAYATHE VAYYA
SHOW MORE