മൂന്നാമതൊരു മനുഷ്യനെക്കൂടി വെടിവച്ചു കൊന്നു; ഇത് ഭരണകൂട കൊലപാതകം തന്നെ

maoist5
SHARE

പിണറായി സര്‍ക്കാര്‍ മൂന്നാമതൊരു മനുഷ്യനെക്കൂടി വെടിവച്ചു കൊന്നു. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ എന്നോ, ഏകപക്ഷീയ കൊലയെന്നോ വിശദീകരിച്ചാലും നടന്നത് ഭരണകൂടം നേരിട്ടു നടത്തിയ കൊലപാതകം തന്നെയാണ്. ഏതു കൊടുംകുറ്റവാളിയായാലും കൊന്നുകളയാന്‍ ഭരണകൂടത്തിന് അധികാരമുണ്ടോ? അതും വധശിക്ഷ  പോലും പാടില്ലെന്ന് ശക്തമായ രാഷ്ട്രീയനിലപാടുള്ള സി.പി.എം ഭരിക്കുമ്പോള്‍ ഇത്തരത്തില്‍ മനുഷ്യരെ പൊലീസ് വെടിവച്ചുകൊല്ലുന്നതെങ്ങനെയാണ്?

സി.പി.എം എന്ന രാഷ്ട്രീയപാര്‍ട്ടി വളരെക്കാലം ചര്‍ച്ചകള്‍ നടത്തി, നിരന്തര സംവാദങ്ങള്‍ക്കൊടുവില്‍ പ്രഖ്യാപിച്ച ഒരു രാഷ്ട്രീയനിലപാടുണ്ട്. ഒരു മനുഷ്യനെയും വധിക്കാന്‍ പാടില്ല. അയാള്‍ എത്ര കൊടുംകുറ്റവാളി ആണെങ്കില്‍ പോലും കൊന്നു ശിക്ഷിക്കരുത്. ഈ നിലപാട് മറ്റൊരു പാര്‍ട്ടിക്കും സ്വീകരിക്കാനാകാത്തതും പുരോഗമനപരമാണെന്നും മനുഷ്യത്വമെന്ന മൂല്യത്തെ അടിസ്ഥാനമാക്കിയാണെന്നും സി.പി.എം  അഭിമാനം കൊള്ളുന്നു. ഇന്ത്യയില്‍ വധശിക്ഷ തന്നെ ഇല്ലാതാക്കണമെന്നാണ് സി.പി.എമ്മിന്റെ  പ്രഖ്യാപിതനിലപാട്. കൃത്യം ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2013 മെയില്‍ ഇതു സംബന്ധിച്ച് ഒരു പ്രമേയം തന്നെ സി.പി.എം കേന്ദ്രകമ്മിറ്റി പാസാക്കി. കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ പാടില്ല. ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് വധശിക്ഷ പാടില്ല എന്ന നിലപാടില്‍ എത്തിയതെന്ന് സി.പി.എം വിശദീകരിച്ചിരുന്നു. വധശിക്ഷയ്ക്കു  പകരം ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ തടവുശിക്ഷ നല്‍കണം. കോടതികളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നതു പോലും 75 ശതമാനം പേരും കേസുകള്‍ വാദിക്കാനുള്ള സാമ്പത്തികശേഷിയില്ലാത്തവരാണെന്ന വിശാലനിലപാടും സി.പി.എം മുന്നോട്ടു വച്ചിരുന്നു. പിന്നാക്കസമുദായക്കാരോ ന്യൂനപക്ഷവിഭാഗക്കാരോ ദളിതരോ മാത്രമാണ് ഇന്ത്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നതെന്നും സി.പി.എം രാഷ്ട്രീയനിലപാട് ശക്തമാക്കാന്‍ വിശദീകരിച്ചിരുന്നു. 

അതായത് നിയമം വധിക്കപ്പെടേണ്ടവര്‍ എന്നു വിധിക്കുന്ന മനുഷ്യര്‍ എന്തുകൊണ്ട് ആ അവസ്ഥയിലെത്തുന്നു എന്നു കൂടി മനസിലാക്കുന്ന വിശാലരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍്ടടിയാണ് സി.പി.എം. ആ സി.പി.എമ്മിന്റെ സര്‍ക്കാരാണ്, ആ സര്‍ക്കാരിന്റെ പൊലീസാണ് മാവോയിസ്റ്റുകള്‍ എന്ന പേരില്‍ മൂന്നു മനുഷ്യരെ വെടിവച്ചു കൊന്നത്. ഏറ്റുമുട്ടലില്‍ എന്നു കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ ഏറ്റുമുട്ടുന്ന മനുഷ്യരെ കൊല്ലാമെന്ന് സി.പി.എം നിലപാടില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ?

മനുഷ്യരെ കൊല്ലരുത് എന്ന രാഷ്ട്രീയ നിലപാട് സി.പി.എം സ്വയം പരിഹാസ്യമാക്കിയ കൊലപാതകരാഷ്ട്രീയത്തിന്റെ കണക്കുകള്‍ കേരളത്തിലുണ്ട്. ഞങ്ങളെ കൊന്നപ്പോള്‍ ഞങ്ങളും കൊന്നുവെന്ന ന്യായീകരണങ്ങള്‍ ഇനി ഉയരില്ലെന്ന് പാര്‍ട്ടിക്കു തന്നെ പറയേണ്ട നിവൃത്തികേടില്‍  കാസര്‍കോട്ടെ ഇരട്ടകൊലപാതകം സി.പി.എമ്മിനെ എത്തിക്കുകയും ചെയ്തു. പക്ഷേ ഭരണകൂടം തന്നെ നേരിട്ടുനടത്തുന്ന വധശിക്ഷകളിലും മൗനത്തിലാണ്ടു പോകുന്ന ഇടതുപക്ഷരാഷ്ട്രീയം ഇരട്ടത്താപ്പാണ്, ആത്മവഞ്ചനയാണ്. ഏതു സാഹചര്യത്തിലും മനുഷ്യര്‍ കൊല്ലപ്പെടാനുള്ളവരല്ല എന്നാവര്‍ത്തിച്ചു പ്രസംഗിച്ചവര്‍ എല്ലാം മാവോയിസ്റ്റുകളുടെ കൊലപാതകങ്ങളില്‍ നിശബ്ദരാണ്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൊല്ലപ്പെടാന്‍ യോഗ്യരാണ് എന്നാണോ . ഏറ്റുമുട്ടല്‍ എന്ന ഭരണകൂടഭാഷ്യത്തെ മറ്റേതു സംസ്ഥാനത്തും ഏറ്റവുമധികം വിമര്‍ശനവിധേയമാക്കുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് സി.പി.എം. ഇവിടെ ഏറ്റുമുട്ടാനെത്തിയ ഒരു മാവോയിസ്റ്റിനെ ഞങ്ങളുടെ പൊലീസ് കൊലപ്പെടുത്തി എന്നു പറയാന്‍  ആ പാര്‍ട്ടിക്കോ അതിന്റെ പ്രവര്‍ത്തകര്‍ക്കോ  ഒരു   മനഃസാക്ഷിക്കുത്തും തോന്നുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയാണ് ഞങ്ങളുടെ ആദ്യചുമതലയെന്ന് സര്‍ക്കാരും പൊലീസും വിശദീകരിക്കുന്നു. ഈ മാവോയിസ്റ്റുകള്‍ വയനാട്ടിലെ ആദിവാസിമേഖലകളിലെ സ്വൈരജീവിതത്തിന് വലിയ ഭീഷണിയാണുയര്‍ത്തിയതെന്ന് സ്ഥലം എം.എല്‍.എ. സി.കെ.ശശീന്ദ്രന്‍ വിശദീകരിക്കുന്നു. 

പ്രളയകാലത്തു പോലും ആദിവാസിമേഖലകളിലെത്തിയ അരിയും മറ്റും ഭക്ഷണസാധനങ്ങളും മാവോയിസ്റ്റുകള്‍ ബലം പ്രയോഗിച്ചു കടത്തിയിരുന്നുവെന്നും എം.എല്‍.എ ചൂണ്ടിക്കാണിക്കുന്നു

അതായത് കേരളത്തിലെ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ ഭീഷണി അരിയും പയറും തട്ടിയെടുക്കുന്നുവെന്നതാണ്. എന്നാല്‍ അത്തരം തമാശകളിലൊതുക്കാവുന്നത്ര ചെറുതല്ല കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം എന്നത് യാഥാര്‍ഥ്യമാണ്. സായുധരായ നിരോധിതസംഘടനാംഗങ്ങള്‍ വനമേഖലകളില്‍ ഉയര്‍ത്തുന്ന സുരക്ഷാഭീഷണിയും അവഗണിക്കാവുന്നതല്ല. പക്ഷേ അതൊന്നും, ആ മനുഷ്യരെ കൊന്നു കളയാനുളള കാരണമായി അംഗീകരിച്ചു തരാനാകില്ല. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സായുധരാഷ്ട്രീയത്തെ പൂര്‍ണമായി തള്ളിപ്പറയുമ്പോഴും സായുധമല്ലാത്ത മാര്‍ഗങ്ങള്‍ അവരെ നേരിടാനില്ലേ എന്ന ചൂണ്ടുവിരല്‍ ഇടതുമുന്നണി സര്‍ക്കാരിനു നേരെയുയരും

വയനാട്ടിലും പാലക്കാടും കണ്ണൂരിലും കോഴിക്കോട്, മലപ്പുറം മലയോരമേഖലകളിലുമെല്ലാം മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്നത് യാഥാര്‍ഥ്യം. 2013 മുതല്‍ കേരളത്തിലെ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം വര്‍ധിച്ചു വരികയാണുണ്ടായത്. 2014ല്‍ വയനാട്ടില്‍ പൊലീസുമായി നേരിട്ട് ഏറ്റുമുട്ടി സാന്നിധ്യമറിയിക്കുകയും ചെയ്തു. 2016 നവംബര്‍ 24നാണ് രണ്ടു മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ മേഖലയിലെ കരുളായി വനമേഖലയില്‍ കൊല്ലപ്പെട്ടത്. കുപ്പു ദേവരാജ്, അജിത എന്നിവരുടെ മരണം പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണെന്നാണ് പൊലീസ് അറിയിച്ചത്.  കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 15ലേറെ തവണ വയനാട്ടിലും കോഴിക്കോട്ടും മാവോയിസ്റ്റുകള്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടു. വീടുകളിലെത്തി പണവും സാധനങ്ങളും ആവശ്യപ്പെടുകയോ ചെറിയ തെരുവുകളില്‍ ശക്തിപ്രകടനം നടത്തുകയോ ചെയ്തു. മാവോയിസ്റ്റുകളുടെ ചെറുക്കാനുള്ള പ്രത്യേക സേന തണ്ടര്‍ബോള്‍ട്ട്, ആന്‍റി നക്സല്‍ സ്ക്വാഡ് , ലോക്കല്‍ പൊലീസ് ഇവരൊക്കെ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസ് ഭാഷ്യമെങ്കിലും മാവോയിസ്റ്റുകളുടെ സാന്നിധ്യത്തിന് കുറവുണ്ടായിട്ടില്ല. 

മാത്രമല്ല കേരളത്തില്‍ രാഷ്ട്രീയപ്രചാരണം മാത്രമാണ് മാവോയിസ്റ്റുകള്‍ നടത്തുന്നത് എന്നതും യാഥാര്‍ഥ്യമാണ്. മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേതു പോലെ സായുധകലാപശ്രമങ്ങള്‍ കേരളത്തിലുണ്ടായിട്ടില്ല. രാഷ്ട്രീയപ്രചാരണത്തിനു പോലും ചുരുക്കം ചില ആദിവാസിമേഖലകളിലൊഴികെ കാര്യമായ സ്വാധീനം ഉണ്ടാക്കാനായിട്ടില്ലെന്ന് ആത്മവിശ്വാസം കൊള്ളുന്നവരാണ് സി.പി.എമ്മും മറ്റു പ്രധാന രാഷ്ട്രീയപ്രസ്ഥാനങ്ങളും. 

പിന്നെങ്ങനെയാണ് കേരളത്തില്‍ മൂന്നു വര്‍ഷത്തിനിടെ മൂന്ന് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ മരിക്കുന്ന സാഹചര്യമുണ്ടായത്? മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം എന്ന പ്രസ്ഥാനത്തിനും രാഷ്ട്രീയബാധ്യതയുണ്ട്. മാവോയിസ്റ്റുകളെ കൊലപ്പെടുത്താം എന്നാണോ LDF സര്‍ക്കാര്‍ പൊലീസിനു നല്‍കിയിരിക്കുന്ന നിര്‍ദേശം? മനുഷ്യാവകാശപ്രഘോഷണങ്ങള്‍ രാഷ്ട്രീയ അലങ്കാരമായിരുന്നുവെന്നാണോ തുടര്‍ക്കൊലകള്‍ നല്‍കുന്ന സന്ദേശം? 

നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ സ്വന്തം സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയ സി.പി.ഐ കാര്യങ്ങള്‍ പഠിക്കുന്നതേയുള്ളൂ. തിരഞ്ഞെടുപ്പു സീസണില്‍ മനുഷ്യാവകാശങ്ങളേക്കാള്‍ മൂല്യമുള്ള രാഷ്ട്രീയമൗനം  പുലര്‍ത്തുന്നതില്‍ സി.പി.ഐയ്ക്കു പ്രത്യേക വൈദഗ്ധ്യവുമുണ്ട്. നിലമ്പൂരിലെ മാവോയിസ്റ്റുകളുടെ മരണത്തില്‍ ഉന്നയിക്കപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും മറുപടിയായി ഒരു മജിസ്റ്റീരിയല്‍ അന്വേഷണം നടത്തി സര്‍ക്കാര്‍ കൈകഴുകിയതാണ്. എന്നാല്‍ വയനാട്ടിലെ കൊലപാതകത്തില്‍ പൊലീസിനു നേരെ വ്യക്തമായ ചോദ്യങ്ങള്‍ സാക്ഷികളില്‍ നിന്നു തന്നെ ഉയര്‍ന്നിട്ടുമുണ്ട്

ക്രിമിനല്‍ കുറ്റം ചെയ്തിട്ടുണ്ട് വയനാട്ടില്‍ കൊല്ലപ്പെട്ട സി.പി.ജലീലും കൂട്ടാളിയും. റിസോര്‍ട്ടിലെത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നത് ക്രിമിനല്‍ കുറ്റമാണ്. പലയിടത്തും ഇതേ ക്രിമിനല്‍ കുറ്റം ചെയ്തുകൊണ്ടേയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പക്ഷേ നിയമവിരുദ്ധമായ ഏതു പ്രവര്‍ത്തനത്തിനും നിയമം പറഞ്ഞുവച്ച ശിക്ഷകളുണ്ട്. നിരോധിതസംഘടനാപ്രവര‍്ത്തനം നടത്തുന്ന മാവോയിസ്റ്റുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയാണ് സര്‍ക്കാരിന്റെ കടമ. കൈയില്‍ കിട്ടിയാലുടന്‍ കൊന്നുകളഞ്ഞ് മാവോയിസ്റ്റ് ഭീഷണി നേരിടുകയാണെന്നു ന്യായീകരിക്കരുത്. 

കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ സര്‍ക്കാരിന് കാര്യക്ഷമമായി എന്തു ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് ചോദ്യം. ഞങ്ങള്‍ അവരില്‍ മൂന്നു പേരെ കൊന്നുകളഞ്ഞു എന്ന മറുപടി ജനാധിപത്യസമൂഹത്തിന് സ്വീകാര്യമല്ല. സി.പി.എമ്മിന്റെ മനുഷ്യാവകാശഇരട്ടത്താപ്പുകള്‍ മറികടന്നാലും , പൊതുസമൂഹം ഈ അനീതിക്കെതിരെ പുലര്‍ത്തിയ നിസംഗത ആശങ്കയുണ്ടാക്കുന്നതാണ്. ആരാണ് മാവോയിസ്റ്റെന്ന് തീരുമാനിക്കുന്നതും ഭരണകൂടമാണെന്നതിന് കേരളത്തിനപ്പുറത്തേക്കു നോക്കിയാല്‍ പേടിപ്പിക്കുന്ന ഉദാഹരണങ്ങള്‍ ഏറെയുണ്ട്. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി സംസാരിച്ച മനുഷ്യര്‍ പോലും മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ജയിലിലടയ്ക്കപ്പെടുന്ന ഇന്ത്യയില്‍ , മാവോയിസ്റ്റായതുകൊണ്ട് കൊല്ലപ്പെടാനും സാധ്യതയുണ്ട് എന്ന നിലപാട് കേരളത്തിന്റെ നീതിബോധത്തിന് ചേരുന്നതല്ല.

MORE IN PARAYATHE VAYYA
SHOW MORE