നമ്മുടെ രാജ്യം ആശങ്കകളില്‍ എരിയുമ്പോള്‍ രാഷ്ട്രീയം കളിച്ചതാരാണ്? പറയാതെ വയ്യ

pulwama-attack-narendra-modi
SHARE

നമ്മുടെ രാജ്യം സങ്കീര്‍ണമായ ഒരു സാഹചര്യത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ്. അയല്‍രാജ്യത്തിന്റെ മണ്ണില്‍ നിന്ന് ഇപ്പോഴും തുടരുന്ന ഭീഷണികള്‍ക്ക് പരിഹാരമുണ്ടാക്കാതെ ഇന്ത്യന്‍ ജനതയുടെ സ്വൈരജീവിതം മുന്നോട്ടു പോകില്ലെന്ന് ഒരിക്കല്‍കൂടി ലോകത്തിന് ബോധ്യമായിരിക്കുന്നു. അനിവാര്യമായ സൈനികനടപടികളിലൂടെ ഇന്ത്യ മറുപടി നല്‍കുന്നു. സമാധാനത്തിനായി ചര്‍ച്ചകളാകാമെന്ന് പാക്കിസ്ഥാന് നിലപാടെടുക്കേണ്ടി വരുന്നു. പക്ഷേ ചരിത്രത്തിന്റെ തനിയാവര്‍ത്തനങ്ങളെന്ന അനുഭവം ശുഭപ്രതീക്ഷകള്‍ക്കിടം നല്‍കുന്നതല്ല. 

ഷാ മുഹമ്മദ് ഖുറേഷി, പാക്കിസ്ഥാന്റെ വിദേശകാര്യമന്ത്രിയാണ് സംസാരിക്കുന്നത്. ജയ്ഷെ മുഹമ്മദിന് പുല്‍വാമ ആക്രമണത്തില്‍ പങ്കില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ്. ആരു പറഞ്ഞു? ജെയ്ഷെ മുഹമ്മദ്. ആക്രമണത്തിന്റെ പങ്ക് സ്വയം ഏറ്റെടുത്ത  സംഘടനയാണ് ജയ്ഷെ മുഹമ്മദ്. പക്ഷേ അവര്‍  ഞങ്ങളോട് പറഞ്ഞത് അവര്‍ക്ക് പങ്കില്ലെന്നാണെന്ന് കൈ മലര്‍ത്തുന്ന അതേ പാക്കിസ്ഥാനാണ് സമാധാനചര്‍ച്ചകള്‍ക്ക് കൈകള്‍ വിടര്‍ത്തുന്നത്. ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കുള്ള പിന്തുണ പാക്കിസ്ഥാന്‍ അവസാനിപ്പിക്കുക മാത്രമാണ് പരിഹാരമെന്ന യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കുമ്പോഴും പാക്ക് സമീപനത്തില്‍ മാറ്റമില്ലെന്ന് ഖുറേഷിയുടെ വാക്കുകളില്‍ വ്യക്തം. 

സംയമനത്തിന്റെ സംശുദ്ധസമീപനമായി വാഴ്ത്തപ്പെട്ട വാക്കുകള്‍ പാക്ക് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത് ദിവസങ്ങള്‍ക്കു മുന്‍പാണ്. സമാധാനമെന്നാവര്‍ത്തിക്കുകയും അതിന് വിഘാതമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ തലോടുകയും ചെയ്യുന്ന പാക് സമീപനത്തിന് ഉചിതമായ മറുപടിയായിരുന്നോ ബാലക്കോട്ടിലെ ഇന്ത്യന്‍ സൈനികനടപടി? വ്യോമാതിര്‍ത്തി മറികടന്ന് പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ നടപടിയെ രാജ്യാന്തരസമൂഹം പോലും തള്ളിപ്പറഞ്ഞില്ല. ഭീകരരെ മാത്രം ലക്ഷ്യമിട്ടു നടത്തിയ നടപടി അനിവാര്യമായിരുന്നുവെന്ന നിശബ്ദസമ്മതം ലോകം കണ്ടു. പക്ഷേ അതില്‍ നിന്നെങ്ങോട്ട്? പരിഹാരം എവിടെ? അതിനുള്ള കൃത്യമായ നയതന്ത്രനീക്കങ്ങള്‍ എവിടെ? ആക്രമിക്കാന്‍ കൃത്യമായ പ്രകോപനങ്ങളുണ്ടായിട്ടും മുന്‍ പ്രധാനമന്ത്രിമാരായ വാജ്‍പേയിയും മന്‍മോഹന്‍സിങ്ങും സംയമനം പാലിച്ച മാതൃക പാലിക്കേണ്ടതായിരുന്നോ? വൈകാരികനടപടികള്‍ രാജ്യം ആഗ്രഹിക്കുന്ന പരിഹാരത്തിലേക്കെത്തിക്കുമോ? ഇന്ത്യ കാത്തിരിക്കുകയാണ്, തുടര്‍നടപടികള്‍ക്കായി.

പക്ഷേ നമ്മുടെ രാജ്യം ആശങ്കകളില്‍ എരിയുമ്പോള്‍ രാഷ്ട്രീയം കളിച്ചതാരാണ്? ജനത എതിര്‍സൈന്യത്തിന്റെ കൈയിലകപ്പെട്ട വൈമാനികനു വേണ്ടി ജീവിതം മാറ്റിവച്ചപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതാരാണ്? ഇന്ത്യ അതിന്റെ ചരിത്രത്തില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം രേഖപ്പെടുത്തിവയ്ക്കണം.  അതിര്‍ത്തിക്കപ്പുറത്തു നിന്ന് പാക്കിസ്ഥാന്‍ വെല്ലുവിളി തുടരുമ്പോള്‍,  ഭരണനേതൃത്വത്തിന്റെ പരസ്യ സമീപനം അപക്വമായിരുന്നുവെന്നു പറയാതെ വയ്യ. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്വന്തം ഭരണത്തില്‍ ആത്മവിശ്വാസമുള്ള ഒരു പ്രധാനമന്ത്രിക്ക് രാജ്യം നേരിട്ട വന്‍വിപത്തിനെ വോട്ടാക്കിമാറ്റാനുള്ള വെപ്രാളം കാണിക്കേണ്ടി വരുമോ? ഉത്തരവാദിത്തബോധമുള്ള ഒരു ഭരണാധികാരിക്ക്,   ബാലാകോട്ടിലെ സൈനികനടപടി പിന്നിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ എന്റെ കൈകളില്‍ നിങ്ങള്‍ സുരക്ഷിതരാണെന്ന് ആവേശം കൊള്ളാനാകുമോ?  എനിക്കൊരവസരം കൂടി തരൂവെന്ന് രാജ്യം നേരിട്ട ഏറ്റവും വലിയ സുരക്ഷാവെല്ലുവിളിയുടെ മധ്യത്തില്‍ കൈ നീട്ടാനാവുമോ?രാജ്യം ഉല്‍ക്കണ്ഠയോടെ ഉറ്റു നോക്കുന്ന നേരത്ത് ബി.െജ.പിയുടെ മുന്‍മുഖ്യമന്ത്രിയാണ് രാഷ്ട്രീയലാഭം പരസ്യമായി കണക്കുകൂട്ടിയത്. വളച്ചൊടിച്ചെന്ന് യെഡിയൂരപ്പ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരസ്യമായ രാഷ്ട്രീയപ്രചാരണത്തിനായി പ്രധാനമന്ത്രി പോലും സൈനികനടപടികള്‍ ഉദ്ധരിക്കുന്നത് കാണാതിരിക്കാനാകില്ല.

modi-speach-after-pulwama

അതിര്‍ത്തി അശാന്തമായി തുടരുകയാണ്.  പാക്കിസ്ഥാന്റെ വെടിവയ്പില്‍ ഇന്ത്യയിലെ ഗ്രാമീണര്‍ പോലും കൊല്ലപ്പെടുന്നു. ഒറ്റക്കെട്ടായി നില്‍ക്കേണ്ട നേരത്തും ആഭ്യന്തരരാഷ്ട്രീയം പയറ്റുന്ന പ്രധാനമന്ത്രി ഇന്ത്യ സ്വന്തം ജനതയ്ക്കു  മറുപടി നല്‍കേണ്ട ചോദ്യങ്ങള്‍ മറന്നു പോകരുത്.  മറുപടി നല്‍കേണ്ടത് പാക്കിസ്ഥാനല്ല. ഇന്ത്യയാണ്. നമ്മുടെ രാജ്യവും നമ്മള്‍ തിരഞ്ഞെടുത്തപ്രധാനമന്ത്രിയും അവകാശവാദങ്ങള്‍ മാറ്റിവച്ച് ജനതയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും സമയം കണ്ടെത്തണം. 

1. നമ്മുടെ 40 ജവാന്‍മാരെ കൊലപ്പെടുത്തിയ പുല്‍വാമ ഭീകരാക്രമണത്തിനിട വരുത്തിയ ഇന്റലിജന്‍സ് വീഴ്ചയുടെ ഉത്തരവാദിത്തം ആര്‍ക്കാണ്? ഇത്ര വലിയ ഭീകരാക്രമണത്തിന്റെ സൂചന പോലും പിടികിട്ടാത്തത്ര ദുര്‍ബലമായ സംവിധാനത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്?

2. ബാലക്കോട്ടിലെ തിരിച്ചടി ഇന്ത്യയുടെ വന്‍വിജയമെന്ന് ആഘോഷിക്കുന്നതിനിടെ തന്നെ പട്ടാപ്പകല്‍ പാക്കിസ്ഥാന് തിരിച്ചടിച്ചുകൊണ്ട് വ്യോമാക്രമണം നടത്താന്‍ കഴിഞ്ഞതെങ്ങനെയാണ്? പ്രത്യാക്രമണം പ്രതീക്ഷിച്ച നേരത്തും ഇന്ത്യയുടെ നിരീക്ഷണസംവിധാനങ്ങള്‍ക്കും വ്യോമപ്രതിരോധത്തിനും എന്തു സംഭവിച്ചു?

ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തുന്നു വ്യോമപ്രതിരോധതലത്തില്‍ പാക്കിസ്ഥാന്റെ കടന്നു കയറ്റം. പ്രത്യാക്രമണം നേരിടാന്‍ എല്ലാം സജ്ജമന്നാണ് വ്യോമസേനയും വിശദീകരിച്ചിരുന്നത്. പല തലങ്ങളിലായി കൃത്യമായി ആസൂത്രണം ചെയ്തിരിക്കുന്ന വ്യോമപ്രതിരോധമാണ് ഇന്ത്യയ്്ക്കുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു

terrorist-attack-in-pulwama

ശക്തമായ നിരീക്ഷണം അനിവാര്യമായ സന്ദര്‍ഭത്തിലും നമ്മുടെ റഡാര്‍ സംവിധാനത്തിന് എന്താണ് സംഭവിച്ചത്? കൂടുതല്‍ ആധുനികമായ എഫ്.16 വിമാനങ്ങളുമായി പാക്കിസ്ഥാന്‍ അതിക്രമിച്ചു വന്നപ്പോള്‍ ഇന്ത്യന്‍ വ്യോമസേന താരതമ്യേന ശേഷി കുറ‍ഞ്ഞ മിഗ് 21 ബൈസന്‍ ഉപയോഗിച്ചതിനെതിരെ വ്യോമവിദഗ്ധര് തന്നെ സംശയങ്ങളുയര്‍ത്തിയിട്ടുണ്ട്. ഏറെ ദൂരെ നിന്നേ ശത്രുവിനെ തിരിച്ചറിഞ്ഞ് തുരത്താന്‍ സാധ്യമായ വിമാനങ്ങളും റഡാറും ഇന്ത്യയുടെ പക്കലുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ മിഗ് 21 ബൈസന്‍ ഉപയോഗിക്കേണ്ടി വന്ന സാഹചര്യം പുറം ലോകമറിഞ്ഞില്ലെങ്കിലും സൈന്യത്തിന് ഗൗരവത്തോടെ വിലയിരുത്തേണ്ടി വരും. ഏറ്റവും സംഘര്‍ഷഭരിതമായ കശ്മീര്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന റഡാര്‍ സംവിധാനമേതെന്ന് വെളിപ്പെടുത്താന്‍ സൈന്യത്തിനാകില്ല. എന്നാല്‍ അവ പരാജയപ്പെട്ടോയെന്ന പരിശോധന അനിവാര്യമാകുമെന്ന് ആര്‍.പ്രസന്നന്‍ ചൂണ്ടിക്കാണിക്കുന്നു.

3. ഒടുവില്‍ ഇന്ത്യയുടെ അഭിമാനമായ വൈമാനികപോരാളിയെ പാക്കിസ്ഥാന്റെ മേല്‍ക്കൈയില്‍ വിട്ടുകിട്ടേണ്ട സാഹചര്യമുണ്ടായതെങ്ങനെയാണ്. ആ നടപടി ഇന്ത്യയുടെ ഭീകരവിരുദ്ധപോരാട്ടത്തില്‍ എന്തു സ്വാധീനമാണുണ്ടാക്കിയത്?

4. ബാലക്കോട്ടിലെ തിരിച്ചടിക്ക് എന്തു പ്രത്യാഘാതമുണ്ടാക്കാന്‍ കഴിഞ്ഞു? എത്ര ഭീകരര്‍ കൊല്ലപ്പെട്ടു? ഇന്ത്യ ഉദ്ദേശിച്ച ലക്ഷ്യത്തിലല്ല ആക്രമണം നടന്നതെന്ന പാക്കിസ്ഥാന്‍ വാദത്തിന് വസ്തുതാപരമായ മറുപടിയെന്താണ്?

ലഭ്യമായ മറുപടി ഇതാണ്. ഇന്ത്യ കൃത്യമായ ഉന്നത്തില്‍ തന്നെയാണ് ദൗത്യം നിര്‍വഹിച്ചത്. ജെയ്ഷെ കേന്ദ്രത്തിലെ നാല് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ അത്യാധുനിക ബോംബിങ് സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ റഡാര്‍ ചിത്രങ്ങളും സൈന്യത്തിന്റെ പക്കലുണ്ടെന്ന് സൈനികവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എങ്കില്‍ ന്യായമായ ചോദ്യങ്ങളുന്നയിക്കുന്ന പ്രതിപക്ഷത്തെ ആക്ഷേപിക്കാതെ, സാധ്യമായ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിന് തടസമുണ്ടോ? ശത്രുരാജ്യത്തിനെതിരെ ഒന്നിച്ചു നില്‍ക്കുന്ന ദേശീയതയില്‍ മൂക്കുകുത്തി വീഴാന്‍ എളുപ്പമാണ്. പക്ഷേ രാജ്യം നേരിട്ട സുരക്ഷാവെല്ലുവിളികള്‍ മറക്കാന്‍ പ്രേരിപ്പിക്കുന്ന ആര്‍പ്പുവിളികള്‍ ജനതയ്ക്കുള്ള കുരുക്കാണ്. 

ദേശീയത,  ഒരു ഭീഷണിയായി ചൂണ്ടി ജനങ്ങളെ പേടിപ്പിച്ചു നിര്‍ത്തിയാല്‍ എല്ലാ ചോദ്യങ്ങളും നിശബ്ദമാകില്ലെന്നുറപ്പാണ്. ഇന്ത്യ ഒറ്റക്കെട്ടായി തന്നെയാണ് ഇത്തരം സാഹചര്യങ്ങളെല്ലാം നേരിട്ടിട്ടുള്ളത്, മോദിക്കു മുന്‍പും മോദിക്കു ശേഷവും. പക്ഷേ ഒരേയൊരു പ്രധാനമന്ത്രിയാണ്,  ഭീകരതയുടെ ഭീഷണിയുടെ നടുവില്‍ നിന്ന് വോട്ടു ചോദിക്കാനുള്ള ധൈര്യം  പ്രകടിപ്പിച്ചത്.  ഈ പ്രതിസന്ധിക്കിടെ ഒരിക്കല്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ജനതയെ അഭിമുഖീകരിച്ചില്ല എന്നതും  ഓര്‍ക്കേണ്ടതുണ്ട്. 

വ്യോമസേനാ പൈലറ്റ് അഭിനനന്ദനെ സമാധാനനടപടികള്‍ക്കു തുടക്കമിടാനായി വിട്ടയയ്ക്കുന്നുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവിടെ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതറിഞ്ഞ ശേഷവും ഇന്ത്യയുടെ പ്രധാനമന്ത്രി പ്രതികരിച്ചു. സൈനികനടപടികള്‍ക്ക് രാജ്യസുരക്ഷയെന്ന രഹസ്യാത്മകതയുടെ പരിരക്ഷയുണ്ട്.  അത് വസ്തുതയാണ്. പക്ഷേ തിരഞ്ഞെടുപ്പു റാലികളില്‍ സൈനികനടപടികളില്‍ വീമ്പു പറയുന്ന പ്രധാനമന്ത്രി ഉത്തരവാദിത്തത്തോടെ പറയേണ്ട കാര്യങ്ങള്‍ രാജ്യത്തോടു പറയാന്‍ തയാറാകേണ്ടതല്ലേ?

എന്താണ് രാജ്യം നേരിടുന്നതെന്നോ, എന്താണ് രാജ്യത്തിന്റെ നടപടിയെന്നോ ഇന്ത്യയോട് വിശദീകരിക്കണമെന്ന് നമ്മുടെ പ്രധാനമന്ത്രിക്ക് ബോധ്യമായില്ല. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷമായി തുടരുന്ന സമീപനം ഈ ഘട്ടത്തില്‍ പോലും തിരുത്താന്‍ പ്രധാനമന്ത്രി മോദി തയാറായില്ല. കരുത്തനായ ഭരണാധികാരി ജനങ്ങളോട് വിശദീകരിക്കില്ലെന്ന തെറ്റിദ്ധാരണ തിരുത്താന്‍ പ്രധാനമന്ത്രി മോദിക്ക് കഴിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. സൈന്യം നിയന്ത്രിക്കുന്ന, ജനാധിപത്യം ശോഷിച്ച പാക്കിസ്ഥാനില്‍ പ്രധാനമന്ത്രിക്ക്  ജനങ്ങളോട് വിശദീകരിക്കാനുള്ള ഉത്തരവാദിത്തം പ്രകടിപ്പിക്കേണ്ടി വന്നു. ഇന്ത്യയോടുള്ള തെറ്റായ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. നമ്മുടെ രാജ്യം ഒറ്റശബ്ദമെന്ന് വാശിപിടിക്കുന്നത് ഉയരേണ്ട ചോദ്യങ്ങള്‍ തടുക്കാനാണോ എന്നു സംശയിക്കേണ്ടി വരുന്നത് ഖേദകരമാണ്. 

ഇന്ത്യയുടെ വ്യോമാക്രമണനടപടിക്കു ശേഷം പാക്കിസ്ഥാന് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനം വിളിക്കേണ്ടി വന്നു. പല തവണ രാജ്യത്തെയും ലോകത്തെയും അഭിസംബോധന ചെയ്യേണ്ടി വന്നു. ഇമ്രാന്‍ ഖാന് അത് ചെയ്യേണ്ടി വന്നതാണ്, ലോകം മുഴുവന്‍ ചൂണ്ടുവിരലുകളുമായി പാക്കിസ്ഥാനെതിരെ തിരിഞ്ഞപ്പോള്‍ വിശദീകരിക്കുകയല്ലാതെ മറ്റുവഴികള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കു മുന്നിലില്ലായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സുപ്രധാനനീക്കത്തിനുശേഷവും ഞങ്ങളെ ഇത് ബാധിച്ചില്ലെന്ന് ഭാവിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാം. ഇന്ത്യ , പാക്കിസ്ഥാന്‍ അര്‍ഹിക്കുന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും അതു വിളിച്ചു പറയേണ്ട കാര്യമില്ലെന്നും നിലപാടെടുക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവകാശമുണ്ട്. 

പക്ഷേ തിരഞ്ഞെടുപ്പു പൊതുയോഗങ്ങളില്‍ രാജ്യരഹസ്യങ്ങള്‍ വിളിച്ചുപറയുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തോടു സംസാരിക്കാനും ഉത്തരവാദിത്തം കാണിക്കാമായിരുന്നു. ഒരൊറ്റത്തവണ പോലും ഇന്ത്യന്‍ പ്രധാനമന്ത്രി ഈ ഘട്ടത്തില്‍ രാജ്യത്തെ അഭിമുഖീകരിച്ചില്ല. പാക്കിസ്ഥാന്‍ എന്നുച്ചരിക്കുന്നവരെ പോലും രാജ്യദ്രോഹിയായി പ്രഖ്യാപിച്ച ്ആക്രമിക്കുന്ന അക്രമാസക്തരായ ദേശഭക്തര്‍  ആക്രമണം അഴിച്ചു വിടുകയും ചെയ്യുന്നു. വസ്തുതാപരമായ ചോദ്യങ്ങള്‍ സ്വന്തം സര്‍ക്കാരിനോടു ചോദിക്കുന്ന ഇന്ത്യക്കാരെ ദേശദ്രോഹികളെന്നു മുദ്രകുത്തി നാടുകടത്താന്‍ ആക്രോശിക്കുന്നു.  യുദ്ധം വേണോ എന്നു ചോദിക്കുന്നവര്‍ സ്വയമേവ തന്നെ രാജ്യദ്രോഹികളായി അവരോധിക്കപ്പെടുന്ന വിചിത്രമായ കാഴ്ച ഇന്ത്യയ്ക്കു ചേരുന്നതല്ല. 

ദേശീയതയെന്നാല്‍ തലച്ചോറ് പണയം വയ്ക്കലല്ല. രാജ്യസ്നേഹമെന്നാല്‍ യുക്തിയുടെ നിഷേധവുമല്ല. അതിര്‍ത്തിയിലെ സംഘര്‍ഷമെന്നാല്‍ വസ്തുതകളുടെ നിരാകരണമല്ല. യുദ്ധസമാനസാഹചര്യത്തില്‍ ചോദ്യങ്ങള്‍ വിഴുങ്ങുന്നതല്ല പൗരധര്‍മം. ഭരണകൂടത്തിന്റെ നടപടികള്‍ക്ക് വിധേയത്വം പ്രഖ്യാപിച്ച് ആര്‍പ്പു വിളിക്കുന്നതുമല്ല പൗരധര്‍മം. ഭരണകൂടം മറന്നു പോകുന്ന, അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുന്ന ചോദ്യങ്ങള്‍ ആവര്‍ത്തിക്കേണ്ടത് ഇന്ത്യന്‍ ജനതയാണ്. ഞങ്ങള്‍ ബോംബിട്ടു, അതുകൊണ്ട് നിങ്ങള്‍ ഒരു തവണ കൂടി ഞങ്ങള്‍ക്കു വോട്ടു തരണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാരിനോട് ജനതയെ സംരക്ഷിക്കാനാണ് നിങ്ങളെ തിരഞ്ഞെടുത്തതെന്ന് ഓര്‍മിപ്പിക്കുകയാണ് പൗരധര്‍മം. യുദ്ധം ചെയ്യാനല്ല, യുദ്ധമൊഴിവാക്കാനാണ് നിങ്ങളെ കാവലേല്‍പിച്ചത് എന്ന് കര്‍ശനമായി വിരല്‍ ചൂണ്ടുകയും പൗരധര്‍മത്തില്‍ പെടുന്നതാണ്. 

MORE IN PARAYATHE VAYYA
SHOW MORE