വ്യക്തിത്വ വൈകല്യങ്ങളുളളവരെ അധികാരം ഏല്‍പിക്കരുത്; അത് വിശ്വാസികളോടുള്ള വഞ്ചന

pv-two
SHARE

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ ശിക്ഷിക്കപ്പെട്ടു. ഇതേ കുറ്റം ചെയ്ത ഇസ്‍ലാം മതപ്രഭാഷകനെ പൊലീസ് അന്വേഷിക്കുന്നു. മതാധികാരികള്‍ വേട്ടക്കാരാകുമ്പോള്‍ സമൂഹത്തിനെന്താണ് സംഭവിക്കുന്നതെന്ന് ഗൗരവമേറിയ പരിശോധന ആവശ്യപ്പെടുന്നുണ്ട് തുടരെയെത്തുന്ന ഇത്തരം വാര്‍ത്തകള്‍. വൈകല്യമുള്ള കുറ്റവാളികളെ മതാധികാരം ഏല്‍പിക്കുന്ന മതസ്ഥാപനങ്ങള്‍ തീര്‍ച്ചയായും ആത്മപരിശോധന നടത്തണം. നടപടിയെടുക്കണം.  

രണ്ട് മതപുരോഹിതര്‍ ഈയാഴ്ചയും ബാലലൈംഗികപീഡനത്തിന്റെ പേരില്‍ നിയമത്തിനു മുന്നിലെത്തി. കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്നു വ്യക്തമാക്കി തലശേരി പോക്സോ കോടതി ശിക്ഷ വിധിച്ചു.  പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന്  ഫാദര്‍ റോബിനെതിരെ 2017 ഫെബ്രുവരി 26 നാണ് കേസ്  റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട  ഒരു വൈദികനും നാല് കന്യാസ്ത്രീകളും അടക്കം ആറുപ്രതികളെ കോടതി വെറുതെ വിട്ടു.  ഫാദര്‍ റോബിനൊഴികെയുളള പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. സിസ്റ്റർമാരായ ലിസ്മരിയ, അനിറ്റ, ഒഫിലിയ വയനാട് ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ ഫാ. തോമസ് ജോസഫ് തേരകം,ശിശുക്ഷേമ സമിതി മുന്‍ അംഗം  സിസ്റ്റർ ബെറ്റി , കൊട്ടിയൂര്‍ പളളി ജീവനക്കാരിയായിരുന്ന തങ്കമ്മ നെല്ലിയാനി എന്നിവരെയാണ് വെറുതെ വിട്ടത്. വൈദികന്‍ ബാലപീഡനം നടത്തിയെന്നു തെളിഞ്ഞിട്ടും പ്രതിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിന്റെ പേരിലാണ് മറ്റു കുറ്റാരോപിതരെ കേസില്‍ ഉള്‍പ്പെടുത്തിയത്. വൈദികനെ രക്ഷിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും സഭയും നടത്തിയ ശ്രമങ്ങള്‍ കേരളം മറന്നിട്ടില്ല. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പീഡനപരാതി നല്‍കിയപ്പോഴുണ്ടായ അതേ സമീപനമാണ് കൊട്ടിയൂര്‍ കേസില്‍ വിശ്വാസകേന്ദ്രങ്ങളില്‍ നിന്നുണ്ടായത്.  

തൊളിക്കോട് ഇമാമായിരുന്ന ഷെഫിഖ് അല്‍ ഖാസിമി നിയമത്തിനു പിടികൊടുക്കാതെ ഓട്ടം തുടരുകയാണ്. ഹീനമായ കുറ്റകൃത്യത്തില്‍ നടപടി ഒഴിവാക്കാന്‍ രാഷ്ട്രീയപ്രതിരോധം പോലുമുയര്‍ത്തിയാണ് ഒളിച്ചോട്ടം. കൊട്ടിയൂര്‍ കേസിലെപ്പോലെ തന്നെ ആക്രമണം നേരിട്ട പെണ്‍കുട്ടിയെ പോലും സ്വാധീനിക്കാന്‍ ഷെഫിഖ് അല്‍ ഖാസിമിക്കു കഴി‍ഞ്ഞിരുന്നു . അത്  തിരിച്ചറിയുമ്പോഴാണ് മതാധികാരികളുടെ ചൂഷണം എത്ര ഗുരുതരമായ സാമൂഹ്യപ്രതാഘാതമാണുണ്ടാക്കുന്നതെന്ന് വിലയിരുത്തേണ്ടത്.  

തിരുവനന്തപുരം തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി സാധ്യമാക്കാന്‍ പോലും പൊലീസും സന്നദ്ധപ്രവര്‍ത്തകരും കഠിനമായി പരിശ്രമിക്കേണ്ടി വന്നു. ഹീനമായ കുറ്റകൃത്യം ചെയ്തിട്ടും പെണ്‍കുട്ടിക്കും കുടുംബത്തിനും മേല്‍ അത്രമാത്രം സ്വാധീനം ചെലുത്താവുന്ന മതാധികാരം പ്രതിക്കുണ്ടായിരുന്നു.   ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഖാസിമി പീഡിപ്പിച്ചത് വ്യക്തമാക്കിയത്.  ഖാസിമി  ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വമെന്നും പെണ്‍കുട്ടി പറഞ്ഞു. വൈദ്യപരിശോധനാ റിപ്പോര്‍ട്ടും മൊഴിയും ശിശുക്ഷേമസമിതിയാണ് പൊലീസിന് കൈമാറിയത്.  ഈ റിപ്പോര്‍ട്ട് തയാറാക്കും വരെ ഷഫീഖ് അല്‍ ഖാസിമി പൊലീസിന് കീഴടങ്ങിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ സഹയാത്രികനായ അല്‍ഖാസിമി കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷ, രാഷ്ട്രീയസ്വാധീനം കൂടി വ്യക്തമാക്കുന്നുണ്ട്. SDPI വേദികളില്‍ പ്രസംഗിക്കുന്നതിനാല്‍, സി.പി.എമ്മിന്റെ രാഷ്ട്രീയവൈരാഗ്യമാണ് കേസില്‍ കുടുക്കിയതെന്നാണ് വാദം. പോപ്പുലര്‍ ഫ്രണ്ടിന്റെ പണ്ഡിതസംഘടനയായ ഇമാം കൗണ്‍സില്‍ ഖാസിമിക്കെതിരെ നടപടിയെടുത്തിരുന്നെങ്കിലും അച്ചടക്കലംഘനം മാത്രമായിരുന്നു കൗണ്‍സില്‍ കണ്ട കുറ്റം. ഖാസിമി ചെയ്ത യഥാര്‍ഥ കുറ്റം പുറത്തുപറഞ്ഞാല്‍ സമുദായത്തിനും സംഘടനയ്ക്കും  അപമാനമുണ്ടാകുമെന്നു ഭയന്ന് സത്യം പറ‍ഞ്ഞില്ലെന്ന് കരുതുകയേ നിവൃത്തിയുള്ളൂ.  വിശ്വാസികളും അല്ലാത്തവരും എന്തു ചെയ്താലും അത് മതവിരുദ്ധമാണോ എന്നു പരിശോധിച്ച് വിധി പുറപ്പെടുവിക്കാറുള്ള മതസംഘടനകളുള്ള നാടാണ്. പക്ഷേ ഇമാമിന്റെ കാര്യത്തില്‍ ധാര്‍മികരോഷമുയര്‍ന്നില്ല. വാട്സ്ആപ്പ് ഹര്‍ത്താലുണ്ടായില്ല. മകളേ മാപ്പ് എന്ന മുദ്രാവാക്യങ്ങളുമുയര്‍ന്നില്ല. സ്വന്തം മതപുരോഹിതരുടെ അനീതികള്‍ക്കെതിരെ നിശബ്ദരാകുന്ന ധാര്‍മിക രോഷം വഞ്ചനയാണ്.  

അതില്‍ അതിശയിക്കാനുമില്ല. മതാധികാരികള്‍ ലൈംഗികകുറ്റവാളികളായാലും ബാലപീഡകരായാലും മതവിശ്വാസികളും അനുയായികളും എങ്ങനെ പ്രതികരിക്കുമെന്നതിന് ബിഷപ്പ് ഫ്രാങ്കോ കേസും ഫാ.റോബിന്‍ കേസും ഉദാഹരണമായി മുന്നിലുണ്ട്. മതാധികാരസ്വാധീനം എങ്ങനെ പ്രവര‍്ത്തിക്കുമെന്നതിന് തിരുവനന്തപുരത്ത് പെണ്‍കുട്ടി ലിംഗച്ഛേദം നടത്തിയ സ്വാമിയുടെ കേസും തെളിവായുണ്ട്. അധികാരത്തോടുള്ള വിധേയത്വവും മതങ്ങളില്‍ അന്തര്‍ലീനമായ സ്ത്രീവിരുദ്ധതയും അവഗണിക്കാനാകാത്ത തലത്തിലെത്തിയിരിക്കുന്നു.  

മതാധികാരികള്‍ പ്രതികളാകുന്ന ലൈംഗികകുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന, വിശ്വാസികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. എല്ലാ ജാതിമതസമുദായസംഘടനകളില്‍ നിന്നും ലൈംഗികകുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ പുറത്തു വരുന്നു. മാര്‍പാപ്പ പുരോഹിതര്‍ നടത്തുന്ന ലൈംഗികകുറ്റകൃത്യങ്ങളുടെ പേരില്‍ മാപ്പപേക്ഷിക്കുന്നു. വികസിതസമൂഹങ്ങളില്‍ പോലും ഇസ്‍ലാം മത പ്രബോധകര്‍ ലൈംഗികകുറ്റകൃത്യാരോപണങ്ങള്‍ നേരിടുന്നു. ഹിന്ദുമതത്തിലാകട്ടെ സ്വാമിമാരും ആള്‍ദൈവങ്ങളും ബലാല്‍സംഘക്കേസുകളില്‍ പ്രതികളായി ശിക്ഷ അനുഭവിക്കുന്നു. കൊച്ചുകേരളത്തില്‍ പോലും മദ്രസകളില്‍ ഉസ്താദുമാര്‍ നടത്തുന്ന ബാലപീഡനങ്ങളും വൈദികര്‍ പ്രതികളായ കേസുകളും നിരന്തരം ആവര്‍ത്തിക്കുന്നു. പ്രശ്നം മതങ്ങളുടേതല്ലെന്നു വ്യക്തം. പ്രശ്നം മതങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന അധികാരത്തിന്റേതാണ്. അത് മുതലെടുക്കുന്ന, വൈകല്യമുള്ള കുറ്റവാളികളുടേതാണ്. മതവും മതവചനങ്ങളും വിശുദ്ധമാണെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ മതത്തിന്റെ കാവല്‍ക്കാരായി ചമയുന്നവര്‍ കുറ്റവാളികളാകുമ്പോള്‍ അവര്‍ക്കെതിരെ നിലപാടെടുക്കുക. ഏതു മതവും കവചമാക്കുന്നവരെ തിരിച്ചറിയുക. ഒരു മതവും മതാധികാരിയും നിരുപാധിക നീതിയുടെ കാവല്‍ക്കാരല്ലെന്നു കണ്ണു തുറന്നു കാണുക. വേട്ടയാടപ്പെടുന്നത് സ്ത്രീയാണെങ്കില്‍ മതത്തിന്റെ അഭിമാനം കരുതി നിശബ്ദരാവുകയോ അവരെ ആക്ഷേപിച്ചൊതുക്കുകയോ ചെയ്യുന്ന പ്രവണതയാണ് കേരളം കാണുന്നത്‌. 

ലൈംഗികകുറ്റകൃത്യങ്ങളില്‍ മതത്തിന് കുറ്റമില്ല. പക്ഷേ ഉത്തരവാദിത്തമുണ്ട്. ഇത്തരം ചൂഷണത്തിനുള്ള ഇടങ്ങള്‍ ഒരുക്കിവച്ചിരിക്കുന്നതില്‍, വളര്‍ത്തിയെടുക്കുന്നതില്‍ മതത്തിന് ഉത്തരവാദിത്തമുണ്ട്. എല്ലാ മതങ്ങള്‍ക്കും അതുകൊണ്ടു തന്നെ തിരുത്താനുള്ള ധാര്‍മിക ഉത്തരവാദിത്തവുമുണ്ട്. വിശ്വാസമെന്ന വൈകാരികചൂഷണത്തില്‍ നിന്നു തന്നെയാണ് ലൈംഗിക ചൂഷണത്തിലേക്കും വഴികള്‍ തുറക്കുന്നത്.  

മതവും മതാധികാരവും സ്ത്രീയെ എങ്ങനെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നുവെന്നതാണ് പ്രശ്നം. മതാധികാരത്തിന്റെ പങ്കുവയ്ക്കലില്‍ സ്ത്രീകള്‍ക്ക് എത്ര പങ്കാളിത്തമുണ്ട്? തീരുമാനങ്ങളെടുക്കുന്നതില്‍, പ്രതിരോധിക്കുന്നതില്‍, നവീകരിക്കുന്നതില്‍, ഒന്നും സ്ത്രീകള്‍ ഒരു മതത്തിന്റെയും അധികാരകേന്ദ്രങ്ങളിലെത്തില്ലെന്ന് മതങ്ങള്‍ ഉറപ്പിക്കുന്നുണ്ട്. മതാധിപത്യം വരയ്ക്കുന്ന വരയില്‍ നിന്നൊരല്‍പം പുറത്തു കടന്നാല്‍, പെണ്‍കുട്ടികളെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന മതപ്രഭാഷകരെയാരെയും ഈ ഹീനകൃത്യത്തിനെതിരായി പ്രതികരിക്കാന്‍ കണ്ടിട്ടില്ലെന്നോര്‍ക്കണം. സദാചാരം ചിട്ട തെറ്റാതെ പാലിക്കേണ്ടതെങ്ങനെയെന്ന് വിശ്വാസികള്‍ക്കു മേല്‍ നിരന്തരസമ്മര്‍ദം ഉയര്‍ത്തും.  പക്ഷേ മതാധികാരികള്‍  തന്നെ കുറ്റവാളികളാകുമ്പോള്‍ സദാചാരപ്രഭാഷകര്‍ ഒളിച്ചോടും. മതത്തിന്റെയും പൗരോഹിത്യത്തിന്റെയും അവര്‍ നിയന്ത്രിക്കുന്ന വിശ്വാസികസമൂഹത്തിന്റെയും കടുത്ത സമ്മര്‍ദങ്ങള്‍ അതിജീവിച്ചും പരാതിയുമായെത്തുന്ന പീഡിക്കപ്പെട്ടവരെ കാത്തിരിക്കുന്നത് ആക്ഷേപങ്ങളും കൂട്ടആക്രോശങ്ങളുമാണ്.  

ഒരു മതപ്രഭാഷകന്‍, ഒരു പുരോഹിതന്‍, അധികാരം കൂടുതലുള്ളൊരാള്‍ ലൈംഗികകുറ്റവാളിയായി നില്‍ക്കുന്നത്  നിസാരമായ പ്രത്യാഘാതമല്ല സമൂഹത്തിലുണ്ടാക്കുന്നത്  എന്നറിയുക. അധികാരങ്ങളില്ലാത്ത ഒരു ക്രിമിനല്‍ ഉയര്‍ത്തുന്നതിന്റെ പല മടങ്ങ് ഭീഷണിയാണ് മതാധികാരമുള്ള ക്രിമിനലുകള്‍ ഉയര്‍ത്തുന്നത്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും  മാത്രമല്ല, സമൂഹത്തിനാകെ ഭീഷണിയാണ് പൗരോഹിത്യത്തിലെ കുറ്റവാളികള്‍.  

അധികാരമുള്ളിടത്തെല്ലാം ചൂഷണമുണ്ടെന്ന് തിരുവന്തപുരം മെഡിക്കല്‍ കോളജിലെ മനോരോഗവിദഗ്ധന്‍ ഡോ.മോഹന്‍ റോയ് ചൂണ്ടിക്കാണിക്കുന്നു. മതങ്ങളിലാണ് അധികാരചൂഷണം ഏറ്റവും എളുപ്പത്തില്‍ നടക്കുന്നത്. വ്യക്തിത്വവൈകല്യമുള്ള മനുഷ്യര്‍ക്ക് മതാധികാരം ലഭിക്കുമ്പോള്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കും അരങ്ങൊരുങ്ങുകയാണ്. അധികാരശ്രേണിയില്‍ താഴെ വരുന്ന, ദുര്‍ബലരമായ ഏതു മനുഷ്യരും ചൂഷണം ചെയ്യപ്പെടാം. ലൈംഗികകുറ്റവാളികളാണ് മതാധികാരികളെങ്കില്‍, അവര്‍ മറ്റുള്ളവര്‍ക്കെല്ലാം സദാചാരം നിഷ്കര്‍ഷിക്കും. പക്ഷേ  ചൂഷണത്തിനെതിരെ സംസാരിക്കുന്ന അതേ മനോഭാവത്തോടെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്കു കഴിയും. ആ കുറ്റകൃത്യങ്ങളില്‍ അവര്‍ക്ക് ഒരു മനസ്താപവുമുണ്ടാകില്ല. എന്തിനെ എതിര്‍ക്കുന്നോ അത് സ്വയം ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയുമില്ല. മാനുഷികമായ കരുതലോ, മൂല്യബോധമോ ഉണ്ടാകില്ല. ഗൗരവമുള്ള കാര്യം കുഞ്ഞുങ്ങളാണ്, ആദ്യം ഇരയാക്കപ്പെടുന്നത്. ബാലലൈംഗികപീഡനത്തെ സാധാരണ കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ കാണാനാകില്ല. കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാര്‍പാപ്പ മാപ്പിരക്കുന്നതും, മറ്റു മതങ്ങളിലെ നല്ല മനുഷ്യര്‍ ഖേദിക്കുന്നതും ശരിയായ പരിഹാരമല്ല. മതത്തിന്റെ അധികാരം, വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നത് ശരിയായി മനസിലാക്കി, ജാഗ്രതയും പ്രതിരോധവും ശക്തമാക്കുക മാത്രമാണ് വഴി.

എന്നുവച്ചാല്‍ വ്യക്തിത്വവൈകല്യങ്ങളുളള മനുഷ്യരെ ചികില്‍സിക്കുക. അവരെ അധികാരം ഏല്‍പിക്കാതിരിക്കുക. വൈകല്യമുള്ള മനുഷ്യരെ അധികാരമേല്‍പിക്കുന്ന ഏതു സ്ഥാപനവും സമൂഹത്തോടു മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. മതങ്ങളില്‍ സംഭവിക്കുമ്പോള്‍, വിശ്വാസികളോടുള്ള വഞ്ചന കൂടിയാണത്. ചൂഷകരെ ചൂണ്ടിക്കാണിക്കേണ്ടത്, മാറ്റിനിര്‍ത്തേണ്ടത്, സമൂഹത്തിന്റെയാകെ ഉത്തരവാദിത്തവുമാണ്. ഒരു മതത്തിന്റെ മാത്രം പ്രശ്നവുമല്ല, ഒരു ഇമാമിന്റെ മാത്രം പ്രശ്നവുമല്ല. മനുഷ്യരുടെ പ്രശ്നമാണ്. അങ്ങനെ കാണാന്‍ നമുക്കു കഴിയേണ്ടതുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE