പ്രിയങ്കയിലുള്ള പ്രതീക്ഷ തിരിച്ചടിയാകുമോ?

priyanka-gandhi
SHARE

കോണ്‍ഗ്രസിനെ ആരു നയിക്കുന്നുവെന്നത് ഇപ്പോള്‍ ആ പാര്‍ട്ടിയുടെ മാത്രം പ്രശ്നമല്ല. കോണ്‍ഗ്രസിന്റെ നേതൃത്വം ആരു കൈയാളുന്നുവെന്നതിന് ഇന്ത്യന്‍ ചരിത്രത്തില്‍ നിര്‍ണായകമായ സ്വാധീനമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കരുത്തും ദൗര്‍ബല്യവും ഇന്ത്യന്‍ ജനത കൂടി നേരിട്ട്അനുഭവിക്കുന്ന  യാഥാര്‍ഥ്യമാണ്. . പ്രിയങ്കഗാന്ധിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കും  ഇന്ത്യന്‍ രാഷ്ട്രീയത്തിനും എന്തു പങ്കാളിത്തം വഹിക്കാനാകും? കുടുംബവാഴ്ചയുടെ ബലം മാത്രം എന്ന വിമര്‍ശനം മറികടക്കാന്‍ പ്രിയങ്കയ്ക്കു കഴിയുമോ എന്നതിനേക്കാള്‍ വലിയ ഒരു ചോദ്യമുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലെ ഈ നിര്‍ണായക ഘട്ടത്തില്‍ പ്രിയങ്കയില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ, കോണ്‍ഗ്രസിനും ജനാധിപത്യപോരാട്ടത്തിലും ഗുണകരമാകുമോ, തിരിച്ചടിയാകുമോ?

പ്രിയങ്ക ഗാന്ധി വാധ്റയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള AICC വാര്‍ത്താക്കുറിപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പുതിയ ഊര്‍ജവും പ്രതീക്ഷയും നിറയ്ക്കുമെന്നതുറപ്പാണ്. ഒന്നര നൂറ്റാണ്ട് പിന്നിടുന്ന കോണ്‍ഗ്രസ് ചരിത്രത്തില്‍ നെഹ്റു കുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തിലെത്തുന്ന പതിനൊന്നാമത്തെ വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. 

കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് പ്രിയങ്കയുടെ ചുമതല. സേഫ് സോണിലല്ല. പ്രധാനമന്ത്രി ആരോപിക്കുന്നതുപോലെ അധികാരം മാത്രമാണ് ലക്ഷ്യമെങ്കില്‍ ആഗ്രഹിക്കുന്ന ഏതു പദവിയും ഉറപ്പായിരുന്ന കോണ്‍ഗ്രസ് സുവര്‍ണകാലത്തല്ല, പ്രിയങ്ക രാഷ്ട്രീയചുമതല ഏറ്റെടുക്കുന്നത്. കുടുംബവാഴ്ചരാഷ്ട്രീയത്തില്‍ ഒരിക്കലും സുരക്ഷിതമല്ലാത്ത വെല്ലുവിളി ഏറ്റെടുക്കാന്‍ ഒരു നേതാവും മക്കളെ അനുവദിച്ചിട്ടില്ലെന്ന് ചരിത്രം. സുരക്ഷിതമണ്ഡലങ്ങളിലെ ആഘോഷപൂര്‍വമായ സ്ഥാനാരോഹണങ്ങളേ ദേശീയരാഷ്ട്രീയം കണ്ടിട്ടുള്ളൂ.   കുടുംബവാഴ്ചയില്‍  കോണ്‍ഗ്രസിനെ അധിക്ഷേപിക്കുമ്പോള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി അമ്പതോളം എം.പി.മാര്‍ ബി.െജ.പി നേതാക്കളുടെ പിന്തുടര്‍ച്ചക്കാര്‍ മാത്രമായുണ്ടെന്നതു വസ്തുതയും

പക്ഷേ കുടുംബവാഴ്ചയുടെ ചോദ്യമുയര്‍ത്താനുള്ള അവകാശം ബി.ജെ.പിക്കു മാത്രമേ ഇല്ലാതാകുന്നുള്ളൂ. AICC ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെടാന്‍ പ്രിയങ്കഗാന്ധിക്ക് നിലവിലുള്ള ഏറ്റവും പ്രധാന യോഗ്യത നെഹ്റു കുടുംബാംഗമാണ് എന്നതു മാത്രമാണ്. ആ സത്യത്തെ എത്ര  സൗമ്യമായി അവതരിപ്പിച്ചാലും ജനാധിപത്യരാഷ്ട്രീയമെന്നു വിശേഷിപ്പിക്കാനാകില്ല. പദവിയിലെത്തിയത് ജനാധിപത്യത്തിലൂടെയല്ലെന്നത് ഉള്‍ക്കൊണ്ടു തന്നെ ജനാധിപത്യപ്രതിബദ്ധത തെളിയിക്കാനുള്ള ബാധ്യത പ്രിയങ്ക ഗാന്ധിക്കു മാത്രമല്ല, രാഹുല്‍ഗാന്ധിക്കുമുണ്ട്. പോരാടുന്നത് മോദിയുെട ഏകാധിപത്യത്തോടെന്ന മുദ്രാവാക്യത്തോടെങ്കിലും നീതി പുലര്‍ത്താന്‍ അതാവശ്യമാണ്. 

നെഹ്റുകുടുംബത്തെ കോണ്‍ഗ്രസ് ആശ്രയിക്കുന്നത് നേതൃത്വത്തിനാണോ ഐക്യത്തിനാണോ എന്ന ചോദ്യത്തിന് ഒരിക്കലും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ഗാന്ധി സര്‍നെയിമിനു മാത്രം സാധ്യമാക്കാനാകുന്ന അച്ചടക്കം എന്നത് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സ്വമേധയാ സമര്‍പ്പിച്ചിരിക്കുന്ന വിധേയത്വം മാത്രമാണ്. കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളുന്ന ജനാധിപത്യപരിഷ്കരണങ്ങളുടെ സൂചനകള്‍ രാഹുല്‍ഗാന്ധി അധ്യക്ഷനായ ശേഷം കണ്ടു തുടങ്ങിയിട്ടുണ്ട്. എങ്കിലും എന്തുകൊണ്ട് പ്രിയങ്ക എന്ന ചോദ്യം രാഹുല്‍ഗാന്ധിക്ക് ഒരിക്കലും നേരിടേണ്ടി വരില്ല. 

കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാമാവശേഷമായിപ്പോയ കിഴക്കന്‍ യു.പിയിലാണ് പ്രിയങ്കാഗാന്ധിയുടെ ചുമതല. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസി, നെഹ്റുവിന്റെ മണ്ഡലമായിരുന്ന ഫുല്‍പൂര്‍, യോഗി ആദിത്യനാഥിന്റെ കുത്തകമണ്ഡലമായിരുന്നിട്ടും ഈയിടെ ബി.ജെ.പിയെ കൈവിട്ട ഗോരഖ്പൂര്‍, അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ്, കുംഭമേള വേദിയായ പ്രയാഗ് രാജ് ഉള്‍പ്പെടുന്ന അലഹാബാദ്, സമാജ് വാദി പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ അസംഗഡ് എന്നീ മണ്ഡലങ്ങളാണ് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ വരുന്നത്. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൈയിലുള്ള രണ്ടേ രണ്ടു മണ്ഡലങ്ങള്‍, റായ് ബറേലിയും അമേഠിയും പ്രിയങ്കയുടെ സംഘടനാപരിധിക്കു പുറത്താണ്. 

അതായത് കിഴക്കന്‍ യു.പിയിലെ പൂജ്യത്തില്‍ നിന്നാണ് പ്രിയങ്ക ഗാന്ധിയുടെ വെല്ലുവിളി തുടങ്ങുന്നത് എന്നു പറയാം. പക്ഷേ നെഹ്റു കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരിക്കലും  കര്‍ശനമായ ഓഡിറ്റ് റിപ്പോര്‍ട്ട് നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ പ്രിയങ്കയുടെ അവതരണത്തിനും പ്രചാരണത്തിനും കോണ്‍ഗ്രസ് ചെലവിടുന്ന ഊര്‍ജം ഇപ്പോള്‍ പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്ന ഭഗീരഥപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നതാകരുത്. കോണ്‍ഗ്രസിനെ മാത്രം കാത്തിരിക്കാവുന്ന അവസ്ഥയിലല്ല ഇന്ത്യന്‍ രാഷ്ട്രീയമെന്ന് ആ പാര്‍ട്ടി വീണ്ടും വീണ്ടും ഓര്‍മിക്കേണ്ടതുണ്ട്. 

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സുപ്രധാന സംസ്ഥാനങ്ങളില്‍ ഭരണം തിരികെ പിടിച്ച ആത്മവിശ്വാസവുമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്ക് കടന്നത്. ഇന്ത്യ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന ഒരു ഭരണകൂടത്തെയാണ് പൊതുതിരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്നത്. ആ രാഷ്ട്രീയപോരാട്ടം പ്രിയങ്കയിലേക്കു ശ്രദ്ധതിരിക്കുന്നതാകരുത്. ബി.െജ.പിയുടെയും സംഘപരിവാറിന്റെയും ജനാധിപത്യവിരുദ്ധ നിലപാടുകളോടുള്ള പോരാട്ടവും ജനാധിപത്യപരമായേ പറ്റൂ. 

നെഹ്റു കുടുംബാംഗം എന്നത് തീര്‍ച്ചയായും ഒരു അയോഗ്യതയല്ല. പക്ഷേ ഈ തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. വ്യക്തികളുടെ പ്രതിഛായാപരീക്ഷണങ്ങള്‍ക്ക് നേരമില്ലാത്തത്ര വലിയ പ്രതിസന്ധിയാണ് ജനത നേരിടുന്നത്. ബിംബങ്ങള്‍ക്കപ്പുറം ഉറപ്പുള്ള രാഷ്ട്രീയനിലപാടുകള്‍ ജനതയ്ക്കു മുന്നിലെത്തണം. കോണ്‍ഗ്രസ് സ്വന്തം സംഘടനാസംവിധാനം അടിത്തട്ടു മുതല്‍ സജീവമാക്കിയെടുക്കണം. പാര്‍ട്ടിക്കു വേണ്ടിയല്ല, ജനതയ്ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കാന്‍ കേരളത്തിലടക്കമുള്ള നേതാക്കളോട് ആവശ്യപ്പെടണം. ജനാധിപത്യബോധത്തോടെ പ്രതിപക്ഷനിരയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിക്കണം. 

ഈ പരിശ്രമങ്ങളിലെല്ലാം നേതൃപരമായ പങ്കു വഹിക്കാന്‍ പ്രിയങ്കഗാന്ധിക്കും കഴിയുമെങ്കില്‍ നല്ലതാണ്. ഇതുവരെ ജനങ്ങളോടിടപെടുന്നതില്‍ അവര്‍ പ്രകടിപ്പിക്കുന്ന പക്വതയും പരസ്പരബഹുമാനവും ഒരു രാഷ്ട്രീയപ്രവര്‍ത്തകയ്ക്കുണ്ടാകേണ്ട അടിസ്ഥാനഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതിനപ്പുറമുള്ള വാഴ്ത്തുപാട്ടുകള്‍ ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിനോടു തന്നെ ചെയ്യുന്ന അനീതിയായിരിക്കും.

രാഷ്ട്രീയത്തില്‍ കെട്ടുകാഴ്ചകളുടെയും സത്യാനന്തര പ്രകടനങ്ങളുടെയും ദുരന്തകാലമാണ് ഇന്ത്യ അതിജീവിക്കാന്‍ ശ്രമിക്കുന്നത്. പ്രിയങ്കഗാന്ധിക്കു മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. പക്ഷേ വ്യക്തികളില്‍ കേന്ദ്രീകരിക്കുന്ന രാഷ്്ട്രീയത്തിനെതിരെയാണ് ഇന്നത്തെ ഇന്ത്യ ചോദ്യമുയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും തിരിച്ചറിയണം. പ്രിയങ്കാഗാന്ധിക്ക് നെഹ്റു കുടുംബാംഗം എന്ന മേല്‍വിലാസത്തില്‍ നിന്നും ഇന്ത്യയിലെ കരുത്തുറ്റ രാഷ്ട്രീയനേതാവ് എന്ന നിലയിലേക്കുയരാന്‍ ഏറ്റെടുത്തിരിക്കുന്ന വെല്ലുവിളികള്‍ അവരെ പര്യാപ്തയാക്കട്ടെ. 

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.