കേരളം ആർക്കു വേണ്ടിയും തോറ്റുപോകരുത്; കൺതുറന്ന്‌ കാര്യം മനസിലാക്കേണ്ട കാലം

parayatha-vayya-sabarimala
SHARE

കേരളം രണ്ടു ചോദ്യങ്ങള്‍ക്കിടയില്‍ ഞെരുങ്ങിനില്‍ക്കുന്നു. മുന്നോട്ടു പോകണോ, പിന്നോട്ടു നടക്കണോ? തിരഞ്ഞെടുക്കാന്‍ ഓരോ കേരളീയനും സ്വതന്ത്രമായ അവകാശമുണ്ട്. പക്ഷേ തിരഞ്ഞെടുക്കുന്ന ഉത്തരം ഏത് ചോദ്യത്തിനുള്ളതാണെന്നു വ്യക്തമായ ബോധ്യമുണ്ടാകണം. നിര്‍ഭാഗ്യവശാല്‍ രണ്ടിനുമിടയില്‍ മറ്റൊരിടം ഇല്ലാത്തവണ്ണം കേരളസമൂഹം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു.  അതുകൊണ്ട് മുന്നോട്ടോ പിന്നോട്ടോ എന്ന ചോദ്യത്തിന്  ഇടറാതെ മറുപടി നല്‍കാന്‍ ഈ ചരിത്രസന്ദര്‍ഭം നമ്മളോട് ആവശ്യപ്പെടുന്നു. ശബരിമലയിലെ യുവതീപ്രവേശമേയല്ല, സ്ത്രീയുടെ തുല്യാവകാശത്തെക്കുറിച്ച് എന്താണ് നിങ്ങളുടെ നിലപാട് എന്നു തന്നെയാണ് അടിസ്ഥാനപ്രശ്നം. 

രണ്ടു സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ എന്ന പേരിലാണ് ഈ അക്രമം കേരളത്തിനു നേരിടേണ്ടി വന്നത്. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍, സംഘപരിവാര്‍ പ്രവര്‍ത്തകര്‍  സംസ്ഥാനത്ത് അങ്ങോളമിങ്ങോളം മനഃപൂര്‍വം പ്രകോപനം അഴിച്ചുവിട്ടു. 

ഒട്ടേറെ വീടുകളും വ്യാപാരസ്ഥാപനങ്ങളും പൊതുമുതലും പാര്‍ട്ടി ഓഫിസുകളും ആക്രമിക്കപ്പെട്ടു. നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും ചില സമരക്കാര്‍ക്കും ഗുരുതരമായി പരുക്കേറ്റു. കല്ലേറും ആക്രമണവും എല്ലാ പരിധികളും ലംഘിച്ചതോടെ പലയിടത്തും ബി.ജെ.പി–സി.പി.എം സംഘര്‍ഷമായി അതു വളര്‍ന്നു. ഇരുവശത്തും പ്രവര്‍ത്തകര്‍ അണിനിരന്ന് യുദ്ധസമാനസാഹചര്യങ്ങളുണ്ടായി. പന്തളത്ത് സി.പി.എമ്മുകാരുടെ കല്ലേറില്‍ ഒരു കര്‍മസമിതി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. 

ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാം എന്ന സുപീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന ബി.ജെ.പിയുടെയും മറ്റു പരിവാര്‍ സംഘടനകളുടെയും വെല്ലുവിളി മറികടന്നാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ ശബരിമല സന്നിധാനത്തു പ്രവേശിച്ചത്. 

സര്‍ക്കാരിന്റെ വ്യക്തമായ പിന്തുണയും ആസൂത്രണവുമാണ് യുവതീപ്രവേശം സാധ്യമാക്കിയത്. യുവതീപ്രവേശത്തെ എതിര്‍ത്ത വിശ്വാസികളോടുള്ള കൊലച്ചതിയായിപ്പോയി നീക്കമെന്നായിരുന്നു ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രതികരണം.

രാജ്യത്തെ പരമോന്നകോടതിവിധിയെയും നിയമവാഴ്ചയെയും വെല്ലുവിളിച്ച് മൂന്നു മാസത്തിലേറെ സന്നിധാനത്തും സംസ്ഥാനത്തും അരാജകത്വം സൃഷ്ടിച്ചവരാണ് യുവതീപ്രവേശം നേര്‍വഴിക്കായിരുന്നില്ലെന്ന വിമര്‍ശനവുമായെത്തിയത്. യുവതീപ്രവേശം ഇരുളിന്റെ മറവിലായിരുന്നുവെന്ന്, കള്ളന്‍മാരെപ്പോലെ ഒളിച്ചു കടത്തിയെന്ന്, ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കു വായെന്ന വെല്ലുവിളികള്‍ കേരളത്തിന്റെ ധാര്‍മികബോധത്തെ വീണ്ടും പരിഹസിച്ചു.

കഴിഞ്ഞ മൂന്നു മാസമായി ശബരിമലയുടെ പവിത്രമായ ക്ഷേതാന്തരീക്ഷത്തില്‍ ആക്രമണവും പ്രതിഷേധവും അഴിച്ചു വിട്ടവര്‍, പേരക്കുട്ടിയുടെ ചോറൂണിനെത്തിയ അമ്മൂമ്മയെപ്പോലും ആക്രമിച്ചവര്‍ യുവതികളെ വീണ്ടും അക്രമിസംഘത്തിന് എറിഞ്ഞു കൊടുക്കാത്തതിലുള്ള നിരാശ മറച്ചു വച്ചില്ല. 

ഏറ്റവും ശ്രദ്ധിക്കേണ്ട വസ്തുത,യുവതികള്‍ പ്രവേശിച്ചിട്ടും ശബരിമലയില്‍ ഒരു പ്രതിഷേധവുമുണ്ടായില്ല എന്നതാണ്. വീണ്ടും ഒരു സ്ത്രീ കൂടി പ്രവേശിച്ചുവെന്നു സ്ഥിരീകരിച്ചപ്പോഴും സന്നിധാനത്തുണ്ടായിരുന്ന പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ ശാന്തമായി ദര്‍ശനം നടത്തി മടങ്ങി. കാരണം അവര്‍ അയ്യപ്പനെ തൊഴാന്‍ വന്നവരാണ്, രാഷ്ട്രീയമുതലെടുപ്പിന് വന്നവരായിരുന്നില്ല. പവിത്രമായ തീര്‍ഥാടനകേന്ദ്രത്തെ സംഘര്‍ഷകേന്ദ്രമാക്കിയത് ആരായിരുന്നുവെന്ന് കേരളം കണ്‍തുറന്നു കണ്ടു മനസിലാക്കി.

കോടിക്കണക്കിന് ഭക്തരുടെ വിശ്വാസകേന്ദ്രമായ ശബരിമലയെ രാഷ്ട്രീയസുവര്‍ണാവസരമായി മാത്രം കണ്ടവരുടെ ഇച്ഛാഭംഗം കേരളത്തെ ഇപ്പോഴും കലാപശ്രമങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള സാമൂഹ്യബാധ്യത ഓരോ കേരളീയനുമുണ്ട്. 

ശബരിമല, ബി.ജെ.പിക്ക് ഒരു രാഷ്ട്രീയസുവര്‍ണാവസരം മാത്രമാണ്. കേരളത്തിന് അങ്ങനെയല്ല. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രമാണത്. കോടിക്കണക്കിന് വിശ്വാസികള്‍ക്ക് , ഏതു കക്ഷി ഭരിക്കുമ്പോഴും കേരളം ഒരു അനാദരവിനും ഇടമൊരുക്കിയിട്ടില്ല. തീര്‍ഥാടനകാലത്തെ ഹര്‍ത്താലുകളില്‍ പോലും അയ്യപ്പഭക്തരെ മാറ്റിനിര്‍ത്തിയ ചരിത്രമേയുള്ളു കേരളത്തിന്. 

അവിടെയാണ് ശബരിമലയുടെ പേരില്‍ തന്നെ തീര്‍ഥാടനകാലത്ത് ആറ് ഹര്‍ത്താലുകള്‍ നടത്തി ബി.ജെ.പി. അയ്യപ്പഭക്തരോടുള്ള സ്നേഹത്തിന്റെ തനിനിറം വെളിപ്പെടുത്തിയത്. യുവതീപ്രവേശത്തില്‍ ഒരു അസ്വസ്ഥത പോലുമില്ലാതെ സന്നിധാനത്ത് ഭക്തര്‍ ദര്‍ശനം നടത്തി മടങ്ങിയപ്പോള്‍, ശബരിമലയുടെ പേരില്‍ കേരളം കത്തിക്കുകയായിരുന്നു സംഘപരിവാര്‍ സംഘടനകള്‍.

യുവതീപ്രവേശസമയത്തും അതിനു ശേഷമുള്ള ദിവസങ്ങളിലും സന്നിധാനത്തുണ്ടായിരുന്ന ഭക്തജനലക്ഷങ്ങളുടെ ശാന്തമായ സമീപനം വിളിച്ചു പറയുന്ന ഒരു സത്യമുണ്ട്. ദൈവമറിയാതെ ലോകത്തില്‍ ഒന്നും സംഭവിക്കുന്നില്ലെന്നും എല്ലാം ദൈവഹിതമാണെന്നും വിശ്വസിക്കുന്ന ഒരു യഥാര്‍ഥ ഭക്തനും ദൈവത്തിന്റെ പേരില്‍ കൊലവിളിയുയര്‍ത്താനാകില്ല. സഹജീവികളെ ആക്രമിച്ചും വേദനിപ്പിച്ചും അതെല്ലാം ദൈവത്തിനു വേണ്ടിയെന്ന് അവകാശപ്പെടാനാകില്ല. 

ആര്‍ത്തവത്തിന്റെ പേരില്‍,  ഒരു സ്ത്രീയുടെയും തുല്യാവകാശം നിഷേധിക്കാനാകില്ലെന്ന് സംശയമില്ലാതെ പ്രഖ്യാപിച്ചുകൊണ്ടാണ് സുപ്രീംകോടതി യുവതിപ്രവേശം അനുവദിക്കണമെന്ന് ഉത്തരവിട്ടത്. അതിനോടു യോജിക്കുകയും വിയോജിക്കുകയുമാകാം. പ്രതിഷേധമുള്ളവര്‍ക്ക് അത് ചോദ്യം ചെയ്യാനുള്ള അവകാശവും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കിയിട്ടുണ്ട്. 

നാനാജാതി വിശ്വാസങ്ങളുടെ ഏകത്വത്തില്‍ നിലനിന്നു പോരുന്ന മതേതരരാജ്യത്ത്, വിശ്വാസത്തേക്കാള്‍ വലുതാണ് മൗലികാവകാശങ്ങള്‍ എന്ന് ഭരണഘടന ഉറപ്പു വരുത്തിയിരിക്കുന്നത് ആശയസംഘര്‍ഷങ്ങള്‍ നേരിടാനാണ്. സ്ത്രീക്കും പുരുഷനുമിടയില്‍  വിവേചനം അനുവദിക്കാനാകില്ലെന്ന ഭരണഘടനയുടെ നിശ്ചയദാര്‍ഢ്യം ഇന്ത്യയുടെ അഭിമാനമാകേണ്ടതാണ്. 

ഒരു ചോദ്യത്തിനു വ്യക്തമായ മറുപടിയുണ്ടാകണം. സുംപ്രീകോടതി പറഞ്ഞുവെന്നതുകൊണ്ടു മാത്രമാണോ യുവതീപ്രവേശവിധി മഹത്തരമാകുന്നത്? അല്ല.  ഈ കാലത്തും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് അയിത്തം കല്‍പിക്കരുത് എന്നാരു പറഞ്ഞാലും അത് ശരിയായ നിലപാടാണ്. നേരത്തെ ആര്‍.എസ്.എസ്. ആവശ്യപ്പെട്ടപ്പോഴും ആ നിലപാട് ശരിയായിരുന്നു. 

ബി.ജെ.പി. നേതാക്കള്‍ പറഞ്ഞപ്പോഴും ആ നിലപാട്  ശരിയായിരുന്നു. കാരണം അത് സ്ത്രീകള്‍ പല തട്ടില്‍ നേരിട്ടുകൊണ്ടിരുന്ന ഒരു അയിത്താചാരത്തെയാണ് ചോദ്യം ചെയ്തത്.  രാഷ്ട്രീയലാഭത്തിന്റെ പിടിവള്ളി കണ്ടാല്‍ ആര്‍.എസ്.എസിനു മലക്കം മറിയാം. പക്ഷേ ആ  വഞ്ചനയ്ക്കൊപ്പം കേരളം കൂടി ചാടി മറിയണമെന്ന് വാശിപിടിക്കരുത്. 

അല്ലെങ്കിലും ശബരിമലയിലെ യുവതീപ്രവേശമൊന്നും ആര്‍.എസ്.എസിന്റെ പ്രശ്നമേയല്ലെന്നതിന് ഒട്ടും പഴക്കമില്ലാത്ത തെളിവുകളുണ്ട്. കലാപം വിതച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സ്വാര്‍ഥത മാത്രമാണ് ആര്‍.എസ്.എസിന്റേതെന്ന്   കേരളത്തിലെ ഹൈന്ദവവിശ്വാസികളും അയ്യപ്പഭക്തരും തിരിച്ചറിയാതെ പോകരുത്.

തെരുവില്‍ കൊലവിളി നടത്തിയാല്‍ സത്യം സത്യമല്ലാതാകില്ല. . ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരേയൊരു സംഘടന ആര്‍.എസ്.എസാണ്. എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന്  2016ല്‍ രാജസ്ഥാനില്‍ ചേര്‍ന്ന അഖിലഭാരതീയ പ്രതിനിധിസഭാസമ്മേളനത്തില്‍ പ്രമേയം പാസാക്കിയ സംഘടനയാണ് ആര്‍.എസ്.എസ്. .ശബരിമലയുടെ കാര്യം പ്രത്യേകമായെടുത്തും പഴയ ആചാരം തിരുത്തി സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കൃത്യമായി ആവശ്യപ്പെട്ടതും ആര്‍.എസ്.എസാണ്

കേരളത്തിലെ സംഘടനാ പ്രസിദ്ധീകരണമായ കേസരിയില്‍ എന്തുകൊണ്ട് ശബരിമലയില്‍ യുവതീപ്രവേശം സാധ്യമാക്കണമെന്ന ലേഖനപരമ്പര പ്രസിദ്ധീകരിച്ചത് ആര്‍.എസ്.എസ് ആണ്. സുപ്രീംകോടതി വിധി വന്നശേഷവും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി യുവതീപ്രവേശം നടപ്പാക്കണമെന്നാണ് ആര്‍.എസ്. എസ് കേരളാഘടകത്തിന്റെ മേധാവി വാര്‍ത്താക്കുറിപ്പിറക്കിയത്. 

പിന്നെന്തിനാണ് ഇവരിപ്പോള്‍ ശബരിമലയിലെ യുവതീപ്രവേശത്തിന്റെ പേരില്‍ കേരളം കത്തിക്കാന്‍ ഒരുമ്പെടുന്നത്? രാഷ്ട്രീയമുതലെടുപ്പല്ലാതെയും ഒരു കാരണമുണ്ട്. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ക്ക് പ്രവേശിക്കാം എന്ന അവകാശമാണ് കോടതി ഉറപ്പിച്ചത്, അല്ലാതെ മതസാമുദായികനേതൃത്വങ്ങളുടെ ആശീര്‍വാദത്തോടെ ആര്‍.എസ്.എസിന്റെ ഔദാര്യമായല്ല അത് സാധ്യമായത്. 

എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യാവകാശം ഉറപ്പു നല്‍കുന്ന ഈ ഭരണഘടനയോടു തന്നെയാണ് ആര്‍.എസ്.എസിന്റെ വൈരാഗ്യം. ജനാധിപത്യത്തെയോ നിയമസംവിധാനത്തെയോ തരിമ്പു പോലും മാനിക്കാത്ത ആര്‍.എസ്.എസ് കേരളത്തോട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നമ്മള്‍ കണ്ണു തുറന്നു തന്നെ കാണേണ്ടതുണ്ട്. 

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് നിലപാടെടുത്ത ആര്‍.എസ്.എസ് തന്നെയാണ്, അത് സാധ്യമായതിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ എല്ലാ ശ്രമവും നടത്തുന്നത് എന്നതില്‍ ഒരു അമ്പരപ്പിനും സാധ്യതയില്ല. കാരണം വിശ്വാസ്യത, ജനാധിപത്യം, രാഷ്ട്രീയമര്യാദ, സമൂഹത്തോടുള്ള ഉത്തരവാദിത്തം എന്നീ ചോദ്യങ്ങള്‍ ആര്‍.എസ്.എസിനു ബാധകമാണെന്ന് ചരിത്രമറിയാവുന്ന ഒരാളും ചിന്തിക്കില്ല. 

രാഷ്ട്രീയമായും സാമൂഹ്യമായും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളം എന്ന  നമ്മുടെ നാടിന്റെ നിര്‍മിതിയില്‍ ഒരു പങ്കാളിത്തവും അവകാശപ്പെടാനില്ല ആര്‍.എസ്.എസിനും ബി.ജെ.പിക്കും. ഏറ്റവുമൊടുവില്‍ പ്രളയത്തില്‍ മുങ്ങിത്തകര്‍ന്ന ജനത അതിജീവനത്തിനായി കൈകാലിട്ടടിക്കുമ്പോഴാണ് ശബരിമലയിലെ ആചാരസംരക്ഷണത്തിന്റെ പേരില്‍ അവര്‍ ഈ നാട് കത്തിക്കാനെത്തിയത്. കേരളമല്ല, കേരളത്തിന്റെ അധികാരം മാത്രമാണ് അവര്‍ക്ക് വേണ്ടത്. 

അതിന് ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയപോരാട്ടം നടത്തുന്നതിനു പകരം വീണു കിട്ടിയ സുവര്‍ണാവസരം വഴുതിപ്പോയെന്ന വെപ്രാളത്തില്‍ വ്യാപകമായി അക്രമം അഴിച്ചു വിട്ടിരിക്കുന്നു സംഘപരിവാര്‍. ഒരു പ്രകോപനവുമില്ലാതെ, തൊഴില്‍ ചെയ്യുകയായിരുന്ന നാല്‍പതിലേറെ മാധ്യമപ്രവര്‍ത്തരെ പോലും  ആക്രമിച്ചു സംഘപരിവാര്‍ പ്രവര്‍ത്തകര്‍.  വനിതാമാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു പരുക്കേല്‍പിച്ചു. ഈ ശൈലി കേരളത്തിന് അംഗീകരിച്ചു കൊടുക്കാനാകില്ല. ഈ ശൈലി പുരോഗമനകേരളത്തിന് പ്രതിരോധിക്കാതിരിക്കാനാകില്ല. 

കേരളം ഇന്നീ നേരിടുന്ന പ്രതിസന്ധിയുടെ ആദ്യത്തെ ഉത്തരവാദികള്‍ ആര്‍.എസ്.എസ് തന്നെയാണെന്ന് വസ്തുതകള്‍ കൃത്യമായി തുറന്നു കാണിക്കുന്നു. അതുകൊണ്ടു മാത്രം സി.പി.എമ്മിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും രാഷ്ട്രീയഉത്തരവാദിത്തം അവഗണിക്കാനാകില്ല. യുവതീപ്രവേശം സാധ്യമാക്കിയതും വനിതാമതില്‍ വന്‍വിജയമായതും മാത്രമാകരുത് ഭരണാധികാരിയുടെ മികവിന്റെ മാനദണ്ഡം. കേരളം ഇന്നീ നേരിട്ടുകൊണ്ടിരിക്കുന്ന കലാപശ്രമങ്ങള്‍ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പദ്ധതിയെന്തായിരുന്നു? സംഘപരിവാറിനെ ചെറുക്കാനെന്ന പേരില്‍ നിയമം കൈയിലെടുക്കുന്ന പാര്‍ട്ടി അണികളുണ്ടാക്കുന്ന അക്രമങ്ങളില്‍ സി.പി.എമ്മിന്റെ നിലപാടെന്താണ്? 

തുടക്കം മുതല്‍ക്കേ ചൂണ്ടിക്കാണിക്കപ്പെടുന്ന ചിലതുണ്ട്. യുവതീപ്രവേശം  കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കിട നല്‍കാനാകാതെയും നടപ്പാക്കാനാകുമായിരുന്നു. യുവതീപ്രവേശത്തിന് അനുകൂലമാണെന്നും എന്നാല്‍ അത് നടപ്പാക്കേണ്ടത് ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെ കൂടിയാലോചനയിലൂടെയാകണമെന്നും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഇടതുസര്‍ക്കാരാണ്. എന്നാല്‍ വിധി വന്നപ്പോള്‍ അങ്ങനെയൊരു സമീപനം തീര്‍ത്തും ഉപേക്ഷിച്ചത് ജനാധിപത്യപരമായിരുന്നോ? ആചാരത്തില്‍ മാറ്റം വരുന്നതില്‍ ആശങ്കപ്പെട്ടവരെയൊന്നാകെ  രാഷ്ട്രീയമുതലെടുപ്പുകാരുടെ കളങ്ങളിലേക്ക് വിട്ടുകൊടുത്തതും ശരിയായ സമീപനമായിരുന്നോ?

യുവതീപ്രവേശം സാധ്യമായതുകൊണ്ട്, ആ ചോദ്യങ്ങളൊന്നും ഇല്ലാതാകുന്നില്ല. സര്‍ക്കാരിന്റെയും പൊലീസിന്റെയും കൃത്യമായ ആസൂത്രണത്തിലൂടെയാണ് യുവതീപ്രവേശം സാധ്യമായത് എന്നത് ശരിയാണ്. പക്ഷേ അതിനെത്തുടര്‍ന്ന്  സംഘപരിവാറിന്റെ  ജാള്യം കേരളത്തെ കലാപത്തീയിലാക്കുമെന്ന് സര്‍ക്കാരിനും അറിയാമായിരുന്നതാണ്. 

കലാപം അഴിച്ചുവിടുമെന്നുറപ്പായിട്ടും ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് ഡി.ജി.പിക്കു പോലും വിലയിരുത്തേണ്ടി വന്നതെങ്ങനെയാണ്? ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോടു തന്നെ ചിലതു പറയാതെ വയ്യ. ഒരു ധാര്‍മികതയും ബാധകമല്ലാത്ത രാഷ്ട്രീയമുതലെടുപ്പിന് കേരളത്തെ വിട്ടുകൊടുത്ത് നോക്കി നിന്നതു കൂടി ഭരണമികവിന്റെ പട്ടികയില്‍ നിരത്തരുത്. 

സംഘപരിവാര്‍ സംഘടനകളുടെ അഴിഞ്ഞാട്ടത്തിന്റെ കണക്ക് വായിക്കുകയല്ല, ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ചുമതല.   ജനങ്ങളുടെ സ്വത്തിനും ജീവനും മതിയായ പരിരക്ഷ ഉറപ്പു വരുത്തുകയെന്നത് പ്രാഥമികഉത്തരവാദിത്തങ്ങളി‌ലൊന്നാണ്. സന്നിധാനത്തെ സംഘര്‍ഷശ്രമങ്ങളില്‍ സര്‍ക്കാരിന് പരിമിതികളുണ്ടായിരുന്നു. ഭക്തരെയും അക്രമികളെയും വേര്‍തിരിക്കുക എളുപ്പമായിരുന്നില്ല. 

പക്ഷേ യുവതീപ്രവേശത്തിനു ശേഷം ഭക്തര്‍ സന്നിധാനത്തും അക്രമികള്‍ തെരുവിലുമെന്ന് വ്യക്തമായി കേരളം കണ്ടപ്പോഴും അക്രമം ഫലപ്രദമായി നിയന്ത്രിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.  അക്രമം തുടരുമ്പോഴും പ്രകോപനത്തിന്റെ ഭാഷ മുഖ്യമന്ത്രി പോലും ഉപേക്ഷിച്ചില്ല. പാര്‍ട്ടി സെക്രട്ടറിയല്ല, ആശയക്കുഴപ്പത്തിലായ വിശ്വാസികളുടെ കൂടി മുഖ്യമന്ത്രിയാണെന്ന് ഇപ്പോഴും അദ്ദേഹത്തിന് ബോധ്യം വന്നിട്ടില്ല.  വിശ്വാസികളുടെയും അവിശ്വാസികളുടെയും  ചോദ്യങ്ങള്‍ക്ക്  മറുപടി നല്‍കിത്തന്നെ മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയണം

അപ്പോഴും മറക്കുന്നില്ല, ഇടതുസര്‍ക്കാര്‍ ഒറ്റയ്ക്കു നിന്നാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ നിലപാടെടുത്തത്. കേരളത്തെ വഞ്ചിച്ചു കളഞ്ഞ പ്രതിപക്ഷം മാത്രമല്ല, കോടതിവിധിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഹൈക്കോടതി പോലും സുരക്ഷിതഅകലം പാലിച്ചു മാറിനില്‍ക്കുകയാണ് ചെയ്തത്. വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയും അടിയന്തരപ്രതിസന്ധിയെ അഭിമുഖീകരിച്ചില്ല.  പക്ഷേ എല്ലാത്തിനുമിടയിലും കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച അതിദയനീയനിലപാട് കേരളത്തിന് പൊറുക്കാവുന്നതല്ല. കേരളത്തോടു മാത്രമല്ല, സ്വന്തം രാഷ്ട്രീയഅസ്തിത്വത്തോട് തന്നെ എന്താണ് ചെയ്തതെന്ന് തിരിച്ചറിയാന്‍ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല. 

ശബരിമല പ്രശ്നത്തിലുടനീളം കോണ്‍ഗ്രസിനും സംഘപരിവാറിനും ഒരേ ശബ്ദമായിരുന്നു. യുവതീപ്രവേശം സാധ്യമായ ശേഷം ബി.ജെ.പിയേക്കാള്‍ വേഗത്തില്‍ ആത്മരോഷവുമായെത്തിയതും കോണ്‍ഗ്രസാണ്. 

നെഹ്റു അടിത്തറയേകിയ കോണ്‍ഗ്രസാണ്, ആചാരങ്ങളാണ് സ്ത്രീയുടെ അവകാശത്തേക്കാള്‍ മാനിക്കപ്പെടേണ്ടതെന്ന് വാദിച്ച് വശംകെടുന്നത്. കേരളത്തിലെ ദയനീയമായ ആചാരസംരക്ഷണപ്രകടനങ്ങള്‍ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനു മുന്നില്‍ തൊഴുകൈയുമായി നില്‍ക്കുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിപക്ഷവും. ഭരണഘടനാവകാശങ്ങള്‍ക്കു മേല്‍ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം. 

സംഘപരിവാറിനെ നേരിടാന്‍ എന്ന ആദ്യന്യായങ്ങള്‍ ഇപ്പോള്‍ സംഘപരിവാറിന്റെ ആഗ്രഹങ്ങള്‍ എളുപ്പത്തില്‍ നടത്തിയെടുക്കാനുള്ള ആയുധങ്ങളായി സ്വയം മാറിയിരിക്കുന്നു. അയോധ്യയിലടക്കം, ഇനി വരാനിരിക്കുന്ന, സംഘപരിവാര്‍ വാര്‍ത്തെടുക്കാന്‍ പോകുന്ന എല്ലാ അയോധ്യകളിലും വിശ്വാസം ഭരണഘടനയ്ക്കു മുകളില്‍ പ്രതിഷ്ഠിക്കാനുള്ള കോണ്‍ഗ്രസിന്റെ ആശീര്‍വാദമാണ് ശബരിമലയിലേക്ക് അവരാവശ്യപ്പെടുന്ന പ്രത്യേക നിയമം. 

കേരളത്തെ മാത്രമല്ല, രാജ്യത്തെ കൂടി ഒറ്റുകൊടുക്കുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ഭാവിയെയും പ്രസക്തിയെയും പറ്റിയല്ല, വീണ്ടുവിചാരമില്ലാത്ത ശബരിമലരാഷ്ട്രീയക്കളിയെ അവര്‍ ഏതറ്റം വരെ എത്തിക്കുമെന്നു കൂടി ആശങ്കപ്പെടേണ്ടിയിരിക്കുന്നു കേരളം

ശരിയാണ്, ശബരിമലയില്‍ യുവതീ പ്രവേശം സാധ്യമായി. ശബരിമലയില്‍ ഒന്നും സംഭവിച്ചില്ല. പക്ഷേ സാമൂഹ്യമായ വിജയമാണതെന്ന് ഇപ്പോള്‍ ആഘോഷിക്കുന്നത് അപക്വമാണ്. സമൂഹത്തിനിടയില്‍ വീണു പോയ വിള്ളലുകള്‍ കാണാനാകുന്നില്ലെങ്കില്‍, അതു തീര്‍ക്കാനാകുന്നില്ലെങ്കില്‍ വെല്ലുവിളി വരാനിരിക്കുന്നതേയുള്ളൂ. പ്രധാനമന്ത്രിയും അമിത്ഷായും കേരളത്തിലേക്കു വരികയാണ്, ഉദ്ദേശം വ്യക്തവുമാണ്. 

അതിനിടെ 22ന് സുപ്രീംകോടതി പുനഃപരിശോധനയിലും തീരുമാനമറിയിച്ചേക്കും. ഹ്രസ്വകാലവിജയങ്ങള്‍ക്കപ്പുറം ശബരിമല പ്രശ്നത്തെ ശരിയായി സമീപിക്കാനായില്ലെങ്കില്‍ നഷ്ടം കേരളത്തിനാണ്. കേരളം ആര്‍ക്കു വേണ്ടിയും തോറ്റുപോകരുത്. അതുറപ്പു വരുത്തേണ്ടത് നമ്മളാണ്. 

MORE IN PARAYATHE VAYYA
SHOW MORE