2019നായി നടപ്പിലാകുന്ന തിരക്കഥകൾ; യോഗിയുടെ യുപി പേടിപ്പിക്കുന്നു

parayatha-vayya-1
SHARE

വരുന്ന ലോക്സഭാതിരഞ്ഞെടുപ്പിനു മുന്പ് നമ്മുടെ രാജ്യം എന്തെല്ലാം നേരിടേണ്ടിവരും? രാജ്യത്തെ ഭരണപക്ഷരാഷ്ട്രീയം അധികാരം തുടരാന്‍ ഏതേതു മാര്‍ഗങ്ങള്‍ തേടാതിരിക്കും? കരുതിയിരുന്നേ മതിയാകൂ എന്ന അപായസൂചന, പലയിടങ്ങളിലായി പൊട്ടിപ്പുറപ്പെടുന്നത് കാണാതിരിക്കാനാകില്ല. ബുലന്ദ് ശഹറിലെ കലാപത്തില്‍ തുടങ്ങി ശബരിമലയില്‍ വരെ ഒളിഞ്ഞിരിക്കുന്ന അജന്‍ഡകള്‍ അതിജാഗ്രത ആവശ്യപ്പെടുന്നു. 

ബുലന്ദ് ശഹറില്‍ നിന്നു തുടങ്ങാം. ഈ മാസം നാലാം തീയതിയാണ് ബുലന്ദ്ശഹര്‍ ജില്ലയിലെ ചിഗ്രാവതി ഗ്രാമത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഗ്രാമത്തില്‍ പശുക്കളുടെ ജഡം കണ്ടെത്തിയെന്ന പേരില്‍ ബജ്റംഗ് ദളിന്റെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തില്‍ നടന്ന അക്രമത്തിലാണ് ഒരു പൊലീസ് ഇന്‍സ്പെക്ടറും കൗമാരപ്രായക്കാരനും കൊല്ലപ്പെട്ടത്. അക്രമത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫിസര്‍ സുബോധ് കുമാര്‍ സിങിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് ആരോപണം. കാരണം ഈ പൊലീസ് ഉദ്യോഗസ്ഥനാണ് മൂന്നു വര്‍ഷം മുന്‍പ് മറ്റൊരു ഗോഹത്യവിവാദത്തിന്റെ പേരില്‍ കൊല്ലപ്പെട്ട  അഖ്‍ലാഖ് കേസ് അന്വേഷിച്ചതും, സംഘപരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും. 

ഇത്തവണയും ഗോഹത്യയോടുള്ള പ്രതിഷേധമെന്ന പേരില്‍ വളരെ ആസൂത്രിതമായാണ് കലാപം സംഘടിപ്പിക്കപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തോക്കേന്തിയ കലാപകാരികളാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്.സുബോധ്കുമാറിനെ കൊലപ്പെടുത്തൂ എന്നാക്രോശിക്കുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. സുബോധ് കുമാര്‍ പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും സ്ഥലംമാറ്റണമെന്നും ആവശ്യപ്പെട്ട് നേരത്തെ ബി.ജെ.പി പ്രാദേശികനേതാക്കള്‍ അയച്ച കത്തും പുറത്തു വന്നിട്ടുണ്ട്. സുബോധ് കുമാറിനെ ലക്ഷ്യമിട്ട് ആസൂത്രിതമായി സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുെന്നും ഒരു പകല്‍ മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് അക്രമം  അഴിച്ചു വിട്ടുവെന്നുമാണ് റിപ്പോര്‍ട്ട്. 

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശിലാണ് ഈ അക്രമം അരങ്ങേറിയത്. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം നൂറുകണക്കിനു പേരുടെ മുന്നില്‍ വച്ചാണ് പൊലീസ് ഓഫിസറെ വെടിവച്ചു കൊന്നതും.  പക്ഷേ സംഭവം അപകടം മാത്രമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു കഴിഞ്ഞു. ആള്‍ക്കൂട്ടക്കൊലപാതകമെന്നു വിളിക്കരുതെന്നാണ് ആജ്ഞ. ഗോരക്ഷകരായ ആള്‍ക്കൂട്ടവും മുഖ്യമന്ത്രി യോഗിയും തമ്മില്‍ ഒരിഞ്ചു പോലും അകലമില്ലെന്നറിയുന്നവര്‍ക്ക് അതിശയപ്പെടാന്‍ കഴിയില്ല. പക്ഷേ നിയമവ്യവസ്ഥയോട് ബി.ജെ.പി. രാഷ്ട്രീയം എന്താണു ചെയ്യുന്നത്? പേടിപ്പിക്കുന്ന ഉദാഹരണം കാണിച്ചു തരുന്നു ഉത്തര്‍പ്രദേശ്. 

പൊലീസ് ഇന്‍സ്പെക്ടറും കൗമാരപ്രായക്കാരനും കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രി വേവലാതി പ്രകടിപ്പിച്ചത് ഗോവധത്തെക്കുറിച്ചാണ്. ബുലന്ദ് ശഹര്‍ കലാപം മതേതരചിന്താഗതി പുലര്‍ത്തുന്നവരെ കടുത്ത ആശങ്കയിലാക്കുമ്പോള്‍, ഗോവധനിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെന്നായിരുന്നു യു.പി.സര്‍ക്കാരിന്റെ ആദ്യപ്രഖ്യാപനം. രാജ്യത്ത് പശുക്കളുടെ പേരില്‍ മനുഷ്യനെ കൊല്ലുന്ന അപകടകരമായ സാഹചര്യമാണെന്നു തിരിച്ചറിയുമ്പോഴും യോഗി ആദിത്യനാഥിന്റെ നിലപാട് ആരെയും അമ്പരപ്പിക്കില്ല. യോഗി ആദിത്യനാഥ് മനുഷ്യരെ രണ്ടാമതേ പരിഗണിച്ചിട്ടുള്ളൂവെന്നത് വസ്തുതയാണ്. യോഗി മാത്രമല്ല, യോഗിയുെട പൊലീസും. സത്യത്തില്‍  അതു തന്നെയാകണം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാന്‍ യോഗിയില്‍ സംഘപരിവാര്‍ കണ്ടെത്തിയ  ഏറ്റവും പ്രധാന യോഗ്യതയും

യോഗി ആദിത്യനാഥോ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രമോ ഒരിക്കലും ഇന്ത്യന്‍ ഭരണഘടനയെയോ നിയമവ്യവസ്ഥയെയോ പരമപ്രധാനമായി കണക്കാക്കിയിട്ടില്ല. അംഗീകരിച്ചിട്ടില്ല. ഭരണഘടനയ്ക്കും മുകളില്‍ സംഘപരിവാര്‍ ഉന്നം വയ്ക്കുന്ന ഗൂഢലക്ഷ്യങ്ങളുടെ മുഖ്യപ്രചാരകനാണ് ഈ മുഖ്യമന്ത്രി. നിയമത്തെയല്ല, വിശ്വാസത്തെയാണ് മാനിക്കേണ്ടതെന്ന് ഒരു മടിയുമില്ലാതെ ആവര്‍ത്തിച്ചു സ്ഥാപിച്ചിട്ടുണ്ട് മുഖ്യമന്ത്രി യോഗി. 

സംഘപരിവാറിന്റെ സമഗ്രാധിപത്യത്തിന് ഒരേയൊരു വെല്ലുവിളിയായി നിലനില്‍ക്കുന്ന ഭരണഘടനയെ മറികടക്കുകയെന്ന ലക്ഷ്യം ഉത്തര്‍പ്രദേശ് ഭരണത്തില്‍ നിരന്തരം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് യോഗി ആദിത്യനാഥ്.  കൃത്യനിര്‍വഹണത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കലാപകാരികളാല്‍ കൊല്ലപ്പെടുമ്പോഴും ഗോവധനിരോധനത്തിന്റെ വര്‍ഗീയമുതലെടുപ്പു സാധ്യതകള്‍ ആദ്യം പരിഗണിക്കുന്ന ഭരണകൂടം ഉത്തര്‍പ്രദേശിലെ നീതിന്യായവ്യവസ്ഥയെ മുച്ചൂടും തകര്‍ത്തു കഴിഞ്ഞു. മതവിശ്വാസങ്ങള്‍ക്കാണ് മനുഷ്യാവകാശങ്ങളേക്കാള്‍ മുന്‍ഗണന. ഹിന്ദുത്വരാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന അജന്‍ഡകളെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കുന്ന അതേ രാഷ്ട്രീയശൈലിയാണ് ഭരണനിര്‍വഹണത്തിലും യോഗി പിന്തുടരുന്നത്. 

ലോക്സഭാതിരഞ്ഞെടുപ്പിന് ഇനി ആറുമാസം പോലും സാവകാശമില്ല. പാളിപ്പോയ തീരുമാനങ്ങളുടെ ഭാരത്തില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ പ്രയാസപ്പെടുന്നു ബി.ജെ.പിയെന്നത് പകല്‍ പോലെ വ്യക്തം. നടപ്പിലാക്കിയതില്‍  നല്ലതൊന്നും പറയാനില്ലാത്ത രാഷ്ട്രീയം ഗുരുതരമായ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ വിഭജനരാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഉത്തരേന്ത്യയില്‍ വ്യാപകമായി കലാപങ്ങള്‍ക്കു മുതിരുമെന്ന് പല മുന്നറിയിപ്പുകളും സൂചനകളും ദൃശ്യമായിത്തുടങ്ങി. നാലര വര്‍ഷം അധികാരത്തിലിരുന്നിട്ടും അനക്കമില്ലാതിരുന്ന രാമക്ഷേത്രനിര്‍മാണം പൊടുന്നനെ കലാപാഹ്വാനമായി ഭീഷണിയുയര്‍ത്തുന്നു. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ മുസഫര്‍ നഗര്‍ കലാപം വഹിച്ച സ്വാധീനം ഓര്‍ക്കുന്നവര്‍ക്ക് വ്യക്തമായ മുന്നറിയിപ്പാണ് ബുലന്ദ് ശഹറും. 

ഗോവധനിരോധനത്തിലേക്ക് രാഷ്ട്രീയലക്ഷ്യങ്ങള്‍ വീണ്ടും കേന്ദ്രീകരിക്കുമ്പോള്‍ അതു വിതയ്ക്കുന്ന ഭീതിയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 2014 ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ഗോഹത്യയുടെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മനുഷ്യരുടെ എണ്ണം 29 ആണ്. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്താകെ 37 സംഭവങ്ങളിലായി 157 മനുഷ്യര്‍ ആക്രമിക്കപ്പെട്ടു. 11 പേര്‍ കൊല്ലപ്പെട്ടു. ഗോവധനിരോധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരില്‍ 65 ശതമാനവും മുസ്‍ലിം സമുദായത്തില്‍ പെട്ടവരാണ്. 11 ശതമാനം ദളിതരും, ശേഷിക്കുന്നവരും പിന്നാക്കവിഭാഗക്കാരോ ആദിവാസികളോ ആണ്.  മിക്ക സംഭവങ്ങളിലും ഗോഹത്യയെന്നത് ഊഹാപോഹമോ ആക്രമണത്തിനായി കെട്ടിച്ചമയ്ക്കപ്പെട്ട കാരണമോ ആയിരുന്നു. സംഭവങ്ങളില്‍ ഭൂരിഭാഗവും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നതും പ്രധാന വസ്തുതയാണ്. ഒരിടത്തും അക്രമകാരികള്‍ക്കെതിരെ കര്‍ശനനടപടിയുണ്ടായില്ലെന്നു മാത്രമല്ല, ബി.ജെ.പി നേതാക്കള്‍ ഗോഹത്യയെ മാത്രമാണ് അപലപിച്ചതുപോലും. ഒടുവില്‍ വര്‍ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ നിയന്ത്രണാതീതമായതോടെ  സുപ്രീംകോടതി ആള്‍ക്കൂട്ടക്കൊലകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ഉത്തരവിട്ടു എന്നാല്‍  സുപ്രീം കോടതി മാർഗരേഖ പുറപ്പെടുവിച്ചു മൂന്നു ദിവസം കഴിഞ്ഞ് രാജസ്ഥാനിലെ അൽവറിൽ ക്ഷീരകർഷകനായ റക്ബർ ഖാൻ ഗോരക്ഷകരുടെ മർദനമേറ്റു മരിച്ചു. സുപ്രീംകോടതി നിലപാട് കര്‍ശനമാക്കിയതോടെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായി കേന്ദ്രമന്ത്രിസഭാഉപസമിതി രൂപീകരിച്ചെങ്കിലും പശു തങ്ങളുടെ രാഷ്ട്രീയആയുധമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ബി.ജെ.പി. എന്തു നിലപാട് സ്വീകരിക്കുമെന്നതില്‍ സംശയം വേണ്ട. 

മതേതരഇന്ത്യ എങ്ങനെയെല്ലാം പ്രതിഷേധിച്ചാലും ഗോവധം വൈകാരികരാഷ്ട്രീയത്തിനു മുതല്‍ക്കൂട്ടാണെന്ന ആത്മവിശ്വാസമാണ് യോഗി ആദിത്യനാഥിന്റെ കൂസലില്ലായ്മയിലും പ്രകടമാകുന്നത്. യഥാര്‍ഥ പ്രശ്നങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിനും ഗോവധവും രാമക്ഷേത്രവും ശബരിമലയും അനിവാര്യമാണ്. അയോധ്യയില്‍ നിന്ന് ശബരിമല വഴി വിദ്വേഷരാഷ്ട്രീയം പടര്‍ത്തി, ബി.ജെ.പി. ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്തെല്ലാമാണ്? ഈ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ   ഡല്‍ഹിയില്‍ സമരം ചെയ്ത കര്‍ഷകര്‍ നല്‍കും അതിനുള്ള  ആദ്യ മറുപടി. മതത്തിന്‍റെ അരക്ഷിതാവസ്ഥകള്‍ കുത്തിയിളക്കി ബി.ജെ.പി. മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത് നമ്മുടെയെല്ലാം ജീവല്‍ പ്രശ്നങ്ങളാണ്. ഇന്ത്യന്‍ ജനത ഓര്‍ക്കേണ്ട ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ഈ ഭരണകൂടം നമ്മുടെ ശ്രദ്ധ തെറ്റിക്കുന്നത്.  ഇന്ത്യയ്ക്കു വേണ്ടി, ഭാവി തലമുറയ്ക്കു വേണ്ടി ഈ കുല്‍സിതശ്രമം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. 

രാജ്യത്തെ 207 കര്‍ഷകസംഘടനകളുടെ പൊതുവേദിയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈ പ്രക്ഷോഭം സംഘടിപ്പിച്ചത്. രാജ്യത്തെ കര്‍ഷകര്‍ മുന്നോട്ടു വയ്ക്കുന്ന ഏറ്റവും പ്രധാന ആവശ്യം കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായി ഒരു പാര്‍ലമെന്റ് സമ്മേളനം എന്നതാണ്. അസാധ്യമല്ല. അപ്രായോഗികമല്ല. ഇന്നും ഇന്ത്യയെ നിലനിര്‍ത്തുന്ന, ഇന്ത്യയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയുടെ ജീവശ്വാസം തിരിച്ചു പിടിക്കാനുള്ള അവസാനശ്രമങ്ങളിലൊന്നാണത്. 

രാജ്യം ചെവികൊടുത്തേ പറ്റൂ. മോദി ഭരണകൂടം ചെവി കൊടുത്തേ പറ്റൂ. ഭരണകൂടം തയാറല്ലെങ്കില്‍ല്ലെങ്കില്‍ അതുറപ്പിക്കാനുള്ള ബാധ്യത പ്രതിപക്ഷത്തിനുണ്ട്. രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഇന്ന് ഒരു മാസം കിട്ടുന്ന വരുമാനം ശരാശരി 1700 രൂപയാണെന്ന കണക്കുകള്‍ മഹത്തായ ഇന്ത്യയ്ക്ക് അപമാനകരമാണ്. ചോദ്യശരങ്ങളുമായി കര്‍ഷകര്‍ തലസ്ഥാനത്തു തടിച്ചുകൂടുമ്പോള്‍, ഗോഹത്യയെന്നാരോപിച്ച് മനുഷ്യര്‍ പച്ചയായി കൊല്ലപ്പെടുമ്പോള്‍ പ്രധാനമന്ത്രി മോദി രാജ്യത്തോടു പറയുന്നത് കോണ്‍ഗ്രസിലെ കുടുംബവാഴ്ചകളെക്കുറിച്ചാണ്. നോട്ടു നിരോധനം എന്ന ഗ്രാമീണഇന്ത്യയുടെ നട്ടെല്ലൊടിച്ചു കളഞ്ഞ ക്രൂരമായ തമാശയെക്കുറിച്ച് പ്രധാനമന്ത്രി ഈ അഞ്ചു സംസ്ഥാനങ്ങളിലും മിണ്ടിയിട്ടില്ല.നോട്ടുനിരോധനകാലത്ത് മോദി സര്‍ക്കാരിന്റെ മുഖ്യസാമ്പത്തികഉപദേശകനായിരുന്ന അരവിന്ദ് സുബ്രഹ്മണ്യനാണ് തുറന്നു പറഞ്ഞത്. നോട്ടു നിരോധനം ഒരു വമ്പന്‍ പരാജയവും ഗുരുതരമായ ആഘാതവുമായിരുന്നുവെന്ന്.  മുന്നൊരുക്കമില്ലാത്ത ജി.എസ്.ടി. തകര്‍ത്ത സമ്പദ്‍വ്യവസ്ഥയോ കുത്തനെ ഉയര്‍ത്തിയ ഇന്ധനവിലയോ പ്രധാനമന്ത്രിയുടെ പ്രശ്നമേയല്ല. ഇന്ത്യന്‍ ജനതയുടെ ജീവിതത്തെ ബാധിക്കുന്നതൊന്നും ബി.ജെ.പിയുടെയും ചര്‍ച്ചാവിഷയമല്ല. ശബരിമലയില്‍ ഭരണഘടന ഇടപെടുമ്പോള്‍ തകരുന്ന വിശ്വാസവും  ബാബറിമസ്ജിദിനു മേല്‍ ഉയരേണ്ട രാമക്ഷേത്രവുമാണ് ഇന്ത്യ നേരിടുന്ന പരമപ്രധാന വിഷയങ്ങളെന്ന് ഊട്ടിയുറപ്പിക്കുന്നവരുടെ ലക്ഷ്യം ജനത തിരിച്ചറിയേണ്ടതുണ്ട്. 

കര്‍ഷകപ്രക്ഷോഭം രാഷ്ട്രീയാധികാരത്തിലേക്കുള്ള വിഭജനവഴി തേടിയായിരുന്നില്ല. ഒരു മതനിരപേക്ഷരാജ്യത്തെ ജനതയെ പല വഴിക്ക് ഭിന്നിപ്പിച്ച് ഭീതി പടര്‍ത്താനായിരുന്നില്ല. ജാതിമതവര്‍ഗീയബോധം കുത്തിനിറച്ച് അരക്ഷിതാവസ്ഥയുടെ പഴുതുകള്‍ ഹീനമായി ഉപയോഗിക്കാനായിരുന്നില്ല. ജീവനും ജീവിതവും നിലനിര്‍ത്താനുള്ള അടിസ്ഥാനപോരാട്ടമായിരുന്നു. ഇന്ത്യ ഇന്നു നേരിടുന്ന യഥാര്‍ഥ അവസ്ഥയുടെ നേര്‍പ്രതിഫലനം . അതല്ല ക്ഷേത്രങ്ങളും, വിശ്വാസവുമാണ് ഈ രാജ്യം ചര്‍ച്ച ചെയ്യേണ്ട പ്രശ്നങ്ങളെന്ന് പറയുന്ന രാഷ്ട്രീയത്തെ  തിരിച്ചറിയാതെ പോകരുത്. അവര്‍ രാജ്യത്തെ വിളിക്കുന്നത് മുന്നോട്ടല്ല, പിന്നോക്കാവസ്ഥയുടെ നൂറ്റാണ്ടുകാലങ്ങള്‍ പിന്നിലേക്കാണെന്ന് കരുതിയിരിക്കുക. ചിന്താശേഷിയില്ലാത്ത ആള്‍ക്കൂട്ടങ്ങളില്‍ പെട്ടു പോകാതിരിക്കുകയെന്നത് ഭാവി ഇന്ത്യയോടുള്ള ഉത്തരവാദിത്തമാണ്.  

MORE IN PARAYATHE VAYYA
SHOW MORE