തുടരുന്ന മന്ത്രവാദ ചൂഷണങ്ങൾ; വിശ്വാസം മാത്രമല്ല എല്ലാം

pva-witchcraft-death-t
SHARE

കമ്പകക്കാനത്ത് എന്താണു സംഭവിച്ചതെന്നോ എന്താണ് കാരണമെന്നോ വ്യക്തമല്ല. നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു വിലയിരുത്തല്‍ നടത്തുന്നത് അനൗചിത്യമാണു താനും. എന്നാല്‍ ദുരൂഹമായ ജീവിതപശ്ചാത്തലവും നഷ്ടമായ ജീവനുകളും ഒരു ഗുരുതരമായ പ്രശ്നത്തിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. അന്ധവിശ്വാസവും മന്ത്രവാദവും കേരളം കരുതുന്നതിനേക്കാള്‍ വലിയ വെല്ലുവിളികള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നുണ്ട്. രാജ്യമാകെ നിന്നുളള കണക്കുകളും അത് സാധൂകരിക്കുന്നതാണ്. 

കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഒരു കൂട്ടക്കൊല കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. തൊടുപുഴയ്ക്കടുത്ത് കമ്പകക്കാനത്ത് ഒരേ കുടുംബത്തിലെ നാലു പേരാണ് കൊല ചെയ്യപ്പെട്ടത്.  കൊലപാതകകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. യഥാര്‍ഥ കാരണമെന്തെന്ന് വ്യക്തമായില്ലെങ്കിലും കൊല ചെയ്യപ്പെട്ട കുടുംബനാഥന്‍ മന്ത്രവാദം നടത്തിയിരുന്നുവെന്ന് ബന്ധുക്കളും അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്. 

നാലു ജീവനുകള്‍ കൂടി മന്ത്രവാദപശ്ചാത്തലത്തില്‍ നഷ്ടപ്പെടുമ്പോള്‍ അവഗണിക്കാനാകാത്ത ഭീഷണിയായി മാറുന്നുണ്ട് മന്ത്രവാദവും ആഭിചാരക്രിയകളും അതുണ്ടാക്കുന്ന സാമ്പത്തിക സാമൂഹ്യപ്രത്യാഘാതങ്ങളും എന്നു തിരിച്ചറിയേണ്ടതുണ്ട്. കൊല്ലപ്പെട്ട കുടുംബനാഥന്‍ കൃഷ്ണന് ബാധയൊഴിപ്പിക്കലും ധനാകര്‍ഷണയന്ത്രവുമടക്കമുള്ള ആഭിചാര ക്രിയകളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ക്രിയയ്ക്ക് 50000 രൂപ വരെ ഈടാക്കിയിരുന്നുവെന്നും അതിന് പലയിടത്തും ഏജന്‍റുമാരുണ്ടായിരുന്നുവെന്നും പൊലീസും സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍ അന്വേഷണത്തിലാണ് പുറത്തുവരേണ്ടത്. പക്ഷേ ഇതിനോടകം തന്നെ കേരളത്തില്‍ മന്ത്രവാദവുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ കണക്കെടുത്താല്‍ അത് ഞെട്ടിക്കുന്നതാണ്. . ഇതേ ഗണത്തില്‍ തന്നെയെന്നു പറയാനാവില്ലെങ്കിലും മറ്റൊരു മന്ത്രവാദകൂട്ടക്കൊലയും കേരളത്തെ നടുക്കിയത് 

കഴിഞ്ഞ വര്‍ഷമാണ്. തിരുവനന്തപുരം നന്തൻകോട്ട് അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഏകമകൻ കാഡൽ ജീൻസൺ രാജ ദുര്‍മന്ത്രവാദം നടത്തിയതാണെന്നാണ് അവകാശപ്പെട്ടത്. ഇതുകൂടാതെയും പ്രബുദ്ധകേരളത്തില്‍ കറുത്ത പാടുകള്‍ ഏറെയുണ്ട്.  2017 ഫെബ്രുവരി 22  നാദാപുരത്ത് ജിന്ന് ചികില്‍സക്കിടെ പൊള്ളലേറ്റ ഷമീനയെന്ന യുവതി മരിച്ചു. 2014 ഒക്ടോബറില്‍ വടശേരിക്കര സ്വദേശിനി ആതിര മന്ത്രവാദത്തിനിടെ പൊള്ളലേറ്റു മരിച്ചു. 2014 ജൂലൈയി‍ ല്കരുനാഗപ്പള്ളിയില്‍ ഹസീനയെന്ന യുവതി മന്ത്രവാദത്തിനിടെ പരുക്കേറ്റു മരിച്ചു. 2010 ഏപ്രില്‍ 26 തിരൂരങ്ങാടിയില്‍ മന്ത്രാവാദത്തിനിടെ പരുക്കേറ്റ ഷക്കീനയെന്ന യുവതി മരിച്ചു. 2010 ഏപ്രില്‍ 17 പനമരത്ത് മന്ത്രവാദം ഫലിച്ചില്ലെന്ന് പരാതിപ്പെട്ട സുധയെന്ന യുവതിയെ സിദ്ധന്‍ കൊലപ്പെടുത്തി. 

ആധുനികകേരളത്തിലാണ് കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ മാത്രം ഇത്രയും പേര്‍ മന്ത്രവാദപശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ഇരട്ടിയിലേറെ വരും സാമ്പത്തികത്തട്ടിപ്പുകളുടെ പേരിലും ലൈംഗികചൂഷണത്തിന്റെ പേരിലുമുള്ള കേസുകള്‍. തട്ടിപ്പാണെന്ന് അറിഞ്ഞു തന്നെ വീണ്ടും വീണ്ടും ഈ അന്ധവിശ്വാസങ്ങള്‍ക്കു  തലവയ്ക്കുന്നതാരാണ്? മന്ത്രവാദം മുതലെടുക്കുന്നത് മനുഷ്യമനുസിന്റെ പ്രലോഭനങ്ങളെയും അരക്ഷിതാവസ്ഥയെയുമാണ്.  ശാസ്ത്രബോധമുള്ള ഒരു സമൂഹത്തില്‍ ഇക്കാലത്തും മന്ത്രത്തിനും തന്ത്രത്തിനും ഇരകളെ കിട്ടുന്നത് സമൂഹത്തിന്റെയാകെ പരാജയമാണ്. 

ഇന്ത്യയിലാകെ 2016ല്‍ മന്ത്രവാദത്തിന്റെ പേരില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം  134 ആണ്. ദുര്‍മന്ത്രവാദക്കൊലകളില്‍ മുന്നില്‍ നില്‍ക്കുന്നത് ജാര്‍ഖണ്ഡ് സംസ്ഥാനമാണ്. പ്രബുദ്ധകേരളം പോലും പട്ടികയില്‍ തലതാഴ്ത്തിയാണ് നില്‍പ്പ്. അന്ധവിശ്വാസങ്ങളെ നേരിടാന്‍ കഴിയാത്തതെന്തുകൊണ്ട് എന്ന ചോദ്യം ഉയരുമ്പോള്‍ അതിനേക്കാള്‍ ഗുരുതരമായ ഒരു ചോദ്യം നമ്മളെ അലട്ടും. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം എവിടെയാണ്?

വിശ്വാസം അംഗീകരിക്കുന്ന ഒരു സമൂഹത്തില്‍ എവിടം മുതലാണ് അന്ധവിശ്വാസത്തെ എതിര്‍ത്തു തുടങ്ങുകയെന്നത് സങ്കീര്‍ണമായ ചോദ്യമായി തുടരും. ദൈവമുണ്ടെന്നും അതീന്ദ്രിയശക്തികളുണ്ടെന്നും വിശ്വസിക്കുന്ന സമൂഹത്തില്‍ തന്ത്രവും മന്ത്രവും ഊതിചികില്‍സിക്കലും പ്രാര്‍ഥിച്ചു സുഖപ്പെടുത്തലും മാത്രം തെറ്റാണെന്ന് എങ്ങനെ വേര്‍തിരിച്ചു പറയും? 

അതുകൊണ്ട് അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം തുടങ്ങുന്നതു തന്നെ പൊതുസ്വീകാര്യമായ ഒരു കാപട്യത്തിന്റെ പുറത്താണെന്നത് സത്യമാണ്. നല്ല വിശ്വാസവും അന്ധമായ വിശ്വാസവുമുണ്ടെന്ന കാപട്യം. 

അവിടെയാണ് വിശ്വാസം മുതലെടുത്ത് കടുത്ത അന്ധവിശ്വാസങ്ങളിലേക്കും ചൂഷണങ്ങളിലേക്കും മനുഷ്യര്‍ നയിക്കപ്പെടുന്നത്. കൗതുകകരമായ വസ്തുത, മന്ത്രവാദത്തില്‍ വര്‍ഗീയതയില്ലെന്നതാണ്. ജാതിമതഭേദമില്ലാതെ മന്ത്രവാദികളെ വിശ്വാസികള്‍ തേടിയെത്തും. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണവും കച്ചവടവും കേരളത്തില്‍ മറ്റേതു കാലത്തേക്കാളും ശക്തിയാര്‍ജിച്ചിരിക്കുന്നുവെന്നത് സത്യം മാത്രമാണ്. 

അസുഖം ഭേദപ്പെടുത്താനും സാമ്പത്തികപ്രശ്നങ്ങള്‍ മറികടക്കാനുമുള്ള കുറുക്കുവഴിയാണ് ചിലര്‍ക്കു മന്ത്രവാദം. മറ്റു ചിലര്‍ക്ക് ശത്രുസംഹാരവും മാനസികരോഗചികില്‍സയുമാണ്. വിശ്വസിക്കാനെത്തുന്നവരുടെ പ്രശ്നമേതായാലും മന്ത്രവാദികള്‍ക്ക് ഒരൊറ്റ കാര്യത്തിലേയുള്ളൂ താല്‍പര്യം. സാമ്പത്തികനേട്ടം. വിശ്വാസത്തിന്റെ പേരില്‍ ഇന്നേവരെ ഒരു മന്ത്രവാദിയും സൗജന്യമായി സേവനം നല്കിയതായി കേട്ടിട്ടില്ല. ആ സാമാന്യയുക്തി പക്ഷേ പാവം ഇരകളെ ഒരിക്കലും പിന്തിരിപ്പിച്ചിട്ടുമില്ല. സാമൂഹ്യാവസ്ഥയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ മാത്രമാണ് ഇരകളാവുന്നതെന്നും ചിന്തിക്കാനാവില്ല. ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിത സാഹചര്യവുമുള്ളവരും ഇത്തരം മന്ത്രവാദികള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന സാഹചര്യങ്ങള്‍ നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. 

ശാസ്ത്രീയബോധം വളര്‍ത്തുകയെന്നതു തന്നെയാണ് പ്രധാന പരിഹാരം. പക്ഷേ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും വരെ ക്രിയകള്‍ക്കു കൈ കൂപ്പുമ്പോള്‍ ശരിയായ SCIENTIFIC TEMPER എന്നു തന്നെ വ്യക്തമായി മനസിലാക്കി മുന്നോട്ടു പോകേണ്ടിവരും. ബോധവല്‍ക്കരണത്തിന്റെ പരിമിതികള്‍ മറികടക്കാന്‍ ശക്തമായ നിയമനിര്‍മാണവുമുണ്ടാകേണ്ടതുണ്ട്. മഹാരാഷ്ട്രയില്‍ 2013ല്‍  നടപ്പാക്കിയ അന്ധവിശ്വാസ വിരുദ്ധ നിയമം മറ്റു സംസ്‌ഥാനങ്ങൾക്കു മാതൃകയാവേണ്ടതാണ്. കേരളവും സമാനമായ നിയമം ആലോചിക്കുന്നതായി UDF സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങിയിരുന്നെങ്കിലും ഏറെ മുന്നോട്ടു പോയില്ല. ജനങ്ങളുടെ അന്ധവിശ്വാസത്തെ മുതലെടുക്കുന്ന വിധം മന്ത്രവാദവും മറ്റും പ്രയോഗിക്കുന്നതു നിയമവിരുദ്ധമാക്കുകയാണ് മഹാരാഷ്ട്ര ചെയ്തത്. ഈ നിയമപ്രകാരം 

മന്ത്രവാദം, നരബലി, രോഗം ഭേദമാക്കാനെന്ന പേരിലുള്ള ആഭിചാരക്രിയകൾ തുടങ്ങിയവയാണു  തടഞ്ഞത്. ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള ശാരീരിക പീഡനം ഉൾപ്പെടെ കുറ്റകരമാകുന്ന 12 വ്യവസ്‌ഥകളാണു നിയമത്തിലുള്ളത്. അമാനുഷികശക്‌തിയുണ്ടെന്നു പ്രചരിപ്പിക്കുക, ഏതെങ്കിലും വ്യക്‌തിയെ പിശാചുബാധ ആരോപിച്ചു ദ്രോഹിക്കുക, പ്രേതബാധയാണെന്നു വരുത്തിത്തീർത്തു വൈദ്യസഹായം നിഷേധിക്കുക, പാമ്പോ പട്ടിയോ തേളോ പോലുള്ള ജന്തുക്കളുടെ കടിയേറ്റാൽ മന്ത്രവാദം കൊണ്ടു മാറുമെന്നു പ്രചരിപ്പിക്കുക, ഗർഭസ്‌ഥശിശുവിന്റെ ലിംഗനിർണയവും ലിംഗമാറ്റവും മന്ത്രവാദത്താൽ സാധ്യമെന്നു വാഗ്‌ദാനം ചെയ്യുക, പുനർജന്മമെന്ന് അവകാശപ്പെടുക, ഇത്തരം അവകാശവാദങ്ങളുടെ മറവിൽ ലൈംഗികാതിക്രമങ്ങൾക്കു ശ്രമിക്കുക, മനോദൗർബല്യമുള്ള ആൾക്ക് അമാനുഷിക ശക്‌തികളുണ്ടെന്നു പ്രചരിപ്പിക്കുകയും ധനസമ്പാദനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയെല്ലാം മഹാരാഷ്‌ട്രയിലെ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം കേസുകളിൽ അറസ്‌റ്റിലായാൽ ജാമ്യം ലഭിക്കില്ല. കൊലപാതകം പോലെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ പോലും ആറുമാസം മുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കും. 5000 - 50,000 രൂപ പിഴശിക്ഷയ്‌ക്കും വകുപ്പുണ്ട്. . എയ്‌ഡ്‌സിനും കാൻസറിനും മാന്ത്രികമരുന്നുണ്ടെന്നു പത്രപ്പരസ്യം നൽകിയ രണ്ടുപേരെയാണു മഹാരാഷ്‌ട്രയിൽ ഈ നിയമപ്രകാരം ആദ്യം അറസ്‌റ്റ് ചെയ്‌തത്. ദൈവത്തിന്റെ അവതാരമെന്നു അവകാശപ്പെട്ടയാള്‍ക്കെതിരെയും നടപടിയുണ്ടായി.

നിയമം കൊണ്ടു മാത്രം പരിഹാരമാകില്ലെങ്കിലും നിയമം അനിവാര്യമാണെന്നു വിളിച്ചു പറയുന്നു കുറ്റകരമായ സംഭവങ്ങള്‍. തെളിവില്ലാത്തത് വിശ്വാസം, തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നത് ശാസ്ത്രം എന്നാണ് ലളിതമായ വ്യാഖ്യാനം. ദുര്‍ബലമനസുകള്‍ വിശ്വാസത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ സമൂഹത്തിന്റെ ആകെ ജാഗ്രത ആവശ്യമുണ്ട്. ഇരകള്‍ക്കു മാത്രമല്ല, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സമൂഹത്തിലാകെ  ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നത് അവഗണിക്കാനാകില്ല. 

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.