പോപ്പുലര്‍‌ ഫ്രണ്ടുകാരേ, നിങ്ങളല്ല ഇസ്ലാം; വേണ്ട ഈ തീവ്രവാദ രാഷ്ട്രിയം

pva-popular-front-t
SHARE

അഭിമന്യു കൊല്ലപ്പെട്ടു. കലാലയരാഷ്ട്രീയജീവിതത്തിനിടെയാണ് കൊല്ലപ്പെട്ടത്. പക്ഷേ അഭിമന്യു കലാലയരാഷ്ട്രീയത്തിന്റെ രക്തസാക്ഷിയല്ല. അക്രമരാഷ്ട്രീയത്തിന്റെയും രക്തസാക്ഷിയല്ല. അഭിമന്യു, തീവ്രവാദരാഷ്ട്രീയത്തിന്റെ ബലിയാടാണ്. അവനെ കൊന്നത് തീവ്രവാദരാഷ്ട്രീയമാണ്. SDPI എന്ന ഒളിപ്പേരില് കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അപായരാഷ്ട്രീയത്തെ തിരിച്ചറിയണമെന്ന് അഭിമന്യുവിന്റെ ജീവന് കേരളത്തോടാവശ്യപ്പെടുന്നു. മനുഷ്യത്വവിരുദ്ധമായ, ജനാധിപത്യവിരുദ്ധമായ പോപ്പുലര് ഫ്രണ്ട് രാഷ്ട്രീയത്തെ ഏതുവിധേനയും ചെറുക്കേണ്ടതുണ്ടെന്ന് അഭിമന്യു കേരളത്തെ പഠിപ്പിച്ചേ പറ്റൂ. ഈ കൊലയാളി വര്ഗീയരാഷ്ട്രീയത്തിന് കേരളത്തില് ഇടമില്ലെന്ന് ഉച്ചത്തിലുച്ചത്തില് നമ്മള് വിളിച്ചു പറയേണ്ടതുണ്ട്. വര്ഗീയത തുലയട്ടെ

കണ്ണീര്ത്തുള്ളികള് സാക്ഷ്യപ്പെടുത്തും അഭിമന്യു ആരായിരുന്നുവെന്ന്. വാക്കുകള് കൊണ്ട്  ആ സ്നേഹത്തെ മലിനമാക്കാന് തുനിയുന്നില്ല. 

അഭിമന്യു ആയതുകൊണ്ടു തന്നെയാണവന് കൊല്ലപ്പെട്ടത്. എസ്.എഫ്.ഐക്കാരന് ആയതുകൊണ്ടാണ് കൊലക്കത്തി അവനെ തിരഞ്ഞു കുത്തിയത്. ഇടതുപക്ഷമായതുകൊണ്ടു തന്നെയാണ് അവന് അവസാനിക്കണമെന്ന് കൊലയാളികള് തീരുമാനിച്ചത്. അതുകൊണ്ട് അഭിമന്യുവിനുള്ള യഥാര്ഥ ശ്രദ്ധാഞ്ജലി, കൊന്നവരെ തുറന്നു കാണിക്കലാണ്. 

ആദ്യമേ പറയട്ടെ, ചില ക്യാംപസുകളില് എസ്.എഫ്.ഐ ജനാധിപത്യവിരുദ്ധ പ്രവണതകള് സ്വീകരിച്ചിട്ടുണ്ട്. ക്യാംപസ് രാഷ്ട്രീയം അക്രമരാഷ്ട്രീയത്തിന്റെ പേരില് പ്രതിരോധത്തിലായതില് എസ്.എഫ്.ഐയ്ക്കും വലിയ പങ്കുണ്ട്. കേരളത്തിലാകെ അക്രമരാഷ്ട്രീയത്തിന്റെ പേരില് ഏറ്റവും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള പാര്ട്ടികളിലൊന്ന് സി.പി.എമ്മാണ്. രാഷ്ട്രീയസംഘര്ഷങ്ങളില് സി.പി.എമ്മുകാര് കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ശരിയാണ്, വസ്തുതകളാണ്. പക്ഷേ ഇതൊന്നും മഹാരാജാസില് അഭിമന്യുവിന്റെ ജീവനെടുത്തവരെ പ്രതിരോധിക്കാനുള്ള മറുചോദ്യങ്ങളല്ല. ഒരു ഇരുപതുകാരനെ ആസൂത്രിതമായി കൊലപ്പെടുത്തിയ മതതീവ്രവാദസംഘടനയ്ക്കു വേണ്ടി  ഈ ചോദ്യങ്ങളുയര്ത്തുന്നത് ബാലിശവും അരാഷ്ട്രീയവുമാണ്. അക്രമരാഷ്ട്രീയമെന്നല്ല തീവ്രവാദരാഷ്ട്രീയമെന്നു തന്നെ തിരുത്തി വിളിക്കണം കേരളം. ഇവിടെ പ്രസക്തമായ ചോദ്യം ഒന്നു മാത്രമാണ്. എന്തിനാണ് പോപ്പുലര് ഫ്രണ്ട് അഭിമന്യുവിനെ കൊന്നുകളഞ്ഞത്?

എസ്.ഡി.പി.ഐ തങ്ങളുടെ പങ്കാളിത്തം നിഷേധിച്ചത് ശരിയാണ്. എസ്.ഡി.പി.ഐ എന്ന പേരിലല്ല, പോപ്പുലര് ഫ്രണ്ട് എന്ന പേരില് തന്നെയാണ് ഈ കൊലയാളികളെ വിളിക്കേണ്ടത്. ജനാധിപത്യത്തെ മാനിക്കുന്നുവെന്നു വരുത്തിത്തീര്ക്കാന് പോപ്പുലര് ഫ്രണ്ട് രൂപീകരിച്ച ഒരു രാഷ്ട്രീയസംഘടനയാണ് SDPI. പക്ഷേ ഇത്തരം അക്രമസംഭവങ്ങളില് കൈയറപ്പില്ലാതെ ജീവനെടുക്കാന് പരിശീലനം നേടിയവര് പോപ്പുലര് ഫ്രണ്ടിന്റെ കോര്ഗ്രൂപ്പുകാര് തന്നെയാണ്. ചോര വീഴ്ത്തി, ഭീതി പടര്ത്താന് പരിശീലനം നേടിയവരെ SDPI എന്ന ഓമനപ്പേരിട്ടല്ല വിളിക്കേണ്ടത്. അവര് പോപ്പുലര് ഫ്രണ്ടുകാരാണ്. എന്.ഡി.എഫുകാരാണ്. എന്താണ് എന്.ഡി.എഫെന്നും അവരെങ്ങനെ പോപ്പുലര് ഫ്രണ്ടായെന്നും പിന്നീടെങ്ങനെ SDPI എന്ന പ്രച്ഛന്നവേഷത്തില് നമ്മുടെ മുന്നിലെത്തിയെന്നും മറന്നു പോകാതെ ഓര്മിച്ചെടുക്കേണ്ടതുണ്ട്. 1993ലാണ് നാഷനല് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന എന്.ഡി.എഫ്. രൂപീകരിക്കപ്പെടുന്നത്. 

ന്യൂനപക്ഷ സംരക്ഷകരെന്ന രാഷ്ട്രീയം ഉയര്ത്തിയായിരുന്നു രൂപീകരണം. 2006ല് അയല്സംസ്ഥാനങ്ങളിലെ സമാനസ്വഭാവമുള്ള സംഘടനകളുമായി ലയിച്ച് പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യ നിലവില് വന്നു. 2009 ജൂണിലാണ് പോപ്പുലര് ഫ്രണ്ടിന്റെ രാഷ്ട്രീയസംഘടനയായി എസ്.ഡി.പി.ഐ രൂപീകരിക്കപ്പെടുന്നത്. പോപ്പുലര് ഫ്രണ്ടിന്റെ ക്യാംപസ് കക്ഷിയായി ക്യാംപസ് ഫ്രണ്ടും, സ്ത്രീകളുടെ സംഘടനയായി വിമന്സ് ഫ്രണ്ടും രൂപീകരിച്ച് വിവിധ തലങ്ങളില് സംഘടന പ്രവര്ത്തനം സജീവമാക്കി.  ന്യൂനപക്ഷരാഷ്ട്രീയപ്രശ്നങ്ങളിലെ വൈകാരികതലം മാത്രം മുന്നിര്ത്തിയായിരുന്നു രാഷ്ട്രീയപ്രവര്ത്തനം. 

പോപ്പുലര് ഫ്രണ്ട്   പ്രതിനിധീകരിച്ചത് മുസ്ലിങ്ങളെയല്ല. അവര് തന്നെ സൃഷ്ടിച്ചെടുത്ത മതവൈകാരികതയെ മാത്രമാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനെന്ന് അവകാശപ്പെടുന്ന  പോപ്പുലര് ഫ്രണ്ടില് നിന്നാണ് മുസ്ലിം സമൂഹത്തിന് സംരക്ഷണം വേണ്ടത്. സമുദായത്തെക്കൂടി പ്രതിരോധത്തിലാക്കുന്ന, ചോരപുരണ്ട രാഷ്ട്രീയ ചരിത്രമാണ് കേരളത്തില് പോപ്പുലര് ഫ്രണ്ടിനുള്ളത്. ഒരു ചോദ്യത്തിന്റെ പേരില് അധ്യാപകന്റെ കൈവെട്ടിയെടുത്ത, മതനിന്ദയെന്ന പേരിട്ട് ആരുടെയും ജീവനെടുക്കാന് മടിക്കാത്ത ഈ ഹീനമായ പ്രത്യയശാസ്ത്രത്തിന് രാഷ്ട്രീയമെന്ന വിളിപ്പേരു പോലും അവകാശപ്പെടാനാകില്ല. രക്തകളങ്കിതമായ പോപ്പുലര് ഫ്രണ്ട് പ്രവര്ത്തനശൈലിക്ക് അവസാനം കുറിക്കാന് അഭിമന്യുവിന്റെ ജീവന് നമ്മളെ പ്രേരിപ്പിക്കേണ്ടതുണ്ട്. അവന് അര്ഹിക്കുന്ന നീതി അതു മാത്രമാണ്. അതുതന്നെയാണ്. 

മഹാരാജാസ് കോളജില് ഒരു ചുവരെഴുത്തിന്റെ പേരിലുണ്ടായ തര്ക്കമാണ് അരുംകൊലയിലേക്കു നയിച്ചത്. സംഘര്ഷാന്തരീക്ഷം പോലുമുണ്ടായിരുന്നില്ലെന്ന് രാഷ്ട്രീയമായി എസ്.എഫ്.ഐയുടെ ചിരവൈരികളായ കെ.എസ്.യു പോലും സാക്ഷ്യപ്പെടുത്തുന്നു. ക്യാംപസ് ഫ്രണ്ടുകാരും എസ്.എഫ്.ഐക്കാരും തമ്മില് തര്ക്കമുണ്ടായപ്പോള് പുറത്തു കാത്തുനിര്ത്തിയവരെന്നു പൊലീസ് കണ്ടെത്തിയ പോപ്പുലര് ഫ്രണ്ടുകാര് രംഗത്തെത്തുന്നു. കൊലപ്പെടുത്താന് ഉദ്ദേശിച്ചു തന്നെയുള്ള പരിശീലനമാര്ജിച്ച കുത്താണ് അഭിമന്യുവിന്റെ നെഞ്ചിലേല്പ്പിച്ചതെന്ന് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് വ്യക്തമാക്കുന്നു. ഗുരുതരമായി പരുക്കേറ്റ അര്ജുന്റെയും പരുക്ക് സമാനസ്വഭാവമുള്ളതാണ്. ഒരു പ്രകോപനം പോലും ആരോപിക്കാനാകാത്ത സര്വര്ക്കും സ്വീകാര്യനായിരുന്ന പിന്നാക്ക ദളിത് കുടുംബാംഗമായിരുന്ന അഭിമന്യുവിന്റെ ജീവനെടുത്തവരുടെ ലക്ഷ്യമെന്തായിരുന്നു? ഒന്നു മാത്രം . ഭീതി സൃഷ്ടിക്കണം. നേരായ രാഷ്ട്രീയത്തിലൂടെ സാന്നിധ്യമറിയിക്കാനാകുന്നില്ലെങ്കില് കൊന്നും കൊലവിളിച്ചും മുന്നറിയിപ്പാകണം. വര്ഗീയത തുലയട്ടെയെന്ന് ക്യാംപസ് ഫ്രണ്ടിന്റെ ചുമരെഴുത്ത് തിരുത്തിയാല് തിരിച്ചടി ജീവനെടുത്തായിരിക്കുമെന്ന ഭീഷണിയാകണം. മറ്റെന്തിനാണ് ഒരു ചോദ്യത്തിന്റെ പേരില് അവര് ജോസഫ് മാഷിന്റെ കൈ വെട്ടിയെടുത്തത്? പ്രവാചകനോ മതത്തിനോ അംഗീകരിക്കാന് കഴിയാത്ത ഭീകരത ഉയര്ത്തി അവരെന്തിനു വേണ്ടി നിലകൊള്ളുന്നുവെന്നാണ്? 

കേരളത്തിന്റെ സമീപകാല രാഷ്ട്രീയചരിത്രത്തിലേക്ക് ഒരല്പം ആഴത്തില് ഇറങ്ങിനോക്കണം. കേരളത്തില് അങ്ങോളമിങ്ങോളം ചോര പുരണ്ട നിരവധി ജീവിതങ്ങളില് പോപ്പുലര് ഫ്രണ്ട് ഭീഷണിയുടെ കൈയൊപ്പ് പതിച്ചിട്ടുണ്ട്. മതന്യൂനപക്ഷ സംരക്ഷരുടെ കത്തിമുനയില് അതേ സമുദായാംഗങ്ങള് പോലും കൊല്ലപ്പെട്ടു. എന്നിട്ടും മതത്തിന്റെ പേരില് ഈ സംഘടനയ്ക്ക് ഇവിടെ വേരുകള് നിലനില്ക്കുന്നുവെങ്കില് മറുപടി പറയാനുള്ള ഉത്തരവാദിത്തം ആ സമുദായത്തിനല്ല, കേരള സമൂഹത്തിനുള്ളതാണ്. മാറിമാറി ഭരിച്ച സര്ക്കാരുകള്ക്കും മുഖ്യധാരാ രാഷ്ട്രീയ പാര്ട്ടികള്ക്കും പോപ്പുലര് ഫ്രണ്ടിന്റെ ഭീകരപ്രവര്ത്തനത്തിനു മറുപടി പറയാന് ബാധ്യതയുണ്ട്.

പ്രഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിമാറ്റിയ പോപ്പുലര് ഫ്രണ്ട് രാഷ്ട്രീയത്തെ കണ്ടാണ് കേരളം പകച്ചുപോയത്. പച്ചയായ മതവര്ഗീയത നേരില് കണ്ടപ്പോള്. പക്ഷേ അതിനു മുന്പും ശേഷവും പോപ്പുലര് ഫ്രണ്ട് അവര്ക്കു വേണ്ടിടത്തെല്ലാം ചോര വീഴ്ത്തി ഇവിടെത്തന്നെയുണ്ടായിരുന്നു. കൊടിഞ്ഞിയില് മതപരിവര്ത്തനം നടത്തിയ ഫൈസലിനെ ആര്.എസ്.എസുകാര് കൊലപ്പെടുത്തിയപ്പോള് പ്രതികാരം നിര്വഹിക്കാനെത്തിയത് പോപ്പുലര് ഫ്രണ്ടാണ്. ഫൈസല് വധക്കേസിലെ പ്രതികളിലൊരാളായ ബിപിന്റെ ജീവനെടുത്തതിന് പിടിയിലായത് പോപ്പുലര് ഫ്രണ്ടുകാരാണ്. കൂത്തുപറമ്പ് കണ്ണവത്തെ ശ്യാംപ്രസാദ് എന്ന ആര്.എസ്.എസ്. പ്രവര്ത്തനെ വെട്ടിക്കൊലപ്പെടുത്തിയത് പോപ്പുലര് ഫ്രണ്ടുകാരാണ്. രാജ്യാന്തരഭീകരസംഘടനയായ ഐ.എസില് ചേര്ന്ന് പ്രവര്ത്തിക്കാനായി കേരള്തതില് നിന്നു പോയ പതിനഞ്ചോളം പേര് പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകരായിരുന്നു.  തിരുവനന്തപുര്ത്ത ദേശാഭിമാനി ലേഖകനെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാന് ശ്രമിച്ചത് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കേരളം നേരില് കണ്ടതാണ്. ക്യാംപസുകളിലും  പ്രകോപനങ്ങളൊന്നുമില്ലാതെ ഏകപക്ഷീയമായി മാരകായുധങ്ങള് ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരുക്കേല്പിച്ച അനവധി സംഭവങ്ങള് ക്യാംപസ് ഫ്രണ്ടിന്റെ പേരിലുണ്ട്. കൊലപാതകങ്ങളുണ്ട്. കോളജുകളിലെ നിസാരപ്രശ്നങ്ങളില് പോലും അക്രമാസക്തമായ പ്രതിഷേധങ്ങളുടെ ചരിത്രമുണ്ട്.  മതമുള്ളതും മതമില്ലാത്തതുമായ ഒട്ടേറെ ആക്രമണക്കേസുകളില് പോപ്പുലര് ഫ്രണ്ടുണ്ട്. 

എന്നുവച്ചാല് പോപ്പുലര് ഫ്രണ്ടിന് ചോര വീഴ്ത്താന്  വേണ്ടത് ഒരു കാരണം മാത്രമെന്നു ചുരുക്കം. ആ കാരണം മതപരമായാല് ന്യായീകരണമായെന്നു മാത്രം, അതുണ്ടാകണമെന്നു നിര്ബന്ധമില്ല. പോപ്പുലര് ഫ്രണ്ടിന്റെ ഇടപെടലില് ചോരക്കൊതി പൂണ്ടിരിക്കുന്ന ആര്.എസ്.എസിനെയും കാണാതെ മതേതരകേരളത്തിനു മുന്നോട്ടു പോകാനാകില്ല. ന്യൂനപക്ഷവര്ഗീയതയ്ക്കും ഭൂരിപക്ഷ വര്ഗീയതയ്ക്കും ഒരേ പ്രതിരോധം തീര്ക്കണമെന്ന ഭാരിച്ച സാമൂഹ്യദൗത്യമാണ് കേരളം ഏറ്റെടുക്കേണ്ടത് . സൂക്ഷ്മതയോടെ. 

ഹാദിയ കേസില് കോടതി നീതിയുടെ മറുപക്ഷത്തു നിന്നപ്പോള് മേല്ക്കോടതിയെ സമീപിക്കുന്നതിനു പകരം മുസ്ലിം ഐക്യവേദിയെന്ന പേരില് പ്രകോപനപരമായ മാര്ച്ച് സംഘടിപ്പിച്ച പോപ്പുലര് ഫ്രണ്ടിനെ തെറ്റിദ്ധരിച്ചുപോയവരുണ്ട് കേരളത്തില്. ഒരു സമരത്തിലും ആത്മാര്ഥതയോടെ, ലക്ഷ്യബോധത്തോടെ നിലകൊണ്ടിട്ടില്ലെങ്കിലും കുറേയേറെ മനുഷ്യരെ മുദ്രാവാക്യങ്ങളുടെ മറവില് തെറ്റിദ്ധരിപ്പിക്കാന് പോപ്പുലര് ഫ്രണ്ടിനു കഴിഞ്ഞിട്ടുണ്ട്. അവിടെയെല്ലാം അതു തിരിച്ചറിയുന്നതിലും ഇടം കൊടുക്കാതിരിക്കാന് ജാഗ്രത പുലര്ത്തുന്നതിലും മുഖ്യധാരാരാഷ്ട്രീയപ്ാര്ട്ടിക്കള്ക്കും സമൂഹത്തിനും വീഴ്ച വന്നിട്ടുമുണ്ട്. അങ്ങനെ സംഭവിക്കുമ്പോഴെല്ലാം ആര്.എസ്.എസിന്റെ നിഗൂഢമായ സന്തോഷവും കേരളം വേണ്ടതുപോലെ തിരിച്ചറിഞ്ഞിട്ടില്ല. അപൂര്വം ചില അക്രമസംഭവങ്ങളിലൊഴികെ പോപ്പുലര് ഫ്രണ്ടിന്റെ ശത്രുപക്ഷത്തുണ്ടായിരുന്നത് ആര്.എസ്.എസ് അല്ലെന്നു പ്രത്യേകം ഓര്ക്കേണ്ടതുണ്ട്. പരസ്പരം പരിപോഷിപ്പിക്കുന്ന വര്ഗീയ സംഘടനകളായിത്തന്നെയാണ് കേരളത്തില് പോപ്പുലര് ഫ്രണ്ടും ആര്.എസ്.എസും പ്രവര്ത്തിച്ചു പോരുന്നത്. ഇരുകൂട്ടരുടെയും ശത്രു മതേതരവിശാലമനസുള്ളവരാണ്. മതേതരത്വവും ജനാധിപത്യവുമാണ് അവരുടെ യഥാര്ഥ ശത്രുക്കള്.  അതുകൊണ്ട് ക്യാംപസിലേക്കു വര്ഗീയതയുംകൊണ്ടു വരേണ്ടെന്ന് ക്യാംപസ് ഫ്രണ്ടിനോടു മാത്രമല്ല, വേഷം മാറിയെത്തുന്ന ആരോടും ചങ്കുറപ്പോടെ പറയാന് കേരളത്തിലെ വിദ്യാര്ഥിരാഷ്ട്രീയം ഒറ്റക്കെട്ടായി നില്ക്കണം. എസ്.എഫ്.ഐയും കെ.എസ്.യുവും കൈകോര്ക്കണം. കേരളത്തിനാകെയും അതേ ജാഗ്രതയുണ്ടാകണം. പ്രാദേശികതലങ്ങളില് അവര്ക്കുമുന്നില്‍‌  കണ്ണടയ്ക്കുന്ന ഒരു രാഷ്ട്രീയപാര്ട്ടിക്കും കേരളം മാപ്പു നല്കാന് പാടില്ല. 

ആര്.എസ്.എസിന്റെയും പോപ്പുലര് ഫ്രണ്ടിന്റെയും മതവാദത്തിനിടയില് ഞെരിഞ്ഞു തീരാനുള്ളതല്ല, കേരളത്തിന്റെ പ്രബുദ്ധരാഷ്ട്രീയജീവിതം. അവര് വിതയ്ക്കുന്ന ഭീതിയില് പതറിപ്പോകാനുള്ളതല്ല കേരളത്തിന്റെ ക്യാംപസ് ജീവിതം. നമ്മുടെ സാമൂഹ്യജീവിതത്തിലെ ഒരിഞ്ചു സ്ഥലം പോലും അവര്ക്കു നീക്കിവയ്ക്കാതിരിക്കുകയാണ് നമുക്കാദ്യം ചെയ്യാനുള്ളത്. അനീതിക്കിടം നല്കാതിരിക്കുകയെന്നതാണ് നമുക്കുണ്ടാകേണ്ട ജാഗ്രത. ഉന്നതമായ ജനാധിപത്യബോധവും വിട്ടുവിഴ്ചയില്ലാത്ത മതേതരനിലപാടും ആവര്ത്തിച്ചാവര്ത്തിച്ചുറപ്പിക്കുകയാണ് നമ്മള് ചെയ്യേണ്ടത്. ഈ കൈവെട്ടുരാഷ്ട്രീയത്തിന് നമ്മുടെ ജീവിതത്തില് ഇടമില്ലെന്ന് ജീവിതം കൊണ്ടാണ് നമ്മള് പ്രഖ്യാപിക്കേണ്ടത്. പോപ്പുലര് ഫ്രണ്ടിനെ നിയമം നിയമത്തിന്റെ വഴിക്കും സമൂഹം സമൂഹത്തിന്റെ വഴിക്കും ഒറ്റപ്പെടുത്തണം. ജനാധിപത്യഇന്ത്യയില് മതേതരകേരളത്തില് ഒരു നെല്ലിട ഇടം പോലും ഈ രാഷ്ട്രീയം അര്ഹിക്കുന്നില്ല. ഇതിനു മുന്പും അവര് പ്രതിസ്ഥാനത്തു വന്നിട്ടുണ്ടല്ലോ, ഇപ്പോള് പ്രത്യേകിച്ചെന്ത് എന്നൊരു ചോദ്യം മനസിലുണ്ടെങ്കില്, അഭിമന്യുവിനെ കൊല്ലാന് കഴിയുമെങ്കില് അവര്ക്കാരെയാണ് കൊല്ലാനാകാത്തത്? ഒരു മനുഷ്യന് അവരോട് എന്ത് ഇടപെടലാണ് സാധ്യമാകുന്നത്? സംവാദം സാധ്യമല്ലാത്ത മനുഷ്യത്വവിരുദ്ധതയാണ് പോപ്പുലര് ഫ്രണ്ട്. അവരിനിയും മതം പരിചയാക്കി, ഇരവാദവുമായി വരും. ഉറക്കെപ്പറയണം, നിങ്ങളല്ല ഇസ്‍ലാമെന്ന് ഞങ്ങള്‍ക്കറിയാം., സമുദായത്തിനുമറിയാം. 

MORE IN PARAYATHE VAYYA
SHOW MORE