പെണ്ണുങ്ങളേ, നിങ്ങളുടേത് വിപ്ലവം; ഈ ‘അമ്മ’ ആര്‍ക്കൊപ്പമാണ്..?

parayathe-vayya-2
SHARE

ഒരു ക്രിമിനല്‍, ഒരു സ്ത്രീയോട് എന്തു ചെയ്തുവെന്നത് സമൂഹത്തെ ആശങ്കപ്പെടുത്തും. പക്ഷേ നമ്മള്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വലിയ കൂട്ടം ആളുകള്‍ സംഘം ചേര്ന്ന് ആ സ്ത്രീയോട് എന്തു ചെയ്യുന്നുവെന്നത്  സമൂഹത്തെ പരിധിയില്ലാതെ പേടിപ്പിക്കേണ്ടതാണ്. നീതിയല്ലെന്നുറപ്പുള്ള, സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഒരു സമീപനം സ്വന്തം സഹപ്രവര്ത്തകയോട് കൈക്കൊള്ളാന് മടിയില്ലാത്ത ഈ മനുഷ്യരെയാണ്  നമ്മള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നത് . ജീവിതത്തിന്റെ തിരക്കഥയില് നീതിയെന്നാല് കോടതി വിധിക്കുന്ന ക്ലൈമാക്സ് മാത്രമല്ല.  അനീതി തിരിച്ചറിഞ്ഞ ശേഷം ഓരോ നിമിഷവും നിങ്ങള്‍ എന്തു സമീപനം സ്വീകരിക്കുന്നുവെന്നതു കൂടിയാണ് നീതി. ഈ സംഘടന ഇനി അമ്മ എന്ന വിളി കേള്ക്കാന് യോഗ്യരല്ല. 

ശരിയേത്, തെറ്റേത് എന്നു സംശയം തോന്നാന്‍ പാടില്ലാത്ത ചില ചോദ്യങ്ങളുണ്ട്. ആക്രമണത്തിനിരയായ നടിയ്ക്കൊപ്പം നില്ക്കണോ, കുറ്റാരോപിതനൊപ്പം നില്ക്കണോ എന്ന ചോദ്യം അതിലൊന്നാണ്. അവിടെ ശരി ഒന്നേയുള്ളൂ, പരാതിക്കാരിക്കൊപ്പം , അവള്ക്കൊപ്പമെന്നാല് അവള്ക്കൊപ്പം തന്നെയാണ്. അവിടെ ഒത്തുതീര്പ്പിന്റെ, ഒളിച്ചുകടത്തലിന്റെ, അവിടെയും ഇവിടെയുമല്ലാത്ത രാഷ്ട്രീയം പറയാന് പറയാന് വരരുത്. അത് സ്ത്രീവിരുദ്ധമാണ്. മനുഷ്യത്വവിരുദ്ധമാണ്. 

ദിലീപ് കുറ്റവാളിയാണോ എന്ന് അന്തിമതീര്പ്പ് പറയേണ്ടത് കോടതിയാണ്. പക്ഷേ ദീലീപ് ഇപ്പോള് കുറ്റാരോപിതനാണ്. സംസ്ഥാനത്തെ നിയമപാലനസംവിധാനം തെളിവുകളുടെ അടിസ്ഥാനത്തില്, ദിലീപ് കുറ്റവാളിയാണെന്നു സ്ഥാപിക്കുന്ന കുറ്റപത്രം കോടതിയിലാണ്. വിചാരണാനടപടികള് തുടങ്ങിക്കഴിഞ്ഞു. കോടതിവിധികള് സത്യത്തിന്റെ അന്തിമപ്രഖ്യാപനമാണെന്ന വിശ്വസിക്കാന് കഴിയുന്ന ചരിത്രമൊന്നും നമുക്കില്ല. പ്രത്യേകിച്ചും സ്ത്രീകള്ക്കെതിരായ അതിക്രമക്കേസുകളില്. എങ്കിലും കോടതിയുടെ തീര്പ്പ് സമൂഹം അംഗീകരിക്കും. പക്ഷേ അതിക്രമത്തിനിരയായ വനിതയ്ക്കു ലഭിക്കേണ്ട ഒരേയൊരുനീതി കോടതിവിധിയെന്ന ഒറ്റക്ലൈമാക്സാണെന്നു പ്രഖ്യാപിക്കാന് ഇത് സിനിമയുടെ തിരക്കഥയല്ല. അതിക്രമമുണ്ടായെന്നറിയുന്ന നിമിഷം മുതല് സമൂഹത്തിന്റെ ഉപാധികളില്ലാത്ത പിന്തുണയാണ് ഏറ്റവും പ്രധാനപ്പെട്ട നീതി. ആ നീതിയാണ് അവള്ക്കൊപ്പമെന്നു പ്രഖ്യാപിച്ച അവള്‍ കൂടി അംഗമായ സംഘടനയും സിനിമാസമൂഹവും നിഷേധിച്ചു കളഞ്ഞത്. 

അനീതിയെന്ന ഉറച്ച ബോധ്യമുണ്ടായിട്ടും ഈ തീരുമാനമെടുക്കാന് ആ സംഘടനയ്ക്കു ധൈര്യമുണ്ടായി എന്നിടത്തു തോറ്റുപോകുന്നു കേരളം.  നമ്മുടെ നീതിബോധത്തെ വെല്ലുവിളിക്കുന്നു  സിനിമക്കാര്. നമ്മള് വിശ്വസിച്ചവര്, നമ്മള് സ്നേഹത്തില് പടുത്തുയര്ത്തിയവര്. നമ്മുടെ പിന്തുണ കൊണ്ടു മാത്രം താരങ്ങളായവര്. അവരാകെ ഇന്നു ആ പെണ്കുട്ടിയെയും കേരളത്തെയും അപഹാസ്യരാക്കുമ്പോള് ചോദ്യം ചെയ്യാന് ധൈര്യം കാണിച്ച നാലു വനിതകള് ചരിത്രത്തില് ഇടംപിടിച്ചു. മൂന്നരക്കോടിയില് എത്ര ലക്ഷം ആണുങ്ങളും പെണ്ണുങ്ങളും  നിരന്നു നിന്ന് കൂക്കിവിളിച്ചാലും ഇനിയവരെ തൊടാനാകില്ല. അനീതിക്കെതിരെ ശബ്ദിച്ചവരാണവര്. ചോദ്യം ചെയ്തവര്. ഇവിടെ മലയാളസിനിമയുടെ പുതിയ ചരിത്രം തുടങ്ങുകയാണ്.

ആരും പ്രതീക്ഷിക്കാത്ത തീരുമാനമാണ്. അധികാരത്തിന്റെയും പണത്തിന്റെയും താരപ്പൊലിമയുടെയും ഹുങ്ക് മനുഷ്യത്വത്തിനും മുകളിലെന്ന് പ്രഖ്യാപിക്കാന് മമ്മൂട്ടിയും മോഹന്‍ലാലും നയിക്കുന്ന സിനിമാലോകത്തിന് ധാര്ഷ്ട്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കാത്തവരായിരുന്നു ഭൂരിപക്ഷമെന്നു പ്രതികരണങ്ങള് തെളിയിക്കുന്നു. മനസ് ആര്ക്കൊപ്പമെന്നു നേരത്തേ അറിയാമെങ്കിലും. 

കേരളം ഭരിക്കുന്ന രാഷ്ട്രീയമുന്നണി നമുക്ക് കണ്ടെത്തിത്തന്ന ജനപ്രതിനിധികളാണ് തീരുമാനത്തിന് നേതൃത്വം നല്കിയത്. യോഗത്തില് പങ്കെടുത്ത 312 പേരില് ഒരൊറ്റൊരാള് പോലും എതിര്ത്തില്ലെന്ന് കൈമലര്ത്തി ന്യായീകരണക്കാരായി എത്തിയവരില് ചിലര്. ദിലീപിനെ ആദ്യം പുറത്താക്കിയത് ശരിയായ നടപടിയിലൂടെയായിരുന്നില്ല. അതുകൊണ്ട് തിരിച്ചെടുക്കുന്നു. പക്ഷേ അതു നേരിട്ടു പറയാനുള്ള ധൈര്യം പോലുമില്ലാത്തതിനാല് മാധ്യമങ്ങളെ പോലും അകറ്റിനിര്ത്തിയയിരുന്നു തീരുമാനം. 

പിന്നെ പൊതുസമൂഹം . അവരെ എന്തിനു ബോധിപ്പിക്കാനാണ്. തിരശീലയില്‍ ഇനിയും സ്ത്രീസുരക്ഷാമുദ്രാവാക്യങ്ങള്‍ തീപ്പൊരി പാറിക്കുമ്പോള് വന്നിരുന്നു കൈയടിച്ചു പോകാനുള്ളവര് മാത്രം.

ഇവിടെയാരും സംഘടനയുടെ ആഭ്യന്തരകാര്യത്തില് ഇടപെടാന് ചെന്നിട്ടില്ല. ഇടപെട്ടത് അനീതിയിലാണ്.  ആക്രമണത്തിനിരയായ നടിയാണ് അനീതിയില് പ്രതിഷേധിച്ചു സംഘടനയില് നിന്നു രാജിവച്ചത്. ക്വട്ടേഷന് ലൈംഗികാക്രണമെന്ന് ഈ സര്ക്കാര് സാക്ഷ്യപ്പെടുത്തിയ ക്രൂരതയുടെ പേരില് അവര് നേരിട്ട തുടര്പീഡനത്തെക്കുറിച്ചാണ് സമൂഹം വേവലാതിപ്പെട്ടത്. അത് ഒരു സംഘടനയുടെയും ആഭ്യന്തരകാര്യമല്ല. സമൂഹം ഒപ്പം നില്ക്കുന്നുവെന്നു പ്രഖ്യാപിച്ച ആ വനിതയെ ഒറ്റപ്പെടുത്തുന്നതിനെതിരെയാണ് മൂന്നു പ്രധാന വനിതകള് കൂടി സംഘടനയില് നിന്നു രാജിവച്ചത്. അനീതി സംഭവിക്കുന്ന എവിടെയും ഇടപെടേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. 

അമ്മ എന്ന സംഘടനയുടെ ഭാരവാഹികളെപ്പോലെ പൊതുസമൂഹത്തില്‍ നിന്ന്  ഒളിച്ചോടിയില്ല പ്രതിഷേധിച്ചു രാജിനല്കിയവര്. അവര് എണ്ണമിട്ടു ചോദ്യങ്ങള് ചോദിച്ചു. ദിലീപിനെ തിരിച്ചെടുക്കാന് ഏതു സാഹചര്യത്തില് മാറ്റമുണ്ടായി? ആക്രമമണത്തിനും മുന്നേ ഞാന് ഉന്നയിച്ച പരാതികള് നിങ്ങളെന്തു ചെയ്തുവെന്ന മൂര്ച്ചയുള്ള ചോദ്യമുന്നയിച്ചത് ആക്രമിക്കപ്പെട്ട നടി തന്നെയാണ്. ഞാന് സജീവമല്ലാതെ മാറിനിന്നോളാമെന്നു ദിലീപ് മറുപടി പറഞ്ഞപ്പോഴും WCC അംഗങ്ങള് വ്യക്തമാക്കി. ചോദ്യം സംഘടനയോടാണ്, ദിലീപിനോടല്ല. ആക്രമണത്തിനിരയായവള്ക്കൊപ്പമല്ലെന്നും കുറ്റാരോപിതനൊപ്പമെന്നും പ്രഖ്യാപിക്കുന്ന സംഘടനയില് എന്തിനു തുടരണം എന്ന അടിസ്ഥാനചോദ്യത്തിനു ഇതുവരെയാരും മറുപടി പറഞ്ഞിട്ടില്ല. 

സിനിമയിലെ വനിതാക്കൂട്ടായ്മയുടെ ശക്തമായ നിലപാടും ഇടപെടലുമാണ് ആക്രമണത്തിനിരയായ സ്ത്രീക്കനുകൂലമായ നടപടികള് ഉറപ്പാക്കിയത്. അവിടെ തീരുന്നതല്ല സിനിമയിലെ ചൂഷണമെന്നു തുറന്നു പറഞ്ഞതും അവരാണ്. സമൂഹം ഇടപെടേണ്ട കടുത്ത അനീതികള്ക്കിരയാകുന്നു സിനിമാലോകത്തെ വനിതകളെന്നു സര്ക്കാരിന്റെ ശ്രദ്ധയില് പെടുത്തിയും അവരാണ്. അവര് നഷ്ടങ്ങള് നേരിടാന് തയാറായതുകൊണ്ടു കൂടിയാണ് സര്ക്കാര് ഇക്കാര്യങ്ങള് പഠിക്കാന് ഒരു കമ്മിഷനെ ചുമതലപ്പെടുത്തിയതും നീതി വാഗ്ദാനത്തിലെങ്കിലും ഉറപ്പു നല്കിയതും. 

സര്ക്കാരിന്റെ ഇടപെടലിനെയും സമൂഹത്തിന്റെ ജാഗ്രതയെയും വെല്ലുവിളിക്കുന്ന തീരുമാനമാണ് സിനിമാസംഘടന കൈക്കൊണ്ടത്. കുറച്ചുപേര്, വളരെ കുറച്ചു സ്ത്രീകള്  തെറ്റ് തിരുത്തിയേ തീരൂവെന്ന്  സമരം തീര്ക്കുമ്പോള്, സംഘടനയെ തകര്ക്കാന് ശ്രമിക്കരുതെന്നു ന്യായം പറയുന്ന സി.പി.എമ്മാണ് ഈ ലക്കത്തിലെ  വിചിത്രമായ കാഴ്ച. അനീതിയെന്നു പൂര്ണമായ ഉറപ്പുള്ള ഒരു തീരുമാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണ് സഖാക്കളേ സംഘടനയെ തകര്ക്കാനുള്ള ശ്രമമാകുന്നത്?ശരിക്കും  നിങ്ങള്  ആര്ക്കൊപ്പമാണ് ? 

സഖാവ് വൃന്ദാകാരാട്ട് സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടേറിയറ്റിന്റെ പാര്ട്ടി ക്ലാസുകളില് പങ്കെടുക്കാത്തതുകൊണ്ടാകണം ഇതുപോലുള്ള മാനുഷികമായ സംശയങ്ങളുണ്ടാകുന്നത്. തീരുമാനം തെറ്റാണെന്നുറപ്പിച്ചു പറയുന്ന സെക്രട്ടേറിയറ്റ് വാര്ത്താക്കുറിപ്പില് പങ്കുവച്ച AMMAയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഉള്ക്കൊള്ളാത്തതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളുമുണ്ടാകുന്നത്. തെറ്റു ചെയ്തതു സംഘടന തന്നെയാണ്, പക്ഷേ ആ സംഘടനയെ 

ചോദ്യം ചെയ്യുന്നതാണ് വലിയ തെറ്റായി സി.പി.എം കണ്ടെത്തിയിരിക്കുന്നത്. അനീതി തിരുത്തുന്നതിനേക്കാള് വലുതാണ് സംഘടനയുടെ നിലനില്പ്പെന്നു കരുതുന്ന രാഷ്ട്രീയസമീപനം കേരളത്തിലെ വലതുപക്ഷരാഷ്ട്രീയം പോലും സ്വീകരിക്കാത്തതാണെന്നതില് സി.പി.എമ്മിന് തീര്ച്ചയായും അഭിമാനിക്കാം. 

കോടിയേരി ബാലകൃഷ്ണന്, ജനാധിപത്യബോധത്തെയും രാഷ്ട്രീയമൂല്യങ്ങളെയും വെല്ലുവിളിക്കുന്ന ആ തീരുമാനത്തിന് സാരഥ്യം വഹിച്ച ഇടതുപക്ഷജനപ്രതിനിധികള് പാര്ട്ടി അംഗങ്ങളല്ലാത്തതിനാല് അവരോട് വിശദീകരണം ചോദിക്കാനാകില്ലെന്ന താങ്കളുടെ നിസഹായത അംഗീകരിക്കുന്നു. രാഷ്ട്രീയ എതിരാളികളല്ലാത്തതിനാല് അവരെ വിമര്ശിക്കാനും താങ്കള്ക്കു കഴിയില്ലെന്നറിയാം. കേരളത്തെ അപമാനിക്കുന്ന ആ തീരുമാനം തിരുത്താനാകുമോയെന്ന് അവരോടൊന്ന് അഭ്യര്ഥിച്ചു നോക്കാനെങ്കിലും സി.പി.എമ്മിനു നിവൃത്തിയുണ്ടോയെന്നറിയാന് താല്പര്യമുണ്ട്. 

രാഷ്ട്രീയമെന്നാല് കൊല്ലം മണ്ഡലത്തിനു പുറത്തു കടക്കുന്ന നിമിഷം മുതല് അഴിച്ചുവയ്ക്കാനുള്ളൊരു ചെരിപ്പല്ലെന്ന് മുകേഷിനറിയണമെന്നു നമുക്കു വാശിപിടിക്കാനാവില്ല.പക്ഷേ സി.പി.എമ്മിന്റെയും അഭിപ്രായം അതാണെങ്കില് തുറന്നു പറയണം. ഇടതുപക്ഷരാഷ്ട്രീയമെന്നാല് ജീവിതത്തെ സ്വാധീനിക്കുന്നതെന്തുമാണെന്നു തെറ്റിദ്ധരിച്ചുപോയവരുണ്ടെങ്കില് തിരുത്താമല്ലോ. അനാവശ്യമായ ചോദ്യങ്ങള് ഒഴിവാക്കാമല്ലോ. 

സിനിമയുടെയും രാഷ്ട്രീയത്തിന്റെയും തിരശീലകള്ക്കു പുറത്ത് നമ്മള് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് 

നല്ല മനുഷ്യരെയാണ്. നല്ല മനുഷ്യരായി അഭിനയിക്കുന്നവരെയല്ല. മനുഷ്യത്വമുള്ളവരായി അഭിനയിക്കാന് നമ്മളെന്തിനാണ് ഈ നടീനടന്മാരെ നിര്ബന്ധിക്കുന്നത്. അവര് അവരായിരിക്കട്ടെ. പക്ഷേ ഇനി അവര്  സാരോപദേശവുമായി  മുന്നില് വരുമ്പോള്, ഇനിയും നമ്മള് അവരെ കാണാന് തന്നെയാണ് തീരുമാനിക്കുന്നതെങ്കില്, മനസില് ഒരല്പം സഹതാപം കരുതിവച്ചേക്കണം. തിരശീലയില് പറയുന്ന വാക്കുകളുടെ അര്ഥം പോലും മനസിലാകാത്ത മനുഷ്യര് അര്ഹിക്കുന്നത് സഹതാപം മാത്രമാണ്. പക്ഷേ ചരിത്രം സാക്ഷിയാക്കി  സ്വന്തം ജീവിതവും നേട്ടങ്ങളും ബലിയാടാക്കി ഒരു കൂട്ടം സ്ത്രീകള് നീതിക്കു വേണ്ടി സമരം ചെയ്യുമ്പോള് അവര്ക്കമുന്നില് വഴുവഴുപ്പന് രാഷ്ട്രീയം പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത്രയും അപഹാസ്യരാകരുത്.

നീതിബോധമുണ്ടാകണമന്നാവശ്യപ്പെട്ട് ഒരു ചെറിയ കൂട്ടം സ്ത്രീകള്‍ സമരം ചെയ്യുമ്പോള്‍ ഇരുവള്ളത്തിലും പിന്തുണയുമായി വഴുതിക്കളിക്കുന്ന 

‌രാഷ്ട്രീയക്കാരോടു കൂടിയാണ്. അവര്‍ക്ക് നിങ്ങളുടെ പിന്തുണയെന്ന ഔദാര്യം ആവശ്യം വരില്ല.  അത്ര വ്യക്തതയോടെയാണ് അവരീ സമരം മുന്നോട്ടു കൊണ്ടുപോകുന്നത്. സിനിമാസംഘടനയെ അഭിസംബോധന ചെയ്ത് നടിമാരായ പത്മപ്രിയയും പാര്‍വതി തിരുവോത്തും നല്‍കിയിരിക്കുന്ന കത്തൊന്നു വായിച്ചാല്‍ ഈ പ്രതിഷേധത്തില്‍ ഗൂഢാലോചനാസിദ്ധാന്തം കൊണ്ടുവന്നവരാരായലും ലജ്ജിക്കണം. സിനിമാവ്യവസായത്തിലെ ലിംഗവിവേചനത്തിനെതിരെ അവരിത്രയും നാള്‍ സംഘടനയ്ക്കകത്തു നടത്തിയ പോരാട്ടങ്ങളുടെ വിശദീകരണമുണ്ടതില്‍. തൊഴിലിടങ്ങളില്‍ ശുചിമുറി വേണമെന്ന അടിസ്ഥാന ആവശ്യം പോലും എങ്ങനെയാണ് ഈ സംഘടന കൈകാര്യം ചെയ്തതെന്ന ഉദാഹരണവുമുണ്ട്. അവരെന്തേ സംഘടനയ്ക്കു മുന്നില്‍ വന്ന് ഓച്ഛാനിച്ചു നിന്ന് അഭിപ്രായം പറഞ്ഞില്ലെന്നു വ്യാകുലപ്പെട്ടവര്‍ക്കുമുള്ള മറുപടിയുണ്ട്. അവര്‍ സംഘടനയുടെ ഭാരവാഹിത്വമടക്കം വഹിക്കാന്‍ തയാറായിരുന്നു. നേതൃത്വത്തില്‍ വനിതകള്‍ക്ക് ‌‌അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പലകുറി സംഘടനയില്‍ ആവശ്യമുന്നയിച്ചിരുന്നു. അതെല്ലാം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടതെന്നും അക്കമിട്ടു വിശദീകരിക്കുന്നുണ്ട് കത്തില്‍. ഒപ്പം ഞങ്ങള്‍ മാറിത്തന്നാല്‍ നിങ്ങള്‍ക്കതു സൗകര്യമാകുമെന്ന തിരിച്ചറിയലും വ്യക്തമാണ്. നിങ്ങള്‍ എക്സിക്യൂട്ടീവ് വിളിക്കണം, ഈ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവര്‍ത്തിച്ചുള്ള ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ വിളിച്ചുപറയുന്നുണ്ട്. അത്രയെളുപ്പം നിങ്ങള്‍ക്ക് ഞങ്ങളെ ഒഴിവാക്കാനാകില്ലെന്ന്. 

അപ്പോള്‍ താരരാജാക്കന്‍മാരുടെ പ്രശ്നമെന്താണെന്നു വ്യക്തമാകും. അവര്‍ക്ക് ഈ പെണ്ണുങ്ങളെ പേടിയാണ്. കാരണം അവര്‍ ആവശ്യപ്പെടുന്നത് തുല്യനീതിയാണ്. ആണുങ്ങളും പെണ്ണുങ്ങളും സംഘടനയിലെങ്കിലും തുല്യരായിപ്പോയാല്‍ പിന്നെ മലയാളസിനിമ ആരുടെ കഥ പറയും? ആണുങ്ങളുടെ കഥ മാത്രം പറഞ്ഞു പറഞ്ഞ് ആണ്‍കോയ്മ അടിച്ചുറപ്പിച്ച് സമൂഹത്തെയാകെ പരുവപ്പെടുത്തിവച്ച സിനിമകള്‍ പിന്നെയാരു കാണും? അതുവഴി ചോദ്യം ചെയ്യപ്പെടാനാകാത്ത അധികാരം സൃഷ്ടിച്ച് അതാസ്വദിച്ച സുഖജീവിതങ്ങള്‍ക്ക് പിന്നെന്തു സംഭവിക്കും? അതുകൊണ്ട് അനീതിക്കെതിരായ ഈ കലാപം മുളയിലേ നുള്ളാന്‍ അവര്‍ അവസാനശ്വാസം വരെയും പോരാടും. പക്ഷേ പെണ്ണുങ്ങളേ, അതില്‍ നിങ്ങളുണ്ടാക്കുന്ന ഒരു ചെറുചലനം പോലും വിപ്ലവമാണ്. നിങ്ങള്‍ കുറിക്കുന്ന ചരിത്രത്തിനൊപ്പം ലോകമുണ്ടാകും. മുന്നോട്ടുപോകൂ.

MORE IN PARAYATHY VAYYA
SHOW MORE