പ്രതിക്കൂട്ടിലാകുന്ന സഭാനേതൃത്വം

bishop-issue-t
SHARE

ആഗോള കത്തോലിക്ക സഭയില്‍ വിവാദങ്ങള്‍ പുത്തരിയല്ല. എന്നാല്‍ പൗരസ്ത്യ സഭയുടെ ചരിത്രത്തില്‍ ആദ്യമായാവും ഒരു സഭാ മേലധ്യക്ഷനെതിരെ ക്രമിനല്‍ ഗൂഢാലോചനയ്ക്ക് കേസെയുക്കാന്‍ സിവില്‍ കോടതി ഉത്തരവിടുന്നത്. സമാനതകളില്ലാത്ത സംഭവങ്ങളാണ് സിറോ മലബാര്‍ സഭയില്‍ അരങ്ങേറുന്നത്. പാരമ്പര്യംകൊണ്ടും ആള്‍ ബലം കൊണ്ടും ഭാരതസഭയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സഭയിലാണ് തികച്ചും അസാധാരണ സംഭവങ്ങള്‍ ഉണ്ടാവുന്നത്. സിവില്‍ കേസ് മാത്രമല്ല, ലോകമെങ്ങുമുള്ള 50 ലക്ഷത്തോളം സിറോ മലബാർ സഭാംഗങ്ങളുടെ ആത്മീയാചാര്യനായ കര്‍ദിനാള്‍ ജോര്‍ജ്  ആലഞ്ചേരിക്കെതിരെ വൈദികര്‍ പരസ്യപ്രതിഷേധം നടത്തുന്നതും ലോകം കണ്ടു.

എന്തായിരുന്നു ഈ രഹസ്യ ഇടപാടിന് പിന്നിലെ താല്പര്യമെന്ന് അറിയാനുള്ള അവകാശം സഭയിലെ 5 ലക്ഷം വരുന്ന വിശ്വാസികള്‍ക്കെങ്കിലും ഉണ്ടെന്നതില്‍ ‍തര്‍ക്കമില്ല. കോതമംഗലത്തെ വസ്തു ഇടപാടുകാരനോട് സഭാനേതൃത്വത്തില്‍ ചിലര്‍ക്കുള്ള അമിത താല്‍പര്യത്തിന്റെ കാരണമെന്താണ്? വന്‍ വസ്തു ഇടപാടുകളില്‍ സര്‍ക്കാരിന് നല്‍കേണ്ട നികുതിപ്പണം വെട്ടിക്കാന്‍ രേഖകളില്‍ കൃത്രിമം കാണിച്ചത് ആരൊക്കെ അറിഞ്ഞിരുന്നു?

സിവില്‍ നിയമങ്ങളുടെ ലംഘനം അവിടെ നില്‍ക്കട്ടെ.   എറണാകുളം അങ്കമാലി അതിരൂപതയില്‍ നടന്ന കാര്യങ്ങള്‍  കാനന്‍ നിയമപ്രകാരം ശരിയാണോ ? അല്ലെന്നു തന്നെയാണ് സഭാ ചട്ടങ്ങള്‍ പറയുന്നത്

വോട്ടെടുപ്പിലൂടെ മേജർ ആർച്ച്ബിഷപ് സ്ഥാനത്തെത്തിയ ആദ്യ മെത്രാനായ   മാർ ആലഞ്ചേരി   എറണാകുളം- അങ്കമാലി അതിരൂപതയുടെ ആർച്ച്ബിഷപ്പും കേരളത്തിലെ 13 സിറോ മലബാർ രൂപതകളുടെയും തലവനുമാണ്.  അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം ഇടപാടുകള്‍ നടക്കില്ലെന്ന് വൈദികര്‍ പറയുന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സാങ്കേതികമായ പിഴവുകള്‍ മാത്രമാണെന്നും മനഃപൂര്‍വം ഒരു തെറ്റുമുണ്ടായിട്ടില്ലെന്നും മേജര്‍ ആര്‍ച്ച്   ബിഷപ്പ്    ഉറച്ചുനില്ക്കുന്നു.  വസ്തുതകള്‍ പുറത്തുവന്നേ മതിയാകൂ എന്ന് വൈദികരും. 

ഇതൊക്കെയാണെങ്കിലും സ്വയം ശുദ്ധീകരണപ്രക്രിയ എന്ന നല്ല മാതൃകയും സിറോ മലബാര്‍ സഭാ വിവാദം പറഞ്ഞുവയ്ക്കുന്നു.  രാഷ്ട്രീയപാര്‍ട്ടികളിലും സര്‍ക്കാരിലും കൂട്ടായ ശ്രമത്തിലൂടെ അഴിമതി മൂടി വയ്ക്കുമ്പോള്‍ ഒരു വലിയ പ്രസ്ഥാനത്തിലെ ഭൂരിപക്ഷം ഒറ്റക്കെട്ടായി സുതാര്യതയ്ക്കായി പോരാടുന്നു എന്നത് നേരിയ പ്രത്യാശയാണ്.   നീതി നടപ്പാകണമെന്നാവശ്യപ്പെട്ട് സഭയിലെ ഒരു വിഭാഗത്തിന് തെരുവിലിറങ്ങേണ്ടി വന്നതെന്തുകൊണ്ടാണെന്ന് ഇറങ്ങിയവരും അതിനിട വരുത്തിയവരും ചിന്തിക്കട്ടെ.   പക്ഷേ സുതാര്യതയോടെ സത്യം അറിയുക എന്നത് ആരുടെയും ഔദാര്യമല്ല, വിശ്വാസികളുടെയും സമൂഹത്തിന്റെയും ആകെ  അവകാശമാണ്. കോടതി അതിന്   മുന്‍കൈയെടുത്തെങ്കില്‍ ഒളിച്ചുകളിയില്ലാതെ കടമ നിര്‍വഹിക്കാന്‍ പൊലീസും സര്‍ക്കാരും തയാറാകണം. 

-------------------------------------------------------

രാഷ്ട്രീയവും സാമൂഹ്യവുമായ കൊള്ളരുതായ്മകള്‍ പറയാന്‍ ആവോളമുള്ള നേരത്താണ് ഒരു കെടുകാര്യസ്ഥതയെക്കുറിച്ചുകൂടി പറയേണ്ടിവരുന്നത്. രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ തോറ്റുപോകുന്നതിനേക്കാള്‍ ആഘാതമേറും ഈ അനാസ്ഥയ്ക്കും വീഴ്ചയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയാഞ്ഞിട്ടാണോ..? അത്രവലിയ ഒളിച്ചുകളിയാണ് ലൈറ്റ് മെട്രോ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും അതിന്‍റെ തലപ്പത്തുള്ള മുഖ്യമന്ത്രിയും നടത്തുന്നതെന്ന് പറയാതെ വയ്യ. മിതഭാഷിയായ ഇ.ശ്രീധരനില്‍ നിന്നുവരെ പഴികേള്‍ക്കേണ്ട ദുരവസ്ഥ. രാജ്യാന്തര തലത്തില്‍ വരെ മലയാളത്തിന്‍റെ അഭിമാനമുയര്‍ത്തിയ എടുപ്പുകളുടെ സൃഷ്ടികര്‍ത്താവ്, തലതാഴ്ത്തി കേരളത്തോട് വിടപറയുന്നത് ഈ സര്‍ക്കാരിനെ മാത്രമല്ല, മലയാളികളെയാകെ അപമാനഭാരത്തിലാക്കുന്നു.

അന്ന് സിപിഎം ഡിഎംആര്‍സി എവിടെ,  ശ്രീധരനെവിടെ എന്ന് ചോദിച്ചപ്പോള്‍ ലോകത്തെല്ലാം മെട്രോയും നടപ്പാക്കുന്നത് ഡി.എം.ആര്‍.സിയാണോ എന്ന് തിരിച്ചുചോദിക്കാത്ത ഉമ്മന്‍ചാണ്ടി ഇന്ന് നാണിക്കുന്നുണ്ടാകും. എന്താണെങ്കിലും ആ ചോദ്യത്തിന് ജി.സുധാകരന് ഒരു ദൃശ്യം തന്നെ മറുപടി പറയട്ടെ

എന്തു പറഞ്ഞാലും കയ്യടിക്കാന്‍ ബാധ്യസ്ഥരായ  പാര്‍ട്ടി അണികളുടെ ആര്‍പ്പുവിളിയല്ല ശ്രീ സുധാകരന്‍ ഇപ്പോള്‍ കേട്ടത്. അത് ആത്മാര്‍ത്ഥക്കും സത്യസന്ധതയ്ക്കും ഒരുനാട് നല്‍കുന്ന ബഹുമാനമാണ്. അപ്പോഴും ഇ.ശ്രീധരന്‍ തന്നെ എല്ലാമെട്രോകളുടേയും മുന്‍പന്തിയില്‍ നില്‍ക്കണമോയെന്ന ചോദ്യം ബാക്കിയാകുന്നുവെങ്കില്‍ തീര്‍ച്ചയായും ഇ.ശ്രീധരനുപോലും അങ്ങനെ ഒരു നിര്‍ബന്ധം കാണില്ല. പക്ഷേ വരൂ, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുവന്നശേഷം അപമാനിക്കുന്നതിനെ അംഗീകരിക്കാനാകില്ല.

ഡി.എം.ആര്‍സിയേയും തഴഞ്ഞ് സ്വകാര്യകരാറുകാര്‍ക്ക് പദ്ധതി കൈമാറാനാണ് ഇത്രയും കാലം ഇ.ശ്രീധരനെ കാത്തുനിര്‍ത്തിയതെന്നും ആരോപണമുണ്ട്. പൊതുമരാമത്ത് വകുപ്പ് പലവട്ടം ഡിഎംആര്‍സിയോട് എതിര്‍പ്പുമായത്തിയെന്നതിനാല്‍ നേരെയെടുത്ത് കുപ്പയില്‍ കളയാനുമാകില്ല ആ ആരോപണം. പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി സഭയില്‍ എത്ര ഉറക്കെവായിച്ചാലും ഒളിച്ചുകളികളും ഒഴിഞ്ഞുമാറലുകളും  സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. 

ഇ.ശ്രീധരനും ഒപ്പം ജനസമ്മതിയുള്ള ഒരു പൊതുമേഖലാസ്ഥാപനവും എന്തുകൊണ്ട് ഞങ്ങള്‍ അപമാനിക്കപ്പെടുന്നുവെന്ന് തുറന്ന് ചോദിക്കുമ്പോള്‍ മറുപടി പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പദ്ധതി വരുന്നോ ഇല്ലയോ എന്നതിനപ്പുറം ആനയിച്ച് കൊണ്ടുവന്നവരെ ആട്ടിപ്പുറത്താക്കുന്നതിലും അതിലുമപ്പുറം അതിന്റെ പേരിലുയരുന്ന ഒളിച്ചുകളികള്‍ക്കും മറുപടി കിട്ടിയേ തീരു. സമയമില്ലെന്ന് പറയുന്നവര്‍ക്ക് എന്തിനെല്ലാം സമയമുണ്ടെന്ന് ജനം കാണുന്നുണ്ട്. അതോര്‍ത്താല്‍ നന്ന്

MORE IN PARAYATHE VAYYA
SHOW MORE