ഏതു ദൈവത്തിനാണ് മനുഷ്യനോട് അശുദ്ധി?

pvayya-ashanthan-t
SHARE

അശാന്തന്‍ എന്ന കലാകാരനോട്, മരണാനന്തരം കേരളം കാണിച്ച അനീതിക്കു എന്തു പരിഹാരമാണ് ചെയ്യാന്‍ കഴിയുക? കലയ്ക്കു വേണ്ടി ജീവിച്ചു മരിച്ചൊരാളോട്, അനാദരം കാണിച്ചവരെ നേരിടേണ്ടതും നിലയ്ക്കു നിര്‍ത്തേണ്ടതുമാരാണ്? അതിലെല്ലാമപ്പുറം അവിശ്വസനീയമായ ആ അനീതി തുറന്നു കാണിക്കുന്ന സാമൂഹ്യാവസ്ഥയെ പേടിക്കേണ്ടതാരാണ്? കേരളം ഇന്നും അയിത്തം പുലരുന്ന സംസ്ഥാനമാണെന്നു തലതാഴ്ത്തി സമ്മതിച്ചുകൊണ്ടേ ഈ ചോദ്യത്തിനുത്തരം തുടങ്ങാനാകൂ. 30 പേര്‍ക്കെതിരെ കേസെടുത്തുകൊണ്ടു മാത്രം സര്‍ക്കാരിനും ഒഴിഞ്ഞു മാറാനാകില്ല. 

അശാന്തന്‍ എന്ന കലാകാരനോട് ഇങ്ങനെ ചെയ്യാന്‍ പ്രതിഷേധക്കാര്‍ക്കും അധികൃതര്‍ക്കും ധൈര്യമുണ്ടായതെന്തുകൊണ്ടാണ്?· ദളിതനെന്നല്ലാതെ മറ്റെന്താണ് ഈ മനുഷ്യത്വവിരുദ്ധ സമീപനത്തിനു നിങ്ങള്‍ക്കു ധൈര്യം നല്‍കിയത്? ശുദ്ധിയും അശുദ്ധിയും പൊതുസ്ഥലങ്ങളിലേക്ക് അടിച്ചേല്‍പിക്കാന്‍ കഴിയുന്ന രാഷ്ട്രീയം വേരു പിടിക്കുന്നതെവിടെ നിന്നാണ്? അതിനെ ചെറുക്കാന്‍ കഴിയാത്ത ഭരണപക്ഷ രാഷ്ട്രീയത്തെ ഇനിയും ഇടതുപക്ഷമെന്നു വിളിക്കുന്നതെങ്ങനെയാണ്? ഇനി ദൈവങ്ങളുടെ പേരില്‍ പ്രതിരോധം തീര്‍ക്കാനെത്തുന്നവരോട്, വിശ്വാസത്തെ സ്വയം കളിയാക്കരുത്. ദൈവങ്ങളെ സ്വയം ഇങ്ങനെ പുച്ഛിക്കരുത്. ഏതു ദൈവത്തിനാണ് മനുഷ്യനോട് അശുദ്ധി? അങ്ങനെ അശുദ്ധിയുള്ള ഒരു ദൈവത്തെ മനുഷ്യന്‍ എന്തിനു വണങ്ങണമെന്നാണ് നിങ്ങള്‍ പറയുന്നത്. 

ആചാരങ്ങള്‍ ആരാധാനാലയങ്ങള്‍ക്കകത്തു നില്‍ക്കണം. ജനാധിപത്യത്തിനവകാശപ്പെട്ട ഇടങ്ങളിലേക്ക് ആചാരങ്ങള്‍ എഴുന്നളളിക്കാന്‍ അനുവദിക്കരുത്. ദൈവങ്ങളെ തന്നെ അപമാനിക്കുന്ന ഈ മനുഷ്യര്‍ക്കു മുന്നില്‍ കേരളം തലകുനിക്കരുത്. ഒറ്റക്കെട്ടായി നിന്നു ചെറുക്കണം, ഭരിക്കുന്ന രാഷ്ട്രീയം പ്രതികരിക്കാന്‍ വൈകിയാലും മനുഷ്യര്‍ മുന്നോട്ടു വന്നു കൈകോര്‍ക്കണം. ഇനിയിതാവര്‍ത്തിക്കാന്‍ പാടില്ല. ഈ കളങ്കം ആവര്‍ത്തിക്കില്ലെന്നു തീരുമാനിക്കാന്‍ നമുക്കു കഴിയണം. അശാന്തനോട് കേരളം മാപ്പു ചോദിക്കണം. 

MORE IN PARAYATHE VAYYA
SHOW MORE