ദുരന്തമായി മാറിയ ദുരന്തനിവാരണസംഘം !

Thumb Image
SHARE

വ്യാഴം പകല്‍ നമ്മള്‍ ഉറങ്ങിയെഴുന്നേറ്റത് ഒരു ദുരന്തം തൊട്ടുപുറകേയെത്തുമെന്ന മുന്നറിയിപ്പുകളേതുമില്ലാതെയാണ്. കുട്ടികള്‍ സ്കൂളുകളിലേക്കും മല്‍സ്യത്തൊഴിലാളികള്‍ കടലിലേക്കുമെല്ലാം ഭയാശങ്കളൊന്നുമില്ലാതെ ഇറങ്ങിപ്പോകുകയും ചെയ്തു. പിന്നാലെയെത്തി പിടിച്ചുലച്ച ചുഴലിക്കാറ്റും പേമാരിയും ഇനിയും പൂര്‍ണ്ണമായി അടങ്ങിയിട്ടില്ല. ഏതുദിശയില്‍ എപ്പോഴടങ്ങുമെന്നതിന് വ്യക്തതയുമില്ല. ഈ ദുരന്തത്തിലേക്ക് ആരാണ് കേരളത്തെ തള്ളിവിട്ടത്. ഇന്നലെവരെ ഈ തീരത്ത് കറങ്ങാത്ത കൊടുംകാറ്റുകള്‍ക്ക് ഇടം നല്‍കിയ കാലാവസ്ഥമാറ്റത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന്റെ കൂട്ടുത്തരവാദിത്തം നമുക്ക് ഒരുമിച്ച് പേറാം. എന്നാല്‍ ഒരു മുന്നറിയിപ്പുപോലുമില്ലാതെ അതിലേക്ക് തലകുത്തി വീഴേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടത് ഭരണകൂടത്തിന്റെ അതിനൊപ്പമൊട്ടിനില്‍ക്കുന്ന സംവിധാനങ്ങളുടെ വലിയ വീഴ്ചയാണ്. ആ വീഴ്ചയുടെ വില വലിയ വിലാപമായി ഉയരുന്നുണ്ട്. ന്യായീകരണ പ്രാസംഗികര്‍ എത്ര ഒച്ചയിട്ടാലും അതിനൊപ്പം വരില്ല.

തീരംതൊട്ട് നാട്ടുവഴികളെല്ലാം കടന്ന് ഒരു കാറ്റിങ്ങനെ നഗരത്തെ പൊതിഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ അക്ഷരാര്‍ഥത്തില്‍ ഇതെന്തെന്നറിയാതെ ഞെട്ടുകയാണ്. മരങ്ങളെ മണ്ണിലേക്ക് മറിച്ചിട്ട്, ഉയര്‍ത്തിക്കെട്ടിയ ഹോള്‍ഡിങ്ങ്സുകളെ നിലത്തിറക്കി, വാഹനങ്ങളുടെ വേഗത്തെ പിന്നോട്ടുവലിച്ച് അത് വിലസുമ്പോള്‍ നമ്മുടെ കുട്ടികള്‍ സ്കൂളിനകത്തുണ്ട്. നമ്മുടെ വേണ്ടപ്പെട്ടവര്‍ ആശുപത്രി വരാന്തയിലുണ്ട്. ബസുകാത്ത് വെയ്റ്റിങ് ഷെഡുകളിലുണ്ട്. പച്ചക്കറികടയിലും പലചരക്കുകടയിലും ജോലിയിടങ്ങളിലുമുണ്ട്. അങ്ങനെ അവരവരുടെ ദിനചര്യകളുമായിഴുകി നമുക്ക് വേണ്ടപ്പെട്ട പലരും വീട്ടിലും വഴിയിലുമായുണ്ട്. അവര്‍ക്കെല്ലാം എവിടേക്കെങ്കിലും ഓടിക്കയറാമെങ്കില്‍ അതിന് പോലുമാകാതെ തീര്‍ത്തും ഒറ്റപ്പെട്ട് കലങ്ങിത്തുടങ്ങുന്ന കടലില്‍ അതിലേറപ്പേര്‍ അകപ്പെട്ടുകിടക്കുന്നുണ്ട്. ആദ്യമുണരേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ വൈകിയുണര്‍ന്ന് വണ്ടിവിളിക്കുമ്പോഴേക്കും കാറ്റ് കലിപൂണ്ടുകഴിഞ്ഞിരുന്നു

ചുഴലിക്കാറ്റ് രൂപപ്പെടുന്നുവെന്ന മുന്നറിയിപ്പ് ​ഞങ്ങള്‍ക്ക് ലഭിക്കുന്നത് വ്യാഴ‌ാഴ്ച ഉച്ചക്കാണ്. എല്ലാ സംവിധാനങ്ങളും ആ നിമിഷം മുതല്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് ഭരണകൂടത്തിന്റെ ന്യായം. ഓര്‍ക്കണം കാലാവസ്ഥാവകുപ്പ് അന്നുരാവിലെ തന്നെ മാധ്യമങ്ങളെപ്പോലും കാര്യമറിയിച്ചിരുന്നു. അന്ന് ആദ്യവാര്‍ത്തമുതല്‍ ബ്രേക്കിങ് ന്യൂസുകളില്‍ നിന്ന് ഓഖി ഒഴിഞ്ഞുപോയിട്ടുമില്ല. എന്നിട്ടും ഒന്നുമറിയാതെ അറിയിപ്പിനായ് അടങ്ങിയൊതുങ്ങിയിരുന്നുവെങ്കില്‍ പിന്നെ അക്കൂട്ടരോട് അധികം പറയാതിരിക്കുന്നതുതന്നെയാകും നല്ലത്.

സ്വീകരിക്കാനാകാത്തതാണ് മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ, കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അഥവാ ഇന്‍കോയ്സിന്റെ എല്ലാ ജാഗ്രതാനിര്‍ദേശങ്ങളും അവഗണിച്ചതിന് ശേഷമാണ് ഈ ന്യായീകരണം. കാറ്റിന് പേരിട്ട് കയ്യില്‍ക്കിട്ടിയപ്പോഴാണ് കരുതലുമായി ഇറങ്ങാന്‍ ഒരുങ്ങിയതെന്ന് സാരം. അതിന്റെ ഫലമാകാട്ടെ ദുരന്തനിവാരണത്തില്‍ വലിയ ദുരന്തമായി സംസ്ഥാനം. മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പൊലിഞ്ഞത് ഒരുപാടുജീവനുകളാണ്. കടലില്‍ ജീവനുവേണ്ടി മല്ലടിച്ചത് ഒരുപാടുമനുഷ്യരാണ്.

ഇനി എല്ലാം അറിഞ്ഞതിനുശേഷവും അപക്വമായാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. അതും പറയാതെ വയ്യ. ആശങ്കമാത്രം തരുന്ന ഒരന്തരീക്ഷം നില്‍ക്കേ സ്കൂള്‍ കുട്ടികളെ അതിലേക്ക് തുറന്നുവിടുന്നു. കടലില്‍പ്പെട്ടുപ്പോയ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി കരയിലെത്തിക്കുന്നതില്‍ ഏകോപനമില്ലാതെയാകുന്നു. അവര്‍ റോഡുപരോധിക്കുന്നതു വരെ കാര്യങ്ങളെ വലിച്ചെത്തിക്കുന്നു. അത് ശ്രദ്ധയില്‍പ്പെടുത്തുമ്പോഴാകട്ടെ മന്ത്രിയുടെ തിരുവായില്‍ നിന്നുവരെ അവാസ്തവമായി മാധ്യമങ്ങള്‍ ഒന്നും പ്രചരിപ്പിക്കരുതെന്ന മറുപടി വരുന്നു. അതിനാല്‍ കൂടുതല്‍ അവര്‍ക്കുവേണ്ടി പറയാതെ നിങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച പകല്‍ അവരെന്തെല്ലാം അനുഭവിച്ചെന്ന് നേരിട്ട് അവരിലൂടെ തന്നെ കേള്‍പ്പിച്ചുതരാം.

പൂന്തുറ മുതല്‍ പൊന്നാനി വരെയുള്ള തീരത്ത് കാറ്റിനെ മഴയെ വകവെക്കാതെ മാധ്യമ പ്രവര്‍ത്തരുണ്ടായിരുന്നു. അവിടെ അവര്‍ കണ്ട ആള്‍ക്കൂട്ടം പറഞ്ഞുതരും എത്രമേല്‍ അവഗണിക്കപ്പെട്ടു ഈ പകലുകളില്‍ അവരെന്ന്. പൂന്തുറയില്‍ ബിജിതോമസിനൊപ്പം ചേര്‍ന്നവര്‍ രാവിലെ എട്ടുമണിക്ക് എന്താണോ പറഞ്ഞത് അതുതന്നെ ഉച്ചക്ക് പന്ത്രണ്ടിനും പറഞ്ഞു. കാണാതായ പോയ അവരുടെ ഉറ്റവരെ കണ്ടെത്താന്‍, അവരെ ആശ്വസിപ്പിക്കാന്‍ ആരും ആരും തന്നെ അവിടേക്ക് എത്തുന്നില്ലെന്ന്. എവിടെ ഉത്തരവാദിത്തപ്പെട്ടവരെന്ന് അവര്‍ മൈക്കുവച്ചപ്പോഴെല്ലാം അലമുറയിട്ടു

പെരുമാതുറയില്‍ ജസ്റ്റീനക്കൊപ്പം ചേര്‍ന്നവരുടെ ശബ്ദവും മറ്റൊന്നായിരുന്നില്ല. ആറുമണിക്ക് തീരത്ത് മുങ്ങുന്ന മല്‍സ്യത്തൊഴിലാളിയെ രക്ഷിക്കാനെത്താന്‍ വിളിച്ചപേക്ഷിച്ചിട്ടും രണ്ടുപൊലീസുകാരാണ് എത്തിയതെന്ന് അവര്‍ പറയുമ്പോള്‍ എന്തുണ്ട് ന്യായം. ജസ്റ്റീന പന്ത്രണ്ടുമണിക്ക് ലൈവില്‍ ചേരുമ്പോഴും ആ ആള്‍ക്കൂട്ടത്തിന്റെ പരാതികളൊന്നും ഒന്നുതന്നെ പരിഹരിക്കപ്പെട്ടിരുന്നില്ല

ഇത് പൊട്ടിത്തെറിച്ചുപറഞ്ഞതാണെങ്കില്‍ ഇന്നുപകല്‍ എല്ലാ പ്രതീക്ഷകളും വറ്റിയപ്പോള്‍ അവര്‍ സ്വന്തം ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടി വന്നു

കാലാവസ്ഥനിരീക്ഷണരംഗത്ത് നാം ഏറെ മുന്നോട്ടുപോയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിലടക്കം അത് പ്രയോജനപ്പെടുത്താനാകുന്ന മറ്റ് സൗകര്യങ്ങളിലേക്കെല്ലാം നാം നടന്നെത്തുന്നേുള്ളൂവെന്നത് സത്യമാണ്. ആ പരിമിതികളെ അംഗീകരിക്കാം. പ്രതികൂലമായ കാലവസ്ഥയുണ്ടെന്നതും തള്ളിക്കളയുന്നില്ല. ഉദ്യോഗസ്ഥരുടെ ചട്ടപ്പടി നീക്കവും നമുക്ക് വിനയാകാറുണ്ട്. എന്നാല്‍ ഒപ്പമുണ്ടെന്ന് പരസ്യത്തില്ലല്ലാതെ വന്നുപറയാന്‍ ആളില്ലാതായെന്നത് അംഗീകരിക്കാനേയാകില്ല. അപ്രതീക്ഷിതമായി കിട്ടിയ അടിയില്‍ ഒരു ജനത ആടിയുലയുമ്പോള്‍ ആശ്വസിപ്പിക്കാന്‍പോലും ആളെത്തുന്നില്ലെന്നതാണ് അങ്ങേയറ്റം സങ്കടകരം തന്നെയാണ്.

കാറ്റെല്ലാം കൊണ്ടുപോകുകയാണല്ലോയെന്ന ചോദ്യത്തിന് കാറ്റുപോലും കടക്കാത്ത മുറിയിലിരുന്ന് മുഖ്യമന്ത്രി കൈകഴുകി. തീരുന്നില്ല, ആഴക്കടലില്‍ അകപ്പെട്ടുപോയമല്‍സ്യത്തൊഴിലാളികളെ രക്ഷിക്കാനുള്ള ഏകോപനത്തില്‍ പാളിച്ചസംഭവിച്ചതിനും നല്ല മറുപടി തന്നു

ചാനല്‍ചര്‍ച്ചയില്‍ വന്നപ്പോള്‍ ഫിഷറീസ് മന്ത്രി കടത്തിപ്പറഞ്ഞു മല്‍സ്യത്തൊഴിലാളുകളുടെ സ്വഭാവ്യദൂഷ്യവും പ്രശ്നമാണ്. എടുത്തുച്ചാട്ടം മാറ്റണം. എടുകുടുക്കേ ചോറൂം കറിയും എന്ന് പറഞ്ഞാല്‍ ഒന്നും ശരിയാകില്ല, മുഖ്യമന്ത്രി സ്ഥലത്തെത്താതിനും വിശദീകരണം വന്നു, മാധ്യമങ്ങള്‍ക്ക് പഴിയും

മുഖ്യമന്ത്രിയെന്നല്ല, കാണാതെപോയ മക്കളെ, ഭര്‍ത്താക്കാന്‍മാരെയോര്‍ത്ത് വിലപിക്കുന്നവരുടെ അരികിലേക്ക് കലക്ടറും മന്ത്രിയുമെല്ലാം എത്താന്‍ വൈകിയെന്നതാണ് സത്യം. കറങ്ങികണ്ടതിനപ്പുറം കാണാന്‍ ഒരു കടകംപള്ളിയും ‍മെനക്കെട്ടുമില്ല. ഇതൊന്നും മാധ്യമസൃഷ്ടിയല്ല അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്, അങ്ങനെനോക്കുമ്പോള്‍ അവര്‍ക്കൊപ്പമിരുന്നുവെന്നതിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

എന്തിന് സ്ഥലത്തെത്തണം, എല്ലാം ഏകോപിപ്പിച്ച് ഞങ്ങള്‍ അണിയറയിലില്ലേയെന്ന വാദത്തെ ഖണ്ഡിക്കാതെ വയ്യ. എന്തെന്നാല്‍ ഈ അവസരങ്ങളില്‍ സര്‍ക്കാരിന്‍റെ സാധാരണക്കാരോട് സംവദിക്കുന്ന വാതിലുകള്‍ വേഗം തുറക്കപ്പെടണം. എല്ലാ കടലാസുകളുമെത്തി ചിട്ടവട്ടങ്ങള്‍ നോക്കിയിറങ്ങാന്‍ നോക്കിയാല്‍ കാര്യങ്ങള്‍ കൈവിടും. തെറ്റായ സന്ദേശങ്ങള്‍ ഏറെ പ്രചരിക്കും. അത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തും. സംഭവസ്ഥലത്ത് പെട്ടെന്നെത്താന്‍ ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ട്. ഗൂഗിളില്‍ നോക്കി കാലാവസ്ഥയറിഞ്ഞ് കടലില്‍ പോകുന്നവരൊന്നും തന്നെ ഈ നാട്ടിലില്ല. അതിനാല്‍ ചട്ടം നോക്കിയല്ലാതെ ചുറ്റുംനോക്കി ജനങ്ങളോട് സംസാരിക്കാന്‍ ഉദ്യോഗസ്ഥരും തയാറകണം.

മുന്‍ മുഖ്യമന്ത്രി പറഞ്ഞ ഈ വാചകമാണ് എന്നും പാലിക്കപ്പെടേണ്ടത്. ദുരന്തമുഖങ്ങളിലേക്ക് രാഷ്ട്രീയത്തിന് പ്രവേശനമില്ല. പിന്നെയും പറഞ്ഞുപോകുന്നത് എല്ലാം വീഴ്ചയെന്ന് സമ്മതിച്ചുകഴിഞ്ഞും ഭരണസംവിധാനങ്ങള്‍ പുലര്‍ത്തിയ നിസംഗത കണ്ടാണ്, നിരന്തരം ആവര്‍ത്തിക്കുന്ന ന്യായീകരണങ്ങള്‍ കണ്ടാണ്. എല്ലാകുറിയും പറയുന്ന പോലെ ഈ ദുരന്തമങ്കിലും നിതാന്ത ജാഗ്രതയിലേക്ക് നമ്മുടെ കൈ പിടിക്കട്ടെ. കണ്ണീരാഴങ്ങളില്‍പ്പെട്ട ഒരു ജനതയുടെ ഒപ്പം ചെന്നുനില്‍ക്കാനുള്ള മനസ്സ് നമ്മുടെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വന്നുചേരട്ടെ. ആലംബമില്ലാത്ത നേരത്ത് അവര്‍ക്കരികിലേക്ക് നടന്നെത്താന്‍ കഴിയുന്നില്ലെങ്കില്‍ അയാള്‍ എങ്ങനെ ജനപ്രതിനിധിയാകും..? അതെങ്ങനെ ഒരു സര്‍ക്കാരാകും...?

MORE IN PARAYATHE VAYYA
SHOW MORE