മരുഭൂമിക്ക് നടുവില്‍ ഒരുക്കിയിരിക്കുന്ന കൃത്രിമ പുഴയും, ആ പുഴയുടെ ഇരുവശങ്ങളിലുമുള്ള മനോഹരമായ കാഴ്ചകളുമാണ് റിവര്‍ലാന്‍ഡ്. ദുബായ് പാര്‍ക്സിലെ മൂന്നു തീം പാര്‍ക്കുകളിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് പുഴയൊഴുകുന്ന ഫ്രഞ്ച് ഗ്രാമം ആയ റിവര്‍ലാന്‍ഡ്
നിങ്ങള്‍ സ്വപ്നം കാണൂ, ദുബായ് അത് യാഥാര്‍ഥ്യമാക്കിത്തരാം..." യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ വാക്കുകളാണിത്... അതെ മറ്റൊരു സ്വപ്നം കൂടി ദുബായ് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. ഒരു പുഴ എന്ന സ്വപ്നം.
മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ തീം പാര്‍ക്കായ ദുബായ് പാര്‍ക്സിലാണ് റിവര്‍ലാന്‍ഡ് എന്ന പേരില്‍ കൃത്രിമപുഴ ഒരുക്കിയിരിക്കുന്നത്. പുഴ മാത്രമല്ല, പുഴയ്ക്ക് ഇരുകരകളിലും മനോഹരമായ കാഴ്ചകളും ഉണ്ട്.
ഒരു കിലോമീറ്ററിലധികം നീളുമുള്ള ഈ പുഴയുടെ തീരത്ത് കാറ്റു കൊണ്ടിരിക്കാം.... പുസ്തകം വായിക്കാം... പുഴയിലൂടെ തോണിയില്‍ സഞ്ചരിക്കാം... hold
നാലു കാലഘട്ടങ്ങളിലുള്ള നാലു നാടുകളുടെ കാഴ്ചയാണ് ഈ പുഴയുടെ ഇരുകരകളിലും ഒരുക്കിയിരിക്കുന്നത്. കരിങ്കല്ല് പാകിയ നടവഴികളും പഴയ നടപ്പാലവും എല്ലാം ഉള്ള ഫ്രഞ്ച് വില്ലേജാണ് ഈ കാഴ്ചകളില്‍ ഏറ്റവും മനോഹരം.
തനത് ഫ്രഞ്ച് വാസ്തുശില്‍പകലയിലാണ് ഓരോ കെട്ടിടങ്ങളും ഒരുക്കിയിരിക്കുന്നത്. പുരാതന യൂറോപ്യന്‍ കെട്ടിടങ്ങളും വൈദ്യുതിവിളക്കുകളും റസ്റ്ററന്‍റുകളുടെ പരസ്യപ്പലകകളും എല്ലാം അതേപടി. കെട്ടിടങ്ങളില്‍ പലതും പുരാതന റസ്റ്ററന്‍റുകള്‍. വിളമ്പുന്നത് യൂറോപ്യന്‍ വിഭങ്ങളും. 300 വര്‍ഷം പഴക്കമുള്ള ഒലീവ് മരമാണ് മറ്റൊരു ആകര്‍ഷണം, മുന്നോട്ട് മൂന്നു തീം പാര്‍ക്കുകളിലേക്ക് നയിക്കുന്ന തരത്തില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയും അമേരിക്കന്‍ ബോര്‍ഡ് വാക്കും... പെനിസുലയുമെല്ലാം സന്ദര്‍ശകരെ വരവേല്‍ക്കുന്നു.
രണ്ടുലക്ഷം ചതുരശ്ര അടിയിലധികം വിസ്തീര്‍ണത്തിലാണ് ഈ കൃത്രിമപുഴയും അനുബന്ധ കാഴ്ചകളും ഒരുക്കിയിരിക്കുന്നത്. യൂറോപ്യന്‍ രീതിയിലുള്ള ഭക്ഷണശാലകളും ഇവിടേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. സന്ദര്‍ശകര്‍ക്കായി വ്യത്യസ്ത തരത്തിലുള്ള കാഴ്ചകളും കാലാവിരുന്നും ഈ പുഴയിലും പുഴക്കരയിലും ഒരുക്കിയിട്ടുണ്ട്..
ദുബായിയുടെ നഗരക്കാഴ്ച്ചകളും മരുഭൂക്കാഴ്ച്ചകളും കണ്ടു മടുത്തവര്‍ക്ക് റിവര്‍ലാന്‍ഡ് വേറിട്ട അനുഭവം സമ്മാനിക്കും. ഏതുകോണിലും കുളിര്‍മ്മ പകരുന്ന കാഴ്ച്ചകള്‍. മനസു നിറഞ്ഞൊരു സായന്തനം ആസ്വദിച്ച് നമുക്ക് മടങ്ങാം.