ഗള്‍ഫ് ലോകം ഉഷ്ണ ചൂടില്‍ ഉരുകുന്പോള്‍ കേരളത്തിലെ പോലെ മഴയുടെ കുളിരനുഭവിക്കുന്ന ഒരു നാടുണ്ട്. സലാല. മഴക്കാലത്തിന്റെ വരവറിയിച്ച് സലാലയില്‍ ഖരീഫ് ഉല്‍സവത്തിന് തുടക്കമായി. മഴയുടെ ആ ഉല്സവക്കാഴ്ചകളിലേക്ക് ഒരു യാത്രപോകാം.
വേനല്‍ചൂടില്‍ ഗള്‍ഫ് വെന്തുരുകുമ്പോള്‍ മഴയിലും മഞ്ഞിലും സലാല കുളിരണിയുന്നു. കേരളത്തെ പോലെ പച്ചപ്പ് നിറഞ്ഞ കാടും തോടും മലയും താഴ്വാരവും നിറഞ്ഞ മനോഹര ഭൂമിക. ഇക്കുറി അല്പം നേരത്തെ തന്നെ സലാലയെ കുളിരൡണിയിക്കാന് കാലവര്‍ഷമെത്തി.
മഴ നനഞ്ഞു നില്ക്കുന്ന സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് ഇപ്പോള്‍. പെരുമഴ നനയാനും, പച്ചപുതച്ച മലനിരകളിലെ വെള്ളച്ചാട്ടങ്ങളും കോടമഞ്ഞും ആസ്വദിക്കാനുമാണ് സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്.
ഖരീഫ് ഫെസ്റ്റിവല്‍ എന്ന പേരില്‍ മഴയുല്‍സവം ഒരുക്കിയാണ് ഒമാനിലെ ഭരണാധികാരികള്‍ സലാലയിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. മഴക്കാഴ്ചകള്ക്കൊപ്പം ഒമാന്റെ പാരന്പര്യങ്ങളും സംസ്കാരങ്ങളും അനുഭവിക്കാനും അടുത്തറിയാനും ഇവിടെ അവസരമുണ്ട്. പരന്പരാഗത രീതിയിലുള്ള ഒമാനി വസ്ത്രങ്ങളാണ് പ്രധാനമായും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഒപ്പം കരകൗശല വസ്തുക്കളും തനത് ഉല്‍പ്പന്നങ്ങളും.
ഓഗസ്റ്റ് 31 വരെ നീളുന്ന മഴയുല്സവ കാലത്ത് ഇരുപത് ലക്ഷത്തോളം സഞ്ചാരികളെയാണ് സലാലയിലേക്ക് പ്രതീക്ഷിക്കുന്നത്. സലാലയില്‍ പുതിയ വിമാനത്താവളം തുറന്നതും സര്‍വീസുകള്‍ ആരംഭിച്ചതും സഞ്ചാരികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
ഒമാനിലെയും മറ്റു ജിസിസി രാജ്യങ്ങളിലെയും തനത് കലാരൂപങ്ങളും സലാലയിലെ സാംസ്കാരിക ഗ്രാമത്തില്‍ ഒരുക്കിയിരിക്കുന്നു. കലാ പ്രകടനങ്ങള്‍ക്ക് പുറമേ കായിക വിനോദങ്ങളും അല്‍ബറാ എന്ന പരന്പരാഗത നൃത്തവുമെല്ലാം സഞ്ചാരികള്‍ക്ക് പുതിയ അനുഭവം സമ്മാനിത്തുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സലാലയിലെ മഴക്കാഴ്ചകള്‍ തേടി കൂടുതലായും എത്തുന്നത്. അതിലേറെയും മലയാളികള്‍. കാരണം സലാല മലയാളികള്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു അനുഭവം കൂടിയാൡണ്.