പ്രതികാരമായ പ്രണയം; നീതുവിന്‍റെ അരുംകൊല; ചോര തൊടുന്ന ചതി

പ്രണയംനൈരാശ്യം പ്രതികാരമായി കൊലയിലേക്ക് എത്തിയ ഒരു കേസ്. തൃശൂരിലെ എന്‍ജിനിയറിങ്  വിദ്യാര്‍ഥിനിയായിരുന്ന ഇരുപത്തിയൊന്നുകാരി നീതുവിനെ കൊലപ്പെടുത്തിയ അതിദാരുണസംഭവം. സുരക്ഷിതമെന്ന് കരുതിയ സ്വന്തം  വീട്ടില്‍ കയറി പുലര്‍ച്ചെ പ്രതികാരം ചെയ്ത പ്രതി നിധീഷിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നു..സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലെത്തിയ  ഒരു ബന്ധംകൂടി ദുരന്തത്തില്‍ കലാശിച്ച ഓർമയാണ് നീതുവിന്‍റേത്. ചതി തീര്‍ക്കുന്ന സമൂഹമാധ്യമങ്ങളില്‍ ജാഗ്രത വേണമെന്ന് ഒാരോരോ സംഭവങ്ങളും മുന്നറിയിപ്പുനല്‍കുമ്പോഴും പുതുതലമുറ അതെല്ലാം അവഗണിക്കുകയാണ്.

വിവാഹ അഭ്യര്‍ഥ തള്ളുമ്പോള്‍ ഉടന്‍ തുടങ്ങുന്ന ദേഷ്യം. പിന്നെ വൈരാഗ്യം.പക. എന്‍റെ കൂടെയല്ലെങ്കില്‍ നീ ജീവിക്കേണ്ട എന്ന തീരുമാനത്തിലേക്ക് യുവാക്കള്‍ എത്തുന്നത് ഭീകരമാണ്. ഇന്നലെ വരെ സ്നേഹിച്ച സ്നേഹം പങ്കുവെച്ചവള്‍ക്കുനേരെ കൊലക്കത്തി വീശാന്‍ അവന്‍ തയാറാകുന്നു. പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നു. ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത പ്രണയതീവ്രത.

സ്നേഹബന്ധത്തില്‍ നിന്ന് മാറിയതിന്‍റെ  പേരില്‍  സഹപ്രവര്‍ത്തകയായിരുന്ന പൊലീസുകാരിയെ പൊലീസുകാരന്‍ തന്നെ കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടിച്ചിരുന്നു. പൊലീസില്‍  ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളോ എന്നുപോലും ജനം അത്ഭുതപ്പെട്ടു. അതിമൃഗീയമായി സൗമ്യയെ വെട്ടിവീഴ്ത്തിയ ശേഷം  പെട്രോള്‍ ഒഴിച്ച് കത്തിച്ച് ചാമ്പലാക്കിയാണ് അജാസ് എന്ന ചെറുപ്പക്കാരന്‍  പക തീര്‍ത്തത്. പ്രണയം നിഷേധിക്കപ്പെട്ടപ്പോഴുളള പ്രതികാരം

പ്രണയം നിരസിച്ചതിന്‍റെ പേരില്‍ ആക്രമിച്ചും പെട്രോള്‍ ഒഴിച്ചും വകവരുത്താന്‍ ശ്രമിച്ച ഒട്ടേറെ കേസുകളാണ്  അടുത്ത നാളുകളില്‍ നമുക്കിടയില്‍ ഉണ്ടായത്. വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടാക്കും . പിന്നീട് പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിക്കുമ്പോള്‍ അത് അംഗീകരിക്കപ്പെടാതെ വരും..പ്രണയം തുറന്നുപറയുന്ന പോലെ തന്നെ പ്രണയം അവസാനിപ്പിക്കാനുമുള്ള സ്വാതന്ത്യം ഇരുവര്‍ക്കും ഉണ്ടാകുന്നിടത്താണ് യഥാര്‍ഥ പ്രണയം ജനിക്കുന്നത്. പ്രണയത്തിന്‍റെ പേരില്‍ നടക്കുന്ന അരുംകൊലകള്‍ ഇനി നടന്നുകൂടാ. സമൂഹമാധ്യമങ്ങളിലൂടെ അറിയാത്തവരുമായി പരിചയപ്പെട്ട് പ്രണയത്തിലെത്തുന്നവര്‍ ജാഗ്രത പാലിക്കുക.