ഇനിയും വെളിപ്പെടാത്ത കണക്കുകൾ, തുടരുന്ന വിവാദം; ലോകവിവാദ സഭയോ?

മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ 82 ലക്ഷം രൂപ. അതായിരുന്നു ഇത്തവണത്തെ ലോകകേരളസഭയുടെ അമേരിക്കന്‍ മേഖല സമ്മേളനത്തെക്കുറിച്ച് വിവാദമായ പണപ്പിരിവ്. യുഎസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ലേകകേരളസഭ സമ്മേളനത്തിനായി സംഘാടകസമിതിയുടെ പേരിലാണ് വന്‍തുക പിരിച്ചെടുക്കുന്നത്. താരനിശ മാതൃകയില്‍ ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത്. ഗോള്‍ഡിന് ഒരു ലക്ഷം ഡോളര്‍ അതായത് ഏകദേശം 82 ലക്ഷം രൂപ, സില്‍വറിന് 50,000 ഡോളര്‍ ഏകദേശം 41 ലക്ഷം രൂപ, ബ്രോണ്‍സിന് 25,000 ഡോളര്‍ എന്നുവച്ചാല്‍ ഏകദേശം 20.5 ലക്ഷം ഇന്ത്യന്‍ രൂപ എന്നിങ്ങനെയാണ് നല്‍കേണ്ട തുക. 

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടേയും സമ്മേളനം നടക്കുന്ന ന്യൂയോര്‍ക്കിലെ ആംഡബര ഹോട്ടലിന്‍റേയും ചിത്രം സഹിതമുള്ള താരിഫ് കാര്‍ഡ് അമേരിക്കന്‍ മലയാളികളുടെ ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്. വലിയ സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്നവര്‍ക്ക് സമ്മേളനവേദിയില്‍ അംഗീകാരവും കേരളത്തില്‍ നിന്നുള്ള വിഐപികള്‍ക്കൊപ്പമുള്ള ഡിന്നറും അടക്കം വാഗ്ദാനങ്ങളുണ്ട്. 

ഈ മാസം ഒന്‍പതു മുതല്‍ 11 വരെ ന്യൂയോര്‍ക്കില്‍ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ആണ് സമ്മേളനം. കമ്മ്യൂണിസ്റ്റ്കാരനായ മുഖ്യമന്ത്രി പിരിവെടുത്ത് നടത്തുന്ന പരിപാടിക്ക് പോകരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.  അമേരിക്കയിലെ ലോക കേരള സഭയുടെ ചെലവ് സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് കണ്ടെത്തുന്നതെന്ന് നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. ലോകകേരള സഭയുടെ നടത്തിപ്പ് ചെലവ് പ്രാദേശിക ഘടകങ്ങളാണ് നിര്‍വഹിക്കുന്നത്. സംസ്ഥാനത്തിന് ഒരരൂപപോലും ചെലവില്ല. മുഖ്യമന്ത്രിയെക്കാണാന്‍ തുക ഈടാക്കുമെന്ന വാര്‍ത്തതെറ്റിദ്ധാരണാജനകമാണ്. അദ്ദേഹത്തെ ആര്‍ക്കും കാണാം. ആശയക്കുഴപ്പം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ തിരുവനന്തപുരത്ത് വിശദീകരിച്ചു.

പ്രവാസികളെ അപമാനിക്കാനാണ് വിവാദമുണ്ടാക്കുന്നതെന്ന് സിപിഎമ്മും പൂച്ചപാലുകുടിക്കുന്നതുപോലെയുള്ള വെട്ടിപ്പെന്ന് കോണ്‍ഗ്രസും പറയുമ്പോഴും സര്‍ക്കാരിന് പങ്കാളിത്തവും പ്രാതിനിധ്യവുമുള്ള ഒരുപരിപാടി പ്രവാസികളില്‍നിന്ന്  പണം പിരിച്ച് ഒരുവിദേശരാജ്യത്ത് സംഘടിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതോടെ ലോകകേരള സഭയുടെ തുടക്കംമുതല്‍ ഉയര്‍ന്ന വിവാദങ്ങള്‍ അമേരിക്കന്‍ പതിപ്പിലും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം യുകെയില്‍ നടന്ന മേഖലാ സമ്മേളനത്തിനും പ്രാദേശിക സംഘാടകസമിതിയുണ്ടാക്കി ഫണ്ട് പിരിച്ചിരുന്നു. ഒക്ടോബറില്‍ നടന്ന സമ്മേളനത്തിന്‍റെ വരവ് ചെലവു കണക്ക് ഏഴുമാസം പിന്നിട്ടിട്ടും വെളിപ്പെടുത്തിയിട്ടില്ല.