രാജയുടെ ‘വിധി’ മാറ്റിയ വിധി; ജയിക്കുന്നത് ആര്?

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഹൈക്കോടതി ദേവികുളം തിരഞ്ഞെടുപ്പ് വിജയത്തെ വാദത്തിനെടുത്തതും വിധി പ്രസ്താവിച്ചതും. അതും ഒരു നിയമസഭാമണ്ഡലത്തില്‍ നിലവില്‍ തിരഞ്ഞെടുക്കപ്പെട്ടയാളുടെ വിധിയെ അപ്പാടെ റദ്ദാക്കിക്കൊണ്ട് ഒരു കോടതി വിധി. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവുണ്ടായത്.  പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തിരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ.രാജയ്ക്ക് അവകാശമില്ലെന്ന വാദം കോടതി അംഗീകരിച്ചു. അതോടെ രാജയുടെ തിരഞ്ഞെടുപ്പ് വിധി റദ്ദാക്കപ്പെട്ടു.  

ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാറിന്റെ ഹർജി. ക്രിസ്തുമത വിശ്വാസികളായ അന്തോണി–എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും, എ.രാജയുടെയും ഭാര്യ ഷൈനി പ്രിയയുടെയും  വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമായിരുവെന്നുമായിരുന്നു ഹർജിയിലെ പ്രധാന വാദം. ഈ വാദങ്ങൾ അംഗീകരിച്ചാണ് രാജയുടെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്. രാജ ഹിന്ദു പറയ വിഭാഗത്തിൽപ്പെട്ടയാളെന്ന് പറയാനാകില്ലെന്ന് ഉത്തരവിൽ കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ല. രാജയുടെ നാമനി‍ർദേശ പത്രിക റിട്ടേണിങ് ഓഫീസർ തള്ളേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ദേവികുളത്തെ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഉത്തരവിന്‍റെ  പകർപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനും, നിയമസഭാ സ്പീക്കർക്കും, സംസ്ഥാന സർക്കാരിനും കൈമാറാനും കോടതി നി‍ർദേശം നല്‍കി. തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റിൽ വിജ്ഞാപനം  ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. 2021 ൽ ദേവികുളത്തുനിന്നും 7848 വോട്ടുകൾക്കായിരുന്നു രാജയുടെ വിജയം. അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഡി. കുമാറിന്‍റെ അപേക്ഷ കോടതി തള്ളി. വിഡിയോ കാണാം.