പുതിയ ഇന്ത്യ, പുതിയ പ്രതീക്ഷ; രാഷ്ട്രീയം നിറഞ്ഞ് ന്യൂസ് ന്യൂസ്മേക്കര്‍ വേദി

2021ലെ വാര്‍ത്താതാരത്തിനുള്ള മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് സമ്മാനിച്ചു. പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചു. പ്രേക്ഷകര്‍ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിലൂടെ ഈ വര്‍ഷം ജനുവരിയിലാണ്  പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. 

രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, ആ ശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ എന്നീ രണ്ടു വിഭാഗങ്ങളാണ് രാജ്യത്തുള്ളതെന്ന് യോഗേന്ദ്ര  യാദവ് പറഞ്ഞു. വീട് കത്തുമ്പോള്‍ ഒരു ബക്കറ്റ് വെള്ളവുമായി തീയണയ്ക്കാനെത്തുന്നവര്‍ക്കൊപ്പമാണ്  താന്‍.  രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നത് അതുകൊണ്ടാണ്.  ഭാരത് ജോഡോ യാത്ര കേരളത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിനെക്കുറിച്ച് ഇടതുപക്ഷം നടത്തിയ വിമര്‍ശനത്തോട് യോജിപ്പില്ലെന്നും യോഗേന്ദ്ര പറഞ്ഞു.

രാജ്യത്തെ ഇന്നത്തെ സ്ഥിതിയില്‍ പ്രതീക്ഷയുടെ തുരുത്താണ് കേരളം. കേരളത്തെപ്പോലെ മറ്റുള്ളവരും ചിന്തിച്ചെങ്കിലെന്ന് ആശിച്ചുപോകുന്നു.  നെഹ്‍റുവിന്‍റെ ആശയങ്ങളുടെ പുനരുജ്ജീവനത്തിന് ശ്രമിക്കുന്ന ശശി തരൂര്‍ മികച്ച നേതാവാണ്. അദ്ദേഹത്തിന്‍റെ കഴിവുകള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് യോഗേന്ദ്ര ന്യൂസ്മേക്കര്‍ പുരസ്കാരവേദിയിലെ സംവാദത്തില്‍ പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തുമെന്ന് കെ.സുധാകരന്‍ അവകാശപ്പെട്ടു. കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ ചുമതലകള്‍ നിര്‍വഹിക്കേണ്ടതിനാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ശശി തരൂര്‍ പാര്‍ട്ടിയുടെ അവിഭാജ്യഘടകമാണ് . ഒരുവിധത്തിലും അദ്ദേഹത്തെ അവഗണിക്കുന്ന നിലയുണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞു. ആര്‍.എസ്.എസ്. ശാഖയെ സഹായിച്ചതിനെക്കുറിച്ചുള്ള പ്രസ്താവന പിന്‍വലിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളായാലും ജീവന്‍ അപകടത്തിലായാല്‍ സഹായിക്കുന്നതാണ് തന്‍റെ ആദര്‍ശം. ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിയായിരിക്കെ പരുക്കേറ്റ എസ്.എഫ്.ഐ നേതാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് ഉദാഹരണമായി സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.