സ്വപ്നതുല്യം ഒളിംപിക് മെഡല്‍, പാരിസില്‍ ലക്ഷ്യം സ്വര്‍ണം; ചനു പറയുന്നു; അഭിമുഖം

ടോക്യോയില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയെന്ന് പരിശീലകന്‍ ദ്രോണാചാര്യ വിജയ് ശര്‍മ ആവര്‍ത്തിച്ച് പറയുമ്പോള്‍ മാത്രമാണ് അത് സ്വപ്നമല്ലെന്ന് മീരാബായ് ചാനു തിരിച്ചറിഞ്ഞത്. വെയ്റ്റ് ലിഫ്റ്റിങ് ജീവിതമാക്കിയ നാള്‍ മുതല്‍ ഹൃദയത്തിലേറ്റിയ സ്വപ്നം യാഥാര്‍ഥ്യമായ നിമിഷം അത്രമാത്രം അനിര്‍വചനീയമായിരുന്നുവെന്ന് മീരബായ് ചാനു മനോരമന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. റിയോ ഒളിംപിക്സ് മെഡല്‍ കൈവിട്ടപ്പോള്‍ തകര്‍ന്ന മനസും ആത്മവിശ്വാസവും തിരിച്ചുപിടിക്കാന്‍ അഞ്ചുവര്‍ഷത്തോളം നടത്തിയ കഠിനപരിശ്രമത്തിന്റെയും ത്യാഗങ്ങളുടെയും ഫലമാണ് ടോക്യോയിലെ വെള്ളിമെഡലെന്ന് മീര പറഞ്ഞു. ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള മുഹൂര്‍ത്തവും അതുതന്നെയായിരുന്നു.

ഒളിംപിക് മെഡലോടെ സ്വപ്നങ്ങള്‍ അവസാനിക്കുന്നില്ല. ടോക്യോയിലെ വെള്ളി പാരിസില്‍ സ്വര്‍ണമാക്കുകയാണ് അടുത്ത ലക്ഷ്യം. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന ഉറച്ചവിശ്വാസം മീരബായ് ചനു പങ്കുവച്ചു. കോച്ച് വിജയ് ശര്‍മയുടെയും സ്വന്തം കുടുംബത്തിന്റെയും അകമഴിഞ്ഞ പിന്തുണയാണ് മീരയുടെ ഏറ്റവും വലിയ ശക്തി. 

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കളിക്കളങ്ങളിലേക്കിറങ്ങണമെന്ന് മീരബായ് ചനു ആഹ്വാനം ചെയ്തു. വീടുകളില്‍ അടച്ചിരിക്കേണ്ടവരോ വീട്ടുജോലികള്‍ മാത്രം ചെയ്യേണ്ടവരോ അല്ല പെണ്‍കുട്ടികള്‍. ഭാരോദ്വഹനത്തിലേക്കും കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണം. അവര്‍ക്ക് ഏറെ മുന്നേറാന്‍ കഴിയും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് തനിക്കൊപ്പം പരിശീലനത്തിന് അവസരം ലഭിക്കും. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഭാവിയുടെ വാഗ്ദാനങ്ങളായ ഒട്ടേറെ താരങ്ങളുണ്ടെന്നും അടുത്ത ഒളിംപിക്സില്‍ ടീം ഇന്ത്യ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ചനു ഉറപ്പുനല്‍കുന്നു. ഒളിംപിക് മെഡല്‍ നേട്ടത്തിനു പിന്നില്‍ അഞ്ചുവര്‍ഷത്തെ കഠിനാധ്വാനവും ത്യാഗവുമെന്ന് മീരാബായ് ചനു. സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തമാണ്. യുഎസിലെ പരിശീലനം നിര്‍ണായകമായി. കായികമന്ത്രാലയം മികച്ച പിന്തുണ നല്‍കിയെന്നും ഒളിംപിക്സ് വെള്ളിമെഡല്‍ ജേതാവ് മീരാബായ് ചനു മനോരമന്യൂസിനോട് പറഞ്ഞു.  പ്രത്യേക അഭിമുഖം കാണാം...