ട്രംപ്; ഒരേ സമയം വെറുക്കപ്പെട്ടവനും സ്വീകാര്യനും; എന്തുകൊണ്ട് ?

2017 ലെ ഓസ്കര്‍ പുരസ്കാര നിശയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്‍റിനോടുള്ള വിയോജിപ്പുകളായിരുന്നു ഉയര്‍ന്നു കേട്ടത് .അമേരിക്കയിലെ കറുത്തവന്റെ കഠിനജീവിതം ആവിഷ്കരിച്ച ബാരി ജെൻകിൻസിന്റെ 'മൂൺലൈറ്റ്' മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടിയ വേദിയില്‍ ഡോണൾഡ് ട്രംപിന്റെ വംശീയനിലപാടുകൾക്കും കുടിയേറ്റവിരുദ്ധ നയങ്ങൾക്കുമെതിരെ രോഷം അണപൊട്ടിയൊഴുകി. അവതാരകന്‍ ജിമ്മി കിമ്മല്‍ മുതല്‍ പുരസ്കാര ജേതാക്കള്‍ വരെ പ്രസിഡന്‍റിനെ കടന്നാക്രമിച്ചു. നാലുവര്‍ഷത്തെ ഭരണത്തില്‍ ഇത്രയേറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ മറ്റൊരു ഭരണാധികാരിയും ആ രാജ്യത്തിന് ഉണ്ടാകില്ല. എന്നിട്ടും കോവിഡ് മഹാമാരി എത്തുന്നതിന് തൊട്ടുമുമ്പുവരെയുള്ള ചിത്രം ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ 4 വര്‍ഷം കൂടി തുടര്‍ന്നേക്കുമെന്നതായിരുന്നു. എന്താണ് ഡോണള്‍ഡ് ട്രംപെന്ന തീവ്രവലതുപക്ഷക്കാരനെ ഒരുപോലെ വെറുക്കപ്പെട്ടവനും സ്വീകാര്യനുമാക്കുന്നത് ? 

കുടിയേറ്റവിരുദ്ധതയും വംശീയ നിലപാടുകളും ഒരിക്കലും മറച്ചുവച്ചിട്ടില്ല ഡോണള്‍ഡ് ട്രംപ്. പരസ്യമായി സംരക്ഷണവാദം ഉന്നയിക്കാന്‍ അദ്ദേഹത്തിന് അന്നും ഇന്നും ഒരുമടിയുമില്ല. ഇന്ത്യക്കാരടക്കമുള്ളവര്‍ അമേരിക്കക്കാരുടെ തൊഴില്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്നു എന്ന ട്രംപിന്‍റെ  ആരോപണം അമേരിക്കയിലെ ഒരു വിഭാഗത്തിനിടയില്‍  അദ്ദേഹത്തിന്‍റെ  സ്വീകാര്യതയേറ്റുകയും ചെയ്തു. ലാറ്റിന്‍ അമേരിക്കന്‍  രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ തടയാന്‍ മതില്‍കെട്ടുമെന്ന പ്രഖ്യാപനത്തിനെതിരെ ലോകമെങ്ങും വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും അമേരിക്കയില്‍ ഇതിന് കയ്യടിച്ചവര്‍ കുറവായിരുന്നില്ല.

ഇസ്ലമോഫോബിയയെ ഇത്രയധികം ആളിക്കത്തിച്ച് അധികാരത്തിലെത്തിയ മറ്റൊരു അമേരിക്കന്‍ പ്രസിഡന്‍റുമില്ല. വര്‍ണവെറിയന്‍മാരോട് പരസ്യമായി അനുഭാവം പ്രകടിപ്പിച്ച പ്രസിഡന്‍റും ഡോണള്‍ഡ് ട്രംപ് തന്നെ. ജനാധിപത്യവാദികള്‍ നീചമെന്ന് വിശേഷിപ്പിക്കുന്ന ഈ ട്രംപ് നിലപാടുകള്‍ക്കും സ്തുതി പാഠകര്‍ ഏറെയുണ്ട് ആ രാജ്യത്ത്. 

എനിക്ക് ശ്വാസം മുട്ടുന്നു, ജോര്‍ജ് ഫ്ലോയിഡിന്‍റെ അവസാന വാക്കുകള്‍ അമേരിക്ക മാത്രമല്ല, ലോകം മുഴുവന്‍ ഏറ്റെടുത്തു. ലക്ഷങ്ങളുടെ ജീവനെടുത്ത കോവിഡ് മഹാമാരിയെപ്പോലും മറന്ന് അമേരിക്കന്‍ നഗരങ്ങളില്‍ ജനം തെരുവിലിറങ്ങി. താന്‍ വംശീയവാദിയല്ലെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് ആവര്‍ത്തിക്കുമ്പോളും വര്‍ണവെറിയന്‍മാരോടുള്ള അദ്ദേഹത്തിന്‍റെ മൃദുസമീപനം പലതവണ ചോദ്യം ചെയ്യപ്പെട്ടു. ഇക്കുറിയും വംശീയത തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാകുന്നതിനും, കമല ഹാരിസെന്ന ഇന്ത്യന്‍ വംശജയെ ജോബഡന്‍ റണ്ണിങ് മേറ്റായി തിരഞ്ഞെടുത്തിനും കാരണവും പ്രസിഡന്‍റിന്‍റെ ഈ നിലപാടു തന്നെ. 

അമേരിക്കയടകമുള്ള വികസിത രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ മുന്നോട്ടുപോവാൻ പാടുപെടുമ്പോളാണ് ഡോണള്‍ഡ് ട്രംപെന്ന ശതകോടീശ്വരന്‍ വ്യവസായി വൈറ്റ് ഹൗസിന്‍റെ അധികാരമേറ്റെടുത്തത്. നികുതി പരിഷ്ക്കാരവും വ്യാപാരനയത്തിലെ പൊളിച്ചെഴുത്തും വഴി അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഇതിന്‍റെ ഭാഗമായി കടുത്ത സംരക്ഷണവാദം മുന്നോട്ടുവയ്ക്കാന്‍ അദ്ദേഹം മടിച്ചിട്ടില്ല. ഒരു പരിധിവരെ ട്രംപ് നയങ്ങള്‍ രാജ്യത്തിന് ഗുണം ചെയ്തെങ്കിലും അവസാന വര്‍ഷമെത്തിയ മഹാമാരി അദ്ദേഹത്തിന്‍റെ  സ്വപ്നങ്ങളെ തകിടം മറിച്ചു.