ജനത്തിന് മുന്നില്‍ വിശദീകരിക്കണ്ടേ? ജലീലിന് അതിനുള്ള ബാധ്യതയില്ലേ?

മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യംചെയ്തശേഷമുള്ള മൂന്നാമത്തെ പകലാണ്. നാടാകെ തെരുവുകളെ ചൂടുപിടിപ്പിച്ച് പ്രതിഷേധത്തിരമാലകള്‍. ഇന്നലെ സമാന പ്രതിഷേധങ്ങള്‍ക്ക് ഇടയിലൂടെ വളാഞ്ചേരിയില്‍നിന്ന് തലസ്ഥാനത്ത് ഔദ്യോഗിക വസതിയില്‍ എത്തിയ മന്ത്രി ഇനിയും ഒന്നും പറയാന്‍ തയാറല്ല. ഫെയ്സബുക്കിലൂടെ സംസാരിക്കുമെന്ന് ഇന്നലെ പറഞ്ഞു. പക്ഷെ അദ്ദേഹത്തില്‍നിന്ന് കേള്‍ക്കണം എന്ന് പൊതുസമൂഹം വിചാരിക്കുന്ന ഒന്നിലും ഫെയ്‍സ്ബുക്കിലും അദ്ദേഹം സംസാരിക്കുന്നില്ല. 

ഇന്നിപ്പോള്‍ പ്രതിഷേധം മന്ത്രി ജലീലിനെതിരെ മാത്രമല്ല, മകന്‍ സ്വപ്ന സുരേഷുമായി ലൈഫ് മിഷനില്‍ അനധികൃത ഇടപെടല്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മന്ത്രി ഇ.പി.ജയരാജന് എതിരെക്കൂടിയാണ്. എന്നാല്‍ എല്‍ഡിഎഫ് ഏറ്റവും ഒടുവില്‍ മിനിറ്റുകള്‍ക്ക് മുമ്പ് ആരോപിക്കുന്നത് കേരളത്തെ കുരുതിക്കളമാക്കാന്‍ യുഡിഎഫ് ബിജെപി ഗൂഢാലോചന എന്നാണ്. അപ്പോള്‍ എന്തിനാണീ പ്രതിഷേധം? പ്രതിഷേധങ്ങള്‍ക്ക് മരുന്നിടുന്നത് ആരാണ്? ജനത്തിന് മുന്നില്‍ വിശദീകരിക്കാന്‍ മന്ത്രി ജലീലിന് ബാധ്യതയില്ലേ?