തുടരുന്ന രാഷ്ട്രീയ കൊല; മാറുന്ന ഇരകൾ; വെഞ്ഞാറമ്മൂട്ടിൽ സംഭവിച്ചത്

രാഷ്ട്രീയകൊലപാതകങ്ങള്‍ കേരളത്തില്‍ പുതിയതല്ല. ആളുകളും ഇരകളും മാറുന്നുവെന്ന് മാത്രം...മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കണ്ണൂരില്‍ രാഷ്ട്രീയഎതിരാളികളെ കൊന്നുതള്ളിയ സംഭവങ്ങളെല്ലാം ഞെട്ടലോടെ മലയാളി കണ്ടതാണ്.പക്ഷേ പലകേസുകളിലും  യഥാര്‍ഥപ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല..ഒാരോരാഷ്ട്രീയനേതൃത്വവും അവരെ രക്ഷിച്ചെടുത്തു അവരുടെ ഇംഗീതത്തിനസുരിച്ച് ...കൊലപാതകം രാഷ്ട്രീയവൈരാഗ്യത്തിലാണെങ്കില്‍ ഒന്നും പേടിക്കാനില്ലെന്ന് ഈ കൊലയാളികള്‍ മനസിലാക്കി കഴിഞ്ഞിരിക്കുന്നു...

ദിവസങ്ങളുടെ വ്യത്യാസത്തില്‍ കണ്ണൂരില്‍ കൊലചെയ്യപ്പെട്ട ചിലഇരകളുടെ ഇന്നും മരിക്കാത്ത കുടുംബങ്ങളാണിത്...രക്തം ചിന്തിയതോടെ രാഷ്ട്രീയവ്യത്യാസമില്ലാതെ ഇരകള്‍ ഉറക്കെപറഞ്ഞു മതിയാക്കൂ ഈ കൊലരാഷ്ട്രീയമെന്ന്..നഷ്ടപ്പെടുന്നത് ഞങ്ങള്‍ക്ക് മാത്രമാണെന്ന്..

പക്ഷേ ആരു കേള്‍ക്കാന്‍ ...നേതൃത്വത്തിന്‍റെ നിര്‍ദേശത്തിനനുസരിച്ച് ഒന്നുമറിയാതെ അണികള്‍ കെട്ടിയാടി...കൊലയാളികളുടെ രൂപംഉള്‍ക്കൊണ്ടു. ..സംസ്ഥാനത്തുടനീളം   രാഷ്ട്രീയത്തിനായി എതിരാളികളെ  എണ്ണം പറഞ്ഞും കണക്കുപറഞ്ഞും ഇല്ലായ്മ ചെയ്തു..ഫോട്ടോകള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയനേട്ടമുണ്ടാക്കി..പക്ഷേ നഷ്ടപ്പെട്ടതെല്ലാം വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും മാത്രമായിരുന്നു... ഒരിക്കലും പകരംവെക്കാനാകാത്ത നഷ്ടം. അമ്മമാരും കുഞ്ഞുങ്ങളും ഭാര്യമായും കരഞ്ഞുപറഞ്ഞിട്ടും ആരും കേട്ടില്ല..ഏറ്റവുമൊടുവില്‍ വെഞ്ഞാറമ്മൂട്ടില്‍ എത്തിനില്‍ക്കുന്നു ആ കൊലപാതകപട്ടിക...

dyfi വെമ്പായം തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മുപ്പതുകാരന്‍ മിഥിലാജ്, ഡിവൈഎഫ്ഐ പേരുമല കലുങ്കിന്‍മുഖം യൂണിറ്റ് സെക്രട്ടറി ഇരുപത്തിനാലുകാരന്‍ ഹഖ്മുഹമ്മദ് ...  ഇത്തവണ  ഇരകളുടെ പട്ടികയിലെ പേര് ഇതാണ്... ആക്രമണത്തില്‍ ജീവന്‍പൊലിഞ്ഞ് ഇല്ലാതായ ഇരുവരും അറിയുന്നില്ല ഇപ്പോള്‍ ഇവരെയോര്‍ത്തുള്ള പ്രിയപ്പെട്ടവരുടെ അടങ്ങാത്ത സങ്കടം.....

പൊലീസ് വിശദീകരണം അനുസരിച്ച് കാര്യങ്ങള്‍ ഇങ്ങനെയാണ്.. 

അരമണിക്കൂര്‍ കൂടിയേയുള്ളൂ തിരുവോണനാള്‍ പിറക്കാന്‍..പിറ്റേദിവസം വീട്ടിലേക്കുള്ള  സാധനങ്ങളും വാങ്ങി  ബൈക്കില്‍ യാത്ര തുടങ്ങിയതായിരുന്നു മിഥിലാജും ഹക്ക് മുഹമ്മദും..വീട്ടില്‍ കാത്തിരുന്ന് മടുത്ത  മക്കള്‍ ഉറങ്ങിക്കാണും...നേരത്തെ വീട്ടിലെത്തണമെന്നുണ്ടായിരുന്നു.പക്ഷേ ഉത്രാടനാളിലെ പച്ചക്കറി കടയിലെ തിരക്ക് എല്ലാപദ്ധതികളും തെറ്റിച്ചു...രാത്രിവരെ ആവശ്യക്കാര്‍ക്ക് തിരുവോണ സദ്യക്കുള്ള പച്ചക്കറികളും എടുത്തുനല്‍കിയുള്ള മടക്കമായിരുന്നു..ഇനി നാളെ തിരുവോണം..ഭാര്യക്കും ഉപ്പക്കും ഉമ്മയ്ക്കും പൊടികുഞ്ഞുങ്ങള്‍ക്കുമൊപ്പം ഒാണമുണ്ണണം..എല്ലാവര്‍ക്കും ഒാണസന്ദേശം കൈമാറണം..അങ്ങനെ എന്തെല്ലാം പ്രതീക്ഷകളായിരുന്നിരിക്കും ബൈക്കില്‍ യാത്രപുറപ്പെടുമ്പോള്‍ മിഥിലാജിനും ഹക്ക് മുഹമ്മദിനും ഉണ്ടായിരുന്നിരിക്കുക..പിറ്റേദിവസത്തെ കാര്യങ്ങള്‍ ഇരുവരും പരസ്പരം പറ‍ഞ്ഞുകൊണ്ടായിരുന്നിരിക്കാം യാത്ര..ബൈക്ക് തലയില്‍ റോഡിലെത്തിയപ്പോള്‍ കാത്തിരുന്ന അക്രമിസംഘം ഇരുവരേയും വെട്ടിക്കൊലപ്പെടുത്തി...

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷഹീനാണ്  ആക്രമണവിവരം പൊലീസിനെ അറിയിച്ചതെന്നായിരുന്നു  എഫ്ഐആര്‍ . പിന്നീട് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ചിരുന്നു...ഇടനെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മിഥിലാജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്ന് പൊലീസ് പറയുന്നു...വെഞ്ഞാറമൂട്ടിലെ സ്വകാര്യആശുപത്രിയിലെത്തിച്ചപ്പോഴേക്കും  ഹഖും മരണത്തിന് കീഴടങ്ങി....തിരുവോണനാളില്‍ വെള്ളത്തുണ്ണിയില്‍ പൊതിഞ്ഞ് ഇരുവരും  അവസാനമായി പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് ...

ഇതിനിടെ  ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും  പുറത്തുവന്നു. അതോടെ ഏകപക്ഷീയ ആക്രമണമാണോ എന്ന സംശയം ഉയര്‍ന്നു..വാളുകളുമായി രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായി പിന്നീടുള്ള അന്വേഷണം...യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസില്‍ ഷഹീന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു പൊലീസിന്‍റെ പിന്നീടുള്ള അന്വേഷണം. ഏഴുപേരെ  രാവിലെ തന്നെ പൊലീസ് അറസ്റ്റുചെയ്തു... 

പ്രതികള്‍ക്കും  കൊല്ലപ്പെട്ടവര്‍ക്കും  മുന്‍പരിചയം ഉണ്ടെന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചു പറഞ്ഞു. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന്  പൊലീസ് എഫ്.ഐ.ആറില്‍ കുറിച്ചു.  ഇരുവരെയും കൊല്ലണമെന്ന ഉദേശത്തോടെ ആസൂത്രണം ചെയ്ത് ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. . ആറുപേരാണ് പ്രതികളെന്നും എഫ്ഐആറില്‍ . എന്നാല്‍ രാഷ്ട്രിയവിരോധമാണോ കാരണമെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. അതിനിടെ എഫ്.ഐ.ആറില്‍ ഒന്നാം പ്രതിയായി പറയുന്ന സജീവ് ഉള്‍പ്പെടെ രണ്ട് പേര്‍കൂടി പിടിയിലായി. സനലാണ് പിടിയിലായ മറ്റൊരു പ്രതി. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം ഒന്‍പത് ആയി. ഇതില്‍ നാല് പേര്‍ അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരെന്നാണ് പൊലീസ് നിഗമനം.   അക്രമിസംഘം സഞ്ചരിച്ച രണ്ടു ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും കണ്ടെത്തി

പക്ഷേ  പൊലീസ് വിശദീകരണങ്ങള്‍ പലസ്ഥലത്തും പാളുന്നുണ്ടെന്നാണ് ആരോപണം...ആക്രമണസംഘത്തിലെ ആളുകളുടെ എണ്ണം സംബന്ധിച്ചും പൊലീസിന് വ്യക്തതയില്ല.. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പൊലീസ് അന്വേഷണമേഖലകളും വ്യാപിപ്പിക്കുകയാണ്...കൂടുതല്‍ പേരെ പ്രതിചേര്‍ക്കാന്‍ തുടങ്ങി...അന്വേഷണത്തെച്ചൊല്ലി രാഷ്ട്രീയ പോരും സജീവം..

പന്ത്രണ്ടുപേരുടെ സംഘമാണ് സിസിടിവിയില്‍ ഉള്ളത്..ഇരുകൂട്ടരുടേയും കയ്യില്‍ ആയുധങ്ങളുമുണ്ട്...ആരാണ് ആക്രമിക്കാന്‍ വന്നതെന്നും ആക്രമമണത്തിന്‍റെ കാരണങ്ങള്‍ എന്താണെന്നുമാണ് ഇനിയും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തത്....

രണ്ട് മാസം മുൻപ്  ഇവിടെ  കോൺഗ്രസ് –  സിപിഎം ഏറ്റുമുട്ടൽ നടന്നിരുന്നു. ആ രാഷ്ട്രീയആക്രമണവും വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് വിശദീകരിക്കുന്നു... ഒരുവര്‍ഷം മുന്‍പ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുസമയത്ത് തുടങ്ങിയതാണ് പകയുടെ കഥ....പിന്നീട് പലതവണ തര്‍ക്കങ്ങള്‍ ഉടലെടുത്തു..പൊലീസ് പറഞ്ഞ കഥകള്‍ക്ക് വിരുദ്ധമായാണ് സിസിടിവില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ..വീട്ടിലേക്ക് പോയ മിതിലാജും ഹക്കും ഉള്‍പ്പെട്ട ആറംഗസംഘം എന്തിനാണ് ഒന്നിച്ചുകൂടിയത്...കയ്യില്‍ ആയുധങ്ങള്‍ കരുതിയത് എന്തിനാണ്...അക്രമം നടക്കുന്ന ജംക്്ഷനിലെ ഒരു സിസിടിവി മറച്ചുവെച്ചെരുന്നെങ്കില്‍ മറ്റൊന്നില്‍ ഒരു വശത്തെ ആക്രമമണദൃശ്യങ്ങള്‍ പതിഞ്ഞു. രണ്ടുസംഘങ്ങള്‍ വാളുകളുമായി പരസ്പരം വെട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

കൊലയുടെ കാരണങ്ങള്‍ എന്തുമാകാം...കുറ്റവാളികള്‍ ആരുമാകാം..പക്ഷേ ഇവിടേയും ഇരകള്‍ അവര്‍ തന്നെയാണ് ..ഉമ്മയും  ഉപ്പയും ഭാര്യയും പൊടിക്കുട്ടികളും...രാഷ്ട്രീയപ്രത്യാരോപണങ്ങള്‍ ചൂടുപിടിക്കുമ്പോഴും ഇവര്‍ക്ക് പ്രിയപ്പെട്ടവനെ നഷ്ടമായി....ഇനി ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തനഷ്ടം...രാഷ്ട്രീയകൊലപാതകം ഇനി ഉണ്ടാകരുതെന്ന് ആവര്‍ത്തിച്ച്  മലയാളി  രാഷ്ട്രീയ നേതൃത്വത്തെ ഒാര്‍മപ്പെടുത്തുന്നുണ്ട്...എന്നിട്ടും ആരും കേള്‍ക്കുന്നില്ല..കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇത് പലപ്പോഴായി തുടരുന്നു....ഒരു മനസാക്ഷിക്കും തടയാന്‍ കഴിയില്ല രാഷ്ട്രീയകൊലയെന്ന് പൊതുജനത്തെ വെല്ലുവിളിച്ചുകൊണ്ട് ...

എന്തും കാരണം കൊണ്ടാണെങ്കിലും ആര്‍ക്കുവേണ്ടി ചെയ്തതാണെങ്കിലും കൊലനടത്തിയവര്‍  കുറ്റവാളികള്‍ തന്നെയാണ്...അവരെ രക്ഷിച്ചെടുക്കാന്‍ കാണിക്കുന്ന പതിവുനീക്കം രാഷ്ട്രീയനേതൃത്വം കാണിക്കരുത്....കവര്‍ച്ചക്കും ലഹരിക്കും കൊലയ്ക്കുമൊക്കെ അവസാനം കാണാന്‍ മുന്നിട്ടിറങ്ങുന്ന രാഷ്ട്രീയനേതൃത്വം രാഷ്ട്രീയ കൊലയുടെ കാര്യത്തിലും ഉത്തരവാദിത്വം കാണിക്കണം.....