ബിജെപി,മോദി, പിണറായി: കേരളത്തിന് കേജ്‌രിവാളിന്റെ ആദ്യ ഇന്റർവ്യൂ

ഡല്‍ഹിയിലെ പൊതുസമൂഹം കോവിഡിനെതിരെ പ്രതിരോധശേഷി ആര്‍ജിക്കുന്ന ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന്  മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പുതിയ സെറോ സര്‍വേപ്രകാരം കണക്കാക്കിയാല്‍ ഡല്‍ഹിയിലെ രണ്ടുകോടി ജനങ്ങളില്‍ അറുപതുലക്ഷംപേര്‍ക്കെങ്കിലും രോഗംവന്നുപോയിട്ടുണ്ടാകാം. ഇപ്പോഴത്തെ വെല്ലുവിളി കേരളവും മറികടക്കുമെന്ന് മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി. 

ഡല്‍ഹിയില്‍ നിലവില്‍ കോവിഡ് നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ വ്യക്തമാക്കുന്നു. പുതിയ വൈറസായതിനാല്‍ നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. എന്നാല്‍ കോവിഡ്  ഉയര്‍ത്തുന്ന ഏതു വെല്ലുവിളിയും നേരിടാന്‍ ഡല്‍ഹി തയാറാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 

ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രിക്കാനായത് അമിത് ഷായുടെയോ തന്‍റെയോ മാത്രം കഴിവല്ല. കൂട്ടായ പ്രയത്നഫലമാണ്.

കോണ്‍ഗ്രസ് പാര്‍ട്ടി ശിഥിലമായെന്നും കേജ്‍രിവാള്‍ പറഞ്ഞു. ബി.ജെ.പി ഭരണം മടുത്ത് അധികാരത്തിലേറ്റിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സ്വന്തം എം.എല്‍.എമാരെപോലും കൂടെനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ബി.ജെ.പി. ഭരണത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയുമോയെന്ന് കാലംതെളിയിക്കും. 

പുതിയ ദേശീയ വിദ്യാഭ്യാസനയം കൊള്ളാമെങ്കിലും എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. സര്‍ക്കാര്‍ സ്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയുംകാര്യത്തിലും ദേശീയ വിദ്യാഭ്യാസനയത്തില്‍ വ്യക്തതയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.