നടിമാരും അവസരം തേടുന്നവരും ഉന്നം; ദുരൂഹനീക്കങ്ങള്‍; വലവിരിച്ച് വില്ലന്മാര്‍

ആക്ഷന്‍ സിനിമകളും ത്രില്ലര്‍ സിനിമകളും നിരവധി കണ്ടിട്ടുണ്ട് നമ്മള്‍. കൈയ്യടിച്ചിട്ടുമുണ്ട്. തട്ടിപ്പും വെട്ടിപ്പുമായി മാത്രം ജീവിക്കുന്നവരുടെ കഥപറയുന്ന സിനിമകള്‍ ഹാസ്യത്തിന്‍റെ മേമ്പൊടിയിലും അല്ലാതെയും നാളറെയായി കാണുകയാണ്. എന്നാല്‍ ഈ സിനിമാ കഥകളെയും തിരക്കഥകളെയും വെല്ലുന്ന പല ഒര്‍ജിനല്‍ സംഭവങ്ങളും സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരാറുണ്ട്. അത്തരം റിയലസ്റ്റിക് ത്രില്ലര്‍ കഥകള്‍ കേട്ട് നിരവധി തവണ കേരളം ഞെട്ടി. നടന്‍ ദിലീപിനെ ജയിലിലാക്കിയ നടിയുടെ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍  ബ്ലാക്മെയിലിങ്ങായിരുന്നു വില്ലന്‍. ഈ ശ്രേണിയില്‍ ഏറ്റവും ഒടുവില്‍ ഉയരുന്ന കേസാണ് നടി ഷംനാ കാസിമിനുണ്ടായ ദുരനുഭവം. സിനിമയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഇത്തരം കഥകളുടെ അണിയറ തിരയുകയാണ് ഇന്ന്. 

ഇങ്ങനെയായിരുന്നു ആ ബ്രേക്കിങ് ന്യൂസ് പിറന്നത്- ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമം. നടിയുടെ അമ്മയുടെ പരാതിയില്‍ മരട് പൊലീസ് കേസെടുത്തു. നാലുപേര്‍ അറസ്റ്റിലായി. തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. മൂന്നു പേരെ കൂടി പിടി കൂടാനുണ്ടെന്ന് പൊലീസ് പറയുന്നു. ഈ തട്ടിപ്പിന്‍റെ വിശദാംശങ്ങളറിഞ്ഞാല്‍ ശരിക്കും സിനിമാ കഥയെന്നു തോന്നും. 

വിവാഹാലോചനയുമായാണ് സംഘമെത്തിയത്. തൃശൂരില്‍ നിന്നുവന്ന കല്യാണ ആലോചനയില്‍ ഷംനയും കുടുംബവും താല്‍പ്പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് അച്ഛനും സഹോദരനുമായി സംസാരം. വരന്‍റെ എന്‍ട്രിയാണ് ഇനി. വീട്ടുകാരുമായി നല്ല അടുപ്പം ഉണ്ടാക്കാന്‍ തട്ടിപ്പുകാര്‍ ആദ്യമേ തന്നെ ശ്രദ്ധിച്ചു. തുടര്‍ന്നാണ് പണം സീനിലേക്കെത്തുന്നത്. അത്യാവശ്യകാര്യത്തിനായി ഒരുലക്ഷം രൂപ വേണമെന്നായി വരനും കൂട്ടരും. പണം ആവശ്യപ്പെട്ടതോടെ ഷംനക്ക് സംശയമായി. ഇതോടെ വീട്ടുകാരെ വിവരം ധരിപ്പിച്ചു. വിവാഹാലോചനയുമായെത്തിയവര്‍ വീടും പരിസരവുമെല്ലാം മൊബൈലില്‍ പകര്‍ത്തി. ആവശ്യപ്പെട്ട പണം കിട്ടാതായതിനെത്തുടര്‍ന്ന് ഭീഷണിയുടെ സ്വരം പുറത്തെടുത്തു.

റഫീക്കിനായിരുന്നു വരന്‍റെ റോള്‍. ഫോണ്‍ വിളികളായിരുന്നു പ്രധാന ആയുധം. വാട്സ് ആപ്പില്‍ ചിത്രങ്ങള്‍ അയച്ചു നല്‍കി. കാസര്‍കോട് സ്വദേശിയായ ടിക്ടോക് താരത്തിന്‍റെ പേരിലായിരുന്നു ഈ തട്ടിപ്പെല്ലാം. അയച്ചു കൊടുത്ത ചിത്രവും ഈ ടികിടോക് താരത്തിന്‍റേതായിരുന്നു.  വിവാഹത്തിന് താല്‍പര്യമുണ്ടെന്നും ബന്ധുക്കള്‍ കാണാന്‍വരുമെന്നും ഫോണില്‍ അറിയിച്ച ശേഷമാണ് നാലംഗ സംഘം മരടിലെ വീട്ടില്‍  ഈ മാസം ആദ്യം എത്തിയത്.  പണം നല്‍കിയില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്നായിരുന്നു ആദ്യ ഭീഷണി. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ  രക്ഷപ്പെട്ടു. തുടക്കത്തില്‍ സംശയമൊന്നും തോന്നാത്ത രീതിയില്‍ വളരെ അടുപ്പത്തിലാണ് ഇവര്‍ സംസാരിച്ചത്. മാത്രമല്ല, ഇവര്‍ നല്‍കിയ മേല്‍വിലാസം ശരിയായിരുന്നു.

ലോക്ഡൗണായതിനാല്‍ കുടുംബത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ഷംനയുടെയും വീട്ടുകാരുടെയും വിശദീകരണം. തട്ടിപ്പുകാര്‍ നല്ല രീതിയില്‍ പറഞ്ഞ് വിശ്വസിപ്പിച്ചെന്നു സാരം. സംഭവം ദിവസങ്ങള്‍ ഏറെയായി. ലോക്ഡൗണായതിനാലാണ് പരാതിപ്പെടാന്‍ വൈകിയത്. പ്രതികളെ തൃശൂരില്‍ നിന്നു തന്നെയാണ് അറസ്റ്റ് ചെയ്തത്. 

എന്തായിരുന്നു തട്ടിപ്പുകാര്‍ ചെയ്തത്. എത്ര ദുരൂഹമായിരുന്നു നീക്കങ്ങള്‍. ആസൂത്രിതമായ കരുനീക്കങ്ങളുടെ ചുരുള്‍ അഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഷംനയുടെ പരാതി വെറുതെയായില്ല. പിടിച്ചതിനേക്കാള്‍ വലുതാണ് മാളത്തിലുള്ളത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഞെട്ടിക്കുന്ന പലതും പുറത്തുവരാനുണ്ടെന്ന് ഉറപ്പ്. നിരവധിപേരെ സംഘം ഇതിനു മുന്‍പ് വഞ്ചിച്ചിട്ടുണ്ട്. പണം തട്ടിയിട്ടുണ്ട്. പലവിധ മാര്‍ഗങ്ങളില്‍. 

സ്വര്‍ണകടത്തിന്‍റയും പെണ്‍വാണിഭത്തിന്‍റെയും ഉള്ളറകള്‍ പൊലീസ് ചികയുകയാണ്. എന്തുകൊണ്ടാകും സിനിമ താരങ്ങളെ ഇത്തരത്തില്‍ തട്ടിപ്പു ലോബികള്‍ ലക്ഷ്യം വയ്ക്കുന്നത്. തിരക്കുള്ള നടിമാരല്ല ഇവരുടെ ഉരകള്‍ എന്നത് പ്രത്യേകം മനസിലാക്കേണ്ടതുണ്ട്. അവസരങ്ങള്‍ തേടുന്നവരെയാണ് ഇത്തരക്കാര്‍ തേടിപ്പിടിക്കുന്നത്. ഷംനകാസിമിന്‍റെ പരാതിയില്‍ അവസാനിച്ചില്ല കാര്യങ്ങള്‍. ഈ വാര്‍ത്ത പുറത്തുവന്നതോടെ കൂടി കൂടുതല്‍ പേര്‍ പരാതികളുമായി പൊലീസിനരുകില്‍. സിനിമ മേഖലയെ ചുറ്റിപ്പറ്റിയുള്ള സ്വര്‍ണകടത്തു സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങവില്‍ പുറത്തുവരുമെന്നാണ് പൊലീസ് പറഞ്ഞുവയ്ക്കുന്നത്

ഷംനയെ വഞ്ചിക്കാന്‍ നോക്കിയവര്‍ സമാനമായ പല തട്ടിപ്പുകളും നടത്തിയിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു നിര്‍ത്തിയ ഉടന്‍ ഇതേ പ്രതികള്‍ക്കെതിരെ മൊഴിയുമായ് ആലപ്പുഴ സ്വദേശിനിയായ മറ്റൊരു നടിയെത്തി. മാര്‍ച്ച് നാലിന് തന്നെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചുവെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. 

സിനിമയില്‍ അവസരമെന്നു പറഞ്ഞ് കൂട്ടിക്കോണ്ടുപോയ ശേഷം സംഭവിച്ചതെന്ത്?

ഷംനയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയെത്തിയ റഫീക്കിന്‍റെ മറ്റൊരു മുഖമാണ് ഈ ആലപ്പുഴക്കാരി അവിടെ കണ്ടത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയ എട്ടു പെണ്‍കുട്ടികളെ ശരിക്കും സംഘം ട്രാപ് ചെയ്തു. റഫീക്കിന്‍റെയും കൂട്ടരുടെയും സ്വര്‍ണ്ണക്കടത്തു ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവ്. 

രക്ഷപെടാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഇവര്‍ പറയുന്നത് ഞെട്ടലോടെയേ കേള്‍ക്കാന്‍ കഴിയുന്നുള്ളൂ. പൊലീസിന്‍റെ കണക്കുകൂട്ടലുകളെ ശരിവയ്ക്കുന്ന മാഫിയ ബന്ധം.  ഒരു വർഷത്തിനിടെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതല്‍ പേര്‍ പരാതികളുമായി എത്തുമെന്നും കണക്കുകൂട്ടല്‍.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ക്ക് പലരും ഇരയാകുന്നുണ്ടെങ്കിലും പരാതിപ്പെടുന്നവര്‍ കുറവാണ്. പലതാകാം കാരണം. അത്തരത്തിലുള്ള നിശബ്ദത തന്നെയാണ് തട്ടിപ്പുകാര്‍ക്ക് ധൈര്യം പകരുന്നതു. വിഷയത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടിട്ടുണ്ട്. ഷംനാ കാസിമിന് നേരിട്ട് വിളിച്ച് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പിന്തുണ അറിയിച്ചു. ഷംനയില്‍ നിന്ന് പത്തുലക്ഷം രൂപ തട്ടാനാണ് ഇടപാടുകാര്‍ പദ്ധതിയിട്ടിരുന്നത്. ഇതാദ്യമായല്ല ഇത്തരം ബ്ലാക്മെയിലിങിന് മലയാള സിനിമ ഇടമാകുന്നത്. സിനിമയുമായുള്ള ബന്ധം പറഞ്ഞാണ് പല തട്ടിപ്പുകാരും കളത്തിലിറങ്ങുന്നതും. കൊച്ചിയിലെ ബ്ലൂ ബ്ലാക്മെയിലിങ് ആരും മറന്നു കാണില്ല. ബിന്ധ്യയും രുക്സാനയും നിരവധി പേരെയാണ് കുടുക്കിയത്. സിനിമ നടിമാര്‍ നടത്തിയ തട്ടിപ്പും നിരവധിയാണ്. 2013 ല്‍ ഐഎഎസ് ഉദ്യാഗസ്ഥ ചമഞ്ഞ് ഡല്‍ഹിയില്‍ തട്ടിപ്പു നടത്തിയതിന് മലയാളി നടി ലീന മരിയ പോള്‍ അറസ്റ്റിലായിട്ടുണ്ട്. പിന്നീട് തട്ടകം കൊച്ചിയിലേക്ക് മാറ്റിയ ലീന ഇവിടെയും ഇതേ തട്ടിപ്പുകള്‍ തുടര്‍ന്നു. സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ നടി വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത് അധോലോക നായകന്‍ രവി പൂജാരിയുടെ ക്വട്ടേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ്. സിനിമാ നടിമാരെ മാത്രമല്ല തട്ടിപ്പുകാര്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് വ്യക്തമാക്കിയ സംഭവങ്ങളിലൊന്ന് 2011 ല്‍ നടന്നിരുന്നു. നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ഒരു സംഘം ശ്രമിച്ചു. 

എളുപ്പത്തില്‍ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ ഇറങ്ങിത്തിരിക്കുന്നവര്‍ സിനിമാക്കാരെ ഇരയാക്കാന്‍ തുനിയുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അവസരങ്ങള്‍ തേടുന്നവരെ പറഞ്ഞ് പറ്റിച്ച് കെണിയിലാക്കാന്‍ ഇവര്‍ക്ക് എളുപ്പത്തില്‍ കഴിയുന്നു. സിനിമാ താരങ്ങളുടെ കൈയ്യില്‍ പണമുണ്ട് എന്ന ഉറപ്പും ഇത്തരം തട്ടിപ്പുകാര്‍ക്കുണ്ട്. ജാഗ്രതയാണ് ഇവരെ നേരിടാനാവശ്യം. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കാതിരിക്കാനും പഠിക്കാതെ മുന്നോട്ടുപോക്ക് പാടാണ്. വലവിരിച്ച് വില്ലന്മാര്‍ ധാരാളം കാത്തിരിപ്പുണ്ട്. അത്തരം ചതിക്കുഴികളെ കരുതിയിരിക്കുക.