അതിര്‍ത്തിയില്‍ സംഭവിച്ചതെന്ത്...?; ആളിക്കത്തി രോഷം

കിഴക്കന്‍ ലഡാക്കിലെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും തിരിച്ചടിക്കാന്‍ ഇന്ത്യക്കറിയാമെന്നും ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മറ്റെന്നാള്‍ സര്‍വകക്ഷി യോഗം വിളിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ധീരതയും ത്യാഗവും രാജ്യം മറക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു.

 ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധത്തിനാണ് ശ്രമിക്കുന്നത്. എന്നാല്‍ വെല്ലുവിളിച്ചാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്ന് കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും പ്രധാനമാണ്. മാതൃരാജ്യത്തിനായി അവസാനശ്വാസംവരെ പോരാടിയാണ് സൈനികര്‍ വീരമൃത്യുവരിച്ചത്. അതില്‍ അഭിമാനിക്കുന്നു. ഭിന്നതകള്‍ തര്‍ക്കങ്ങളിലേയ്ക്ക് നയിക്കരുതെന്നും മോദി പറഞ്ഞു. 

ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ വസ്തുതകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മേല്‍ സമ്മര്‍ദവുമായി പ്രതിപക്ഷം. രാജ്യത്തിന്‍റെ ഭൂപ്രദേശം ചൈന കൈയ്യടക്കിയത് എങ്ങനെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.. സൈനികരെ കൊല്ലാന്‍ ചൈന എങ്ങിനെ ധൈര്യപ്പെട്ടുവെന്ന ചോദ്യവുമായി മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.

ഗാല്‍വാന്‍ താഴ്‍വരയിലെ ചൈനയുടെ അക്രമത്തില്‍ ധീരജവാന്‍മാര്‍ വീരമൃത്യുവരിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. സൈനികരുടെ ജീവത്യാഗം വേദനയുണ്ടാക്കുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അതിര്‍ത്തിയില്‍ നടന്ന സംഭവങ്ങളുടെ സത്യം ജനങ്ങളോട് പ്രധാനമന്ത്രി തുറന്നു പറയണമെന്നാവശ്യപ്പെട്ടു.

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലിന്‍റെ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ആയുധ വിന്യാസം ശക്തമാക്കി ഇന്ത്യ. സംഘര്‍ഷത്തിന് ശേഷം ആദ്യമായി ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തി. സംഘട്ടനത്തില്‍ കൂടുതല്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ടാകാമെന്നാണ് സൂചന. വീരമൃത്യുവരിച്ച സൈനികരുടെ പേരുവിവരങ്ങള്‍ സൈന്യം പുറത്തുവിട്ടു. ചൈനീസ് കമാന്‍ഡിങ് ഒാഫീസര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതിനിടെ ഗല്‍വാന്‍ താഴ്‍വരയില്‍ അവകാശവാദമായി ചൈന രംഗത്തുവന്നു.