രണ്ടില്‍ യുഡിഎഫ്; ഒരിടത്ത് എല്‍ഡിഎഫ്; രണ്ടിടത്ത് തീപാറും: എക്സിറ്റ് പോള്‍ ഫലം

നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ യു.ഡി.എഫും കോന്നിയില്‍ എല്‍.ഡി.എഫും വ്യക്തമായ മേല്‍ക്കൈ നേടുമെന്ന് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം. ഫോട്ടോഫിനിഷിലേക്ക് നീളുന്ന  അരൂരില്‍ എല്‍.ഡി.എഫിനും വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിനും ഒരു ശതമാനത്തിന്റെ നേരിയ മേല്‍ക്കൈയാണ് എക്സിറ്റ്പോള്‍ പ്രവചിക്കുന്നത്

പെരുമഴകൊണ്ട് ജനമെഴുതിയ വിധിയിലേക്കുള്ള സൂചനകളില്‍ ഏറ്റവുംവലിയ അട്ടിമറി നടന്നത് കോന്നിയിലാണ്. രണ്ടുപതിറ്റാണ്ടായി  യു.ഡി.എഫിന്റെ സുരക്ഷിതകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലം  46 ശതമാനത്തിന്റെ പിന്തുണയോടെ ഇക്കുറി ഇടതുപക്ഷത്തേക്ക് ചായുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം. യു.ഡി.എഫിനെ 41 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ചപ്പോള്‍ വന്‍ രാഷ്ട്രീയ മുന്നേറ്റം പ്രതീക്ഷിച്ച എന്‍.ഡി.എയെ തുണച്ചത് 12 ശതമാനംപേര്‍ മാത്രം. 

ശക്തമായ ത്രികോണമല്‍സരം നടന്ന വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള ജനാഭിപ്രായവും പ്രവചാനതീതം തന്നെ. ഫോട്ടോഫിനിഷില്‍ 37 ശതമാനം പേരുടെ പിന്തുണയുമായി  യു.ഡി.എഫ് മുന്നിലുണ്ടെങ്കിലും 36 ശതമാനംപേരുടെ രാഷ്ട്രീയമനസ് ഇടതുമുന്നണിക്കൊപ്പമാണ്. കഴി‍ഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടാംസ്ഥാനത്തെത്തിയ എന്‍.ഡി.എയ്ക്കൊപ്പം ഇക്കുറി 26 ശതമാനം വോട്ടര്‍മാര്‍ മാത്രമെന്നതും ശ്രദ്ധേയമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കൈവരിച്ച അസാധാരണ മുന്നേറ്റത്തോടെ രാഷ്ട്രീയ പ്രാധാന്യം കൈവന്ന അരൂരിലെ അന്തിമഫലവും പ്രവചനാതീതമെന്നാണ് അഭിപ്രായസര്‍വെഫലം അടിവരയിടുന്നത്. 44 ശതമാനത്തിന്റെ മേല്‍ക്കൈയോടെ എല്‍.ഡി.എഫ്  മണ്ഡലം നിലനിര്‍ത്തുമ്പോഴും 43 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുമായി യു.ഡി.എഫ്. വിജയത്തിനരികെ തന്നെയാണ്.എന്‍.ഡി.എയ്ക്ക് ലഭിച്ചത് 11 ശതമാനം പിന്തുണ. 

എറണാകുളത്തിന്റെ ജനമനസ് യു.ഡി.എഫിനൊപ്പംതന്നെയെന്ന് പ്രഖ്യാപിച്ചത് 55 ശതമാനം വോട്ടര്‍മാരാണ്. എല്‍.ഡി.എഫിന് 30 ശതമാനവും എന്‍.ഡി.എയ്ക്ക് 12 ശതമാനവും വോട്ടര്‍മാര്‍ എറണാകുളത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം നല്‍കിയ രാഷ്ട്രീയ ചിത്രം മാറ്റിവരച്ചാണ് മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നാണ് എക്സിറ്റ്പോള്‍ ഫലം നല്‍കുന്ന സൂചന. 

36 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ എല്‍.ഡി.എഫും എന്‍.ഡി.എയും 31 ശതമാനം വീതം ജനപിന്തുണയോടെ അഭിപ്രായ സര്‍വെകളില്‍ ഒപ്പമെത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്.  വോട്ടെടുപ്പുദിനത്തില്‍ ഓരോ മണ്ഡലത്തിലും ശരാശരി തൊള്ളായിരം പേരെ നേരില്‍ക്കണ്ട് ശേഖരിച്ച അഭിപ്രായങ്ങള്‍ സമാഹരിച്ച് ശാസ്ത്രീയ വിശകലനത്തിലൂടെയാണ് മനോരമ ന്യൂസ്–കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ്പോള്‍ ഫലത്തിന്റെ അന്തിമസൂചനകളിലെത്തിയത്.