ആരടിക്കും അഞ്ഞൂറ്? ആരൊക്കെയാകും ഹീറോകൾ?

ആരടിക്കും അഞ്ഞൂറ് റണ്‍സ്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതലുയര്‍ന്ന ചോദ്യം.  എല്ലാ ബോളിലും റണ്‍സ് നേടുന്ന ട്വന്‍റി ട്വന്‍റിയുടെ ആക്രമണ സ്വഭാവം ഏകദിനക്രിക്കറ്റിന്‍റെ ശൈലിമാറ്റിയതും റണ്‍സൊഴുകാന്‍ വഴിയൊരുക്കുന്ന പരിഷ്കാരങ്ങളും ക്രിക്കറ്റില്‍ റണ്‍മഴ പെയ്യിക്കുമ്പോള്‍ ഒരു ടീം 50 ഓവറില്‍ 500 നേടുന്ന കാലം വിദൂരത്തല്ല. ആരടിക്കും 500 റണ്‍സ് എന്ന വമ്പന്‍ചോദ്യത്തിലേക്കെത്താന്‍ ക്രിക്കറ്റ് ലോകം കടന്ന വഴികള്‍. 

ഒരു വര്‍ഷം മുമ്പ് ട്രെന്‍ഡ് ബ്രിഡ്ജിലെ ഈ മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരുടെ ബാറ്റില്‍ നിന്ന് തീയുണ്ടകള്‍ പോലെ ബൗണ്ടറിയിലേക്ക് പറന്ന പടുകൂറ്റന്‍ സിക്സറുകള്‍ 50 ഓവറില്‍ 481 റണ്‍സ് എന്ന ചരിത്രം മാത്രമല്ല കുറിച്ചത്. ആരടിക്കും അഞ്ഞൂറ് എന്ന ചോദ്യം ലോകക്രിക്കറ്റില്‍ ഉയര്‍ത്താനുള്ള ധൈര്യം കൂടിയാണ്. ഓസ്ട്രേലിയന്‍ ബോളര്‍മാരുടെ കൂട്ടക്കൊല അരങ്ങേറിയ മത്സരത്തില്‍ ഹെയില്‍സും ബെയര്‍സ്റ്റോയും സെഞ്ച്വറി നേടി. 

പക്ഷേ ഏകദിന ക്രിക്കറിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ഇതല്ല. ഈ മത്സരത്തിനും പതിനൊന്ന് ദിവസങ്ങള്‍ മുമ്പ് ന്യൂസിലാന്‍ഡിന്‍റെ വനിതാ ക്രിക്കറ്റ് ടീം അയര്‍ലന്‍ഡിനെതിരെ നേടിയ 490 റണ്‍സാണ്. മഴമൂലം ഉപേക്ഷിച്ച ഒരു ടെസ്റ്റ് മത്സരത്തിന് പകരമായി ഏകദിനക്രിക്കറ്റ് തുടങ്ങിയിട്ട് അരനൂറ്റാണ്ടാകാന്‍ പോകുന്നു. 1971 ജനുവരി 5ന്  ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ നടന്ന ഈ മത്സരത്തിന് ശേഷവും ക്രിക്കറ്റ് ടെസ്റ്റ് ശൈലി വിട്ടുണര്‍ന്നിരുന്നില്ല. എന്നാല്‍ 1975 ലെ ആദ്യ ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ 334 റണ്‍സ് അടിച്ച് ഇംഗ്ലണ്ടാണ് നിശ്ചിത ഓവര്‍ മത്സരത്തില്‍ ആദ്യം 300 റണ്‍സ് താണ്ടിയത്. 60 ഓവര്‍ മത്സരമായിരുന്നു ഇത്. ഇതേദിനം  ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരെ ന്യൂസിലാന്‍ഡും 300 കടന്നു. പക്ഷേ പിന്നീട് ഏകദിനക്രിക്കറ്റിന്‍റെ ഓവറുകള്‍ 50 ആക്കിച്ചുരുക്കി. ആറുപന്തുകളുള്ള ഓവറില്‍ റണ്‍റേറ്റ് ആറിനും മേലെയുയര്‍ത്തി മുന്നൂറു കടക്കുന്ന ടീം ടോട്ടലുകള്‍ അപ്പോഴും അത്ഭുതത്തിന്‍റെ ബാലികേറാമലയായിരുന്നു.  ഇത് ഇടയ്ക്കിടെ സംഭവിക്കുമായിരുന്നെങ്കിലും. 

1996 ല്‍ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിച്ച പോരാട്ടത്തില്‍ ശ്രീലങ്ക കെനിയയ്ക്കെതിരെ 398 എന്ന വമ്പന്‍ സ്കോര്‍ അടിച്ചുയര്‍ത്തി. പിന്നെയും ടീമുകള്‍ ഇതിനോളമെത്തിയെങ്കിലും അന്‍പത് ഓവറില്‍ 400 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യം ഭേദിക്കാന്‍ പത്ത് വര്‍ഷത്തെ നീണ്ട കാത്തിരിപ്പ് വേണ്ടി വന്നു. 2006 മാര്‍ച്ച് 12 ന്  ല്‍ ജൊഹാനാസ് ബര്‍ഗില്‍ നടന്ന ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം ഈ ലക്ഷ്യം താണ്ടുക മാത്രമല്ല റെക്കോര്‍ഡുകളില്‍ ചരിത്രം തന്നെ കുറിച്ചു.  ഒരു ടീം ആദ്യമായി 400 കടന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 434 റണ്‍സെടുത്തു. ഇതിനെ പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു.  

ട്വന്‍റി ട്വന്‍റിയുടെ വരവോടെ  ബോളറെ നേരിടാന്‍ കൂടുതല്‍ കരുത്തരായ ബാറ്റ്സ്മാന്‍മാര്‍ ടീം ടോട്ടലിനെ നാനൂറ് റണ്‍സ് എന്ന നേട്ടത്തിലേക്ക് തുടരെയെത്തിച്ചു. ഇതുവരെ 6 ടീമുകള്‍ 400 റണ്‍സ് താണ്ടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക 6 തവണയും ഇന്ത്യ 5 തവണയും 400 കടന്നു. പക്ഷേ  പുരുഷ ഏകദിനക്രിക്കറ്റിലെ ഉയര്‍ന്ന രണ്ടു സ്കോറുകളും  ഇംഗ്ലണ്ടിന്‍റേതാണ്. 2016 ല്‍  പാക്കിസ്ഥാനെതിരെ നേടിയ 444 റണ്‍സും കഴിഞ്ഞവര്‍ഷത്തെ 418 റണ്‍സും . 

പവര്‍ പ്ലേ ഓവറുകളും ഫീല്‍ഡിങ് നിയന്ത്രങ്ങളും ബാറ്റിങിന് ചുവപ്പ് പരവതാനി വിരിക്കുന്ന കാലത്ത് 500 റണ്‍സ് അത്ര വിദൂരലക്ഷ്യമല്ല.  ആരടിക്കും 500 റണ്‍സ് എന്ന ചോദ്യമുയരുന്നതിന്‍റെ കാരണവും ഇത് തന്നെയാണ്.  500 റണ്‍സ് എന്ന വമ്പന്‍ലക്ഷ്യത്തെക്കുറിച്ച് ടീമുകള്‍ ചിന്തിക്കുന്നതിന് കാരണങ്ങളുണ്ട്. 

1980 ല്‍  വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മില്‍ നടന്ന മത്സരത്തിന്‍റെ അവസാന പന്തില്‍  4 റണ്‍സായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്‍റെ വിജയലക്ഷ്യം. പന്ത് ബൗണ്ടറി കടക്കാതിരിക്കാന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക് ബ്രയര്‍ലി വിക്കറ്റ് കീപ്പറടക്കം എല്ലാവരുെയും ബൗണ്ടറിയില്‍ നിര്‍ത്തി. മത്സരം ജയിച്ചു. പക്ഷേ, മാന്യതയ്ക്ക് പേര് കേട്ട ക്രിക്കറ്റിലെ ഈ വിവാദമത്സരത്തിന് പിന്നാലെ ഫീല്‍ഡിങ് നിയന്ത്രണങ്ങളുടെ പുതിയ നിയമം ക്രിക്കറ്റില്‍ നടപ്പാക്കിത്തുടങ്ങി. 

ക്രിക്കറ്റ് അടിമുടി മാറിയ 1992 ലോകകപ്പിലാണ് ബാറ്റിങിന് പ്രാധാന്യം നല്‍കി ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ വരുന്നത്. നിറമുള്ള ടീം ജഴ്സിയ്ക്കും  ഫ്ളഡ് ലൈറ്റ് മാച്ചിനും  രണ്ടുവെള്ളപ്പന്തുകള്‍ക്കുമൊപ്പം . ആദ്യ 15 ഓവറില്‍ സര്‍ക്കിളിന് പുറത്ത് രണ്ടുപേര്‍ മാത്രമെന്ന് നിയമമെത്തി. ബാക്കി 35 ഓവറില്‍ സര്‍ക്കിളിനുള്ളില്‍ 4 പേര്‍ ഉറപ്പായും വേണമെന്നും നിയമം പറഞ്ഞു. വലിയ സ്കോറും അത് പിന്തുടരാനുള്ള ശ്രമങ്ങളും ഏകദിന ക്രിക്കറ്റിനെ ഒരു ത്രില്ലര്‍ സിനിമ പോലെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തിയപ്പോള്‍ ഈ മത്സരങ്ങള്‍ക്ക് വിപണിമൂല്യമേറി.  കാണികളെ ക്രിക്കറ്റിലേക്കെത്തിക്കാന്‍ വലിയ സ്കോര്‍ അനിവാര്യതയായി. അതിനൊപ്പിച്ച് ക്രിക്കറ്റും മാറിത്തുടങ്ങി. 

2005 ല്‍ ഈ നിയമത്തില്‍ വീണ്ടും മാറ്റം വന്നു.  ഫീല്‍ഡിങ് നിയന്ത്രണം ഇരുപത് ഓവറിലാക്കി. ആദ്യ പത്ത് ഓവറില്‍ സര്‍ക്കിളിന് പുറത്ത് രണ്ടുപേര്‍ മാത്രം. അഞ്ച് ഓവര്‍ വീതമുള്ള രണ്ട് പവര്‍ പ്ലേ സെഷനുകള്‍ വന്നു. ബോളിങ് ടീമിനായിരുന്നു ഈ പവര്‍ പ്ലേ എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം. ബാറ്റ്സ്മാന് വന്‍ കരുത്താകുന്ന ഈ സെഷനുകളുടെ കാലത്താണ് ആദ്യമായി സ്കോര്‍ 400 കടന്നത്. 2008 ല്‍ അഞ്ച് ഓവറുള്ള ഒരു പവര്‍പ്ലേ എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം ബാറ്റിങ് ടീമിന് നല്‍കി. 2011 ല്‍ ല്‍ വീണ്ടും നിയമം പുതുക്കി. 16 ാം ഓവറിനും നാല്‍പതാം ഓവറിനുമിടയില്‍ ഈ പവര്‍പ്ലേ കളിക്കണമെന്ന് നിര്‍ബന്ധമാക്കി. 

2012 ല്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിനൊപ്പം മൂന്ന് പവര്‍ പ്ലേ രണ്ടാക്കിച്ചുരുക്കി. ആദ്യ പത്തോവറില്‍ ആദ്യ ബ്ലോക് പവര്‍ പ്ലേ   ഉണ്ടാവും. രണ്ടുഫീല്‍ഡര്‍മാരായിരിക്കും സര്‍ക്കിളിന് പുറത്തുണ്ടാവുക.  ബാറ്റിങ് ടീമിന് തീരുമാനിക്കാവുന്ന രണ്ടാമത്തെ പവര്‍ പ്ലേ നാല്‍പതാം ഓവറിനുള്ളില്‍ വേണം. രണ്ടാമത്തെ പവര്‍ പ്ലേയില്‍ 30 യാര്‍‍ഡ് സര്‍ക്കിളിന് പുറത്ത് മൂന്നു ഫീല്‍ഡര്‍മാരെ അനുവദിക്കും. മാത്രമല്ല പവര്‍പ്ലേ ഇല്ലാത്ത ഓവറുകളിലും സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാര്‍ മാത്രമേ ഉണ്ടാകൂ. ബാറ്റ്സ്മാന് വന്‍ പ്രാധാന്യം നല്‍കുന്ന പരിഷ്കരണമെന്ന് ഏറെ പഴികേട്ടതിനെത്തുടര്‍ന്ന് ഈ നിയമത്തിലും മാറ്റം വന്നു. 

2015 ല്‍ ഐസിസി പരിഷ്കരിച്ച നിയമത്തില്‍ 50 ഓവര്‍ മത്സരത്തെ മൂന്ന് പവര്‍ പ്ലേ സെഷനുകളാക്കിത്തിരിച്ചു. ആദ്യ പത്തോവറില്‍ സര്‍ക്കിളിന് പുറത്ത് രണ്ടു ഫീല്‍ഡര്‍മാര്‍. 11 മുതല്‍ 40 വരെ നാല് പേര്‍. നാല്‍പത് മുതല്‍ 50 വരെ അഞ്ച് ഫീല്‍ഡര്‍മാരെ സര്‍ക്കിളിന് പുറത്ത് അനുവദിച്ചു. പക്ഷേ മി‍ഡില്‍ ഓഡറില്‍ പവര്‍ ഹിറ്റേഴ്സിനെ പ്രതിഷ്ഠിച്ചാണ് ടീമുകള്‍ ഇതിനെ നേരിട്ടത്. അതുകൊണ്ട് സ്കോര്‍ നാനൂറ് കടക്കുന്നത് അത്ര ബുദ്ധിമുട്ടല്ലാതെയാകുന്നു.

‌ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ പന്ത് സിക്സറിച്ച് തുടങ്ങുക എന്നതിലൂടെ ക്രിസ് ഗെയില്‍ മുന്നോട്ട് വയ്ക്കുന്നത് ടെസ്റ്റ് മാച്ചുകളെപ്പോലും ട്വന്‍റി ട്വന്‍റി  ശൈലി വിഴുങ്ങുന്നതിനെക്കറിച്ചാണ്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ 320 റണ്‍സ് 37 ഓവറില്‍ ചേസ് ചെയ്ത് ജയിച്ച് ട്വന്‍റി ട്വന്‍റി ഏകദിനത്തിലേക്കുെമത്തിയെന്ന് വിളിച്ചു പറഞ്ഞത് ഇന്ത്യന്‍ ടീമാണ്.  മുന്നൂറു റണ്‍സ് ഒരു വലിയ സ്കോറല്ലാതാകുന്ന കാലവും ചേസ് ചെയ്യാവുന്ന സ്കോറാക്കി ഇതിനെ മാറ്റിയതും സൃഷ്ടിച്ചെടുത്തത് ട്വന്‍റ് ട്വന്‍റിയുടെ മത്സരശൈലിയാണ്. മികച്ച ബോളുകളില്‍ പോലും ലീവ് ചെയ്ത് ഒഴിയുന്ന കാഴ്ച പോലും വിരളമാകുന്നു.  30 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതിരുന്നാല്‍ ഒരു സ്കോറും പിന്തുടരുന്നത് അപ്രാപ്യമല്ലെന്നും ബാറ്റ്സമാന്‍മാര്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്നു .

ആരടിക്കും 500 റണ്‍സ് എന്ന ചോദ്യം ഈ ലോകകപ്പ് കാലത്ത് ഉയരുന്നതിന്‍റെ കാരണം ചോദിച്ചാല്‍ ഒരു മറുപടിയേയുള്ളൂ. ഇംഗ്ലണ്ടിലെ കുഞ്ഞന്‍‌ സ്റ്റേഡിയങ്ങള്‍.  2015 ന് ശേഷം ടീം ടോട്ടല്‍ 300 കടന്ന 215 മാച്ചുകളാണ് നടന്നത്. ഇംഗ്ലണ്ടില്‍ നടന്ന 58 മത്സരങ്ങളില്‍ 43 ലും സ്കോര്‍ 300 കടന്നു. ഇംഗ്ലണ്ടില്‍ ബാറ്റ്സ്മാന്‍റെ ബാറ്റിങ് ആവറേജ് 37.13 റണ്‍സില്‍ നിന്ന് 49.31 റണ്‍സിലെത്തി.  ഈ ലോകകപ്പിലെ രണ്ടുമത്സരങ്ങളിലടക്കം ഇന്ത്യ ഇതുവരെ 103 തവണയാണ് 300 എന്ന ബിഗ് സ്കോര്‍ കടന്നത്. 

ബാറ്റിന്‍റെ വലിപ്പം കൂട്ടി ബോളിനെ േനരിടുന്ന ശൈലി ഐസിസിയെത്തന്നെ അത്ഭുതപ്പെടുത്തി. ട്വന്‍റി ട്വന്‍റിയില്‍ 85 മില്ലീമീറ്റര്‍ ഘനമുള്ള ബാറ്റാണ് ഡേവിഡ് വാര്‍ണര്‍ ഉപയോഗിച്ചത്. മിസ് ഹിറ്റുകളും എഡ്ജും ബൗണ്ടറിക്കപ്പുറത്തേക്ക് പാഞ്ഞതിന്‍റെ കാരണം ബാറ്റിന്‍റെ ഈ വലിയ ഘടനയാണ്. 2017 ല്‍ ഐസിസി ഇതില്‍ നിയമം കൊണ്ടുവന്നു. ബാറ്റിന്‍റെ ഘനം 67 മില്ലീമീറ്ററാക്കി. എഡ്ജിന്‍റെ ഘനം 40 മില്ലിമീറ്ററില്‍ കൂടരുതെന്നും വീതി 108 മില്ലീമീറ്ററില്‍ കവിയരുതെന്നും ചട്ടം കൊണ്ടുവന്നു. 67 മില്ലീമീറ്റര്‍ ഘനമുള്ള ബാറ്റും മിസ് ഹിറ്റുകളെ ബൗണ്ടറിയിലെത്തിക്കുന്നവയാണ്. ബോളിങിലെ നിയമപരിഷ്കാരവും ബാറ്റ്സ്മാന് അനുകൂല ഘടകമാണ്. രണ്ടു ന്യൂബോളുകളില്‍ നടക്കുന്ന മത്സരം റിവേഴ്സ് സ്വിങ് എന്ന ബോളിങ് കലയെത്തന്നെ ഏകദിനക്രിക്കറ്റില്‍ നിന്ന് പടിയിറക്കി.  നോബോളിനു ശേഷമുള്ള ഫ്രീഹിറ്റും ബാറ്റ്സ്മാനെ സൂപ്പര്‍മാനാക്കി. 

ഓപ്പണിങ് ബാറ്റ്സ്മാന്‍ താരമായിരുന്ന പഴയകാലത്ത് നിന്ന് മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍മാര്‍ ഹീറോകാളാകുന്ന കാലത്തേക്കാണ് ക്രിക്കറ്റ് മാറിയത്.  ഇന്നര്‍ സര്‍ക്കിളും ഔട്ടര്‍ സര്‍ക്കിളും തിരിച്ച് ഫീല്‍ഡര്‍മാരെ നിയന്ത്രിച്ച് മത്സരം ബാറ്റിങിന് അനുകൂലമാക്കാതിരുന്ന കാലത്ത് ഇരുനൂറ്  റണ്‍സ് പോലും വലിയ ലക്ഷ്യമായിരുന്നു. 90 കളില്‍ 220 ഉയര്‍ന്ന സ്കോറായിരുന്നെങ്കില്‍ 90 കളുടെ പകുതിയില്‍ അത് 250 ആയി. രണ്ടായിരത്തിന് ശേഷം 275 മികച്ച സ്കോറായിരുന്നു. കളിഞ്ഞ കുറച്ചു വര്‍ഷങ്ങളായി 350 റണ്‍സ് പോലും മികച്ച സ്കോറായി കണക്കാക്കുന്നില്ല. ഈ സ്കോറിങ് രീതി ബാറ്റ്സ്മാന്‍മാരുടെ ചരിത്രവും മാറ്റിയെഴുതി. 

ഫീല്‍ഡിങ് നിയന്ത്രണളുടെ ആദ്യ കാലത്ത് ഓപ്പണിങ് ബാറ്റ്സ്മാന്‍മാര്‍ മികച്ച സ്കോര്‍ നേടാന്‍ ശ്രമിക്കുകയായിരുന്നു രീതി. മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങുന്നവര്‍ നിലയുറപ്പിച്ച് കളിക്കും. വാലറ്റത്ത് ഇറങ്ങുന്നവരാണ് കൂറ്റനടികളുടെ ആള്‍ക്കാര്‍. ഈ വാലറ്റക്കാരെ സ്കോറുയര്‍ത്താന്‍ നേരത്തേ ബാറ്റിങിനിറങ്ങുന്ന രീതി 1992 ലെ ലോകകപ്പില്‍ പരീക്ഷിക്കപ്പെട്ടു. പിഞ്ച് ഹിറ്റര്‍ എന്നായിരുന്നു ഇവരുടെ വിളിപ്പേര്. ന്യൂസിലാന്‍ഡ് മാര്‍ക്ക് ഗ്രേറ്രബാച്ച് എന്ന വാലറ്റക്കാരനെ ഓപ്പണിങ് ആക്കിയും ആദ്യം ഓര്‍ഡറുകളിലിറക്കിയും പിഞ്ച് ഹിറ്റര്‍മാര്‍ക്ക് താരപരിവേഷം നല്‍കി. 

ഇതേലോകകപ്പില്‍ ഇംഗ്ലണ്ട് ഇയാന്‍ ബോതമെന്ന പിഞ്ച് ഹിറ്ററെ അവതരിപ്പിച്ചു. ബോതം കളത്തിലിറങ്ങുമ്പോള്‍ സിക്സറുകള്‍ ആവശ്യപ്പെട്ട്  ബോര്‍ഡുകള്‍ ഗ്യാലറികളില്‍ ഉയര്‍ന്നു തുടങ്ങി.1996 ലെ ലോകകപ്പില്‍ ശ്രീലങ്ക ഫലപ്രദമായി ഈ പരീക്ഷണം നടപ്പാക്കി. വാലറ്റത്തെ ഈ കൂറ്റനടിക്കാരെ പൊക്കിയെടുത്ത് ഒന്നാം നിരയിലേക്ക് കൊണ്ടുവന്നു. ഏഴാം നമ്പര്‍ ബാറ്റ്സ് മാനായിരുന്ന സനത് ജയസൂര്യ യും രൊമേ ഷ്കലുവിതരണ എന്ന പിഞ്ച് ഹിറ്ററും മത്സരം ഓപ്പണ്‍ ചെയ്തു.  മറ്റു ടീമുകള്‍ ആദ്യ  ഇരുപത് ഓവറില്‍  നൂറ് റണ്‍സ് താണ്ടിയിരുന്ന കാലത്ത് ആദ്യ ഏഴ് ഓവറില്‍ ശ്രീലങ്ക 100 റണ്‍സ് കടക്കുന്നത് ശീലമാക്കി ഞെട്ടിച്ചു. 

1996 ല്‍ കപ്പെടുത്ത ശ്രീലങ്ക  ഇതേ ശൈലി പിന്തുടര്‍ന്നാണ്  കെനിയക്കെതിരെ  398 റണ്‍സ് നേടി  റെക്കോര്‍ഡിട്ടത്.  ഈ ശൈലി കണ്ട് അമ്പരന്ന മറ്റു ടീമുകള്‍ പതുക്കെപ്പതുക്കെ ഈ ശൈലി പിന്തുടര്‍ന്നു. ആദ്യ ഓവറുകളിലെ ഫീല്‍ഡിങ് നിയന്ത്രണം പരമാവധി മുതലെടുക്കാന്‍ മാത്രം ബാറ്റ്സ്മാന്‍മാര്‍ പരിശീലനം നടത്തി. പിഞ്ച് ഹിറ്റര്‍മാരല്ലാത്ത എല്ലാ പന്തുകളും ബൗണ്ടറി കടത്താന‍് കരുത്തുള്ള തകര്‍പ്പനടികളുടെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍മാര്‍ അവതരിക്കപ്പെട്ടു. ഇന്ത്യയുടെ വിരേന്ദര്‍ സേവാഗും ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റും പോലെയുള്ളവര്‍ കളം പിടിച്ചു.

പുതിയ ഫീല്‍ഡിങ് നിയന്ത്രണങ്ങളുടെ കാലത്തെ ഹീറോകള്‍ ഓപ്പണിങിലെ ഈ തകര്‍പ്പനിക്കാരല്ല. പിഞ്ച് ഹിറ്റേഴ്സില്‍ നിന്ന് മാറി 3,4,5 നമ്പരിലിറങ്ങുന്ന പവര്‍ ഹിറ്റേഴ്സ്  ഹീറോകളാകുന്ന കാലമാണിത്. ആദ്യ പത്തോവറില്‍ തീപ്പൊരി പാറുന്ന ബോളര്‍മാരുടെ സ്പെല്‍ കഴിഞ്ഞ് ക്രീസില്‍ നിലയുറപ്പിക്കുന്നവര്‍.  സര്‍ക്കിളിന് പുറത്ത് 11 നും നാല്‍പതിനും ഇടയില്‍ ഓവറുകളില്‍ നാല് പേര്‍മാത്രമാകുന്നതിനാല്‍ ആറുറണ്‍സ് എന്ന റണ്‍റേറ്റ് നിലനിര്‍ത്തുക താരതമ്യേന എളുപ്പമാണ്. 30 മിഡില്‍ ഓവറുകളില്‍  240 റണ്‍സ് നേടുക ഒരു വലിയ ലക്ഷ്യമാകുന്നില്ല എന്നതിനാലാണ് സ്കോറുകള്‍ വളരെയെളുപ്പം മുന്നൂറ് കടക്കുന്നത്.

അവസാനം നടന്ന 58 വണ്‍ഡേ മാച്ചുകളില്‍ 43 തവണ ഇംഗ്ലണ്ട് 300 കടന്ന ടീമാണ്. 500 നോട് അടുത്ത ഏറ്റവും  സ്കോറുകളും ഇംഗ്ലണ്ടിന്‍റേതാണ്.  അതു കൊണ്ട് തന്നെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി പോലും 500 എന്ന ബിഗ് സ്കോര്‍ നേടാന്‍ സാധ്യതയുള്ള ടീം ഇംഗ്ലണ്ട് ആണ് എന്ന് പറയുന്നത്. ഇംഗ്ലണ്ടിനൊപ്പം ട്വന്‍റി ട്വന്‍റി സൂപ്പര്‍ ഹീറോ ക്രിസ് ഗെയിലിന്‍റെ വിന്‍ഡീസും ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 264 നേടിയ രോഹിത് ശര്‍മയും വിരാട് കോല്ഹിയുമടങ്ങുന്ന  ഇന്ത്യയും 500 നേടാന്‍ പ്രാപ്തിയുള്ള ടീമായി വിലയിരുത്തപ്പെടുന്നു..

ഈ ലോകകപ്പില്‍ ടീമുകള്‍ 500 നേടുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇതുവരെയുള്ള മത്സരങ്ങള്‍ ഈ പ്രവചനത്തെ ശരിവയ്ക്കുന്നില്ല. പക്ഷേ 50 ഓവറില്‍ 500 പിറക്കുന്ന കാലം വിദൂരമല്ല.